Slider

#വാലൻറ്റയിൻദിനസമ്മാനം#

0

#വാലൻറ്റയിൻദിനസമ്മാനം#
---------------------------------------------
ഞങ്ങളുടെ വിവാഹം കഴിഞ്ഞു ഒരു കൃത്യം മാസം കഴിഞ്ഞപ്പോഴാണ് വാലൻറ്റയിൻദിനം വന്നത്. ആദ്യമായി വന്ന പ്രണയദിനത്തിൽ എന്ത് വാങ്ങണം, എങ്ങിനെ ആഘോഷിക്കണം എന്ന ഒരു ആശയകുഴപ്പമുണ്ടായിരുന്നു. പക്ഷെ വിവാഹ ശേഷം വന്ന ആദ്യ വിശേഷദിനം എന്ന പ്രത്യേകത ഉണ്ടായിരുന്നു ആ പ്രണയദിനത്തിന്. ഇന്നത്തെ പോലെ മൊബൈലും, പ്രണയദിന ആഘോഷങ്ങളും, വാട്സപ്പ് fbയും ഒന്നും ഇല്ലാത്ത കാലം. കുറേ ഏറെ ചിന്തിച്ചശേഷം സ്കൂളിൽ നിന്നു പ്രകാശേട്ടൻ അന്ന് വൈകിട്ട് ടൌണിൽ നിന്നു എനിക്ക് ഒരു സിന്ദൂരചെപ്പും പൊട്ടും വാങ്ങി കൊണ്ട് വന്നു. ഇന്നും എന്റെ പെട്ടിയിൽ ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട് ആ സിന്ദൂരചെപ്പ്.
അന്നത്തെ പരിമിതമായ ചുറ്റുപാടിലും ഞങ്ങൾ ഞങ്ങളുടെ ആദ്യ പ്രണയദിനം ചെറു സമ്മാനം കൊണ്ട് ആഘോഷിച്ചു. അടുത്ത പ്രണയദിനം ഇതിലും നന്നായി ആഘോഷിക്കണം എന്ന് എനിക്ക് മോഹം ഉണ്ടായിരുന്നു. ദൈവം അടുത്ത വാലൻറ്റയിൻ ദിനത്തിൽ ഞങ്ങൾക്കായി ഒരു അമുല്യസമ്മാനം ഒരുക്കിയിരുന്നു. അങ്ങിനെ നാല് മാസം കഴിഞ്ഞു, ഞാൻ ഗർഭിണിയായി. പിന്നെ തുടങ്ങി ഗർഭക്കാല വയ്യായകകളും, കരുതലും. മാസംതോറുമുളള ഡോക്ടറുടെ ചെക്കപ്പുകളും. വരാൻ പോകുന്ന പോന്നോമനയേ പറ്റിയുള്ള സ്വപ്‌നങ്ങളും ആഗ്രഹങ്ങളും ഞാനും മറ്റു നവമാതാക്കളെ പോലെ താലോലിച്ചു തുടങ്ങി.
എന്റെ ഏതാഗ്രഹവും സാധിച്ചു തരാൻ അച്ഛനും അമ്മയും കുടുംമ്പത്തിലെ മറ്റെല്ലാവരും, പ്രതേകിച്ചും പ്രകാശേട്ടനും ശ്രദ്ധിച്ചു. ഇഷ്ടഭക്ഷണം ഊണ് മേശയിൽ ഒന്നിന്നു പിറകെ ഒന്നായി എത്തി. ചെറിയമ്മയുടെ സ്നേഹം മാങ്ങാകറിയുടെയും എരിശ്ശേരിയുടെയും രൂപത്തിൽ എന്റെ മുന്നിൽ എത്തി. നാത്തൂൻമാർ പലഹാരപൊതികളുമായി എത്തി. ഇതു പോരാതെ മാസതോറുമുളള ഡോക്ടറുടെ അടുത്തുള്ള ചെക്കപ്പ് കഴിഞ്ഞു, പാലക്കാട്‌ അശോക്‌ ഭവനിലെ മസാല ദോശ കഴിക്കാതെ ഞങ്ങൾ മടങ്ങാറില്ലായിരുന്നു. ജനുവരി മാസത്തിൽ ആദ്യത്തെ വിവാഹവാർഷികം ആഘോഷിക്കണം എന്ന ആഗ്രഹം കാരണം എഴാം മാസത്തിൽ പ്രസവത്തിനു എന്റെ വീട്ടിലെക്ക് അയക്കുന്നില്ല എന്ന് പ്രകാശേട്ടൻ അച്ഛനോട് പറഞ്ഞു. ഡോക്ടർ പ്രസവതിയതി മാർച്ച്‌ 16ആണ് എന്ന് പറയുകയും ചെയ്തു. ഫെബ്രുവരി മാസം, എനിക്ക് ഒമ്പതാം മാസത്തിൽ പോകാം എന്ന് തിരുമാനമായി. ഡേറ്റ് നേരത്തെ തന്നെ തീരുമാനിച്ചു. ചടങ്ങിനു പങ്കെടുക്കനായി കോയമ്പത്തൂരിൽ നിന്നും ചുള്ളിമടയിൽ നിന്നും നാത്തൂൻമാർ നേരത്തെ എത്തി. അങ്ങിനെ ഫെബ്രുവരി 14ന് എന്റെ വീട്ടിൽ നിന്നും അച്ഛനും അമ്മയും ഔദ്യോഗികമായി നല്ല ദിവസവും തിയതിയും അറിയിക്കാനായി വീട്ടിൽ എത്തി. അന്ന് ഉച്ച ഭക്ഷണതിനു എല്ലാവരും വീട്ടിൽ ഉണ്ട്, ഫെബ്രുവരി 21നാണ് പ്രസവത്തിനു കൂട്ടിയിട്ട് പോകുന്ന ചടങ്ങ്., എന്ന് തീരുമാനമായി. ഉച്ചക്ക്‌ ഊണ് കഴിക്കാൻ തുടങ്ങി, അച്ഛനും പ്രകാശേട്ടനും കഴിച്ചു അടുത്ത ആളുകൾ ഊണ് കഴിക്കാൻ ഇരുന്നില്ല അപ്പോഴേക്കും എനിക്ക് ഇടുപ്പ് വേദന തുടങ്ങി. എല്ലാവരും വീട്ടിൽ തന്നെ ഉള്ളത് കൊണ്ട് പെട്ടന്ന് തന്നെ ഹോസ്പിറ്റലിൽ എത്തിച്ചു. ഉച്ചക്ക് രണ്ടു മണിക്ക് ഹോസ്പിറ്റലിൽ എത്തി, വൈകുന്നേരം അഞ്ചു മണിയോടെ പ്രസവവും കഴിഞ്ഞു. ഞങ്ങളുടെ ആദ്യത്തെ കൺമണി - ദിയ. അവൾ ഞങ്ങളുടെ ജീവിതത്തിലേക്ക്‌ കടന്നു വന്നു. ഡോക്ടർ പറഞ്ഞതിലും മുപ്പത്തിരണ്ടു ദിവസം നേരത്തെ, വെറും ഒരുകിലോ തോള്ളായിരം ഗ്രാം ഭാരം., മാസം തികയാതെയുള്ള ജനനം -പക്ഷെ അവൾ ആരോഗ്യവതിയായിരുന്നു. രണ്ടു ദിവസത്തെ ഇൻക്ക്യുബെറ്റർ വാസത്തിനു ശേഷം ഡോക്ടർ അവളെ ഞങ്ങളെ ഏല്പിച്ചു., കുഞ്ഞിനെ അധികമാരും കൈമാറി എടുക്കരുത് എന്നും നാൽപതു ദിവസം കഴിയാതെ കുളിപ്പിക്കരുത് എന്നുള്ള ഉപാധിയോടെ. വളരെ പെട്ടെന്ന് തന്നെ അവൾ ആരോഗ്യവതിയായി, ഞങ്ങളുടെ കണ്ണിലുണ്ണിയായി വളർന്നു . പക്ഷെ പ്രണയദിനമായ, ഫെബ്രുവരി പതിനാലിനുള്ള അവളുടെ ജനനം, ഞങ്ങൾക്കുള്ള ദൈവത്തിന്റെ പ്രണയോപഹാരമായി കാണാനാണ് എനിക്ക് ഇഷ്ടം. ഓരോ പ്രണയദിനം കടന്നു പോകുമ്പോഴും ദൈവത്തിന്റെ ആ ഉപഹാരത്തിന്നു മികവു ഏറി വരുന്നു. അവളുടെ ജനനത്തിന് ശേഷമുള്ള ഓരോ പ്രണയദിനങ്ങളും അവളുടെ പിറന്നാൾ ആയിട്ട് ഞങ്ങൾ ആഘോഷിക്കുന്നു. ഇന്നു ഞങ്ങളുടെ ജീവിതത്തിൽ വാലൻറ്റയിൻ ദിനത്തിന്റെ അർത്ഥവും വ്യാപ്ത്തിയും മാറി. മകളുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളായി മാറി ഓരോ പ്രണയദിനവും. ഓരോ പിറന്നാളും ദൈവത്തിന്നോടുള്ള നന്ദിയും മകളോടുള്ള വാത്സല്യമാണ് ഇന്ന്.
( NB:-ഈ ഓർമകുറിപ്പിന് 2014ൽ മലയാളമനോരമ പാലക്കാട്‌ , നടത്തിയ വാലൻറ്റയിൻ ഓർമകുറിപ്പ് മത്സരത്തിൽ പ്രോത്സാഹനസമ്മാനം കിട്ടുകയുണ്ടായി. )
സ്മിത പ്രകാശ്‌.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo