Slider

അപൂർണ്ണമീ കവിത

0
~~●● അപൂർണ്ണമീ കവിത ●●~~
------------------------------------------------------
അവനെ ഒന്നു വിളിച്ചാലോ ?ഇന്നേക്ക് മൂന്നു ദിവസമാവുന്നു ഒരു മെസേജ് വന്നിട്ട് ! ഉള്ളിലെ സങ്കടം ഇപ്പോൾ പെയ്യുമെന്നായിരിക്കുന്നു.
മുൻപൊരിക്കൽ അമ്മയോടു പിണങ്ങിയതിന് ഫേസ് ബുക്കും വാട്ട്സാപ്പും ഒക്കെ ഡിലിറ്റ് ചെയ്തവനാ.. അതും എന്നോടൊന്നും പറയാതെ ! എത്ര ടെൻഷനടിച്ചു ഞാൻ! എത്ര സങ്കടപെട്ടു.
അന്ന് നാലു ദിവസത്തിനു ശേഷം എല്ലാം ആക്ടിവേറ്റ് ചെയ്ത് തിരികെ വന്നു. എന്നിട്ട് " ഞാൻ തിരിച്ചു വന്നുട്ടാ കമലൂ..." ന്ന് !
"പോടാ... പട്ടീ... എന്നോടിനി മിണ്ടണ്ട" ന്നും പറഞ്ഞ് ഞാൻ ബ്ളോക്ക് ചെയ്തു. അത്ര സങ്കടപ്പെട്ടു ഞാനന്ന്. അമ്മേനോടും അനിയനോടും വെറുതെ ദേഷ്യപ്പെട്ടു. ഇനി ആരോടും കൂട്ട് കൂടില്ലെന്ന് തീർച്ചപ്പെടുത്തിയിരുന്നു.
എങ്കിലും ഒരു നാലു ദിവസം കഴിഞ്ഞ് അവന്റെ ബ്ളോക്ക് മാറ്റീപ്പോ പാവം തോന്നി. കുറേ മെസേജസ്.. മാപ്പു ചോദിച്ച്.. കരഞ്ഞ്.. ഇനി ചെയ്യില്ലെന്ന് പറഞ്ഞ് അയച്ചിരിക്കുന്നു ! എന്നിട്ടും മൂന്നു നാലു ദിവസം ഞാൻ അതൊന്നും കണ്ടില്ലെന്നു നടിച്ചു.
പിന്നെ ഒരു ദിവസം ഉച്ചക്ക് ആദ്യമായ് അവനെ വിളിച്ചു. ആദ്യമായിട്ടാണ് ആ ശബ്ദം കേൾക്കുന്നതെങ്കിലും കുറേ ചീത്ത വിളിച്ചപ്പോ ഒരു ആശ്വാസമായി. അന്ന് ഞാൻ പറഞ്ഞതാ അവനോട് ഇനിയെന്നെങ്കിലും, ആരോടെങ്കിലും പിണങ്ങി എന്നെ മറന്നാൽ കൊല്ലുമെന്ന്. എന്നിട്ടിപ്പോ പിന്നേയും..!
രണ്ടു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു അവനെ പരിചയപ്പെട്ടിട്ട് ! ലാസ്റ്റ് ഇയർ ഡിഗ്രിയുടെ ആദ്യ മാസങ്ങളിലെപ്പോഴോ ആണ് ഫേസ് ബുക്കിൽ അവനെ ശ്രദ്ദിക്കാൻ തുടങ്ങിയത്. അൻപതോ അറുപതോ ഫ്രണ്ട്സ് മാത്രമുള്ള, പക്ഷേ പതിമൂവായിരത്തോളം ഫോളോവേഴ്സ് ഉള്ള ഒരു കവിതാ പ്രാന്തൻ ! സ്വന്തം വാളിൽ മാത്രം മനോഹരങ്ങളായ ഒരു പാട് കുഞ്ഞു കവിതകൾ എഴുതിയിരുന്നവൻ !
കൂടുതൽ നോക്കീപ്പോ വല്ലപ്പോഴും കുത്തിക്കുറിക്കുന്ന എന്നെ ഫോളോ ചെയ്തിരുന്ന കുറേ പേരിൽ ഒരാൾ ! ദൈവമേ... അത്ഭുതപ്പെട്ടു പോയി ! അതും ഞാൻ ആദ്യമായി എഴുതി തുടങ്ങിയ അന്നു മുതൽ ! വേറുതേ നേരം പോക്കിനു ഗ്രൂപ്പിൽ കുറിച്ചിട്ടിരുന്ന കഥകളിൽ, കവിതകളിൽ ലൈക്ക് മാത്രം അവൻ തന്നിരുന്നത് കൊണ്ട് ഞാൻ അറിയാതെ പോയി.
പതിവില്ലാതെ, ഒരു കൗതുകത്തിന് അങ്ങോട്ട് ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചു നോക്കി. അന്ന് തന്നെ ആക്സപ്റ്റ് ചെയ്തിരിക്കുന്നു..! "വളരെ സന്തോഷം" എന്ന് എനിക്കു മെസേജും ചെയ്തു. ഞാനത് കണ്ടതായി ഭാവിച്ചില്ല. തിരിച്ചെന്തെങ്കിലും പറഞ്ഞാൽ പിന്നെ ചിലവന്മാരു ഇൻബോക്സിൽ സ്ഥിരതാമസമാക്കിക്കളയും.! ഗുഡ് മോണിങ്ങ് മുതൽ, ചായ കുടിച്ചോ, ചോറുണ്ടോ, കുളിച്ചോ, അലക്കിയോ എന്നൊക്കെ ചോദിച്ച്..!
പക്ഷേ അന്നു മുതൽ ഞാൻ അവന്റെ ഒരൊറ്റ കവിതകളും വായിക്കാതിരുന്നിട്ടില്ല. പഴയതടക്കം എല്ലാം കുത്തിപ്പിടിച്ചിരുന്നു വായിച്ചു. എത്ര മനോഹരമായിട്ടാണ് ഓരോ വരികളും, ആശയങ്ങളും പെറുക്കി പെറുക്കി വെച്ചിരിക്കുന്നത്..! പക്ഷേ കവിതക്ക് താഴേ എന്തു കമന്റിട്ടാലും ഒന്നു ലൈക്കടിച്ചിട്ട് പോവും. താങ്ക്സ് പോലും പറയില്ല ...അഹങ്കാരി !
രണ്ടോ മൂന്നോ മാസങ്ങൾക്ക് ശേഷം ഞാനൊരു കവിതയെഴുതിയിരുന്നു ഗ്രൂപ്പിൽ ...!
" നിശബ്ദ പ്രണയം " എന്ന പേരിൽ !
--------------------♡--------------------------
അമ്പലക്കുളത്തിലൊരു നെയ്താമ്പലായ് ഞാൻ
പിറന്നു വീണതൊരു ധനുമാസ രാത്രിയിൽ...
കണ്ണുകളാദ്യമായ് ചിമ്മി തുറക്കുമ്പോൾ
കണ്ടതോ ചിരി തൂകുമൊരു പൊൻ നിലാവിനെ...
കണ്ണുകൾ ചിമ്മാതെ നോക്കി ഞാൻ നിന്നു പോയ്
ഏറെ കൊതിയോടെ പൊൻ നിലാചന്ദ്രനേ...
എന്നോട് മാത്രമായ് ചിരിക്കുന്നതവനെന്നു
എൻ പൊട്ട ബുദ്ധിയിൽ മോഹിച്ചു പോയ് ഞാൻ !
മേലേയവനില്ലാത്ത പകലിന്റെ പൊള്ളലിൽ
വാടിത്തളർന്നു ഞാൻ കാത്തിരുന്നു..
അവനുദിക്കുന്നതും നോക്കി ഞാൻ നിന്നപ്പോൾ
ആശകാളാലെന്റെ ഉള്ളം നിറഞ്ഞുവോ..
പിന്നെയെൻ അരികിലായ് പ്രതിബിംബമായവൻ
ഉള്ളം നിറഞ്ഞു ഞാൻ കോരിത്തരിച്ചു പോയ്..
കണ്ണുകളടച്ചു ഞാൻ കാത്തു നിന്നു അന്ന്
ഒരു പുതു പെണ്ണിന്റെ നാണമോടെ..
പിന്നെയുമെപ്പോഴോ കാണാതിരുന്നിട്ട്
കണ്ണുകൾ തുറന്നു ഞാൻ നോക്കീടുമ്പോൾ
അവനങ്ങു ദൂരെയാ താരകങ്ങൾക്കൊപ്പം
എന്തോ പറഞ്ഞു ചിരിക്കയാണപ്പോഴും
വെറുമൊരു പെണ്ണു ഞാൻ.. പൊട്ടിക്കരഞ്ഞു പോയ്
ചന്ദ്രനെ സ്നേഹിച്ച ബുദ്ധിയില്ലാത്തവൾ !
എന്നിലെ കുറവുകൾ
അറിയാതിരുന്നവൾ..
എന്റെ പരിധികൾ കാണാതെ പോയവൾ !
ഏറെ നാളില്ലെനിക്കായുസ്സതെങ്കിലും
സ്നേഹിച്ചിടുന്നു ഞാൻ നിന്നെ മാത്രം..
അറിയാതെ പോയ് നീ എൻ പ്രണയത്തേയും
പറയാതെ സൂക്ഷിച്ച എന്റെ സ്വപ്നങ്ങളും ..
--------------------------♡----------------------
അന്ന് എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് ഇൻബോക്സിൽ അവന്റെയൊരു ഹായ് വന്നു. റിപ്ളേ കൊടുക്കാതിരിക്കാൻ തോന്നിയില്ല. അതൊരു എട്ടിന്റെ പണിയായി! സംസാരിച്ച്‌ വന്നപ്പോ എന്റെ കവിതകൾക്കില്ലാത്ത കുറ്റമില്ല.! വൃത്തം, അലങ്കാരം, പ്രാസം, അനുഷ്ട്ട്.. കുനുഷ്ട്ട്.. ദൈവമേ... ഇനിയൊരിക്കലും കവിതയെഴുതില്ലെന്ന് ഞാൻ നിശ്ചയിച്ചു പോയി. അതങ്ങോട്ട് പറയുകയും ചെയ്തു.
"മാഷു നന്നായി എഴുതുന്നുണ്ട്. എന്റെ സുഹൃത്തുമാണ്. അതു കൊണ്ട് പറഞ്ഞതാണ്. ഇഷ്ട്ടപെട്ടില്ലെങ്കിൽ ക്ഷമിക്കുക "
മെസേജ് കണ്ടപ്പോൾ എനിക്ക് സങ്കടായി. സന്തോഷവും.
അന്നു മുതലാണ് ഞങ്ങൾ ശരിക്ക് അടുത്തു തുടങ്ങിയത്. വായിക്കേണ്ട പുസ്തകങ്ങൾ മുതൽ യാത്രകളെ കുറിച്ച്, നാടുകളെ കുറിച്ച്, ആളുകളെ കുറിച്ച്, സിനിമകളെ കുറിച്ച്...
എന്നും പിന്നെ അടുത്തുണ്ടായിരുന്ന പോലെ ! ഒരു മെസേജിനപ്പുറം അവനും ഞാനും പരസ്പരം കാത്തു നിന്നിരുന്നു. അന്ന് കുറച്ചു ദിവസം പിണങ്ങിയതൊഴികെ..
വഴിവിട്ട ഒരു വാക്കോ, കാണണമെന്നോ, സംസാരിക്കണമെന്നോ എന്ന അപേക്ഷയോ ഒന്നുമുണ്ടായില്ല. അത്രയേറേ അടുത്തിട്ടും അതു പ്രണയമാണോ എന്നു തെറ്റിദ്ധരിച്ചതു പോലുമില്ല. അതിനുമപ്പുറം എന്തോ ആയിരുന്നു ഞങ്ങൾ തമ്മിൽ. ഇടക്ക് അച്ഛനായി, മകനായി, ഭർത്താവായി, കൂട്ടുകാരനായി ഒക്കെ എനിക്കവനെ തോന്നി.
ആരോടും പറയാതെ കൊണ്ടു നടക്കുന്ന ഒരു സ്വകാര്യ അഹങ്കാരമായി അവനെനിക്ക് ! മറ്റാർക്കും കിട്ടാത്ത ഒരു ഭാഗ്യം !
പ്രൊഫൈൽ ഫോട്ടോ വക്കാത്ത തങ്ങൾ രണ്ടു പേരും ഒരിക്കൽ മാത്രം ഒരോ ഫോട്ടോ കൈമാറി. ശരിക്കു പ്രണയിച്ചു പോയി അന്നവനെ !
നോക്കിയിരുന്ന്.. നോക്കിയിരുന്ന് ഒടുവിൽ ചുമ്മാ ഒരു പ്രാന്തെഴുതി വിട്ടു..
"നിന്റെയീ കണ്ണുകൾ മതിയെനിക്ക്..
നൂറു നൂറു കഥകളെഴുതാൻ..
നിന്റെ ചിരി മാത്രം മതിയെനിക്ക്..
തേനൂറും കവിതകളെഴുതുവാൻ...
നിന്റെ ഒരു വാക്ക് മതിയെനിക്ക്..
ഒരു ജന്മം കാത്തിരുന്നീടുവാൻ... "
കൊന്നില്ലെന്നെയുള്ളൂ അവൻ ! ഇനി മേലിൽ ഇമ്മാതിരി പൈങ്കിളി എഴുതിയാൽ തട്ടിക്കളയുമെന്ന് കളിയാക്കി. പിന്നെ എന്നും രാവിലെ ആരുടേയെങ്കിലും മനോഹരമായ ഒരു കവിത തനിക്കയക്കും.
എങ്കിലും ആ ഹൃദയത്തിലേക്ക് നോക്കുന്ന കണ്ണുകൾ തനിക്ക് പ്രിയപ്പെട്ടതായി. ഈ മൂന്നു ദിവസം കൊണ്ട് മുന്നൂറു പ്രാവശ്യമെങ്കിലും താനവന്റെ ഈ ചിത്രത്തിലേക്ക് നോക്കിയിട്ടുണ്ട്.
എന്നിട്ടിപ്പോ..!
ഉച്ചക്ക് ഞാൻ അവന്റെ മൊബൈലിലേക്ക് ഒരു മിസ്ഡ് കോൾ അടിച്ചിരുന്നു. ഒരു മറുപടിയുമുണ്ടായില്ല. ഒന്നു കൂടി വിളിച്ചാലോ? അമ്മ കാണാതെ മൊബൈൽ ഒളിപ്പിച്ച് പടിഞ്ഞാറെ തൊടിയിൽ പാടത്തിനടുത്ത് നിന്ന് ഒരു വട്ടം കൂടി വിളിച്ചു. റിങ്ങ് ചെയ്യുന്നുണ്ട്. എടുക്കുന്നില്ല.
ഈ ഇന്റർനെറ്റ് ഒരു അയഥാർത്ഥ ലോകമാണ്. ഒരു ലോഗ് ഔട്ടിൽ തീരുന്ന ബന്‌ധങ്ങൾ. ഇതിലെ ബന്ധങ്ങളെ, സൗഹൃദങ്ങളെ ഇത്രയേറേ ഹൃദയത്തോട് ചേർത്ത് പിടിക്കരുത്. ദൂതു പോകുന്ന ഈ ഡാറ്റകൾക്കപ്പുറം ഒരാളുടെ സത്യമറിയാൻ ഇതിനാവില്ല. ഞാനറിയാതെ കണ്ണുകൾ നിറഞ്ഞു തൂവുന്നു.
നിരാശയോടെ തിരികെ വീട്ടിലേക്ക് നടക്കുമ്പോഴാണ് ഫോൺ റിങ്ങ് ചെയ്തത് !
പരിചയമുള്ള നമ്പറല്ല. ആരാവും ? കുറച്ചു നേരം കഴിഞ്ഞാണ് എടുത്തത്. എങ്കിലും മിണ്ടാതെ നിന്നു.
"ഹലോ... ഹലോ..."
പരിചയമുള്ള ശബ്ദമല്ല. ഒടുവിൽ പകരം ഹലോ പറഞ്ഞു.
ഒരു പെൺ ശബ്ദം കേട്ടിട്ടാണോ എന്തോ ഒരു നിമിഷം ആൾ ഒന്നും മിണ്ടിയില്ല. പിന്നെ ചോദിച്ചു.
"ഏട്ടന്റെ മൊബൈലിലേക്ക് രണ്ടു തവണ വിളിച്ചിരുന്നോ നിങ്ങൾ ?"
"ഉവ്വ്... വിളിച്ചിരുന്നു. ആളെവിടെയാണ് ? ഫോൺ എടുക്കുന്നില്ലല്ലോ ?"
"സുഹൃത്താണോ നിങ്ങൾ ?"
"അതെ..... "
"ഓഹ്...... എല്ലാരും അറിഞ്ഞിട്ടുണ്ടാവുമെന്നാ കരുതിയത് ! "
ഒന്നു നിറുത്തി ആൾ തുടർന്നു
"രണ്ടു ദിവസം മുൻപ് രാവിലെ ജോലിക്കു പോവുമ്പോ ഒരു ആക്സിഡന്റ് ഉണ്ടായി. ഏട്ടൻ...... അപ്പോ തന്നെ.......... പോയീ... "
ഒരു വിതുമ്പലോടെ മറുതലക്കൽ കേട്ട കേട്ട അവസാന വാചകം കേട്ട് എനിക്ക് ശ്വാസം കിട്ടാതാവുന്നതു പോലെ തോന്നി. തൊണ്ട വറ്റി വരണ്ടു. പിന്നെ അവിടുന്ന് എന്തെങ്കിലും പറഞ്ഞോ എന്ന് ഞാൻ കേട്ടില്ല..
ഓർമ്മ വരുമ്പോൾ വീട്ടിലെ പുറകിലെ വരാന്തയിൽ. അമ്മയും മുഖത്ത് വെള്ളം തെളിച്ചു കൊണ്ട് അയൽപക്കത്തെ ചേച്ചിയും അടുത്തുണ്ട്!
അവർ തന്ന വെള്ളം കുറേ കുടിച്ചു.
" എന്തു പറ്റീടാ..?"
"ഒന്നൂല്ലമ്മേ.. തല കറങ്ങിയതാവും !"
"രണ്ടു ദിവസമായില്ലേ എന്തെങ്കിലും കഴിച്ചിട്ട്. അതാവും..!"
" ഉം.. ഞാനൊന്ന് കിടക്കട്ടെ.."
റൂമിൽ വന്ന് വാതിലടച്ച് കിടന്നപ്പോഴേക്കും അതുവരെ നെഞ്ചിലക്കിപ്പിടിച്ചതൊക്കെയും കണ്ണീരായ്, തേങ്ങലായ്, എന്നെ ഞാനല്ലാതാക്കി. ഒന്നുറക്കെ കരയാൻ പോലുമാവാതെ എന്റെ ഹൃദയം അലമുറയിട്ടു. മണിക്കൂറുകളോളം കഴിഞ്ഞ് അവൻ അന്ന് രാവിലെ അയച്ച അവസാന മെസേജ് ഞാൻ വായിച്ചു നോക്കി.
പ്രിയ കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ '' ആനന്ദധാര " എന്ന കവിത ...
........................................................
ചൂടാതെ പോയ്‌ നീ, നിനക്കായ് ഞാന്‍ ചോര-
ചാറിചുവപ്പിച്ചൊരെന്‍ പനീര്‍പ്പൂവുകള്‍
കാണാതെ പോയ്‌ നീ, നിനക്കായി ഞാനെന്റെ
പ്രാണന്റെ പിന്നില്‍ക്കുറിച്ചിട്ട വാക്കുകള്‍
ഒന്നുതൊടാതെ പോയീ വിരല്‍ത്തുമ്പിനാല്‍
ഇന്നും നിനക്കായ്ത്തുടിക്കുമെന്‍ തന്ത്രികള്‍
അന്ധമാം സംവത്സരങ്ങള്‍ക്കുമക്കരെ
അന്തമെഴാത്തതാമോര്‍മ്മകള്‍ക്കക്കരെ
കുങ്കുമം തൊട്ടു വരുന്ന ശരല്‍ക്കാല-
സന്ധ്യയാണിന്നുമെനിക്കു നീയോമനേ.
ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള
ദുഃഖമെന്താനന്ദമാണെനിക്കോമനേ...
എന്നെന്നുമെന്‍ പാനപാത്രം നിറയ്ക്കട്ടെ,
നിന്നസാന്നിദ്ധ്യം പകരുന്ന വേദന
അഷ്റഫ്♡...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo