പ്രതികാരം
***********
***********
മോൾക്ക് ഒരു ഉടുപ്പെടുക്കാനായി അന്നത്തെ ക്ലാസ് കഴിഞ്ഞ് സഹപ്രവർത്തകയോടൊപ്പം നഗരത്തിലെ ഒരു തുണിക്കടയിൽ കയറിയതായിരുന്നു ഞാൻ. പെൺകുട്ടികളുടെ ഡ്രെസ്സുകളുള്ള ഭാഗത്തേയ്ക്കു നടക്കുമ്പോഴാണ് കയ്യിൽ നിറയെ തുണിയുമായി ഒരു സെയിൽസ് മാൻ എതിരെ വന്നത്. വശത്തേയ്ക്ക് നോക്കി നടന്നത് കൊണ്ട് ഞാൻ അയാളെ കണ്ടില്ല. എൻ്റെ കൈ തട്ടി തുണി മുഴുവൻ താഴത്തു വീണു. സോറി മാഡം എന്ന് പറഞ്ഞു കൊണ്ട് അയാൾ അവിടെ ഇരുന്നു തുണി പെറുക്കി എടുക്കാൻ തുടങ്ങി. എനിക്ക് വിഷമം തോന്നി. ഞാനും അയാളെ സഹായിച്ചു. അയാൾ നന്ദിയോടെ എന്നെ നോക്കി ചിരിച്ചു . താടിവച്ച ഇരു നിറമുള്ള മെലിഞ്ഞ ഒരു മധ്യവയസ്ക്കൻ . വിപിൻ... ഞാൻ മന്ത്രിച്ചു. അയാൾ എന്നെ സൂക്ഷിച്ചു നോക്കി. എൻ്റെ മനസ്സ് ഒരുപാടു വർഷങ്ങൾ പുറകോട്ടു പറന്നു...
ഒരു കോളേജ് ഡേ.... ആർട്സ് ക്ലബ് സെക്രട്ടറി ആയ വിപിൻ്റെ ഓടക്കുഴൽ വായന കേൾക്കാൻ വേണ്ടി മാത്രം അന്ന് കോളേജിൽ പോയ ഞാൻ. സ്റ്റേജിൽ ഓടക്കുഴലിൽ വിസ്മയം സൃഷ്ടിച്ച് ശ്രീകൃഷ്ണനെ പോലെ അവൻ . സദസ്സിൽ ഒരു മായിക ലോകത്തിൽ രാധയായി ഞാൻ. ഞങ്ങളുടെ മനസ്സിൽ ആ സ്വപ്നം വിരിഞ്ഞിട്ടു നാളുകളേറെയായി. കൂട്ടുകാർക്കും ചില ടീച്ചേഴ്സിനും അത് അറിയുകയും ചെയ്യാം. പരിപാടികൾ അവസാനിച്ചപ്പോൾ അഭിനന്ദനങൾ അറിയിക്കാൻ ഞാൻ അവനെ തിരക്കി നടന്നു. ഓഡിറ്റോറിയത്തിലും മുറ്റത്തുമൊന്നും കണ്ടില്ല. ഒടുവിൽ ലാബിൻ്റെ പുറകുവശത്ത് ഒരു വാക മരച്ചോട്ടിൽ , ഒന്നാം വർഷത്തിലെ ഒരു പെൺകുട്ടിയുടെ മുൻപിൽ നീട്ടിയ റോസാപ്പൂവുമായി ഞാൻ അവനെ കണ്ടെത്തി . നിറം മങ്ങിയ പാവാടയും ബ്ലൗസും ഇട്ട , നീണ്ട മുടിയിൽ തുളസിക്കതിരും നെറ്റിയിൽ ചന്ദനക്കുറിയും ഉള്ള ഒരു ഇരു നിറക്കാരി . യാതൊരു പ്രത്യേകതയും ഞാൻ അവളിൽ കണ്ടില്ല; തിളങ്ങുന്ന വലിയ കണ്ണുകളല്ലാതെ. എൻ്റെ സ്വപ്നക്കൂടാരം തകർന്നു വീണു . എനിക്ക് ശ്വാസം മുട്ടുന്നതു പോലെ തോന്നി . അലറിക്കൊണ്ട് ഓടിച്ചെന്ന് രണ്ടു പേരെയും കഴുത്തു ഞെരിച്ചു കൊല്ലാൻ മനസ്സ് കുതിച്ചു... പിന്നെ ഞാൻ വിതുമ്പിക്കൊണ്ട് ആ റോസാപ്പൂ മണ്ണിൽ ചവിട്ടിയരച്ചു.
മെറീനയല്ലേ ? വിപിന് എന്നെ മനസ്സിലായിരിക്കുന്നു. എനിക്ക് എന്തോ ഒരു പ്രത്യേക സന്തോഷം തോന്നി. ഞാനിന്നൊരു കോളജ് ലെക്ചറെർ ആണ്. സാം ഒരു വലിയ ആശുപത്രിയിലെ മെയിൻ ഫിസിഷ്യനും . എൻ്റെ സ്നേഹം നിരസിച്ച് ഒരു പാവപ്പെട്ട പെണ്ണിനെ പ്രേമിച്ച വിപിനോ? എൻ്റെ ശമ്പളത്തിന്റെ പത്തിലൊന്നു പോലും വാങ്ങാത്ത വെറും സെയിൽസ് മാൻ . എനിക്ക് ഉറക്കെ ചിരിക്കണമെന്നു തോന്നി.
മോൾക്കുള്ള ഡ്രസ്സ് എടുത്ത് ബില്ല് അടക്കാൻ ചെല്ലുമ്പോൾ വിപിൻ അവിടെയുണ്ട്. ബില്ല് ചെക്ക് ചെയ്ത് ഡ്രസ്സ് എടുത്തു തന്നത് വിപിനാണ്. ഡ്രസ്സ് തരുമ്പോൾ ആ കണ്ണുകൾ ബില്ലിലുടക്കുന്നതു ഞാൻ കണ്ടു. ആ മുഖത്ത് ഉണ്ടായ ഭാവമാറ്റം അത്ഭുതം ആയിരിക്കണം. ഞാൻ ഒരൽപം അഹങ്കാരത്തിൽ തല ഉയർത്തിപ്പിടിച്ചു. തിരിച്ച് ഞങ്ങൾ വാതിൽക്കലെത്തിയപ്പോൾ വിപിൻ പുറകിൽ നിന്ന് വിളിച്ചു. ഞാൻ തിരിഞ്ഞു നോക്കി . എന്തോ പറയാൻ വന്ന വിപിൻ പക്ഷെ ഒന്നും മിണ്ടിയില്ല. ഒന്നുമില്ല എന്ന് പറഞ്ഞ് അകത്തേക്ക് പോയി. ഞാൻ ഉള്ളിൽ വിരിഞ്ഞ ഗൂഢസ്മിതത്തോടെ കാറിൻ്റെ അടുത്തേയ്ക്കു നടന്നു.
പിന്നീടുള്ള ദിവസങ്ങളിലെല്ലാം എൻ്റെ ചിന്തകളിൽ വിപിൻ കടന്നു വന്നു. അന്ന് ഒന്നും സംസാരിക്കാതിരുന്നതിൽ എനിക്ക് വിഷമം തോന്നി. ഒടുവിൽ ഡ്രസ്സ് മാറ്റിയെടുക്കാനെന്ന വ്യാജേന ഞാൻ വീണ്ടും കടയിൽ ചെന്നു .വിപിൻ തിരക്കായിരുന്നു. അന്നാണ് ഞാൻ വിപിനെ ശരിക്കും ശ്രദ്ധിച്ചത്. ഉള്ളതിൽ കൂടുതൽ പ്രായം പറയുന്ന ക്ഷീണിച്ച മുഖം . കണ്ണടക്കുള്ളിൽ കുഴിഞ്ഞ കണ്ണുകൾ. ഈ മനുഷ്യനെത്തന്നെയാണോ താൻ ഒരുകാലത്തു ലോകത്തിൽ എല്ലാത്തിനെയുംകാൾ സ്നേഹിച്ചത്. ആ സ്നേഹം നിരസിക്കപ്പെട്ടപ്പോൾ മരിച്ചുകളയാൻ തീരുമാനിച്ചത് ?
എന്താ വിപിൻ ഈ കോലം? എന്തെങ്കിലും അസുഖം?' ഞാൻ ചോദിച്ചു. വിപിൻ മന്ദഹസിച്ചു. 'അസുഖം ശരീരത്തിനല്ല, മനസ്സിനാണ്.'
'എന്ത് പറ്റി ?'ഞാൻ അത്ഭുതപ്പെട്ടു.
'അതൊരു വലിയ കഥയാണ്. ഇപ്പോൾ പറയാൻ നേരമില്ല '
'എങ്കിൽ എന്നെ ഫോൺ വിളിക്കൂ ...' ഞാൻ ഫോൺ നമ്പർ കൊടുത്തു.
അന്ന് വൈകിട്ട് വിപിൻ വിളിച്ചു. കുറേ സംസാരിച്ചു... ഒരുപാടു കാലം കൂട്ടിലടച്ച ഒരു കിളിയെ തുറന്നു വിട്ടത് പോലെയായിരുന്നു അത്. പറഞ്ഞത് കദന കഥയായിരുന്നെങ്കിലും മനസ്സിലാക്കുന്ന ഒരാളെ കിട്ടിയതിൻ്റെ സന്തോഷം ആ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നു . എനിക്ക് സഹതാപം തോന്നിയില്ല. എന്നെ വിഷമിപ്പിച്ചതിന് ദൈവം കൊടുത്ത ശിക്ഷയാണത് എന്നു തന്നെ ഞാൻ വിചാരിച്ചു. പക്ഷേ ഒടുവിൽ വിപിൻ പറഞ്ഞത് എന്നെ സ്തംഭിപ്പിച്ചു.
"മെറീന, നിന്നെ വിഷമിപ്പിച്ചതിനു മാപ്പ് . കൂട്ടുകാരോട് വച്ച ഒരു പന്തയം ജയിക്കാൻ വേണ്ടിയാണ് അന്ന് ഞാൻ നിൻ്റെ മുൻപിൽ വച്ച് മായയോട് സംസാരിച്ചത്. പക്ഷെ അതൊന്നു നിന്നെ പറഞ്ഞു മനസ്സിലാക്കാൻ പോലും നീ സമ്മതിച്ചില്ല. പാവം മായ... അവളതൊക്കെ സത്യമാണെന്നു കരുതി എന്നെ സ്നേഹിച്ചു . പക്ഷേ എനിക്ക് നിന്നെ മറക്കാൻ അത്ര എളുപ്പമായിരുന്നില്ല. അതുകൊണ്ടു തന്നെ മായയുടെ സ്നേഹം ഞാൻ കണ്ടില്ലെന്നു നടിച്ചു. പക്ഷെ അവൾക്കാകെ ഉണ്ടായിരുന്ന മുത്തശ്ശി കൂടി മരിച്ചതോടെ ഒറ്റയ്ക്കായി പോയ അവളെ ഞാൻ കൂടെ കൂട്ടി ".
കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഒരു സുഹൃത്തിൻ്റെ കുഞ്ഞിൻ്റെ മാമ്മോദീസയ്ക്കു പോയ വഴി ഞങ്ങൾ വിപിൻ്റെ വീട്ടിൽ കയറി . ഒരു ചെറിയ വീട്. സൗകര്യങ്ങളൊക്കെ വളരെ കുറവ്. പത്തു പന്ത്രണ്ട് വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടിയും രണ്ടു ചെറിയ ആൺ കുട്ടികളും വിപിൻ്റെ കൂടെ ഇറങ്ങി വന്നു. വിളർത്തു മെലിഞ്ഞ കുട്ടികൾ. ഇളയവന് രണ്ടുരണ്ടര വയസ്സ് പ്രായമുണ്ടാവും.
'മായ എവിടെ ?'
ഞാൻ ചോദിച്ചു. വിപിൻ ഞങ്ങളെ അകത്തെ മുറിയിലേക്ക് കൂട്ടികൊണ്ടു പോയി. തിരിച്ചറിയാനാവാത്ത വിധം തടിച്ച ഒരു സ്ത്രീ കട്ടിലിൽ കിടക്കുന്നു. നീര് വന്നു ചീർത്ത മുഖവും കൈ കാലുകളും. ഞാൻ ആ കട്ടിലിൽ ഇരുന്ന് അവളുടെ കൈയ്യിൽ പിടിച്ചു.
"കുറെ കീമോതെറാപ്പിയും റേഡിയേഷനും എടുത്തു. ട്രീററ്മെന്റിന് വേണ്ടി ഉള്ളതെല്ലാം വിറ്റു, കടം കിട്ടാവുന്നിടത്തു നിന്നെല്ലാം വാങ്ങിച്ചു. ഇനി മജ്ജ മാറ്റിവയ്ക്കൽ മാത്രമേ രക്ഷയുള്ളൂ എന്നാണ് ഡോക്ടർമാർ പറഞ്ഞത്. പക്ഷെ എൻ്റെതു ചേരില്ല. മക്കൾക്കാണെങ്കിൽ പ്രായവുമായില്ല. അവൾക്ക് വേറെ ആരും ഇല്ല ഡൊണേറ്റ് ചെയ്യാൻ. പിന്നെ ട്രാൻസ്പ്ലാന്റിനും ബാക്കിയുള്ള ചികിത്സക്കുമൊക്കെ ഒരു പാട് തുകയും വേണ്ടി വരും. അത് കൊണ്ട് ഞങ്ങൾ രണ്ടു പേരും കൂടി തീരുമാനിച്ച് ട്രീറ്റ്മൻറ്റ് അങ്ങ് നിർത്തി." വിപിൻ നെടുവീർപ്പിട്ടു. നിറഞ്ഞ കണ്ണുകൾ ഞങ്ങൾ കാണാതിരിക്കാൻ ചിരിക്കാൻ ശ്രമിച്ചു. പക്ഷെ ചുണ്ടുകൾ കോടി അത് വികൃതമായി.
അന്ന് രാത്രി എനിക്ക് ഉറങ്ങാനായില്ല . കണ്ണടക്കുമ്പോൾ ആ കുഞ്ഞുങ്ങളുടെ മുഖമായിരുന്നു മനസ്സിൽ. അവർക്ക് അമ്മയെ നഷ്ടപ്പെടാതിരിക്കാൻ എന്നാലാവുന്നതു ചെയ്യും എന്ന് ഞാൻ തീരുമാനിച്ചുറച്ചു. രാവിലെ തന്നെ സാമിനോട് എന്റെ തീരുമാനത്തെക്കുറിച്ചു പറഞ്ഞു. നിനക്കെന്താ വട്ടാണോ എന്നായിരുന്നു സാമിൻ്റെ പ്രതികരണം . അത് വിജയിക്കാതിരിക്കാനുള്ള സാധ്യതകളെക്കുറിച്ച് ഒരു ഡോക്ടറെന്ന നിലയിൽ സാം എന്നെ ഉപദേശിച്ചു. പക്ഷെ ഞാൻ കുറെ നിർബന്ധിച്ചപ്പോൾ ഒടുവിൽ സമ്മതിച്ചു. സാം അങ്ങനെയാണ്. എന്നെ വിഷമിപ്പിക്കാറില്ല . രണ്ടു തവണ ചിണുങ്ങിയാൽ എന്തും സമ്മതിക്കും. ഇപ്പോൾ തനിക്കു മായയോട് നന്ദിയാണ് ഉള്ളത്. അവൾ വിപിനെ സ്നേഹിച്ചില്ലായിരുന്നെങ്കിൽ ഒരിക്കലും തനിക്ക് സാമിനെ കിട്ടില്ലായിരുന്നു.
അടുത്ത ദിവസം തന്നെ ഞാൻ മായയെയും കൊണ്ട് സാം ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ ചെന്നു . സാമിൻ്റെ ഭാര്യ എന്ന പരിഗണയിൽ എല്ലാം പെട്ടെന്ന് നടന്നു. എച്ച് -എൽ -എ ടെസ്റ്റ് സക്‌സസ് ആയിരുന്നു. ഏതാനും ആഴ്ചകൾക്കകം എൻ്റെ മജ്ജ മായയിൽ പ്രവർത്തിച്ചു തുടങ്ങി. അവൾ പതിയെ പതിയെ ജീവിതത്തിലേക്ക് തിരിച്ചു വന്നു. ഒരു ദിവസം മായ എന്നെ ഫോൺ വിളിച്ചു. അവൾ കരയുകയായിരുന്നു. അവളുടെ ബ്ലഡ് ഗ്രൂപ്പ് പോലും എൻ്റെതായി മാറിയിരിക്കുന്നത്രെ . മധുരപ്രതികാരത്തിൻ്റെ സംതൃപ്തിയിൽ ഞാൻ പുഞ്ചിരിച്ചു . ആ പുഞ്ചിരി മായയുടെ സിരകളിലൂടെ ഒഴുകി ....
ലിൻസി വർക്കി

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക