ഓഷോയും സുന്ദരിയായ നഴ്സും :- വിവാഹം കഴിക്കാതെയും ലൈംഗികസുഖം ആസ്വദിക്കാം എന്ന ആശയവും ആശയും അയാൾക്ക് കൊടുത്ത കക്ഷിയാണ് ഓഷോ! ഓഷോ ഒരുപാട് ആത്മീയമായ അറിവുകൾ വാരി വിതറി. പക്ഷെ പാലുള്ള അകിടിലും കൊതുകിന് ഇഷ്ടം ചോര തന്നെയാണല്ലോ! പറഞ്ഞ് വന്നത് ഓഷോയുടെ പുസ്തകം വായിച്ച് ലൈംഗിക സ്വാതന്ത്ര്യം ആഘോഷിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ഒരാളുടെ കഥയാണ്! അയാൾക്ക് അന്ന് ഇരുപത് വയസ് മാത്രം പ്രായം. തുടർച്ചയായി ഓഷോ പ്രഭാഷണങ്ങൾ കേട്ടും പുസ്തകങ്ങൾ വായിച്ചും സ്വപ്നലോകത്തെത്തി അയാൾ! ജീവിതം സർവ്വതന്ത്രസ്വതന്ത്രമായ ഒരത്ഭുത പ്രതിഭാസമായി ആഘോഷിക്കാൻ പൂനയിലോ മറ്റോ ഉള്ള ഓഷോ ആശ്രമത്തിലേക്ക് പോയാലോ എന്ന് വരെ ചിന്തിച്ചു! പക്ഷെ അതിനയാൾ തുനിഞ്ഞില്ല; പകരം തന്റെ നാട്ടിൽ തന്നെ അതിനനുഗുണമായ ഒരന്തരീക്ഷം സൃഷ്ടിക്കണം! എത്രനല്ല നടക്കാത്ത സ്വപ്നമായാലും ശരി; അതിന് അവസരം വന്നാൽ അതിന് വേണ്ടി പരിശ്രമിക്കുമെന്ന് അയാൾ തീരുമാനിച്ചിരുന്നു. അങ്ങനെ കഴിയുമ്പോഴാണ് ഒരു നഴ്സ് ഹോസ്പിറ്റൽ യൂണിഫോമിന് മുകളിൽ ഒരു നേർത്ത ചന്ദന നിറമുള്ള ഷാൾ പുതച്ച് അയാളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്. അതും ടൗണിലെ ഹോസ്പിറ്റലിനരികിലുള്ള ലൈബ്രറിയിൽ! അയാൾ ആദ്യമായി ഓഷോയെ പരിചയപ്പെട്ടതും ആ ലൈബ്രറിയിലെ പുസ്തകങ്ങളിൽ നിന്നു തന്നെ! ഇപ്പോഴിതാ അയാളെ ഹഠാതാകർഷിച്ചു കൊണ്ട് അതേ ലൈബ്രറിയിൽ ഒരു യുവതി പ്രത്യക്ഷപ്പെട്ടിരിക്കുന്നു! അവൾ വരുമ്പോൾ അയാൾ ലൈബ്രേറിയനുമായി കുശലം പറഞ്ഞിരിക്കുകയായിരുന്നു. അവൾ തന്നെ ലൈബ്രേറിയന് പരിചയപ്പെടുത്തി. അടുത്തുള്ള ഹോസ്പിറ്റലിൽ ചാർജെടുത്ത പുതിയ നഴ്‌സാണ്. അടുത്തുള്ള ലേഡീസ് ഹോസ്റ്റലിൽ താമസം. അവൾക്ക് വായിക്കാൻ പുസ്തകം വേണം. ലൈബ്രേറിയൻ ഒരു ശുപാർശക്കത്ത് ആവശ്യം വരുമെന്ന് അറിയിച്ചു. അതു കേട്ട് അവൾ ഖിന്നയായി തീർന്നു. അവളുടെ മുഖം വാടി! അവൾക്കിവിടെ ആരെയും പരിചയമില്ലെന്ന് അവൾ അറിയിച്ചു. അപ്പോൾ അയാളിലെ കാമുകൻ ഉണർന്ന് പ്രവർത്തിച്ചു. അയാൾ അവളെ പരിചയപ്പെട്ടു. അപ്പോൾ തന്നെ അവൾ പുസ്തകം കൊണ്ട് പോകുന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് അയാൾ ഒരു ശുപാർശകത്തെഴുതി ലൈബ്രേറിയന് നൽകി! അവൾ നന്ദി പറഞ്ഞു . സഹായഹസ്തവുമായി ചെന്ന തന്റെ നല്ല മനസ്സിനെ; പുതുതായി പരിചയപ്പെട്ട; കേവലം തന്റെ പേര് മാത്രം അറിയാവുന്ന അവൾ പുകഴ്ത്തിയപ്പോൾ അയാൾ രോമാഞ്ചമണിഞ്ഞു. അത് ഒരു പ്രണയാന്വേഷിയായ യുവാവ് ഒരു യുവതിയെ പരിചയപ്പെടുമ്പോഴുള്ള ഒരു സാദാ രോമാഞ്ചമേയല്ല! കാരണം, അത് തികച്ചും വ്യത്യസ്തമായ വിവാഹേതരമായ ഒരു സ്വപ്നം താലോലിക്കുന്നവന്റെ ആത്മീയ രോമാഞ്ചമാണ്. കേവലം അവിഹിത ബന്ധമല്ല; മറിച്ച് താടിനീട്ടിയ , ബോധോദയത്തെ കുറിച്ച് സംസാരിക്കുന്ന ഒരാത്മീയ നേതാവിൽ നിന്നുള്ള പ്രചോദനം ആ പ്രണയത്തിനുണ്ട്!! അങ്ങനെ ആ പ്രണയം മൊട്ടിട്ടു. ആ നേഴ്സിനെ അയാൾ എന്നും കാണാൻ തുടങ്ങി. അവർ തമ്മിൽ അടുത്തു പെരുമാറാൻ തുടങ്ങി. അങ്ങനെ മാസങ്ങൾ കഴിഞ്ഞപ്പോൾ തന്റെ മനസ്സിലെ സ്വപ്നം അവളുടെ മുന്നിൽ അവതരിപ്പിക്കാൻ അയാൾ തീരുമാനിച്ചു. ആ സ്വപ്നം മറ്റൊന്നുമല്ല... വിവാഹം കഴിക്കാതെ എല്ലാം പങ്കു വയ്ക്കുക . മുഖ്യമായും ലൈംഗിക സ്വാതന്ത്ര്യം ആഘോഷിക്കുക! അയാൾ അവളെ അത് അറിയിക്കുന്നതിന് വേണ്ടി ഒരു മാർഗവും കണ്ടെത്തി. ഓഷോയുടെ ലൈംഗിക സ്വാതന്ത്ര്യം വിവരിക്കുന്ന ഒരു പുസ്തകവും അതോടൊപ്പം ഒരു കുറിപ്പും അയാൾ അവൾക്ക് നൽകി. കുറിപ്പിൽ അയാൾ ഇങ്ങനെഎഴുതിയിരുന്നു: "ഈ പുസ്തകത്തിൽ വിവരിക്കുന്നതുപോലുള്ള സ്വതന്ത്രമായ ഒരു ജീവിതമാണ് നിന്നോടൊപ്പം ഞാൻ ആഗ്രഹിക്കുന്നത്!" അതിനുള്ള മറുപടിക്കായി അയാൾ കാത്തിരുന്നു. പുസ്തകം വായിച്ച ശേഷം രണ്ട് ദിവസം കഴിഞ്ഞ് അറിയിക്കാമെന്ന് അവൾ അറിയിച്ചു. ആ രണ്ട് ദിവസം കഴിയാൻ നെഞ്ചിടിപ്പോടെ അയാൾ കാത്തിരുന്നു. കുറച്ച് ദിവസം കഴിഞ്ഞ് അവൾ പ്രത്യക്ഷപ്പെട്ടു. എന്നിട്ട് അവനോട് പറഞ്ഞു: "അതിന് നീ വേറെ ആളെ നോക്ക് മോനെ... നിനക്ക് കല്യാണം കഴിക്കാതെ കാര്യം സാധിക്കാൻ എന്നെ തന്നെ വേണം അല്ലേ?! നിനക്കൊക്കെ അമ്മയും പെങ്ങളും ഇല്ലെന്ന് മനസ്സിലായി... റാസ്കൽ... "
Kadarsha
Kadarsha

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക