#ഋതു..
അതിരാവിലെ അടുക്കളയിൽനിന്ന് പാത്രങ്ങളുടെ ഇടതടവില്ലാത്ത ബഹളം.. അമ്മയുടെ സ്വയം ഉരുകലിന്റെ ഒച്ചയില്ലാത്ത നിലവിളിയായിത്തോന്നി എനിക്കതെല്ലാം.. വർഷങ്ങളായിത്തുടരുന്ന കൂട്ടുകുടുംബമെന്ന അടിമത്തത്തിനോടുള്ള നിർവികാരത.. തുടരെത്തുടരെ വീണുകിട്ടുന്ന ഏറ്റക്കുറച്ചിലുകളില്ലാത്ത സങ്കടങ്ങൾ.. ഇപ്പോഴിതാ ജീവന്റെ പാതിയായവളുടെ സ്വപ്നത്തിനുമേൽ കത്തിവെച്ചതും കാണേണ്ടിവന്നു ആ പാവത്തിന്.. ഇതിൽപ്പരം ഒരമ്മയുടെ നെഞ്ചുടയാൻ വേറെന്തുവേണം..
ഇപ്പോഴെനിക്ക് ശബ്ദങ്ങളൊന്നും ശല്യമല്ല.. എന്തിലെങ്കിലും സ്വയം മുഴുകിയാലല്ലേ മറ്റുശബ്ദങ്ങൾ അരോചകമായിത്തോന്നൂ.. എന്നെ സംബന്ധിച്ച് അങ്ങനെയൊന്നില്ല.. രാത്രിയുടെ അവസാന നാഴികയിലെങ്കിലും ഒന്നുറങ്ങാൻ പറ്റിയെങ്കിലെന്ന് ചിന്തിച്ച് മച്ചെണ്ണി കിടക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി.. കേൾക്കുന്ന ശബ്ദങ്ങളെല്ലാം പിറന്നുവീഴാനിരുന്ന കുഞ്ഞിന്റെ അർത്ഥമറിയാത്ത കൊഞ്ചലുകൾ പോലെ തോന്നുന്നു.. ഒടുവിൽ എല്ലാ ശബ്ദങ്ങളും വീണുടയുന്ന ചില്ലറപൈസകൾ പോലെ പെട്ടന്ന് നിശ്ശബ്ദമാകും..
ഇങ്ങനെയാണ് കുറച്ച് നാളായിട്ട്. സർവ്വത്ര നിശബ്ദത.. ആ അന്തരീക്ഷത്തിൽ വേറിട്ടുനിൽക്കുന്നത്, മിക്കവാറും എന്റെ അടക്കിപ്പിടിച്ച തേങ്ങലുകൾ മാത്രമാവും.. ആരും ഒന്നും പറയാറില്യ എന്നോട്.. അല്ലെങ്കിലും കുഞ്ഞ് നഷ്ടപ്പെട്ട അമ്മയോട് എന്ത് പറയാനാണ്..
പാതിചാരിയ വാതിലിന്റെ ഓടാമ്പലിൽ അമ്മയുടെ കൈ തട്ടിയതറിഞ്ഞ് ഞാനെഴുന്നേറ്റു.. ഉണർന്നോയെന്ന് നോക്കാനായി വന്നതാവുമമ്മ.. ഒഴിഞ്ഞുകിടക്കുന്ന വലതുഭാഗത്തേക്ക് വെറുതെ ഞാനൊന്ന് നോക്കി.. ശൂന്യം.. കുരുന്നുജീവന് പാൽമണം നുകർന്നുറങ്ങാൻ ഞാനൊരുക്കിയ ഇടം..
പുലർകാല ഉറക്കച്ചടവുകളേതുമില്ലാതെ അന്നത്തെ ദിവസവും തുടങ്ങി.. ഷവറിനുചുവട്ടിൽ കണ്ണുനീർക്കണങ്ങളും വെള്ളത്തുള്ളികളും വേർതിരിച്ചെടുക്കാൻ ഞാൻ വെറുതേയൊരു ശ്രമം നടത്തി.. വിഫലം..
അമ്മയുടെ നിർബന്ധം സഹിക്കവയ്യാതെ കാപ്പിക്ക് മുന്നിൽ ഇരുന്നുകൊടുത്തു.. തണുത്തുറഞ്ഞ മഞ്ഞുകട്ടയിലേക്ക് സൂര്യാംശം വീണുടയുന്നപോലെ ഉള്ളിന്റെ ഉള്ളിലേക്ക് കാപ്പിച്ചൂട് അരിച്ചിറങ്ങി.. ഓരോ രോമകൂപങ്ങളും പുതുനാമ്പുപോലെ ഉണർന്നെണീറ്റു.. പക്ഷെ, വെണ്ണീറിനുള്ളിലെ കനൽക്കട്ടപോലെ ചൂടുമുറ്റിയ കണ്ണുനീർത്തുള്ളികൾ വർഷക്കാലത്തെ നീരുറവകണക്ക് പൊട്ടിയൊഴുകിത്തുടങ്ങി.. പതിവുപോലെ ബാക്കിവെച്ച ഭക്ഷണം നോക്കി അമ്മ നെടുവീർപ്പിട്ടു..
കുഞ്ഞുടുപ്പ്, ചിലമ്പിച്ച ശബ്ദമുള്ള കിലുക്കം, പാൽക്കുപ്പി, തൊട്ടിൽ, അങ്ങനെ വിരലിലെണ്ണാവുന്നവയിലേക്ക് എന്റെ ലോകം ചുരുണ്ടുകൂടിക്കഴിഞ്ഞിരിക്കുന്നു..
"എന്തിനാ മോളെ ഇപ്പോഴേ ഇതൊക്കെ വാങ്ങിവെക്കുന്നത്..! അതും പെങ്കുട്ട്യോൾക്കുള്ള ഉടുപ്പൊക്കെ.."
"ഒരു കൊതി അമ്മേ.. എനിക്ക് മോളായിരിക്കും.. ഉറപ്പാ.. എത്രയോ സ്വപ്നങ്ങളിൽ ഞാനവളെ കണ്ടിരിക്കുന്നു.. "
"എന്നാലും, 3 മാസമല്ലേ ആയുള്ളൂ.. ഇവിടുത്തെ അച്ഛമ്മ ഉണ്ടായിരുന്നെങ്കിൽ കണ്ണുപൊട്ടണ ചീത്ത കേട്ടേനെ നിനക്കും, വളർത്തുദോഷാണെന്ന് പറഞ്ഞ് എനിക്കും.. ജനിക്കുന്നതിനുമുന്നേ കുഞ്ഞിനുള്ള സാധനങ്ങൾ വാങ്ങിവെക്കുന്നത് അശുഭലക്ഷണാന്നാ കാർന്നോമ്മാര് പറയ്യ.."
"ഓ എന്റമ്മേ, ഈ അന്ധവിശ്വാസം ഒന്ന് നിർത്തൂ.."
ആ ദിവസത്തിന് ചുവന്ന നിറമായിരുന്നു.. വീഴ്ചയിൽ ഒലിച്ചിറങ്ങിയ രക്തം എന്റെ മോളായിരുന്നെന്ന് അബോധാവസ്ഥയിലും ആരോ പറയുന്നത് ഞാൻ കേട്ടു..
എന്നിലെ അമ്മശിഖരം ഇനിയൊരിക്കലും തളിർക്കില്ലത്രേ..!
ഇല്ലേ..?!
ഞാനൊരിക്കലും അമ്മയാവില്ലേ ഇനി..?!
അച്ഛൻ വന്നുവെന്ന് തോന്നുന്നു.. ഉമ്മറത്ത് ശബ്ദം കേൾക്കുന്നു.. എത്ര പതുക്കെയാ അച്ഛനിപ്പോൾ സംസാരിക്കുന്നത്.. മുന്നേ, ആജ്ഞാപനങ്ങളും ഗർജ്ജനങ്ങളും മാത്രം വശമുണ്ടായിരുന്ന മനുഷ്യൻ ആയിരുന്നു.. പതുക്കെ പറയൂ, മോള് കേൾക്കും എന്ന് അമ്മ ആഗ്യം കാട്ടണത് കണ്ടു.. എനിക്ക് ചിത്തഭ്രമം വരോന്ന് പേടിയാണവർക്ക്..
പതിവിന് വിപരീതമായി അന്നുരാത്രി ഞാനുറങ്ങി.. ശല്യങ്ങളേതുമില്ലാതെ.. നിഗൂഢമായൊരു സ്വപ്നത്തിന്റെ ചിറകിലേറി ഞാൻ പറന്നുയർന്നു.. വിജനമായ ഒരിടവഴിയിലൂടെ ഞാൻ നടന്നുനീങ്ങുന്നു.. പെട്ടന്ന് സന്ധ്യയായി.. ചുറ്റിനും സൂര്യാസ്തമയത്തിന്റെ ചുവന്ന നിറം.. മുന്നിലതാ ഒരു കുഞ്ഞ്.. ഞാനൊടി അവളുടെ അടുത്തെത്തി പേരുചോദിച്ചു..
"ഋതു.."
ഞാൻ ഞെട്ടിയുണർന്നു.. കിതപ്പ് നിർത്താനാവാതെ മിഴിച്ചിരുന്നു കുറെ നേരം..
"കണ്ണേട്ടാ, നമ്മുടെ മോൾക്കിടാൻ ഞാനൊരു പേര് കണ്ടുവെച്ചിട്ടുണ്ട് ട്ടോ.."
"ആഹാ, മോളാണെന്ന് നീ ഉറപ്പിച്ചോ.. ഉം.. എന്താ പേര്..?!"
"ഋതു..!"
മുറിയിലപ്പോഴും ചുവന്ന നിറമുള്ള സീറോ ബൾബ് വെളിച്ചം തൂവുന്നുണ്ടായിരുന്നു.. എന്തോ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോഴുണ്ട് കിലുക്കം താഴെ വീണ് ചിലമ്പുന്നു..
ദിൽന..

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക