Slider

വാർദ്ധക്ക്യം

0
വാർദ്ധക്ക്യം
ശ്ശോ ഈ തള്ളയെ കൊണ്ട് തോറ്റല്ലോ!!
പവി ദേ ഇങ്ങോട്ടൊന്ന് വന്നേ
നിങ്ങടെ അമ്മ ദേ വീണ്ടും തുണികളൊക്കെ കൊണ്ടെ വെള്ളത്തിൽ മുക്കിവെച്ചേക്കണൂ..
ഈ തള്ളയ്ക്ക് വെള്ളതുണിക്കാരോ കൈവിഷം കൊടുത്തിട്ടുണ്ട്.
എന്തിനാണവോ ഇങ്ങനെ മുറിച്ച് ഈ തുണികളൊക്കെ വെള്ളത്തിൽ മുക്കി ഇത്രയും വട്ടം കഴുകണേ?
ഓർമ്മയില്ലെങ്കിൽ ഈ തള്ളയ്ക്ക് വല്ല മൂലയിലൂം അടങ്ങിയിരുന്നൂടെ, അല്ലെങ്കിൽ ചങ്ങലയ്ക്കിടണം.
ഇതിപ്പോ എത്രയാന്ന് വെച്ചാ ഞാൻ സഹിക്കണേ..
ഗീതു നിർത്താതെ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുക്കുകയാണ്..
പവി ഓഫീസിൽ പോകാനുള്ള തത്രപാടിൽ..
ഭവാനിയമ്മ
ഗീതു പറയുന്നതൊന്നും ശ്രദ്ധിക്കാതെ തുണികൾ ഓരോന്ന് വെള്ളത്തിൽ മുക്കി തിരുമിക്കൊണ്ടേയിരുന്നൂ.
പവി പണ്ടതെ പോലെയല്ല അമ്മയ്ക്ക് ഇപ്പോ ഒട്ടും ഓർമ്മയില്ല.. എനിക്കെപ്പോളും പുറകെ ഓടാൻ പറ്റില്ല. അറിയാല്ലോ നമ്മുടെ കുഞ്ഞ് എൻ്റെ വയറ്റിലുണ്ട്. എനിക്ക് ചെയ്യാൻ പറ്റുന്നതിനൊരു പരിധിയില്ലേ..
പവി ഒരു തീരുമാനം പറഞ്ഞേപറ്റൂ ഒന്നുങ്കിൽ ഞാൻ അല്ലേൽ അമ്മ, ആരേലും ഒരാൾ മഹിക്ക് തീരുമാനിക്കാം. അമ്മ എന്നാണ് തീരുമാനമെങ്കിൽ ഞാൻ ഇന്ന് എൻ്റെ വീട്ടിൽ പോകും. എനിക്ക് നിങ്ങടെ അമ്മയേക്കാൾ വലുത് നമ്മുടെ കുഞ്ഞാ..
പവി ഞാൻ പറയുന്നത് വല്ലോം കേൾക്കുന്നുണ്ടോ??
ഗീതു ഞാനെന്താ ചെയ്യാ.?
അമ്മയെ കൊണ്ടേ കളയാൻ പറ്റ്വോ എനിക്ക് നമ്മുടെ സുഖങ്ങൾക്ക് വേണ്ടി..
നിനക്കറിയാല്ലോ എനിക്ക് രണ്ടുമാസം മാത്രം പ്രായമുള്ളപ്പോൾ പോയതാ എൻ്റെ അച്ഛൻ..
ചെറുപ്രായത്തിലെ വിധവയായതാ പാവം.
അമ്മയ്ക്ക് വേണേൽ വേറെ വിവാഹം കഴിക്ക്യാർന്നു.. എനിക്ക് വേണ്ടി മാത്രം ജീവിച്ചു ആ......
ഓഹ് നിർത്ത് പവി പഴമ്പുരാണം..
കേട്ട് കേട്ട് മടുത്തു...
ഒരമ്മ...
പവിയെ അമ്മ നോക്കിയെങ്കിൽ അതമ്മയുടെ ഉത്തരവാദിത്വം...
കൊണ്ടെ കളയാൻ ഞാൻ പറഞ്ഞില്ലല്ലോ?
നമ്മുക്ക് അമ്മയെ ഓൾഡേജ് ഹോമിലാക്കാം.
അതാകുമ്പോ വേണ്ട കെയറും കിട്ടും...
മാസാമാസം കാഷ് കൊടുത്താൽ പോരെ..
പിന്നെ വീക്കെൻഡിൽ നമ്മുക്ക് അമ്മയെ പോയി കാണുകയും ചെയ്യാം..
പവി യൂ ഹാവ് ടൂ ടേക്ക് എ ഡിസിഷൻ..
ഒന്നും തിരിച്ച് പറയാതെ പവി ഓഫിസിലേക്ക് ഇറങ്ങി..
മനസ്സിൽ മുഴുവൻ ഗീതു പറഞ്ഞ വാക്കുകൾ മുഴങ്ങികൊണ്ടേയിരുന്നു...
അമ്മയെ വൃദ്ധസദനത്തിൽ....
സ്വന്തമായി വീടുള്ള ഞാൻ ആ പാവത്തിനെ..
പക്ഷേ
ഗീതു
അവളിപ്പോ എൻ്റെ ഭാര്യ മാത്രമല്ല
എൻ്റെ കുഞ്ഞിനെ വയറ്റിൽ ചുമക്കുന്നവളാണ്...
രണ്ട് പേരേം എനിക്ക് ഒരുപോലെ വേണം.
പക്ഷേ ഇപ്പോ എൻ്റെ സ്നേഹം കൂടുതൽ വേണ്ടത് ഞങ്ങളുടെ കുഞ്ഞിനാ...
വൈകുന്നേരം വീട്ടിലെത്തിയ പവി ഗീതുവിനോട് അമ്മയുടെ സാധനങ്ങൾ എടുത്തുവെയ്ക്കാൻ പറഞ്ഞു..
പിറ്റേന്ന് രാവിലെ തന്നെ അമ്മയെ വൃദ്ധസദനത്തിലാക്കി...
തിരിച്ച് പോരുമ്പോൾ അമ്മയുടെ മുഖത്ത് വിളറിയ ചിരി,
മുഖം കൊടുക്കാതെ അവിടുന്ന് പോരാൻ പവി നന്നേ കഷ്ടപ്പെട്ടു.
തിരിച്ച് കാറിൽ കയറി പോരുമ്പോളും ഗ്ലാസിൽ കണ്ടു തൻ്റെയൊരു തിരിഞ്ഞ് നോട്ടത്തിനായ് കണ്ണ്നട്ട് നിൽക്കുന്നമ്മയെ....
മനസ്സ് കൊണ്ട് ആയിരം
തവണ ആ കാലുകൾ തൊട്ട് മാപ്പപേക്ഷിച്ചിട്ടുണ്ട്...
മാസങ്ങൾ കഴിഞ്ഞു...
ആഴ്ചയിൽ അമ്മയിലെ കാണാനുള്ള യാത്രങ്ങൾ മുടങ്ങി...
ഓരോരോ തിരക്കുകൾ..
പവിയുടെ ലോകം ഗീതുവും പിറക്കാൻ പോകുന്ന കുഞ്ഞിലും മാത്രമായ് ഒതുങ്ങി...
ഗീതുവിൻ്റെ പ്രസവദിവസം.
ലേബർ റൂമിൽ പവി കൂടെ വേണമെന്നത് ഗീതുവിൻ്റെ വാശിയായിരുന്നു. ഡോക്ടറോട് പറഞ്ഞപ്പോളും "നല്ല കാര്യം ഭർത്താവിൻ്റെ സാമിപ്യം ഭാര്യക്ക് കൂടുതൽ ഊർജം നൽക്കും" എന്ന് പറഞ്ഞ് സപ്പോർട്ട് ചെയ്തു..
ലേബർ റൂമിൽ ഭാര്യയുടെ വെപ്രാളവും കരച്ചിലും കണ്ടപ്പോൾ പവിയുടെ ഉള്ള് പിടയുകയായിരുന്നു...
തൻ്റെ അമ്മയും ഈ വേദന സഹിച്ചാണല്ലോ തനിക്ക് ജന്മം നൽക്കിയതെന്ന ചിന്ത പവിയെ വേട്ടയാടി..
അമ്മയുടെ കാലിൽ തൊട്ട് മാപ്പ് പറയാൻ ആ ഹൃദയം വെമ്പി...
ചിന്തയിൽ നിന്ന് പവിയെ ഉണർത്തിയത് കുഞ്ഞിൻ്റെ കരച്ചിലാണ്..
പവി കൺഗ്രാറ്റ്സ് ആൺകുട്ടിയാ..
തളർന്ന് കിടന്ന് മുഖത്ത് കണ്ണീരിൽ കലങ്ങിയ പുഞ്ചിരി വരുത്തി കിടക്കുന്ന ഗീതുവിൻ്റെ കവിളിലുമ്മ കൊടുത്ത് പുറത്തേക്കിറങ്ങോമ്പോ കുഞ്ഞിൻ്റെ മുഖമായിരുന്നില്ല മറിച്ച് മനസ്സ് മുഴുവനമ്മയുടെ മുഖമായിരുന്നു...
യാന്ത്രികമായ് വണ്ടിയെടുത്ത് വൃദ്ധസദനത്തിൻ്റെ മുറ്റത്തെത്തിയപ്പോൾ തേടുകയായിരുന്നു തൻ്റെ ഒരു തിരിഞ്ഞ് നോട്ടത്തിന് കാത്ത് നിന്ന ആ മിഴികളെ..
ഓഫിസിൽ ചെന്ന് പറഞ്ഞു
സർ ഞാൻ ഭാർഗവിയമ്മയുടെ മകനാണ്. അമ്മയെ തിരിച്ച് കൊണ്ടുപോകാൻ വന്നതാ..
മൗനമായിരുന്നു മറുപടി..
ക്ഷമിക്കണം.
ഭാർഗവിയമ്മ കഴിഞ്ഞ മാസം...
താങ്കളെ അറിയിക്കാൻ ഒരുപാട് തവണ ശ്രമിച്ചു ഇവിടെ തന്ന നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നുണ്ടായില്ല..
പലരും നമ്പർ മാറ്റി തന്നിട്ട് പോകാറുണ്ട്. ആതുപോലെയാകും ഇതുമെന്ന് കരുതി ഞങ്ങൾ തന്നെ എല്ലാ ചടങ്ങുകളും ചെയ്തു...
നിർവികാരനായ് നിൽക്കാൻ മാത്രമേ പവിക്ക് കഴിഞ്ഞുള്ളൂ...
സ്വയം ശപിക്കാൻ മാത്രം...
ഈ സമയം അമ്മയുടെ സാധനങ്ങളെല്ലാം അയാൾ പവിയുടെ മുമ്പിൽ കൊണ്ടേ വെച്ചിരുന്നു...
ആതെടുത്ത് മാറോടണച്ചപ്പോളാണ് ഒരു കുഞ്ഞുപൊതി പവിയുടെ
ശ്രദ്ധയിൽപ്പെട്ടത്..
തുറന്ന് നോക്കിയതും ഒരു കത്ത്
പവിക്കുട്ടാ
അമ്മയുടെ വാവേ..
അമ്മയ്ക്ക് സങ്കടമൊന്നുമില്ല ഇവിടെ.
കുഞ്ഞാവ വരുമ്പോ ഉടുപ്പിക്കാനുള്ള തുണികൾ അമ്മ ഭദ്രമായ് അലക്കിയുണക്കി അമ്മയുടെ അലമാരയിൽ ഒരു ബാഗിൽ വെച്ചിട്ടുണ്ട്.
ഗീതുമോൾക്കതൊന്നുമറിയില്ലല്ലോ.
മോനത് എടുത്തോണ്ട് വേണം ആശുപത്രിയിൽ പോകാൻ..
കുഞ്ഞാവ ഉണ്ടാവുന്നതിന് മുൻപ് മോനമ്മയെ കാണാൻ വരുവോ...
അമ്മയ്ക്ക് രണ്ട്പേരേം കാണണം എന്നുണ്ട്. എൻ്റെ കഴുതിൽ കിടക്കുന്ന മാല കൊടുത്ത് വേണം വാവയ്ക്ക് മാലവാങ്ങാൻ.
അമ്മയ്ക്ക് പോകാൻ സമയമായത് പോലെ
ഇടയ്ക്കിടക്ക് ഇപ്പോ അച്ഛൻ അടുത്തുവരുന്നത് പോലെ ഒരു തോന്നലാ...
മോൻ സങ്കടപ്പെടരുത്.. മോളെ വേദനിപ്പിക്കരുത്.
അവള് പാവാ..
ഒരു പൊട്ടിപ്പെണ്ണ് !!!
കണ്ണിൽ നിന്നുതിർന്ന കണ്ണുനീർത്തുള്ളികൾ
ആ കടലാസ് കഷണത്തെ മുഴുവൻ നനച്ചിരുന്നു..
തിരിച്ച് കാറിൽ കയറുമ്പോൾ
പവി ഗ്ലാസ്സിൽ നിന്ന് കണ്ണെടുക്കാതെ നോക്കുകയായിരുന്നു..
‌പിന്നിൽ അമ്മയുടെ കണ്ണുകളുണ്ടോ എന്നറിയാൻ

Meenu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo