Slider

പറയാതെയറിഞ്ഞത്

0
പറയാതെയറിഞ്ഞത്
.......................................................................
അവൻ അവളെ ആദ്യമായി കണ്ടത് മതിലിന്റെ ഉച്ചിയിൽ നിന്ന് പട്ടിയോടിച്ച തന്റെ പൂച്ച കുഞ്ഞിനെ റബ്ബർ പോലെ വലിച്ചെടുക്കുമ്പോഴാണ്. അവളുടെ പ്രവർത്തിയിൽ ന്യൂട്ടന്റെ മൂന്നാം ചലന നിയവും കൂടിക്കലർന്നപ്പോൾ മഞ്ഞപ്പൂ മെത്ത വിരിച്ച പറമ്പിൽ അവൾ മലർന്നടിച്ചു വീണു.
ഉറക്കെക്കരഞ്ഞ അവളെ പിടിച്ചെഴുന്നേൽപ്പിക്കാൻ വന്ന ഏട്ടനോടും അമ്മയോടുമൊപ്പം അവന്റെ കൈയ്യും ഉണ്ടായിരുന്നു.
മതിലിന്റെ കോണിൽ തട്ടി വാർന്ന അവളുടെ കൈത്തണ്ടയിൽ കിനിഞ്ഞ രക്തത്തിൽ അവൻ ഒരു ചുവന്ന റോസാപ്പൂവ് കണ്ടു.
അവൾ ഓടിച്ചെന്ന് തന്റെ പൂച്ച കുഞ്ഞിനെ വഴക്കു പറഞ്ഞു തിരിച്ചു നടക്കുമ്പോഴാണ് അവനെ കണ്ടത്.
മെലിഞ്ഞു കൊലുങ്ങനെയുള്ള അവളുടെ നുണക്കുഴി കവിളിൽ അവന്റെ പ്രണയിനിയെ കണ്ടു...
രണ്ടാം കാഴ്ച്ച പേരമരത്തിലാണ് . കൂടി നിന്ന ചില്ലകളിൽ ചാരിയിരുന്നു പുസ്തകത്തിലേക്ക് മുഖം പൂഴ്ത്തി വച്ച അവളെ മരച്ചില്ലയിൽ വിശ്രമിക്കുന്ന മാൻപേടയെ പോലെ തോന്നിയവന് .മുറ്റത്തേക്ക് ചില്ലകൾ താഴ്ത്തി കുനിഞ്ഞു നിൽക്കുന്ന മാവ് അവൾക്ക് വേണ്ടി കാല് നീട്ടിയിരിക്കുന്ന പിടിയാനയെ പോലെ തോന്നിച്ചു .
തനിക്കീ മരം കേറി പെണ്ണ് മതി . ഡാർവിന്റെ പരിണാമ സിദ്ധാന്തം മനസ്സിൽ കണ്ട് ഏട്ടന്റെ ആത്മമിത്രമായി പരിണാമം സംഭവിച്ച അവൻ വീട്ടിലെ നിത്യ സന്ദർശനത്തിൽ ഓരോ മരച്ചില്ലയിലും അകത്തളത്തിലും അവളെ തേടികൊണ്ടിരുന്നു.
പറയാൻ വെമ്പിയ പ്രണയം മനസ്സിൽ കിടന്ന് പ്രക്ഷുബ്ധമാവാൻ തുടങ്ങിയപ്പോൾ അവൻ അവളെ അനുഗമിക്കാൻ തുടങ്ങി.
രാവിലെ എഴുനേറ്റ് കോളേജിലെ കൃത്യനിഷ്ടതയുള്ള പയ്യന്റെ സ്ഥാനം കയ്യടക്കിയതല്ലാതെ അവളുടെ മനസ്സിലേക്കുള്ള വഴിയൊട്ടു തെളിഞ്ഞുമില്ല.
കണ്ടിട്ടും കാണാതെയുള്ള അവളുടെ പോക്ക് അവന്റെ അസ്വസ്ഥത വർദ്ധിപ്പിച്ചു കൊണ്ടിരുന്നു. ഒരു സ്ഥലബ്രോക്കറെപ്പോലെ വഴിയിലുള്ള പ്ലാവിലേക്കും മരത്തിലേക്കുമുള്ള അവളുടെ നോട്ടം അവന് പുതിയ തിരിച്ചറിവ് നൽകി.
പിറ്റേന്ന് കാലത്ത് പ്ലാവിന്റെ തടിയിൽ അവൻ അവന്റെ പ്രണയകാവ്യം കൊത്തുപണി നടത്തി. പ്രതീക്ഷിച്ച പോലെ അവളുടെ നോട്ടം അവിടേക്കെത്തിയപ്പോൾ അവന്റെ മുന്നിൽ പ്രണയദൂതുമായി ഒരു വെളുത്ത പ്രാവ് പറന്നകന്നു.
അവൾ അവനെ നോക്കിയതല്ലാതെ ഒന്നും പറയാതെ മെല്ലെ നടന്നകന്നു. രണ്ടു ദിവസം അവൾക്കവനെ കാണാൻ കഴിഞ്ഞില്ല. അവന്റെ വീടിന്റെ മുന്നിലെത്തിയപ്പോൾ അനുസരണയുള്ള പയ്യനെപ്പോലെ അമ്മയോടുള്ള യാത്രയയപ്പും കണ്ടില്ല.
ഏട്ടനോടൊപ്പം വീട്ടിലേക്കുള്ള വരവും ഉണ്ടായില്ല. അവളുടെ മനസ്സിലും അസ്വസ്ഥത കൂടു കൂട്ടി തുടങ്ങിയപ്പോൾ സൈക്കിൾ ബെല്ലിലൂടെ അവൻ പുനർജനിച്ചു.പരസ്പരം ഒരു വാക്കും ഉരിയാടാതെ അവർ ഒരുമിച്ചു യാത്ര ചെയ്തു.
ഏട്ടനിലൂടെ വീട്ടിലെത്തിയ ചോക്കളേറ്റ് പാക്കിൽ അവൾ അവനെ കണ്ടു.
ഒരു നോട്ടത്തിലും ചിരിയിലും അവർ മനസ്സ് കണ്ടതല്ലാതെ ഒന്നും സംസാരിച്ചില്ല. അവസാന ദിവസം അവന്റെ കണ്ണിൽ നിന്നും ഉതിർന്ന കണ്ണുനീർ ഒരു യാത്ര അയപ്പിനു വേണ്ടിയു
ള്ളതായിരുന്നെന്ന് അവൾ മനസ്സിലാക്കി..
കല്യാണത്തിൽ നിന്നു ഒഴിഞ്ഞു മാറിയപ്പോഴും അവൾ അവനെ തിരഞ്ഞുകൊണ്ടിരുന്നു. അച്ഛന്റെ ഒരു സ്ഥലം മാറ്റത്തിലൂടെ ഇവിടെയെത്തിയ അവർ മറ്റൊരു സ്ഥലം മാറ്റത്തിലൂടെ വീട് മാറിപ്പോയിരുന്നു.
കല്യാണ പന്തലിൽ ഏട്ടന്റെ കല്യാണക്കുറി സ്വീകരിച്ചവനെത്തുമെന്ന് അവൾ തിരഞ്ഞെങ്കിലും അവൻ വന്നില്ല. പിന്നീടൊരിക്കലും കണ്ടതുമില്ല ..
ആഴ്ചപ്പതിപ്പിലെ ആദ്യ പ്രണയത്തെക്കുറിച്ചുള്ള മത്സരകഥ വായിച്ചു കണ്ണുനീർ തുടച്ചു അവൾ കവിവാക്യം ഓർമ്മിച്ചു.' സഫലമായ പ്രണയത്തിനേക്കാൾ നടക്കാതെ പോയ പ്രണയത്തിനാണ് മാധുര്യം കൂടുതൽ ..
(കവിതസഫൽ )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo