Slider

എണ്ണിച്ചുട്ട അപ്പംപോലെ

0
എണ്ണിച്ചുട്ട അപ്പംപോലെ വീണു കിട്ടിയ അവധിക്കു നാട്ടിലേക്ക് വണ്ടി കയറുമ്പോൾ തന്നെ ആകെയുള്ള നാല് ദിവസത്തേക്കുള്ള പ്ലാനിംഗ് നടത്തി കഴിഞ്ഞിരുന്നു അതിൽ ഒന്നായിരുന്നു ഒരു എറണാകുളം വിസിറ്റ്. ലുലുമാൾ സന്ദർശനം മെട്രോ റെയിൽ യാത്ര ഒപ്പം അമ്മയുടെ അനുജത്തിയുടെ ഗൃഹസന്ദര്ശനം ഇത്യാദി പ്ലാൻ ചെയ്തു. കാലത്തു ആറുമണിക്കുള്ള പാലരുവി എക്സ്പ്രെസ്സിൽ കയറിപ്പറ്റി.
ട്രെയിൻ ചെങ്ങന്നൂർ കഴിഞ്ഞതും അറഞ്ചം പുറഞ്ചം മഴ. മഴയുടെ തണുപ്പും കൊണ്ട് വിന്ഡോ സൈഡ് സീറ്റിൽ പാതിമയക്കത്തിലങ്ങനെ ഇരിക്കുമ്പോളാണ് ആരോ എന്തോ പറയുന്ന പോലെയൊരു ശബ്ദം കേട്ടത്. ഞെട്ടിയുണർന്നു നോക്കുമ്പോൾ ട്രെയിൻ ചെറിയനാട് സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയാണ്. മഴ കൊണ്ട് പിടിച്ചു പെയ്യുന്നുണ്ട്. ഡോറിന്റെ അടുത്തേക്ക് ചെന്നതും ഒരു പ്രായമായ സ്ത്രീ കയ്യിലൊരു ഭാണ്ഡക്കെട്ടുമുണ്ട് ട്രെയിനിൽ കയറിപ്പറ്റാനുള്ള തത്രപ്പാടിലാണ്. പ്ലാറ്റഫോം വളരെ താഴെയാണ് അവിടുന്നു ട്രെയിനിൽ കയറിക്കൂടുക എന്നുള്ളത് അദ്ധ്വാനം വേണ്ട പണിയാണ്. അമ്മയെ ഞാൻ പതിയെ ട്രെയിനിലേക്ക് പിടിച്ചു കയറ്റി. അവരാകെ നനഞ്ഞൊട്ടി ഇരിക്കുകയാണ് കയ്യിലെ ഭാണ്ഡക്കെട്ടു അരികിൽ വെച്ച് അവർ മെല്ലെ ഇരുന്നു.
ഉറക്കം പോയ ഗ്യാപ്പിൽ പുറത്തെ കാഴ്ചകൾ കണ്ടിരിക്കുമ്പോളാണ് ഞാൻ ആ അമ്മയെ നോക്കിയത്. അവർ കരയുകയാണ് സാരിത്തുമ്പു കൊണ്ട് ഇടയ്ക്കു കണ്ണ് തുടയ്ക്കുന്നുണ്ട്.
"'അമ്മ എങ്ങോട്ടാ ?" ഞാൻ പതുക്കെ സംസാരത്തിനു തുടക്കമിട്ടു
"എറണാകുളം വരെ പോവാ മോളെ "
"അവിടെ എന്താ?"
"അവിടെ ഒരിടത്തു താമസിക്കാൻ പോവാ "
"മക്കളുടെ അടുത്ത? "
അവർ കുറച്ചു സമയം ഒന്നും മിണ്ടിയില്ല പിന്നീട് പതുക്കെ പറഞ്ഞു,"പ്രായമായ ആൾക്കാരെ ഒക്കെ നോക്കണ ഒരു സ്ഥലമുണ്ട് മോളെ അങ്ങോട്ടാ"
എനിക്കെന്തോ പിന്നെയൊന്നും ചോദിക്കാൻ തോന്നിയില്ല വളർത്തി വലുതാക്കിയ അച്ഛനമ്മമ്മാർക്ക് പ്രായമാകുമ്പോൾ അവരെ വൃദ്ധസദനത്തിലും മറ്റും കൊണ്ട് തള്ളുന്നതാണല്ലോ ഇപ്പോളത്തെ ട്രെൻഡ്.
" ഒന്ന് കൊണ്ടാക്കാൻ പോലും ആരുമില്ലേ അമ്മേ?" ഞാൻ ചോദിച്ചു
"അതിനു അവരെന്നോട് എങ്ങോട്ടും പോവാൻ പറഞ്ഞില്ലാലോ പിന്നെ എന്തിനാ കൂടെ വരുന്നേ ? ഞാനെന്റെ സ്വന്തം ഇഷ്ടത്തിന് പോന്നതാ "
ഇവർക്കിതു എന്താ മക്കൾ ഒന്നും പറഞ്ഞില്ല സ്വന്തം ഇഷ്ടത്തിന് ഇറങ്ങി പോന്നതാണ് ന്നു. ഇനി മാനസികമായി എന്തെങ്കിലും കുഴപ്പമോ മറ്റോ ആണോ. ഇങ്ങനെയൊക്കെ ചിന്തിച്ചു കൂട്ടിയുള്ള എന്റെ ഇരിപ്പു കണ്ടിട്ടാവണം അവർ മെല്ലെ പറഞ്ഞു തുടങ്ങി,
" ഞാൻ അടക്കം വീട്ടില് മൊത്തം പത്തു മക്കളാരുന്നു. പഴയ കാലമല്ലേ ഓരോ വീട്ടിലും കാണും കുട്ട നിറച്ചും പിള്ളാര്. ഒന്ന് കഴിഞ്ഞപ്പോ ഒന്ന് എന്ന കണക്കില് 'അമ്മ ഇങ്ങനെ പെറും. ഉണ്ടായ ഈ മക്കളൊക്കെ എങ്ങനേ ജീവിക്കും എന്നൊന്നും അവരോർക്കില്ല എല്ലാരും കൂടി ഒരു കൊച്ചു വീട്ടില് എങ്ങനെയോ വളർന്നു ദിവസത്തിലൊരിക്കലെങ്കിലും വല്ലതും കഴിക്കാൻ കിട്ടിയാ വല്യ കാര്യമായി.
എനിക്ക് ഇരുപത്തിയഞ്ചു വയസ്സായപ്പോഴാ ഒരു കല്യാണാലോചന വരുന്നത്,വല്ലതും കൊടുക്കാൻ അച്ഛന്റെ കയ്യിലൊന്നുമില്ല കല്യാണം നടത്താൻ പോലും വല്ലോരും കൊടുക്കണം. അപ്പോള പെണ്ണിനെ മാത്രം മതീന്ന് പറഞ്ഞു ഒരു ആലോചന വരുന്നത്. അച്ഛനുമമ്മയും പിന്നെ വേറെ ഒന്നും ആലോചിച്ചില്ല. ചെറുക്കനെ ഞാൻ കാണുന്നത് കല്യാണത്തിന്റെ അന്നാ. കല്യാണം കഴിഞ്ഞു ചെറുക്കന്റെ വീട്ടിൽ ചെന്നപ്പോളാ അറിയുന്നത് അദ്ദേഹം നേരത്തെ ഒരു കല്യാണം കഴിച്ചതാ ഭാര്യ മരിച്ചു പോയി ആ ബന്ധത്തിലുള്ള അഞ്ചു മക്കളുണ്ട് ഏറ്റവും ഇളയ കൊച്ചിന് വെറും ഒരു വയസ്സ്. ആദ്യം എനിക്ക് സങ്കടായി പക്ഷെ പയ്യെ പയ്യെ ഞാൻ ആ മക്കളെ സ്നേഹിച്ചു തുടങ്ങി. അവരുടെ അമ്മയായി. അവരെ നന്നായിട്ട് നോക്കാൻ വേണ്ടിട്ട് സ്വന്തം രക്തത്തില് ഒരു കുഞ്ഞു പോലും ഞാൻ വേണ്ടാന്നു വെച്ചു.
വളർന്നു വലുതായപ്പോ പക്ഷെ അവരെന്നെ പിന്നെ അമ്മേന്നു വിളിച്ചിട്ടില്ല ഞാൻ അവർക്കു വെറും ചിറ്റമ്മ മാത്രം ആയി. കല്യാണം ഒക്കെ കഴിഞ്ഞു അവർക്കൊക്കെ മക്കളുമായി. ഇടയ്ക്കു അദ്ദേഹവും മരിച്ചു. അങ്ങനെ ഇരിക്കുമ്പോളാ എനിക്കൊരു നെഞ്ച് വേദന വരുന്നത്. അറ്റാക്കാണുന്നു ഡോക്ടര് പറഞ്ഞു. നന്നായിട്ട് ശ്രെദ്ധിക്കണമെന്നു. അതിപ്പിന്നെ അവര് തമ്മില് തർക്കാ എന്നെ ആര് നോക്കുംന്നു എന്തൊക്കെ ആയാലും ഞാൻ വെറും വളർത്തമ്മയല്ലേ. ഓരോ മക്കളുടെ വീട്ടിലും മാറി മാറി നിക്കുവാരുന്നു ഇത്രേം നാൾ. അവരുടെ കുത്തുവാക്ക് കേട്ടിട്ട് സഹിക്കാണ്ടായപ്പോ ഞാനിങ്ങോട്ട് ഇറങ്ങി പോന്നു"
കണ്ണുകൾ തുടച്ചവർ പറഞ്ഞു നിർത്തി. നൊന്തു പെറ്റ അമ്മയെ മക്കൾ തിരിഞ്ഞു നോക്കാത്ത കാലത്തു പിന്നെ വളർത്തമ്മയുടെ കാര്യം പറയാനുണ്ടോ. എറണാകുളം സ്റ്റേഷൻ എത്തിയപ്പോൾ ഇറങ്ങാൻ നേരം എന്റെ കയ്യ് കവർന്നെടുത്തവർ ഇങ്ങനെ പറഞ്ഞു ,
"ആരെയും ഒരു അളവിൽ കവിഞ്ഞു സ്നേഹിക്കാൻ നിൽക്കരുത് മോളെ അത് പിന്നെ ദുഃഖിക്കാൻ ഇട വരുത്തും. ഏതേലും കാലത്തു തനിച്ചായിപ്പോയാലും ജീവിക്കാനുള്ള ധൈര്യം ഇന്നേ കരുതി വെച്ചോളൂ"
ഇതൊരു കഥയല്ല ജീവിതമാണ് മറ്റാരോ ജന്മം നൽകിയ കുരുന്നുകൾക്ക് കർമം കൊണ്ട് അമ്മയായി ഒടുവിൽ മക്കൾ വെറും വളർത്തമ്മ എന്ന സ്ഥാനം നൽകിയ ഒരു അമ്മയുടെ കഥ

Anjali Kini
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo