Slider

#ഒരു-പെണ്ണുകാണൽ

0

#ഒരു-പെണ്ണുകാണൽ
അച്ഛൻ കണ്ടുപിടിച്ച ചെക്കനായതോണ്ടാണ് രണ്ടും കൽപിച്ച് ആ ചടങ്ങിന് ഞാനങ്ങു സമ്മതം മൂളിയത്...
അമ്മയുടെ പുതിയ കാഞ്ചീപുരം പട്ട് സാരിയുടുത്ത് കയ്യിലെ ട്രെെയിൽ അഞ്ച് ഗ്ലാസ്സ് ചായയുമായി കോലായിലിരിക്കുന്ന ആൾക്കൂട്ടത്തിലേക്ക് കുറച്ചു നാണത്തോടെ ചെന്ന എന്നോട് അച്ഛൻ പറഞ്ഞു
''അങ്ങോട്ടേക്ക് കൊടുക്ക് മോളേ...' എന്ന്...
സകല ദെെവങ്ങളേയും മനസ്സിൽ ധ്യാനിച്ച് വിറയാർന്ന കയ്യോടെ തലതാഴ്ത്തിയിരിക്കുന്ന ചെക്കനു മുന്നിലേക്ക് ട്രെെ നീട്ടിയപ്പോൾ മുഖത്തേക്ക് പോലും നോക്കാതെ അതിൽ നിന്നൊരു ഗ്ലാസ്സ് ചായയെടുത്ത നാണം കുണുങ്ങിയാണ് എന്നെ കെട്ടാൻ പോവുന്ന ആ മഹാൻ എന്ന് എനിക്ക് മനസ്സിലായി...
കൂടെ വന്നവരെല്ലാം പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നല്ല സംസാരമൊക്കെ ഉണ്ടേലും ഇയാള് മാത്രം ഒന്നും മിണ്ടുന്നത് കണ്ടില്ല...
അല്ല ഇനിയിപ്പൊ ഇയാള് ഊമയായിരിക്കോ...?
ഓരോരോ കടിച്ചാപൊട്ടാത്ത സംശയങ്ങളുമായി ഒരു മൂലയിൽ മാറിനിൽക്കുന്ന എന്റെ മുഖത്തു നോക്കി അച്ഛൻ വീണ്ടും എല്ലാവരോടുമായി പറഞ്ഞു...
''നമുക്കങ്ങോട്ട് മാറി നിൽക്കാം... ഇനി അവർക്കെന്തെങ്കിലും തനിച്ചു സംസാരിക്കാനുണ്ടേൽ അത് ആവാല്ലോ...'' എന്ന്....
ദേ... വീണ്ടും അച്ഛൻ പണിതരുന്ന ലക്ഷണമാണ്....
ഓരോരുത്തരായി സ്ഥലം കാലിയാക്കിയപ്പോൾ ഞങ്ങൾ രണ്ടു പേരും അവിടെ തനിച്ചായി...
അപ്പോഴും മണവാളൻ നാണം കുണുങ്ങിയായി തല താഴ്ത്തിയെന്നെ ഇരിക്കുന്നു....
ഏറെ നേരത്തെ മൗനത്തിന് ശേഷം ഞാൻ തന്നെ ആദ്യം സംസാരിച്ചു തുടങ്ങി...
''എന്റെ പേര് അശ്വതി... ബി. കോമിന് പഠിക്കുന്നു...
എന്റെ സങ്കൽപത്തിലെ ഭർത്താവിന് ഗ്ലാമറിത്തിരി കുറഞ്ഞാലും തന്റേടിയായിരിക്കണം എന്ന് നിർബന്ധമുണ്ട്...
ഇതിപ്പൊ പെണ്ണുങ്ങളേക്കാളും നാണം കുണുങ്ങിയായ നിങ്ങളെ ഏതു ഗണത്തിൽ പെടുത്തണം...?
അതു കൊണ്ട് ഈ ആലോചനയിൽ നിന്നു ഞാൻ പിന്മാറുന്നു....''
ഒറ്റ ശ്വാസത്തിൽ പറഞ്ഞവസാനിപ്പിച്ച് ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴാണ്
പിന്നിൽ നിന്ന് ''ഡീ''എന്നൊരു കനപ്പിച്ച ശബ്ദം കാതിൽ വന്നലച്ചത്...
ദെെവമേ... പണി പാളിയോ....?
അന്തം വിട്ട് അവനെ തന്നെ നോക്കി നിൽക്കുന്ന എന്റെ മുഖത്തേക്ക് വിരൽ ചൂണ്ടി അവൻ പറഞ്ഞു....
''നീയെന്താടീ വിചാരിച്ചേ... ആദ്യയിട്ടാണ് ഒരു പെണ്ണിന്റെ മുമ്പിൽ ഇങ്ങനൊരു ചടങ്ങിന് അണിഞ്ഞൊരുങ്ങി വന്നു നിൽക്കുന്നത്...
അതിന്റെ ഒരു പരിചയക്കുറവും പിന്നെ എന്റെ അമ്മയുടെ കുറച്ച് ഉപദേശവും ഉള്ളത് കൊണ്ട് കുറച്ചു നാണം ഭാവിച്ചു എന്നുള്ളത് ശരി തന്നെയാ...
എന്നു കരുതി നീ വലിയ ആളാവാൻ നോക്കുന്നോ...?
എന്റെ മുഖത്ത് നോക്കി എന്റെ ആണത്തത്തെ ചോദ്യം ചെയ്ത നിന്നെ മാത്രേ ഇനി ഞാൻ കെട്ടൂ...
ഇതെന്റെ ഒരു വാശി കൂടിയാണ്...
നിന്റെച്ഛന് കൊടുത്ത വാക്കും...
കേറിപ്പോടീ അകത്ത്....''
കേട്ടതെല്ലാം സത്യമാണോ എന്നറിയാൻ എന്റെ കെെത്തണ്ടയിൽ ഞാൻ തന്നെ ഒന്ന് നുള്ളി യാഥാർത്ഥ്യമാണെന്നുറപ്പു വരുത്തി
ആശ്ചര്യത്തോടെ അവിടത്തന്നെ പ്രതിമ പോലെ നിന്നു...
ആ ഹോങ്ങോവറിൽ നിന്ന് മുക്തയായപ്പോഴാണ് കല്യാണ തീയതി വരെ ഉറപ്പിച്ചിട്ടാണ് അവരവിടെ നിന്ന് പോയേ എന്ന് ഞാൻ അറിഞ്ഞത്...
ചുറ്റിലും ഒന്നു കണ്ണോടിച്ചപ്പോൾ എല്ലാവരും കെട്ടാൻ പോവുന്ന പയ്യനെ കുറിച്ച് വാനോളം പൊക്കിപ്പറയുന്നത് കേട്ടപ്പോൾ
ഞാൻ മാത്രം അപമാനം ഏറ്റുവാങ്ങിയ വേദനയാൽ മനസ്സു കൊണ്ട് അവനെ ഒരുപാട് ചീത്ത പഞ്ഞ് സ്വയം സമാധാനിച്ചു...!!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo