Slider

സാൻഡിഹുക്ക്

0


ശിശിരകാല കുളിരിന്റെ എല്ലാ ആലസ്യവും പേറിയാണ് ന്യൂടൗൺ നഗരം അന്നുണർന്നത്.  അലാറം ഓഫ് ചെയ്തു ആൻ പതുക്കെ കട്ടിലിൽ എഴുന്നേറ്റിരുന്നു.
" ഇന്ന് പോകണ്ട ആൻ. എന്ത് നല്ല കാലാവസ്ഥ !! നമുക്ക് ഫാൾ കളേഴ്സ് കാണാൻ പോകാം.ലെറ്റസ് മെയ്ക് ഇറ്റ് എ റൊമാന്റിക് ഡേ ഔട്ട്". ഡേവിഡ് പുറകിലൂടെ കെട്ടിപ്പിടിച്ചു അവളോട് കൊഞ്ചി . 
വേനലിനും ശീതത്തിനുമിടയിൽ പ്രകൃതിയെ വർണാഭമാക്കുന്ന ഫാൾ സീസൺ . ഇലകളും ഇതളുകളും കൊഴിഞ്ഞ മരച്ചില്ലകളെ മഞ്ഞു മൂടുന്നതിനു മുൻപുള്ള പല വർണങ്ങൾ. അതു വരെ ഹരിതാഭമായ പൂവുകളും ഇലകളും പല നിറങ്ങൾ വാരി ചൂടും. ആ നിറംമാറ്റം ജനിച്ചതു മുതൽ കാണുന്നുണ്ടെങ്കിലും , ആനിന്റെ കൈപിടിച്ചു മരങ്ങൾക്കിടയിലൂടെ നടക്കുമ്പോൾ ആയിരം വർണങ്ങൾ വിരിയുന്നത് അവന്റെ മനസ്സിലായിരുന്നു. 
"നോ ഡേവിഡ് ഇന്നിനി ലീവ് എടുക്കാൻ പറ്റില്ല. ആകെപ്പാടെ 2 മാസം കൂടിയേ ഉള്ളു എന്റെ പ്രസവാവധി തുടങ്ങാൻ. അതിനു മുൻപ് പറ്റുന്നതൊക്കെ പഠിപ്പിച്ചു തീർക്കട്ടെ ". 
" ഒരു ദിവസം അവധിയെടുത്താൽ എന്താ? നിനക്കല്ലെങ്കിലും നിന്റെ ക്ലാസ്സിലെ കുട്ടികളോടാ എന്നേക്കാൾ സ്നേഹം. അടുത്ത വര്ഷം ഫാൾ കളേഴ്സ് കാണാൻ എന്റെ കൂടെ എന്റെ മോള് വരും. നിന്റെ കാലു പിടിക്കേണ്ടി വരില്ലല്ലോ എനിക്ക്" ഡേവിഡ് തർക്കിക്കാൻ തുടങ്ങിയെങ്കിലും പരിഭവങ്ങളെല്ലാം ഒരു ചുംബനത്തിൽ ഒതുക്കി ആൻ സ്കൂളിലേക്ക് പുറപ്പെട്ടു. പത്തു വർഷത്തെ കാത്തിരിപ്പിനൊടുവിൽ തങ്ങളുടെ ഇടയിൽ ഒരാൾ കൂടി വരാൻ പോകുന്നു എന്നറിഞ്ഞ ദിവസം തൊട്ടു ഡേവിഡ് പറയുന്നതാണ്  ആനിനോടു ഒരു കൊല്ലത്തേക്ക് ജോലിക്കു പോകണ്ടാന്നു.എന്നാലും പത്തു വർഷങ്ങൾ അവളുടെ ഉള്ളിലെ ശൂന്യത നികത്തിയത് ഓരോ വർഷവും മാറി മാറി വരുന്ന ഒന്നാം ക്ലാസ്സിലെ കുസൃതികളാണ്.അവരെ പിരിഞ്ഞു ഒരു കൊല്ലം അവൾക്കു പറ്റില്ല എന്ന് നിർബന്ധം പിടിച്ചപ്പോൾ ഡേവിഡിന് സമ്മതിക്കാതിരിക്കാൻ കഴിഞ്ഞില്ല. അല്ലെങ്കിലും എന്നാണ് ഡേവിഡ് അവളുടെ ഇഷ്ടങ്ങൾക്കു തടസ്സം നിന്നിട്ടുള്ളത്? 
കുടുംബവും വിവാഹവും പേടി സ്വപ്നങ്ങളായിരുന്നു ഡേവിഡിന്. അച്ഛനമ്മമാർ പരസ്പരം മടുത്തു പുതിയ ബന്ധങ്ങൾ തേടി പോയപ്പോൾ ഒറ്റപ്പെട്ടു പോയത് ഒരു പാവം അഞ്ചു വയസ്സുകാരനായിരുന്നു. പതിനഞ്ചാം വയസ്സിൽ ആനിനെ കണ്ടുമുട്ടുന്നത് വരെ തീർത്തും ഒറ്റപ്പെട്ട ജീവിതം.പ്രണയ വസന്തമായി അവൾ പെയ്തിറങ്ങിയപ്പോൾ അവനിൽ ആഴ്ന്നിറങ്ങിയ മുറിപ്പാടുകൾ താനേ മാഞ്ഞുപോയി. അവൾ ചേർത്ത ശ്രുതിയിൽ ,അവളിൽ അലിഞ്ഞു ,മതിമറന്നൊരു ജീവിതം. ആനിന്റെ കാർ കണ്ണിൽ നിന്നു മായും വരെ അവൻ നോക്കി നിന്നു.

ഒന്ന് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുഞ്ഞുങ്ങൾ പഠിക്കുന്ന സാൻഡിഹുക്ക് എലിമെന്ററി സ്ക്കൂളിൽ , കുരുന്നുകളുടെ ഇടയിൽ ,അവരോടു കൊഞ്ചിയും കളിപറഞ്ഞും ആൻ പതിവുപോലെ അന്നും.
കുഞ്ഞുങ്ങളുടെ കൂടെ കടലാസ്സു പൂക്കൾ ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോഴാണ് ആൻ വെടിയൊച്ച കേൾക്കുന്നത്.  പുറത്തു കുഞ്ഞുങ്ങളും ടീച്ചർമാരും പരിഭ്രാന്തരായി ഓടുന്നു. വെടിയുതിർത്തു അവരുടെ പിന്നാലെ പായുന്ന ചെറുപ്പക്കാരനെ ഒരു മിന്നായം പോലെ കണ്ട അവൾ തന്റെ  കുഞ്ഞുങ്ങളെ ചേർത്ത് നിർത്തി. "സൈലെൻസ് ...ഓക്കേ കിഡ്സ്. ഇതൊരു സർപ്രൈസ് ഗെയിം ആണ്. എല്ലാവരും ആ ബുക്ക് ഷെൽഫുകൾക്കു പിന്നിൽ ഒളിക്കണം.എന്തൊച്ച കേട്ടാലും നിങ്ങൾ അനങ്ങരുത്. അനങ്ങിയാൽ അപ്പോൾ ഔട്ട് ആകും  ഗെയിമിൽ നിന്ന് . ഓക്കേ?"  
ആൻ ടീച്ചറുടെ ഗെയിമുകൾ എന്നും ഹരമായിരുന്നു കുഞ്ഞുങ്ങൾക്ക്. കളിയിൽ ജയിക്കാൻ ഉത്സാഹത്തോടെ അവർ ബുക്ക് ഷെൽഫുകൾക്കു പിന്നിൽ ഒളിച്ചു. ജനലിലൂടെ എത്തി നോക്കിയ അവൾ കണ്ടത് ചോരപ്പുഴയിൽ മുങ്ങിക്കിടക്കുന്ന കുഞ്ഞു ശരീരങ്ങൾ.  ഏതൊക്കെയോ ക്ലാസ്സുകളിലെ വികൃതിക്കുട്ടികൾ. പല നിറങ്ങളിലുള്ള കളർ പെൻസിലുകൾ ആ കുഞ്ഞു കൈയ്കളിൽ അടക്കി പിടിച്ചിരിക്കുന്നു.  
വല്ലാത്ത മരവിപ്പിനിടയിലും വിറയ്ക്കുന്ന വിരലുകൾ കൊണ്ട് അവൾ ഡേവിഡിനു മെസ്സേജ് ടൈപ്പ് ചെയ്തു " നിന്റെ കൂടെ ജീവിച്ചു കൊതി തീർന്നിട്ടില്ല ഡേവിഡ്. ലവ് യു ". 

"വെയർ ആർ ദി കിഡ്സ്?" തോക്കിന്റെ മുന്നിൽ പതറാതെ " ഐ ഡോണ്ട് നോ" എന്നു പറഞ്ഞു തീർക്കും മുൻപേ വെടിയുണ്ടകൾ അവളിലേക്ക്‌ തുളഞ്ഞു കയറി. കലിയടങ്ങാത്ത തോക്കുമായി അവൻ അടുത്ത ക്ലാസ്സിലേക്ക് പാഞ്ഞു. വലതു കൈ വയറിൽ വെച്ചു ഉള്ളിലെ ജീവന്റെ തുടിപ്പ് ഒന്നുകൂടിയറിയാൻ ശ്രമിക്കുന്നതിനിടെ അവളുടെ ശ്വാസം നിലച്ചു. ഗെയിമിൽ നിന്നും ഔട്ട് ആകാതിരിക്കാൻ അവളുടെ കുസൃതികൾ ഷെൽഫുകൾക്ക് പിന്നിൽ ശ്വാസം അടക്കിപ്പിടിച്ചിരുന്നു .

(ചെറിയ കശപിശ പോലും വെടിയുതിർത്തു തീർക്കുന്ന അമേരിക്കയിൽ,  ദിനം പ്രതി തോക്കുകൾക്കു മുന്നിൽ പൊലിഞ്ഞു വീഴുന്ന ജീവിതങ്ങൾക്ക് സമർപ്പണം .2012 ൽ , കണക്ടികട്ടിലെ സാൻഡിഹുക്ക് എലിമെന്ററി സ്കൂളിൽ നടന്ന വെടിവെപ്പിൽ 20  കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടു. 2017 ൽ മാത്രം വെടിവെപ്പിൽ കൊഴിഞ്ഞത് 11 ,652 ജീവനുകൾ)

BY : Deepa narayanan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo