ഒരു ഫ്രിഡ്ജ് വാങ്ങിയ കഥ
------------------------------------------------
സുഹൃത്തുക്കളെ...
ഇതൊരു സംഭവ കഥയാണ്. ഇതൊരു തമാശയായി മാത്രം കാണുക. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശമില്ല.
ഒരിടത്തൊരാൾ, നമുക്ക് രാജാവ് എന്ന് വിളിക്കാം. രാജാവ് വിദ്യാ സമ്പന്നനും സർക്കാർ ശമ്പളം കൈപറ്റുന്നവനുമാണ്. സർവ്വോപരി ധനികനും ലുബ്ധനും അനാവശ്യകാര്യങ്ങളിൽ ഇടപെട്ട് പ്രശ്നങ്ങൾ വഷളാക്കുന്നതിൽ തല്പരനുമാണ്. രാജാവിന് സഹോദരങ്ങൾ ഏറെയുണ്ട്. സ്നേഹ സമ്പന്നൻ ആയ രാജാവ് സഹോദരങ്ങളെ സഹായിക്കുന്നതിൽ തല്പരനാണെങ്കിലും പിശുക്ക് അദ്ദേഹത്തെ പലതിൽ നിന്നും പിന്തിരിപ്പിച്ചു. രാജാവിന്റെ പത്നി അഥവാ രാഞ്ജി ഭർത്താവിന്റെ പണച്ചിലവ് നിയന്ത്രിക്കാൻ സഹോദരങ്ങളെ സഹായിക്കുന്നതിൽ നിന്നും വിലക്കിയിരുന്നു. മറ്റു ചിലവുകളിൽ ഈ നിയന്ത്രണം ബാധകമാണോ എന്ന് തിട്ടമില്ല കേട്ടോ.
------------------------------------------------
സുഹൃത്തുക്കളെ...
ഇതൊരു സംഭവ കഥയാണ്. ഇതൊരു തമാശയായി മാത്രം കാണുക. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശമില്ല.
ഒരിടത്തൊരാൾ, നമുക്ക് രാജാവ് എന്ന് വിളിക്കാം. രാജാവ് വിദ്യാ സമ്പന്നനും സർക്കാർ ശമ്പളം കൈപറ്റുന്നവനുമാണ്. സർവ്വോപരി ധനികനും ലുബ്ധനും അനാവശ്യകാര്യങ്ങളിൽ ഇടപെട്ട് പ്രശ്നങ്ങൾ വഷളാക്കുന്നതിൽ തല്പരനുമാണ്. രാജാവിന് സഹോദരങ്ങൾ ഏറെയുണ്ട്. സ്നേഹ സമ്പന്നൻ ആയ രാജാവ് സഹോദരങ്ങളെ സഹായിക്കുന്നതിൽ തല്പരനാണെങ്കിലും പിശുക്ക് അദ്ദേഹത്തെ പലതിൽ നിന്നും പിന്തിരിപ്പിച്ചു. രാജാവിന്റെ പത്നി അഥവാ രാഞ്ജി ഭർത്താവിന്റെ പണച്ചിലവ് നിയന്ത്രിക്കാൻ സഹോദരങ്ങളെ സഹായിക്കുന്നതിൽ നിന്നും വിലക്കിയിരുന്നു. മറ്റു ചിലവുകളിൽ ഈ നിയന്ത്രണം ബാധകമാണോ എന്ന് തിട്ടമില്ല കേട്ടോ.
അങ്ങനെയിരിക്കെ ഒരു ദിവസം ഇവരുടെ രാജകൊട്ടാരത്തിൽ നിരന്തരം പണിയെടുത്തുകൊണ്ടിരുന്ന ഫ്രിഡ്ജ് പണിമുടക്കി. അതിന്റെ പണി അറിയാവുന്ന മാന്ത്രികരെ വിളിച്ചുകൊണ്ടുവന്ന് ബാധ ഒഴിപ്പിക്കണമെന്ന് കരുതിയെങ്കിലും അഞ്ഞൂറ് രൂപ ചിലവ് വരുമെന്ന അറിയിപ്പ് കിട്ടി. സാധനം വളരെ പഴക്കം ചെന്നതുകൊണ്ട് പുതിയത് വാങ്ങാമെന്ന് രാഞ്ജി നിർദേശിച്ചു. തെറ്റില്ലെന്ന് തോന്നിയ രാജാവ് ആ തീരുമാനം കൈകൊണ്ടു. പക്ഷെ, കഷ്ടപ്പാടിന്റെ വിലയറിഞ്ഞു ജീവിച്ച രാജാവ് ആ ഉപകരണത്തെ വെറുതെ വലിച്ചെറിയാൻ മടിച്ചു. സഹോദരങ്ങളിലാർക്കെങ്കിലും നൽകാം എന്ന ആലോചന അദ്ദേഹത്തിനുണ്ടായി. പക്ഷെ രാഞ്ജി സമ്മതിച്ചില്ലെങ്കിലോ എന്ന ഭയം മൂലം ഇത് വെളിപ്പെടുത്തിയില്ല. കൂർമ്മ ബുദ്ധിക്കാരനായ രാജാവ് രാഞ്ജി അറിയാതെ ദാനം ചെയ്യാൻ അതി ഭയങ്കരമായ പദ്ധതി തയ്യാറാക്കി. തന്റെ ബുദ്ധിയിൽ ഊറ്റം കൊണ്ട രാജാവ് സഹോദരന്റെ കൊട്ടാരത്തിലേക്ക് യാത്ര തിരിച്ചു.
കൊട്ടാരത്തിൽ സഹോദരനും പത്നിയും സസുഖം വാഴുന്നു. ആതിഥ്യമര്യാദകൾക്കൊടുവിൽ അദ്ദേഹം ഈ വിവരം സഹോദരനെ ധരിപ്പിച്ചു. ഇത് കൈക്കലാക്കാനുള്ള പദ്ധതിയും വിവരിച്ചു. അതിങ്ങനെ:
നിനക്ക് ഞാനിപ്പോൾ അഞ്ഞൂറ് രൂപ തരും. നീ അതുമായി എന്റെ കൊട്ടാരത്തിൽ വരിക. അവിടെ വച്ച് ഒന്നുമറിയാത്തത്പോലെ ഞാൻ ഈ കാര്യം എടുത്തിടും. ഈ ഉപകരണം കേടാണെന്നും ഉപേക്ഷിക്കാൻ പോകയാണെന്നും പറയും. മരുന്ന് വാങ്ങാൻ കൊണ്ട് വന്ന പണമാണെന്നു പറഞ്ഞു ഈ അഞ്ഞൂറ് രൂപ എനിക്ക് നൽകി നീ ആ ഉപകരണം കൊണ്ട് പൊയ്ക്കൊള്ളുക. അതിന്റെ കേടുപാടുകൾ തീർത്ത് നിനക്കത് ഉപയോഗിച്ചുകൊള്ളു. രാഞ്ജി ഈ വിഷയം അറിയുകയുമില്ല.
കേട്ട മാത്രയിൽ സഹോദരന് ഈ പദ്ധതി അത്ര സുഖിച്ചില്ല. എങ്കിലും രാജാവിന്റെ കടുത്ത നിർദേശപ്രകാരം പദ്ധതിക്ക് ആവശ്യമായ പരിശീലനം നടത്തി അദ്ദേഹം പുറപ്പെട്ടു.
സ്ഥലം രാജാവിന്റെ കൊട്ടാരം. രാജാവും രാഞ്ജിയും സന്തോഷത്തോടെ സഹോദരനെ സ്വീകരിക്കുന്നു. ആഥിത്യമര്യാദകൾ ഇവിടെയും മുറക്ക് നടക്കുന്നു. ഒടുവിൽ ഒന്നുമറിയാത്ത പോലെ രാജാവ് വിഷയം അവതരിപ്പിക്കുന്നു.
രാജാവ്: സഹോദരാ ഇവിടൊരു ഉപകരണം കേടുവന്നിരിക്കുന്നു. അതിന്റെ നില തിരികെ കൊണ്ട് വരാൻ അഞ്ഞൂറ് രൂപ ചിലവാകും. നീ എനിക്ക് അഞ്ഞൂറ് രൂപ തന്നു അതെടുത്തു കൊൾക. കേടുപാടുകൾ തീർത്ത് ഉപയോഗിച്ച് കൊൾക. നിനക്ക് ആയിരം രൂപക്ക് നഷ്ടമില്ലാതെ ഉപകരണം വീട്ടിലെത്തും.
ഇത്രയും പറഞ്ഞു രാജാവ് ഒന്ന് ഞെളിഞ്ഞിരുന്നു. തയ്യാറാക്കിയ പദ്ധതി പ്രകാരം സഹോദരൻ മരുന്ന് വാങ്ങാൻ കൊണ്ട് വന്നു എന്ന് പറഞ്ഞ അഞ്ഞൂറ് രൂപ രാജാവിന് നൽകാനും സാധനം കൈക്കലാക്കാനും തുനിയുന്നു. ഉടൻ രാഞ്ജി ഇടപെടുന്നു.
രാഞ്ജി: സഹോദരാ... നീ മരുന്ന് വാങ്ങാൻ കൊണ്ട് വന്ന പണമല്ലേ. അത് കൈയിൽ ഇരുന്നോട്ടെ. ഈ സാധനം നീ കൊണ്ട് പൊയ്ക്കോളൂ. നല്ലതാക്കി ഉപയോഗിച്ച് കൊള്ളൂ. അതിനായി പണമൊന്നും തരേണ്ടതില്ല.
ഇത് കേട്ട രാജാവിന് ആകെ പരിഭ്രമമായി. തന്റെ അഞ്ഞൂറ് രൂപ സഹോദരന്റെ കൈയിൽ പെട്ട് പോകുമെന്ന ഭയം അദ്ദേഹത്തിന്റെ പിശുക്കും ചേർന്ന് തലച്ചോറിൽ പ്രവർത്തിക്കുന്നു.
രാജാവ്: ഹേയ്... അത് പാടില്ല. നീ അഞ്ഞൂറ് രൂപ തന്നേ ഇതിവിടെ നിന്നും അനക്കുവാൻ പോലും പാടുള്ളു. അത് കട്ടായമായ കാര്യമാണ്.
രാഞ്ജി പലതും പറഞ്ഞെങ്കിലും രാജാവ് കടുംപിടുത്തതിൽ നിന്നു. ഇതിനിടയിൽ പെട്ട സഹോദരന് അഞ്ഞൂറും കൊടുത്തു തല ഊരിയാൽ മതിയെന്നായി. ഒടുവിൽ അത് വാങ്ങി അദ്ദേഹം പുറപ്പെട്ടു. കൊടുത്ത അഞ്ഞൂറ് കൈയിൽ നിന്നും പോകാതെ തിരിച്ചെത്തിയതിൽ രാജാവ് തൃപ്തനായി. പക്ഷെ സഹോദരന്റെ അവസ്ഥ ജൂനിയർ മാൻഡ്രേക്ക് കൈയിൽ പെട്ടത് പോലെയായി. ആ ഉപകരണം നന്നാക്കാൻ വലിയ ചിലവ് വരികയും പിന്നീടത് ഉപയോഗശൂന്യമായി വീടിന്റെ മൂലയിൽ അലമാരക്ക് പകരം ഉപയോഗപ്പെടുകയും ചെയ്തു.
നമ്മുടെ രാജാവിപ്പോളും അദ്ദേഹത്തിന്റെ ബുദ്ധിയിൽ അഭിമാനിച്ചുകൊണ്ടിരിക്കുകയാണ്. ഈ കഥ അറിയാൻ രാഞ്ജി മാത്രമേ ബാക്കി കാണൂ എന്നാണെന്റെ അറിവ്.
നോട്ട്: ഇത് പോസ്റ്റ് ചെയ്ത് കഴിഞ്ഞു എന്റെ ഒരു വിവരവുമില്ലെങ്കിൽ ഞാൻ തല്ലുകൊണ്ട് ആശുപത്രിയിലാണെന്നു കരുതുകയും, ആപ്പിളും ഓറഞ്ചുമായി എന്നെ കാണാൻ വരികയും വേണമെന്ന് സവിനയം അപേക്ഷിച്ചുകൊള്ളുന്നു.
samini

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക