Slider

ജൊഹന്നാസിന്റെ ഡയറി... 2

0

ജൊഹന്നാസിന്റെ ഡയറി... 2
തുടർച്ച…………..
അയാൾ ആ കുതിരവണ്ടിയുടെ തൊട്ടടുത്തെത്തി. ആരും കാണാതെ പലതവണ സ്വന്തം കൈത്തണ്ടയിൽ നുള്ളിയ ഡേവിസ് അതൊരു സ്വപ്നമല്ലെന്ന് സ്വയം ഉറപ്പിക്കാനായി പാടുപെട്ടു. പിന്നെ അടുത്തുചെന്ന് ആ പെൺകുട്ടിയെ ഇമ ചിമ്മാതെ കുറേ നേരം നോക്കി. അവൾ സുന്ദരിയായിരുന്നു. വെള്ളാരം കണ്ണുകളുള്ള സ്വർണമുടിയുള്ള സുന്ദരി. പക്ഷെ പാരീസിന്റെ തെരുവു കാഴ്ച്ചകളിൽ സ്ഥിരം കാണാറുള്ള കുഴ
ലൂത്തും തെരുവു പാട്ടുമായി കറങ്ങി നടന്നിരുന്ന ജിപ്സി പെൺകുട്ടികളെ അനുസ്മരിപ്പിക്കുന്ന വേഷം . നരച്ച നീല നിറമുള്ള ഫ്രോക്ക് .
വോൾട്ടയറും റൂസോയും മൊണ്ടെസ്ക്യൂവും ഒരു സ്ഥിതിസമത്വവാദത്തിന് അടിത്തറയിട്ട ഫ്രഞ്ചു വിപ്ലവകാലം മുതൽ ആ നാടിന് വളരെ പ്രിയപ്പെട്ട നിറമാണ് നീല .പക്ഷെ അതല്ല വിഷയം തലേ
ദിവസം വായിച്ചു മടക്കിയ ഡയറി താളിൽ നിന്നും ഇതാ റൂബല്ലസ്കോട് എന്ന പ്രഭുകുമാരി എന്നാൽ ദരിദ്രയായ വിദ്യാർത്ഥിനി പാരീസ് പ്രവാസം
കഴിഞ്ഞുള്ള മടങ്ങി പോക്കിനിടയിൽ തന്റെ മുൻപിൽ വന്നു നിൽക്കുന്നു. അതും എന്നോ കഴിഞ്ഞു പോയ ഒരു ഭൂതകാല ജീവിതത്തിൽ നിന്ന്. യാഥാർത്യത്തിൽ നിന്നും സ്വപ്നത്തെ അയാൾ വേർതിരിച്ചു മാറ്റുന്നതിനിടയിൽ അവൾ ചിരിച്ചു കൊണ്ട് അയാൾക്ക് നേരെ കൈ നീട്ടി.
ഈ കാണുന്നത് സത്യമോ മിഥ്യയോ ഒന്നുമറിയാതെ രണ്ടിനും ഇടയിലായിരുന്നു ഡേവിസ്.തുരുമ്പുമണമുണ്ടായിരുന്ന ചവിട്ടുപടികളിൽ കയറി നിന്ന് അയാളെ റൂബെല്ല ആ പഴയ കുതിരവണ്ടിയിലേക്ക് ക്ഷണിച്ചു, പിന്നെ ഹാളിൽ തടിക്കസേരയിൽ ചാരിയിരുന്ന് ഈ ദൃശ്യങ്ങൾ കണ്ടു കൊണ്ടിരുന്ന നെയ്സർ റൊണാൾഡിനോട് കൈവീശി യാത്രചോദിച്ചു.
വെള്ളി നിറമുള്ള പിടികളും പച്ച നിറമുള്ള ഗ്രാവൽ നെറ്റുകൾ പതിപ്പിച്ച തുകൽ മൂടിയ ഇരിപ്പിടങ്ങളും ആ കുതിരവണ്ടിക്കുണ്ടായിരുന്നു. ചെമ്മണ്ണിന്റെ നിറമുള്ള വലിയ രണ്ടു കുതിരകൾ അവ ഒന്നല്ല ഒരു പത്ത് വണ്ടികൾ വലിക്കാൻ പോന്ന ശക്തിയുള്ളവയായിരുന്നു. അവയുടെ പുറത്തെ ഇളം ക്രീം നിറമുള്ള കുഞ്ചിരോമങ്ങൾ ചെറിയ കാറ്റിൽ ആടി കളിച്ചു നിന്നു.
തന്റെ സീറ്റിൽ അവൾ ഡേവിസിന്
തൊട്ടടുത്തായി ഇരുന്നു. കുതിര വണ്ടി നീങ്ങി തുടങ്ങി. താളത്തിൽ ഒന്നിടവിട്ട കുതിര കുളമ്പടികളും കുതിരയുടെ ജിനിക്കു താഴെ തൂങ്ങിയാടുന്ന മണികളും തുടർച്ചയായി ശബ്ദിച്ചു കൊണ്ടിരുന്നു. ഇടക്കിടക്ക് അവൾ മുഖം തിരിച്ച് നോക്കി ചിരിക്കുന്നുണ്ടായിരുന്നു അപ്പോഴൊ ക്കെയും അയാൾ അസ്വസ്ഥനായി.
എന്താവും അവൾക്ക് പറയാനുണ്ടാവുക ?
എന്താണ് താൻ തിരികെ പറയേണ്ടത്.?
ദൈവമെ ഇതെന്തൊരു പരീക്ഷണം ഒരു ഡയറി വായിച്ചത് ഇത്ര വലിയ പൊല്ലാപ്പായൊ. താൻ ജൊഹാനസല്ല എന്ന് വിളിച്ചു പറഞ്ഞാലോ ഇവൾ പക്ഷെവിശ്വസിക്കില്ലായിരിക്കും എന്നാലുമൊരു പക്ഷെ നാട്ടുകാർ തന്നെ തിരിച്ചറിഞ്ഞാലൊ അയാൾ കാടുകയറി ചിന്തിച്ചുകൂട്ടി പെട്ടെന്ന് റൂബല്ല അയാളുടെ കൈകളിൽ സ്പർശിച്ചു. സാവധാനം തന്റെ കൈവെള്ള അയാളുടെ കൈകളോടു ചേർത്ത് വിരലുകളെ പുണർന്നു.
"എന്തു പറ്റി ജൊഹാനസ് എന്താ മിണ്ടാത്തത്."
അയാളുടെ ഉള്ളിൽ ഒരു മിന്നൽ പാഞ്ഞു പോയി. ജൊഹാനസ് ആ പേര് അവൾ തന്നെ വിളിക്കുന്നു. ഉള്ളിൽ ഭാരം കൂടി കൂടി വന്നു എല്ലാം തോന്നലാണെന്ന് ഇളകി മറിഞ്ഞോടുന്ന ആ കുതിരവണ്ടിയിലിരുന്ന് ആശ്വസിക്കാൻ
ശ്രമിക്കുമ്പോഴും അയാൾക്കതിനാവുമായിരുന്നില്ല. അവളുടെ കൈവിടുവിച്ച് തുകൽ മൂടിയ ഇരിപ്പിടത്തിന്റെ അങ്ങേയററത്തേക്ക് മാറുമ്പോൾ പരമാവധിഅവൾക്ക് മുഖം കൊടുക്കാതെ
യിരിക്കാൻ ശ്രദ്ധിച്ചു. എന്നാൽ അത്തരത്തിൽ മൗനം തുടർന്ന തൊട്ടടുത്ത നിമിഷത്തെ ഒരനുഭവം അക്ഷരാർത്ഥത്തിൽ തകർത്തു കളയുന്നതായിരുന്നു.
മുന്നോട്ടോടുന്ന കുതിരവണ്ടിയുടെ ഇടതു വശം ചേർന്ന് കുതിരയുടെ കഴുത്തിനു മേൽ ഘടിപ്പിച്ചിരിക്കുന്ന വണ്ടിയുടെ തടി കൂട്ടിനു വെളിയിലായി ഒരുവെള്ളി നിറമുള്ള ഒറ്റക്കമ്പി ഉയർന്നു നിൽക്കുന്നുണ്ട്.അതിന്റെ മധ്യത്തിലായി ദീർഘവൃത്ത രൂപമുള്ള ഒരു കണ്ണാടി. കുതിര മുൻപോട്ട് പായുമ്പോൾ പിന്നാലെയെത്തുന്ന മറ്റുകാർട്ടേജുകളേയും യാത്രക്കാരേയും കുതിരവണ്ടിക്കാരനുകാണാനായിഉണ്ടാക്കിയിരിക്കുന്ന സംവിധാനമാണത്. മധ്യകാലം മുതൽ യൂറോപ്പിൽ പ്രചാരത്തിലായ കുതിരവണ്ടികളിൽ ചിലതിലൊക്കെ ഈ സംവിധാനം അയാൾ കണ്ടിട്ടുണ്ട്. വിഷണ്ണനായ ഡേവിസ് മൗനിയായി ആ കണ്ണാടിയിലേക്ക് സൂക്ഷിച്ചു നോക്കി. അതാ അതിൽ ഇളം ചെമ്പൻ മുടിയും ഗോതമ്പ്നിറവും അൽപ്പം കുറ്റിത്തലപ്പ് ശേഷിക്കുന്ന മീശയുമായി ഒരുയുവാവ് തന്നെനോക്കുന്നു. അയാൾ സ്തബ്ദനായി പോയി ആ ചെറുപ്പക്കാരനെ കണ്ടു പരിചയംപോലുമില്ല സുമുഖനായ ഒരു യൂറോപ്യൻ. അയാൾ മിഴികൾ പിൻവലിച്ച് കുതിര
വണ്ടിയിലേക്ക് നോക്കി ഇല്ല സമീപത്ത് ആരുമില്ല കുതിരക്കാരന്റെ മുഖവുമല്ല
പിന്നെയാര്…...? .
ഒരു നിമിഷം മാത്രമെ ഡേവിസ് ചിന്തിച്ചുള്ളു.
അടുത്തനിമിഷം ഒരുൾ കിടിലത്തോടെ അയാൾ കണ്ണാടി നോക്കി സ്വന്തം മുഖത്ത് തൊട്ടു. പ്രതീക്ഷ തെറ്റിയില്ല ഇതാ ആ യുവാവും സ്വന്തം മുഖത്ത് കൈ തൊടുന്നു.അതെ
അത് തന്റെ മുഖം തന്നെ….
ഉറക്കെ കരയണമെന്ന് തോന്നി. പക്ഷെ ശബ്ദം പുറത്തുവരാത്തതുപോലെ. അത് തൊണ്ടയിൽ കുരുങ്ങി പോയിരിക്കുന്നു. മരവിച്ച് കുതിരവണ്ടിയിൽ അള്ളി പിടിച്ചിരുന്നു. പിന്നെയുള്ള ഓരോ നിമിഷങ്ങളിലും ആ ഡയറി
യിലെ അക്ഷരങ്ങൾ ചുറ്റും സംഭവിക്കുകയായി
രുന്നു . ഇടക്ക് പരിഭവവും കൗതുകവും നിറഞ്ഞ റൂബെല്ലയുടെ നോട്ടം അവഗണിക്കുവാൻ അതിലേറെ ബുദ്ധിമുട്ടി. അ യാത്ര തുടർന്നു കൊണ്ടേ യിരുന്നു .തോരണങ്ങൾ കെട്ടിയ റഷ്യൻ പീരങ്കികളും എതിരെ പ്ലക്കാഡ് ഉയർത്തി വരുന്ന വിദ്യാർത്ഥികളും അവരുടെ ദൃഷ്ടി കോണിൽ മിന്നി മാഞ്ഞുപോയി. അതു കണ്ടപ്പോൾഡേവിസ് ഭീതിയോടെ തല കുനിച്ചിരുന്നു അപ്പോഴൊന്നും വായിച്ചറിഞ്ഞ ജീവിതകഥയിലെ ജൊഹാനസിന്റെ സംഭാഷണങ്ങൾ അയാളിൽ നിന്നും പുറപ്പെട്ടില്ല. കാരണമപ്പോൾ ഭീതിയോടെ പരിഭ്രാന്തിയോടെ തന്റെ മുൻപിലെ വെള്ളി പിടിയിൽ മുഖം അമർത്തി ആരോടും മിണ്ടാതെയിരിക്കുക
യായിരുന്നു ഡേവിസ്
ന്യൂ മെൻ സ്ട്രീറ്റിൽ നിന്നും ഗതി തിരിഞ്ഞു വേഗം കുറഞ്ഞ കുതിരവണ്ടി വേവൽ കാസ്റ്റിലിന്റെ സമീപത്തേക്ക് കടന്ന് വഴിയുടെ ഓരത്ത് നിലയുറപ്പിച്ചു.കിങ്ങ് കാസിമിറിന്റെ കൊട്ടാരം ചെറു വെയിൽ തിളങ്ങുന്നത് ഡേവിഡ് ഇടം
കണ്ണുകൊണ്ട് കണ്ടു. ഇപ്പോൾ റൂബെല്ല തന്റെ കൈ പിടിക്കും അവൾ തന്നോട് സംസാരിക്കും ഓർത്തപ്പോൾ ഭ്രാന്ത് പിടിക്കുന്നതു പോലെ തോന്നി. എന്നാൽ അപ്പോഴും തല കുമ്പിട്ട് തന്നെ ഇരിക്കുകയായിരുന്ന അയാളെ റൂബല്ല തെല്ല് നേരം കൗതുകത്തോടെ നോക്കി. പിന്നെ വീണ്ടും വിളിച്ചു.
അയാളുടെ നിയന്ത്രണം വിട്ടു. സ്വപ്നത്തിനും യാഥാർത്യത്തിനും ഇടയിലുള്ള ആ സർക്കസിൽ നിന്ന് രക്ഷപെടുകമാത്രമാണ് ഇനി ചെയ്യാനുള്ളത്. ആ വണ്ടിയിൽ നിന്നും ചാടിയിറങ്ങി ഓടിതുടങ്ങി പിറകിൽനിന്നുള്ള ഒരുശബ്ദത്തിനും ഓട്ടം തടഞ്ഞു നിർത്താനായില്ല.ഈ നശിച്ച
ഭൂതകാലത്ത് നിന്ന് രക്ഷപെടുകമാത്രമായിരുന്നു വേണ്ടത്. ഓടി മറഞ്ഞ ഡേവിസ് ഏതൊ ഒരു ട്രാമിൽ കയറി പറ്റിയതും സെർ ഫെസ്റ്റയിൽ തിരികെയെത്തിയതും കോണിപ്പടികൾ കയറി തന്റെ മുറിയുടെ ഉള്ളിൽ പ്രവേശിച്ചതുമൊന്നും അറിഞ്ഞതേയില്ല. ചുറ്റുമുള്ള കാഴ്ചകളിലേക്ക് ശ്രദ്ധിച്ചില്ല എന്നു പറയുന്നതാവും കൂടുതൽ ശരി.
വീണ്ടും ഇരുട്ടിനെ കുത്തി നിറച്ച സേർ ഫെസ്റ്റയിലെ തന്റെ മുറി.തടികസേരയിലിരുന്ന് ഡേവിസ് അൽപ്പസമയം കിതച്ചു. പെട്ടെന്ന് പുറത്ത് കാതടിപ്പിക്കുന്ന ശബ്ദത്തിൽ ഇടിവെട്ടി.ഒന്നുഞടുങ്ങിയ ഡേവിസ് എഴുന്നേറ്റ് ജനാലക്കരികിലേക്ക് നീങ്ങി. മഴ പെയ്യുകയാണ് താൻ വന്ന ദിവസത്തെ അനുസ്മരിപ്പിക്കുമാറ്
മഴത്തുള്ളികൾ കനം വച്ച് റോഡിൽ ചിതറി തെറിക്കുന്നു. അയാൾ ജനാലയിൽകൂടി പുറത്തെ കെട്ടിടങ്ങൾ ശ്രദ്ധിച്ചു. എല്ലാം പഴയ പടിയായിരിക്കുന്നു. കാലപ്പഴക്കം ചെന്ന കുമ്മായ ചുവരുകളിൽ മഴത്തുള്ളികൾ വീഴുന്നത് അയാൾ ശാന്തനായി നോക്കി നിന്നു. പിന്നെ എന്തോ ഓർത്ത് വെളിപാട് വീണതുപോലെ ഞെട്ടലോടെ അൽപ്പം പിന്നോട്ട് നീങ്ങി നിന്നു.
തന്റെ ഇരു കൈകളും നീട്ടി അരണ്ട വെളിച്ചത്തിൽ അയാൾ അതിലേക്ക് സൂക്ഷിച്ചു നോക്കി നിന്നു. ജനാലകടന്നു വരുന്ന പ്രകാശത്തിന് നേർത്ത ഇരുളിമയുണ്ടായി രുന്നതിനാൽ കൈകൾ വ്യക്തമായി അയാൾക്ക് കാണാനാവുമായിരുന്നില്ല. കുറച്ചു മാറിഭിത്തി
യോട് ചേർന്നു കിടന്നിരുന്ന തടിയലമാരയിൽ ഒരു കണ്ണാടിപതിപ്പിച്ചിട്ടുണ്ട്. പക്ഷെ വെളിച്ചം കുറവാ
യതിനാൽ അതിൽ കാണുക അസാധ്യമാണ്. അതു കൊണ്ട് ജനലിന്റെ വിരിപ്പ് പൂർണമായി വകഞ്ഞ് മാറ്റി. പിന്നെ അത്യധ്വാനം ചെയ്ത് ആ തടിയലമാര ജനാലക്ക് സമീപം ചേർത്തിട്ടു. ഇപ്പോൾ കണ്ണാടിയിൽ പ്രതിബിബം വ്യക്തമായി കാണാം .വീണ്ടും ആ കണ്ണാടിക്ക് മുൻപിൽ നിന്ന് സൂക്ഷിച്ച് അതിലേക്ക്നോക്കി. ഒരു നിമിഷം സന്തോഷം കൊണ്ട് അയാളുടെ കണ്ണുകൾ വിടർന്നു.
“അതെ അത് ഞാൻ തന്നെയാണ് ഇന്ത്യൻ മുഖമുള്ള ദ്വിഭാഷിയായ ഡേവിഡ്." അയാൾ സ്വയം പറഞ്ഞു.
പിന്നെ അപ്പോഴും പൂർണമായി വിട്ട് മാറാത്ത പരിഭ്രമവുമായി വീണ്ടും കട്ടിലിൽ ചെന്നിരുന്നു. ഇനിയെന്തായാലും ആ ഡയറി തുറക്കുന്ന പ്രശ്നമില്ല. അത്താഴം പോലും ഒഴിവാക്കി നേരത്തെ മൂടി പുതച്ചു കിടക്കുക തന്നെ. അതിനു മുൻപ് സുരക്ഷയുടെ ആദ്യപടിയെന്നോണം പണിമുടക്കാൻ കാത്തു നിന്നിരുന്ന ടേബിൾ ലാമ്പ് പ്ലഗ് വിഛേദിച്ച് തിരികെ കിടക്കയിലെത്തി. ആ സമയമത്രയും മേശയിലിരുന്ന ഡയറി ഒന്നു ശ്രദ്ധിച്ചത് പോലുമില്ല.എന്നാൽ ഡേവിസ് അപ്പോഴും അതിനെ ഭയപ്പെട്ടിരുന്നു.
രാത്രി ഏറെ നേരം കഴിഞ്ഞു തണുത്ത കാറ്റും മഴത്തുള്ളികളും ദേഹത്ത് പതിച്ചപ്പോൾ അറിയാതെ ഉണർന്നു. മുറി നിറയെ എല്ലുകൾ മരവിക്കുന്ന തണുപ്പ് .അപ്പോൾ മാത്രമാണ് ജനാലകൾ അടക്കാൻ മറന്നു പോയി എന്ന കാര്യം അയാളോർത്തത്. യാന്ത്രികമായി കട്ടിലിൽ നിന്നെഴുന്നേറ്റ് ജനലുകൾ വലിച്ചടച്ചതിനു ശേഷം പിന്നിലേക്ക് തിരിഞ്ഞ ഡേവിഡ് ആ കാഴ്ച്ച കണ്ട് നടുങ്ങി .വിച്ഛേദിക്കപ്പെട്ട ടേബിൾ ലാമ്പ് അതാ മേശയിൽ പൂർവ്വാധികം ശോഭയോടെ പ്രകാശിച്ച് നിൽക്കുന്നു. അതിനരികിൽ പഴയപടി തുറന്ന അവസ്ഥയിൽ ജൊഹനാസിന്റെ ആ നശിച്ച ഡയറി ഇതാ തന്റെ കൺമുൻപിൽ. ഭയവും അന്ധാളിപ്പുമുണ്ട് എങ്കിലും അടിവച്ചടിവച്ച് അതിനടുത്തെത്തിയ ഡേവിസ് ആരോ പിടിച്ചിരുത്തിയത് പോലെ ആ കസേരയിൽ ഇരുന്നു. തിരിച്ച് കട്ടിലിലേക്ക് പോവണമെന്നു ണ്ടായിന്നു. പക്ഷെ അനങ്ങാതെ മരവിച്ചു പോയ കാലുകൾഅയാളെ അവിടെ ഉറപ്പിച്ചിരുത്തി. താൻ പെട്ടിരിക്കുന്നു. അയാൾക്ക് മനസ്സിലായി. കണ്ണുകൾ അടക്കാൻ പോലും ആവുന്നില്ല. എപ്പോഴോ അടിച്ചു കയറിയ കാറ്റ് കുറേ താളുകൾ മറിച്ച് വീണ്ടും ആ ഭൂതകാല പ്രയാണം അയാൾക്ക് മുൻപിലേക്കിട്ടു.
അകത്തേക്ക് കയറി വന്നകാറ്റിൽ മറിഞ്ഞു വീണ താളുകൾ 1989 ഒക്ടോബർ 17 ലേക്കാണ്
ഇത്തവണ ആ ഡയറി തുറന്നത് .വായിക്കേണ്ട എന്നുള്ളാലെ ആഗ്രഹിച്ചിരുന്നെങ്കിലും വായിക്കാതെ അയാൾക്ക് മറ്റു മാർഗ്ഗമുണ്ടാ
യിരുന്നില്ല. അടഞ്ഞ കണ്ണുകളിലെ ഇരുട്ടിൽ പോലും അയാളെ ജൊഹാനസിന്റെ മറ്റൊരു പ്രഭാതത്തിലേക്ക് അന്നും ഡയറി കൂട്ടി കൊണ്ടു പോയി. അങ്ങനെ ആ വരികൾ മെല്ലെ മഞ്ഞ നിറമുളള പുറത്ത് തെളിഞ്ഞു വന്നു.
“………... അന്ന് ശക്തമായി ആരോ വാതിലിൽ മുട്ടുന്നത് കേട്ടാണ് ഞാനുണർന്നത്.കതകിൽ മുട്ടുന്നതിനേക്കാൾ ശക്തമായി യൂജിൻ ചുമക്കുന്നുണ്ടായിരുന്നു.തലേ ദിവസത്തെ പ്രകടനവും തുടർന്നുണ്ടായ പ്രതിരോധവും സ്വതവെ ദുർബലനായ യൂജിന്റെ ആരോഗ്യം തകർത്തിരിന്നു. അയാളെ അധികം ബുദ്ധിമുട്ടിക്കാനാവില്ല അതുകൊണ്ട് പെട്ടെന്ന് തന്നെ തയ്യാറായി താഴേക്ക് ചെല്ലാൻ തയ്യാറെടുത്തു.”യൂജിൻ" യൂണിവേഴ്സിറ്റി കാലം മുതൽ തുടങ്ങിയ ഞങ്ങളുടെ സൗഹൃദം. എങ്കിലും ഇന്നാദ്യമായിട്ടാണ് അവൻ സെർഫെസ്റ്റയിലെ എന്റെ മുറിയിൽ എത്തുന്നത്. സോളിഡാരിറ്റി ഒരുട്രേഡ്യൂണിയനായിരുന്നെങ്കിലും യൂജിൻ അതിൽ അടിയുറച്ചു വിശ്വസിച്ചിരുന്നു. ഇന്ന് എന്റെ മനസ്സിലുള്ള സോവിയറ്റ് വിരോധവും മസോവിക്കിയോടുള്ള ആരാധനയും ഒരു പരിധി വരെ അവന്റെ സംഭാവനയാണ്. പക്ഷെ ഇന്നു പകൽ ഞങ്ങൾ ഞങ്ങളുടെ വിപ്ലവ പ്രവർത്തന
ങ്ങൾ മാറ്റിവയ്ക്കാൻ പോവുന്നു. അല്ലെങ്കിലും അതേതാണ്ട് അവസാനിച്ച മട്ടാണ് പോളീഷ് പാർളമെന്റിൽ സോളിഡാരിറ്റിയാണ് ഇന്നു
ഭരിക്കുന്നത്.ഒരു കമ്യൂണിസ്റ്റിനും കീഴ്പ്പെടുത്താ
നാവാത്ത സമ്പൂർണ വിജയം സോളിഡാരിറ്റിയും പ്രിയ നേതാവ് മസോവിക്കിയും നേടിയിരിക്കുന്നു. സോവിയറ്റ് അട്ടിമറി മാത്രമാണ് ഇനിയുള്ള ഭയം അത് ശക്തമായ ഒരു സൈന്യത്തിനോട് ഒരു ചെറു രാജ്യത്തിനുള്ള ഭയമാണ് .ഒരുങ്ങുമ്പോൾ ഇങ്ങനെയുള്ള പലവിധ ചിന്തകൾ എന്റെ മനസ്സിൽ കൂടി കടന്നു പോയി.
അപ്പോഴേക്കും യൂജിൻപുറത്തു നിന്ന് മുഷിഞ്ഞിരുന്നു. പോവാനായി അവൻ തിരക്ക് കൂട്ടി. പുറത്ത് അവൻ സ്ഥിരം വരാറുള്ള കുതിരവണ്ടി .സെൻഡ്രൽ റെയിൽവേ സ്റ്റേഷ
നിലേക്കാണ് പോവേണ്ടത്. അന്ന് ഒരു പ്രധാന അഥിതിയെസ്വീകരിക്കേണ്ടതുണ്ട്. എന്നേ പ്രതീക്ഷിച്ച് വരുന്നയാളെ കാണാൻ എന്നേക്കാളും തിരക്ക് യൂജിനായിരുന്നു. അതയാൾ കുതിരക്കാര
നോട് പലതവണ ആവർത്തിച്ചു.
ഒടുവിൽ വാഹനം ക്രാക്കോവ് സെൻഡ്രൽ റെയിൽവേ സ്റ്റേഷനിൽഎത്തി നിന്നു. നൂറ്റിയൻപത് വർഷം പഴക്കമുള്ള ക്രാക്കോവ് ഗ്ലോണി റെയിൽവെ സ്റേറഷൻ ഓരോ കുമ്മായ കൂട്ടുകൾക്കും ഇവിടെ കഥകൾ പറയാനുണ്ടാവും.
യുജിനൊപ്പം പ്ലാറ്റ്ഫോമിൽ കൂടി നടന്നു പോകവെ ഞാനോർത്തു. തന്റെ ജീവി തത്തിലേയും ഒരു ചരിത്രം ഇതാ ഇവിടെ പിറക്കാൻ പോവുന്നു. ഇന്ന് ഞാനിട്ട ഗ്ലാസ്ഗോവിൽ നിന്നും വാങ്ങിയ കുപ്പായം എനിക്കുള്ളതിൽ ഏറ്റവും മികച്ചതാണെന്ന് ഞാൻ വിശ്വസിക്കുന്നു.
കാരണം “ഇവിടെ ഇന്ന് എന്റെ പ്രണയം സഫലമാവുകയാണ് .രാജ്യത്തിനേയും അതിന്റെ സ്വാതന്ത്ര്യത്തേയും കുറിച്ച് ഒരു പാട്പ്രതീക്ഷകളും സ്വപ്നങ്ങളും പൂത്തു തളിർത്ത എന്റെ മനസ്സ് അതെല്ലാം ഒരളവ് നേടിയിരിക്കുന്നു. ഇനി
എന്റെ പ്രാണൻ അവൾക്കുള്ളതാണ്"
ആ തീരുമാനത്തിന് ഇനി മാറ്റമില്ല .
ഒരു മറുപടിയുടെ ദൂരം മാത്രമെ അതിനുള്ളു
അതുമായി ഇന്ന് അവളെത്തുന്നു. ബുഡാപെ
സ്റ്റിൽ നിന്നും ക്രാക്കോവ് സെൻട്രലിലേ
ക്ക് ഓടിയെത്തുന്ന H7 തീവണ്ടിക്കൊപ്പം
എന്റെ മനസ്സ് പെരുമ്പറ കൊട്ടി തുടങ്ങി.
ഒടുവിൽ ആ തീവണ്ടി ഞങ്ങൾക്ക് മുന്നിൽ ഇഴഞ്ഞു നിന്നു.
വല്യ തിരക്കില്ലാത്ത ഒരു ബോഗിയിൽ നിന്ന് അവൾ പുറത്തേക്കിറങ്ങി.ഇത്തവണ അസ്തമയ സൂര്യന്റെ ചുവപ്പുള്ള ഒരു ഫ്രോക്കായിരുന്നു
റൂബെല്ലയുടെ വേഷം. അവൾ ഇറങ്ങിയ കമ്പാർട്ട്മെന്റ് കുറച്ചു ദൂരെയായിരുന്നു. അതിനു നേരെ ഞാനും യൂജിനും മെല്ലെ നടന്നു തുടങ്ങി. “ഈ പെണ്ണിന് കടുത്ത നിറങ്ങളോട് ഇത്ര പ്രേമമാ
ണോ” .യൂജിൻ അങ്ങനെ പറയുമ്പോൾ എനിക്ക് അവനങ്ങനെ തോന്നിയതിൽ അത്ഭുതമൊന്നും തോന്നിയില്ല.എന്നാൽ ഞങ്ങൾക്ക് ഇഷ്ടമില്ലാത്ത നിറമാണ് ചുവപ്പ് അത് അടിമത്വത്തിന്റെ നിറമാ
ണെന്നാണ് മസോവിക്കി് പറയാറുളളത്.
." ഇനി ചിലപ്പോൾ നാം കേട്ടത്
ശരിയാവുമോ" ... ആ നിറത്തെ സംശയിച്ച് യൂജിൻ എന്റെ കാതിൽ മന്ത്രിച്ചു.
അത് നെഞ്ചിൽ ഒരു വലിയ ആഘാതമാണേൽപ്പിച്ചത്. ഒരു ദിവസം കേട്ട വാർത്ത ഇതായിരുന്നു അഞ്ച് റുമേനിയൻ പ്രഭുകുടുമ്പങ്ങൾ ഹംഗറിയിൽ വച്ച് KGB ഉദ്യോഗസ്ഥർക്ക് കീഴടങ്ങിയെന്നും അവർ മോസ്കോ സ്ഥിരതാമസത്തിനായി തിരഞ്ഞെടുത്തുവെന്നും മറ്റുമായിരുന്നു അത്. എന്നാൽ അതൊന്നും ഞാൻ വിശ്വസിച്ചിരുന്നില്ല എല്ലാം ഗോർബച്ചോവിന്റെ തന്ത്രങ്ങൾ മാത്രമാണെന്ന് വിശ്വസിച്ചു. കാരണം സാമന്ത രാജ്യങ്ങളെ നിലനിർത്താൻ അയാൾ ഏതുതരം കളികളും നടത്തും അതായിരുന്നു മറ്റു വിദ്യാർത്ഥികളെ പോലെ എന്റെയും വിശ്വാസം. റൂബെല്ലയും കത്തുകളിലൂടെ അതടിവരയിട്ടിരുന്നു. എന്നാൽ ഇപ്പോൾ അവളുടെ ഈ വസ്ത്രം അത് വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. യൂജിനും ഞാനും അവൾക്കരികിലെത്തി. മെയ് മാസം ഞാൻ കണ്ട
പഴയ റൂബല്ലയല്ല ഇത് ,ഇന്നവൾ സുന്ദരിയായിരി
ക്കുന്നു. അല്ലെങ്കിൽ ഹംഗറിയിലെ അദ്ധ്യാപിക
യുടെ ജീവിതം അവളെ ഒരു പാട് മാറ്റിയിരിക്കുന്നു. ആ പകലിന്റെ സൂര്യ രശ്മിയെക്കാളും ചുവന്ന വസ്ത്രത്തിന്റെ പകിട്ട് ചുവപ്പിച്ച അവളുടെ ഒരു വശത്തേക്ക് ചീകിയ സുവർണ മുടികൾ.മുഖത്തും അതേ അരുണിമ. അവൾ ഇരുവരേയും നോക്കി ചിരിച്ചു.
അൽപ്പസമയം കഴിഞ്ഞ് ഞങ്ങളെ തനിച്ചാക്കി യൂജിൻ പുറത്തേക്കിറങ്ങി. പിന്നെ ഇഷ്ടിക പാകിയ പ്ലാറ്റ്ഫോമിൽ കൂടിപരസ്പരം കൈകോർത്ത് പിടിച്ച് ഞങ്ങൾ കുറച്ചു നേരം നടന്നു. ഇടയിൽ പതിവില്ലാത്ത മൗനം .പറയാനും കേൾക്കാനും ധാരാളമുണ്ടെങ്കിലും അന്നാദ്യമായി പരസ്പരം സംസാരിക്കാൻ വല്ലാതെ ബുദ്ധിമുട്ടി. ലംക്സംബർഗ് വരെ നീളുന്ന നീണ്ട യാത്രയിലാണ
വൾ . അത് നേരത്തെ എഴുതിയിരുന്നു. ഉപരി പഠനവും ജോലിയും ഒരുമിച്ച് കൊണ്ടു പോകാ
നുള്ള ഒരു ശ്രമം. അതിനെക്കുറിച്ചോർത്തപ്പോൾ എനിക്ക് അഭിമാനം തോന്നി. സ്വാഭിമാനമുള്ള പെൺകുട്ടിയാണവൾ പക്ഷെ റൂബെല്ലയുടെ
ചിരിയിൽ ചെറിയ വിഷാദഛായ ഉള്ളതു പോലെ.രാഷ്ട്രീയം ഈ കൂടിക്കാഴ്ച്ചയിൽ ഒഴിവാക്കണം എന്നുറപ്പിച്ചതാണ്. പക്ഷേ പറയാൻ വേറെ വിഷയങ്ങളും പെട്ടെന്ന് മനസ്സിൽ തോന്നിയില്ല.അതിനാൽ ഞാനവൾക്കൊപ്പം അൽപ്പം കുഴങ്ങിയാണ് നടക്കുന്നത്. അതോടൊ
പ്പം അവളുടെ ചിന്തയും മനസ്സും പിടി
കിട്ടാതെയിരിക്കുകയും ചെയ്തതോടെ
എന്റെ മനസ്സ് അടഞ്ഞുപോയിരുന്നു.
പിന്നെ വരുന്നത് വരട്ടെ എന്ന മട്ടിൽ ഗത്യന്തരമില്ലാതെ ഞാൻ സോളിഡാരിറ്റി
യുടെ വിജയവും മസോവിക്കിയുടെ ഭരണവും തന്നെ വീണ്ടുമെടുത്തിട്ടു. “നമ്മുടെ സർക്കാരാണിപ്പോൾ പോളണ്ട് ഭരിക്കുന്നത്.." ഞാൻ അഭിമാനത്തോടെ അത് പറയുമ്പോൾ ഹംഗറിയിലേക്ക് നീണ്ട് പോവുന്ന റെയിൽവേ ട്രാക്കിലേക്ക് നിശബ്ദം നോക്കി നിൽക്കുകയാ
യിരുന്നു അവൾ. പെട്ടെന്ന് ആ നോട്ടം പിൻവലിക്കാതെ വളരെ പതിഞ്ഞ ശബ്ദത്തിൽ യാന്ത്രികമായി അവൾ പറഞ്ഞു.
“ .....ജൊഹാൻ നമുക്ക് റഷ്യ
യിലേക്ക് പോവാം "
പെട്ടന്നതു കേട്ടപ്പോൾ എനിക്ക് വിശ്വാസം വന്നില്ല. വിശ്വാസം വരാത്തതു പോലെ ഞാൻ വിണ്ടും പറഞ്ഞതെന്തെന്ന് അവളോട് ആവർത്തിച്ചു.
ഇത്തവണ എന്റെ കണ്ണുകളിലേക്ക് നോക്കി അവൾ ഒന്നുകൂടി അതാ
വർത്തിച്ചു.പെട്ടെന്ന് ഒരിടിമിന്നൽ ഏറ്റതുപോലെ
എനിക്ക് തോന്നി റഷ്യ ആപേര് അതും റൂബെല്ലയുടെ നാവിൽ നിന്നും. എനിക്ക് അവളെ നോക്കാൻ പോലുമായില്ല. വീണ്ടും ആ ചുവന്ന വസ്ത്രം അവളുടെ ഇന്നത്തെ ചിന്തയും വികാരവുമായി എനിക്ക് തോന്നി. എന്നിലെ ജനാധിപത്യവാദിയും കാമുകനും പരസ്പരം പോരടിക്കുന്നു. ..റഷ്യ….ഞാൻ മനസ്സിൽ മന്ത്രിച്ചു.
പിന്നെ അവളിൽ നിന്നു വന്ന വാചകങ്ങൾ കേൾക്കാൻ തയ്യാറാവാത്ത ചെവികളിൽ നിറയെ ഒരു തരം വല്ലാത്ത മരവിപ്പ് .അതവസാന
മായിരുന്നു. നീണ്ട കാലത്തെ ഒരു പ്രണയം അന്ന് ചെങ്കൽ പാകിയ പ്ലാറ്റ്ഫോമിൽ വീണു ചിതറി.
ഒടുവിൽ റൂബല്ല എന്ന സ്വപ്നം ഇതാ കരിവണ്ടിയുടെ ഓർമ്മകളായി മുകളിലേക്കുയർന്നു പൊങ്ങി ആകാശത്തെവിടെയൊ മറഞ്ഞു പോവുന്നു..
പ്രതീക്ഷയോടെ എന്നേനോക്കി
നിൽക്കുകയായിരുന്നു അവൾ പക്ഷെ
വാക്കുകളുടെ ഉപയോഗം ഇവിടെ തീരെ വേണ്ടി വന്നില്ല. അല്ലാതെ തന്നെ ഞങ്ങളുടെ മനസ്സുകൾക്ക് പരസ്പരം മനസ്സിലായി കഴിഞ്ഞിരുന്നു . അൽപ്പസമയത്തിനകംവിയന്നയിലേക്ക് യാത്ര തുടരുന്ന ഒരു തീവണ്ടി തൊട്ടുമുന്നിൽ വന്നു നിന്നു. അതു വരെയും മൗനം തുടർന്നിരുന്ന ഞങ്ങൾ ഇരുവരും ഒന്നു കൂടി പരസ്പരം നോക്കി. യാന്ത്രികമായി ഒരു ദീർഘനിശ്വാസത്തോടെ എഴുന്നേറ്റ റൂബെല്ല പതിയെ വാഗൺ നമ്പർ 11 ൽ കയറി അതിന്റെ വാതിൽ പടിയിൽ അൽപനേരം നിന്നു. പൊടുന്നനെ അവൾ തിരിച്ചിറങ്ങി. അന്ന് വേവൽ കാസ്റ്റിലിന്റെ മുൻപിൽ വച്ച് ചെയ്തതു
പോലെ എന്റെ രണ്ടു കൈകളും ഒരുമിച്ച് അവളുടെ കൈകളിൽ ചേർത്ത് പിടിച്ചു. പിന്നെ പതിവുപോലെ എന്റെ കണ്ണുകളിലേക്ക് നോക്കി പ്രതീക്ഷയോടെ മന്ത്രിച്ചു.
“നിനക്ക് ഹംഗറിക്ക് വരാം ജൊഹാൻ ഇനിയും നമുക്ക് സമയം ബാക്കി നിൽക്കുന്നു. റോബിൻ ഗാർഡൻസിൽ ഈ വർഷം മുഴുവൻ ആ വീടും ഞാനും നിനക്കു വേണ്ടിയുണ്ടാവും ഈ കൃസ്മസ് വരെ….. “ അവൾ പറഞ്ഞു നിർത്തി.
പിന്നെ തിരിഞ്ഞു നോക്കാതെ ആ തീവണ്ടിയി
ലേക്ക് കയറി. അൽപ്പസമയത്തിനകം ഏഴാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നും അതോടി മറയുന്നത് നോക്കി നിന്നത് ഞാൻ മാത്രമായിരുന്നു……... "'
അത്രയുമായപ്പോൾ ഡേവിസ് വിയർത്ത് കുളിച്ച് ആ ഡയറി ബുദ്ധിമുട്ടി അടച്ചു.അയാൾക്ക് അത്ര മാത്രമാണ് ചെയ്യാനാവുക ഇനി ഉള്ളത് ഒരാത്മഹത്യയാണെങ്കിലൊ അയാൾ കാടുകയറി ചിന്തിച്ചു. വേണ്ട അത് വേണ്ട. അപ്പോഴേക്കും രാത്രി വളരെ വൈകിയിരുന്നു. അയാൾ കസേരയിൽ നിന്നും പിടഞ്ഞെഴുന്നേറ്റു ഒരു ബാധ വിട്ടൊഴിഞ്ഞവനെ പോലെ വേച്ച് വേച്ച് നടന്ന് കട്ടിലിലേക്ക് മറിഞ്ഞു വീണു. മൂടി പുതച്ചു കിടന്നെ ങ്കിലും പിറ്റേദിവസത്തെക്കുറിച്ചോർത്ത് അയാൾക്ക് ഉറങ്ങാനായില്ല. കാരണം എന്താണ് നാളെ സംഭവിക്കുക എന്ന് അയാൾക്ക് നല്ലനിശ്ചയമുണ്ടായിരുന്നു.
പിറ്റേ ദിവസം വാതിലിൽ
ശക്തമായി ആരോ മുട്ടിവിളിക്കുന്നത് കേട്ടാണ് അയാൾ എഴുന്നേറ്റത് .പുറത്ത് നിൽക്കുന്നയാൾ വല്ലാതെ ചുമക്കുന്നുണ്ടായിരുന്നു. അത് വ്യക്തമായി അകത്ത് കേൾക്കാം. ഡയറിയിലേക്ക് മനസ്സു പാഞ്ഞ ഡേവിസ് പേടിയോടെ പുതപ്പ് തലവഴി മൂടി അത് കേട്ടില്ലെന്ന് നടിച്ച് കിടന്നു. അതോടെ കതകിലെ ശബ്ദം കുറച്ചു കൂടി ഉച്ചത്തിലാവുകയും ചുമയുടെ ശബ്ദം അതിൽ മറഞ്ഞു പോവുകയും ചെയ്തു.
തുടരും...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo