Slider

°°°°കുടിയൻ°°°°

0
°°°°കുടിയൻ°°°°
============
"മദ്യപാനം ആരോഗ്യത്തിന് ഹാനികരം"
==========================
"എടീ.....എന്റെ ടവൽ എവിടെ????"
"ആദ്യം ആ കട്ടിലിൽ നിന്നൊന്ന് താഴെയിറങ്ങ് മനുഷ്യാ.....മൂട്ടിൽ വെയിലടിച്ചാലും പോത്ത് പോലെ കിടന്നുറങ്ങിക്കോളും,ഇങ്ങനൊരു സാധനം"
കിടന്നിടത്ത് കിടന്നുള്ള എന്റെ കല്പന ഭവതിക്ക് ഇഷ്ട്ടായില്ല തോന്നുന്നു.പുതപ്പെടുത്ത് മാറ്റി കട്ടിലിൽ നിന്ന് താഴെയിറങ്ങാൻ നോക്കുമ്പോഴാണ് മേലാകെ എന്തോ പോലെ,ഒരു സുഖമില്ലായ്മ പോലെ.
ഇന്നലെ അടിച്ചതിലെ പോരായ്മയാണ് ഇതെന്ന് ഒരു നിമിഷം കൊണ്ട് മനസ്സിലാക്കിയ ഞാൻ കുപ്പിയും ഗ്ലാസുമെടുത്ത് അടുത്തത് ഒഴിച്ചു.
ഉറങ്ങാൻ നേരം മുറിയിൽ കൊടുന്ന് വെച്ച വെള്ളം നിറച്ച കുപ്പി കാലിയായി ഇരിക്കുന്നത് സങ്കടത്തോടെ അല്ലാതെ നോക്കി നിൽക്കാൻ കഴിഞ്ഞില്ലെനിക്ക്.
"കാലത്ത് തന്നെ ഡ്രൈ അടിക്കാനാവും യോഗം,ആഹ് ന്തേലും ആവട്ടെ......."
ഇതും പറഞ്ഞ് ഒഴിച്ച് വെച്ചതെടുത്ത് മോന്താൻ ഒരുങ്ങിയതും വാതിൽ പടിയിൽ ദേ നിൽക്കുന്നു ആ പിശാശ്.ഇന്നേക്കുള്ളത് വാങ്ങാൻ ഒരുങ്ങി ഞാൻ മുണ്ടും മടക്കി കുത്തി അവളുടെ മുന്നിലേക്ക് നടന്നു.
അടുത്തെത്തിയതും തുടങ്ങി പൂരം, വാതിൽപ്പടിയിലാണ് അവളുടെ നിൽപ്പെങ്കിലും ആ സമയം അവളുപയോഗിച്ച അർത്ഥപൂര്ണമായ വാക്കുകൾ മുറിയ്ക്ക് അകത്ത് അങ്ങിങ്ങായി അലയടിക്കുന്നുണ്ടായിരുന്നു.അത് ദേ ദിങ്ങനായിരുന്നു.
"എനിക്കറിയാം മനുഷ്യാ,കണ്മുന്നിലുള്ള ടവൽ കണ്ടിട്ടും കാണാത്ത പോലെ നിങ്ങളീ കിടന്ന് അലറിയത് എന്തിനാണെന്ന്.മൂക്കറ്റം വലിച്ച് കേറ്റുന്നതിന്റെ ഇടയിൽ ഞാൻ എങ്ങാനും ഇടക്ക് കേറി വന്നാലോ ലെ, ഈ പരിസരത്ത് ഞാനുണ്ടോ ഇല്ലേ എന്നറിയാനുള്ള നിങ്ങടെ ഈ അടവ്‌ കാലം കുറച്ചായി ഞാൻ കാണുന്നു."
"ഈശ്വരാ....മരിച്ച് പരലോകത്ത് എത്തിയാലല്ലേ സ്വർഗവും നരകവും,പിന്നെന്തിനാണ് നീ എനിക്കീ ഭൂമിയിൽ തന്നെ ഇങ്ങനൊരു നരകം ഒരുക്കിയത്,കണ്ടില്ല്യേ നീ വെളുപ്പിനേ ഒരുത്തി കിടന്ന് തുള്ളുന്നത്"
മച്ചിലോട്ട് നോക്കിയുള്ള എന്റെ സങ്കടം പറച്ചിൽ കേട്ട് അവിടുണ്ടായിരുന്ന പൂച്ചകുഞ്ഞ് പോലും ഇറങ്ങി വെളിയിലോട്ട് പോയി.
കാലത്ത് അടിക്കാനുള്ള മൂഡ് കളഞ്ഞവളെ നോക്കി നന്നായൊന്ന് ചിരിച്ച ഞാൻ കുളിക്കാൻ കേറി.
കുളി കഴിഞ്ഞ് ഒരുക്കവും കഴിഞ്ഞ് മുറിയ്ക്ക് പുറത്തിറങ്ങിയപ്പോൾ നല്ല ചൂട് കപ്പയും ചമ്മന്തിയും മുന്നിൽ ഇരിക്കുന്നു.കഴിഞ്ഞ ആഴ്ച പോയ ഷാപ്പിലെ അതേ മണം, ഒരു നിമിഷം ആ ഷാപ്പിലാണോ ഞാൻ എന്ന് വരെ ചിന്തിച്ച് പോയി.സംശയം തീർക്കാൻ കയ്യിൽ ചൂട് കട്ടനും പിടിച്ചോണ്ട് വരുന്ന അവളോട് തന്നെ ഞാൻ ചോദിച്ചു.
"അല്ലെടീ,നിനക്ക് നിന്നെ ഞാൻ കെട്ടുന്നതിന് മുൻപ് ഷാപ്പിൽ കറി വെപ്പായിരുന്നോ പണി......"
പറഞ്ഞ് മുഴുവനാക്കും മുൻപേ, തിളച്ച ചായയിലേക്കും എന്റെ മുഖത്തോട്ടുമുള്ള മാറി മാറിയുള്ള അവളുടെ നോട്ടത്തിൽ നിന്ന് തന്നെ കാര്യം എനിക്ക് മനസ്സിലായി.എന്റെ കുഞ്ഞുമോളെ ഓർത്തിട്ടാണ് ഇല്ലെങ്കിൽ എപ്പോഴെ തിളച്ച ചായ എന്റെ മുഖത്ത് ഒഴിച്ചേർന്നു അവൾ.
ചായ മുന്നിലേക്ക് വെച്ച് തന്ന് അവളും എനിക്കൊപ്പം ഇരുന്നു.പാതിയുറങ്ങി എണീറ്റ എന്റെ കുഞ്ഞുമോൾ അവൾക്കൊപ്പം ഇരുന്ന് എന്നെ നോക്കി അപ്പോഴും ചിരിക്കുന്നുണ്ടായിരുന്നു.
വെടിയുണ്ടകൾ പോലെ അവളുടെ ഉപദേശങ്ങൾ എന്റെ നേരെ പാഞ്ഞടുത്ത് കൊണ്ടിരുന്നു.
"അല്ല മനുഷ്യാ,വയസ്സ് മുപ്പത് ആവുന്നല്ലേ ഉള്ളൂ,അപ്പോഴേക്കും ജീവിതം മടുത്തോ നിങ്ങൾക്ക്, എന്നേം മോളേം വേണ്ടാഞ്ഞിട്ടാണോ ഇങ്ങനെ കുടിച്ച് കൂത്താടി നടക്കുന്നത്."
"ഇല്ലെടീ മോളേ കുടി നിർത്തി,ഇനി ഇല്ല്യാ......."
ഇതും പറഞ്ഞ്‌ കൈ കഴുകി ഓഫീസിലേക്ക് ഇറങ്ങി ഞാൻ.കാറെടുത്ത് വീടിന് പുറത്തിറങ്ങുമ്പോഴും ഉള്ളിൽ ഒന്നേ ഉണ്ടാർന്നുള്ളൂ.
"നിർത്തും നിർത്തും കോപ്പാണ്,രണ്ടെണ്ണം അടിച്ചോണ്ട് വരുന്നവനെ ഉപദേശിച്ച് നേരെയാക്കാൻ നോക്കുന്നോടീ ദ്രോഹീ.... നിനക്കുള്ള മരുന്ന് എന്റേൽ ഉണ്ട്."
വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ എന്റെ കയ്യിലെ ഫ്‌ളാസ്ക് കണ്ട് അവൾ അമ്പരന്നു.
"ഇതെന്താ പതിവില്ലാതെ ഫ്‌ളാസ്ക് ഉം കയ്യിൽ പിടിച്ചോണ്ട്......."
"അത് പിന്നെ കുടി നിർത്തിയ സ്ഥിതിക്ക് കട്ടിലിനടുത്ത് ഫ്‌ളാസ്‌കിൽ ഇച്ചരെ ചായ കൊണ്ട് വെക്കുന്നത് നല്ലതാ......"
മുറിയിൽ നിന്ന് വേഷം മാറി ഇറങ്ങിയ ഞാൻ നേരെ അടുക്കളയിലേക്ക് വെച്ച് പിടിച്ചു.
"നീ പോയി മോളെ ഉറക്കാൻ നോക്ക് ഞാൻ ചായ ഉണ്ടാക്കിയിട്ട് അങ്ങോട്ട് വന്നേക്കാം....."
അവൾ അടുക്കളയിൽ നിന്നും പോയെന്ന് ഉറപ്പായപ്പോൾ അരയിൽ തിരുകിയ കുപ്പിയെടുത്ത് ഞാൻ അടപ്പ് തുറന്ന് ഫ്‌ളാസ്‌കിനകത്തേക്ക് ഒഴിക്കാൻ ഒരുങ്ങിയതും ദേ നിൽക്കുന്നു അവൾ.കയ്യിൽ നിറഞ്ഞിരിക്കുന്ന ഒരു കുപ്പിയും.
"ഇന്ന് മുതൽ ഞാനും തുടങ്ങാൻ പോവ്വാ ഈ കള്ള് കുടി ന്തേ......ഞാൻ മാത്രല്ല മോളേം കൂട്ടും കൂടെ......"
കളിയായാണ് അവൾ പറഞ്ഞതെങ്കിലും ആ നേരം അരിശം കയറിയ ഞാൻ ഓടി ചെന്ന് അവളുടെ കയ്യിൽ നിന്ന് അത് പിടിച്ച് വാങ്ങി.
എന്നെ തള്ളി മാറ്റാൻ ഒരുങ്ങിയ അവളുടെ മുഖത്തേക്കിട്ട് പൊട്ടിച്ചു ഒരെണ്ണം.
"എനിക്കൊപ്പം പഠിച്ചവരും, സമപ്രായക്കാരായ പെണ്കുട്ടികളും അവരുടെ ഭർത്താക്കന്മാർക്കൊപ്പം ജീവിക്കുന്നത് കാണുമ്പോൾ കൊതി തോന്നിയിട്ടുണ്ട് എനിക്ക്......."
ഈ പറഞ്ഞ വാക്കുകൾക്ക് ദഹിക്കാത്ത ഉപദേശങ്ങളെക്കാൾ അവളുടെ കണ്ണിൽ നിന്ന് ഒഴുകിയിറങ്ങുന്ന കണ്ണീരിന്റെ ഉപ്പ് രസം ആയിരുന്നു.
ഒഴുകിയിറങ്ങുന്ന കണ്ണീർ തുള്ളിയിലൊന്ന് കുഞ്ഞുമോളുടെ നെറുകിൽ വീണപ്പോഴാണ് അവൾ അമ്മയുടെ മുഖത്തേക്ക് നോക്കുന്നത്.
പ്രിയപ്പെട്ട എന്റെ ഭാര്യയുടെ കരച്ചിൽ തേങ്ങലിന് വഴി മാറിയപ്പോൾ എന്റെ കുഞ്ഞുമോൾ അവളുടെ മടിയിൽ നിന്നെഴുന്നേറ്റ് അവളുടെ പിന് കഴുത്തിനെ ചുറ്റി പിടിച്ച് അവളുടെ തോളിലേക്ക് ചാഞ്ഞു.
കരഞ്ഞ് കലങ്ങിയ കണ്ണുകൾ തുടച്ച് കൊണ്ട് എന്റെ പ്രിയപ്പെട്ടവൾ വീണ്ടും പറഞ്ഞ് കൊണ്ടിരുന്നു.
"ഏട്ടാ....നമ്മുടെ ഈ മകളേ കണ്ടോ.....അച്ഛാ.....എന്നൊന്ന് തികച്ച് വിളിക്കാൻ അവളുടെ മനസ്സും ശരീരവും ഒന്നുറയ്ക്കും മുൻപേ ഞങ്ങൾക്ക് മുന്നിൽ നിന്ന് മരിച്ച് മണ്ണോട് ചേരണോ????
അതോ നിത്യ രോഗിയായി,കുടിച്ച് മതി മറന്ന് ജീവിതം ആഘോഷിച്ചതിന്റെ പേരിൽ ജീവിതം ഒന്നുമല്ലാതാക്കി തീർത്തവൻ എന്ന് നാട്ടുകാരെ കൊണ്ടും വീട്ടുകാരെ കൊണ്ടും ഒരു പരിഹാസ രൂപേണ പറയിപ്പിക്കണോ.
എന്റെ ഇഷ്ടങ്ങൾ ഏതും മണ്ണിട്ട് മൂടാൻ ഞാൻ ഒരുക്കമാണ് ഏട്ടാ,പക്ഷേ നിങ്ങളീ കുടിയൊന്ന് നിർത്തിയാൽ മാത്രം മതി."
ഉള്ള് പൊട്ടി പറഞ്ഞ അവളുടെ ഈ വാക്കുകൾക്ക് എന്തോ എന്നെ ഒന്നാകെ ദഹിപ്പിക്കാനുള്ള കരുത്തുള്ള പോലെ.തിരികെ നടന്ന് തുടങ്ങിയ അവൾക്ക് മുന്നിൽ വട്ടം നിന്ന് ആ മുഖത്തേക്ക് ഒന്ന് നോക്കി.
ഒന്നേ പൊട്ടിച്ചുള്ളൂ എങ്കിലും അവളുടെ ഇടത് കവിളിൽ അതിന്റെ ചുവപ്പ് നന്നായി കാണാമായിരുന്നു.കുറ്റബോധം എന്റെ മനസ്സിനേയും ശരീരത്തേയും ഒരുപോലെ തളർത്തിയത് കൊണ്ടാകണം അവൾക്ക് മുന്നിൽ മുഖം ഉയർത്തി ഒന്ന് നോക്കാൻ പോലും കഴിഞ്ഞില്ലെനിക്ക്.
സർവ തിന്മകളുടെയും മാതാവാണത്രേ മദ്യം, അതേ അത് തന്നെയാണ് ശരി.ഇല്ലെങ്കിൽ പിന്നെ ജീവനായ് എന്നെ ഉള്ളിൽ കൊണ്ട് നടക്കുന്നവളുടെ നേരെ എന്റെ കൈ ഉയരില്ലായിരുന്നു.
"ഇല്ല്യാ..ഏട്ടാ.....എനിക്ക് വേദനിച്ചൊന്നും ഇല്ല്യാ......."
പറഞ്ഞ് തീരും മുൻപേ എന്റെ നെഞ്ചിൽ മുഖം പൊത്തി കരഞ്ഞവളോട് എന്ത് പറയുമെന്നറിയാതെ നിന്ന് പോയി ഞാൻ.
തിരികെ നടന്ന് അലമാരയ്ക്ക് അകത്തെ കുപ്പികൾ ഓരോന്നായ് മുറ്റയ്‌തെക്കേറിഞ്ഞ് ഉടയ്ക്കുമ്പോഴും വാതിൽ പടിയിൽ മോളേം കൊണ്ട് അവൾ നിന്ന് ചിരിക്കുന്നുണ്ടായിരുന്നു.
അവസാന കുപ്പിയും എറിഞ്ഞ് ഉടയ്ക്കാൻ ഒരുങ്ങിയ എന്നെ നോക്കി അവൾ ചോദിച്ചു.
"അതും കളയുവാണോ???...."
കവിളിൽ കൈ വെച്ചുള്ള അവളുടെ ആ ചോദ്യം കേട്ട പാടെ അതും എടുത്തെറിഞ്ഞു ഞാൻ.വേറൊന്നും അല്ല, വീടിനകത്ത് പടക്കങ്ങൾ ഇനിയും പൊട്ടാതിരിക്കാൻ ഈ കുപ്പികൾ പൊട്ടിയേ തീരൂ!!!!!!!
(കുടി നിർത്തണം എന്നൊക്കെ പറഞ്ഞാൽ അതൊന്നും ആരും അംഗീകരിക്കില്ലായിരിക്കും.പക്ഷേ, മദ്യം കഴിക്കാം എന്നാൽ മദ്യം നമ്മേ കഴിക്കുന്ന ഒരവസ്ഥയിലേക്ക് ജീവിതം കൊണ്ടെത്തിക്കരുത്)
സ്നേഹത്തോടെ,
Aashiee Elevenz
(ഒരു തൃശ്ശൂര്ക്കാരൻ ഗെഡി)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo