കാൻസർ
**********
**********
പല്ല് തേയ്ക്കുമ്പോൾ പൊടിഞ്ഞിരുന്ന രക്തത്തിന്റെ അളവിൽ ഉണ്ടായ മാറ്റം ആദ്യം വലിയ കാര്യമാക്കിയില്ല. ചുമച്ചു തുപ്പുമ്പോഴും തുമ്മുമ്പോഴും രക്തതുള്ളികൾ കൂട്ടുവന്നപ്പോൾ ഉള്ളിന്റെ ഉള്ളിലും രക്തം കിനിഞ്ഞു. എന്തായിരിക്കും.. വല്ല ഇൻഫെക്ഷൻ ആയിരിക്കുമെന്ന ചിന്തയിൽ ആശ്വാസം കണ്ടെത്തി. പതിവില്ലാതെ ഉള്ള ക്ഷീണവും ശരീരമാസകലം സൂചി കുത്തുന്ന വേദന കൂടി ആയപ്പോൾ ഒരു ഡോക്ടറുടെ മുന്നിൽ എത്തി.. കണക്കില്ലാത്ത ടെസ്റ്റുകൾക്ക് ശേഷം ഡോക്ടർ വിധിയെഴുതി.. ഞണ്ടുകൾ എന്നെയും കാർന്നുതിന്നാൻ തുടങ്ങിയിരിക്കുന്നു.
ആ വാക്കുകൾ നെഞ്ചിൽ തറച്ചു കയറി മുറിവുകൾ വീഴ്ത്തിയെങ്കിലും കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീരും പൊടിഞ്ഞില്ല.
"വിധിയെ തടുക്കാൻ ആകില്ലല്ലോ.. എല്ലാം മുകളിൽ ഉള്ളവന്റെ കൈയ്യിൽ. "
എന്ന വാക്കുകൾ ഡോക്ടർക്ക് ഇനി ഒന്നും ചെയ്യാൻ ഇല്ലെന്നു പറയാതെ പറഞ്ഞു. നനുത്ത പുഞ്ചിരിയോടെ ഡോക്ടറുടെ പക്കൽ നിന്നും എഴുന്നേൽക്കുമ്പോൾ കണ്ടു അദ്ദേഹത്തിന്റെ കണ്ണിലെ സഹതാപം. ഇനി എനിക്ക് നേരെ നീളുന്ന കണ്ണുകളിൽ എല്ലാം ഈ വികാരം മാത്രമേ കാണാൻ കഴിയുള്ളൂ എന്ന ചിന്ത എന്റെ ഹൃദയത്തിൽ ആദ്യത്തെ ആണിയടിച്ചു..
ഡ്രൈവ് ചെയ്തു വരുന്ന വഴിയിൽ സൈഡ് തരാതെ ശല്യം ചെയ്യുന്നവനോട് ദേഷ്യം തോന്നി പല്ലുരുമ്മിയപ്പോൾ ചുണ്ടിലൂടെ ഒലിച്ചിറങ്ങിയ ചോര കണ്ട് കാഴ്ചയും മനസ്സും മരവിച്ചു. റോഡിനു നടുവിൽ ചവിട്ടി നിർത്തിയ കാറിനു പിന്നിൽ ഹോണുകളുടെ ബഹളം. ഫസ്റ്റ് ഗിയറിൽ ഇട്ട് വണ്ടി സൈഡ് ഒതുക്കി നിർത്തി. ടിഷ്യു എടുത്ത് ഒലിച്ചിറങ്ങിയ ചോര തുള്ളികൾ തുടച്ചു. വണ്ടി സ്റ്റാർട്ട് ആക്കി. എത്ര ശ്രമിച്ചിട്ടും വണ്ടി മുന്നോട്ട് എടുക്കാൻ കഴിയാതെ ഓഫ് ആയി പോകുന്നു. മനസ്സ് എവിടെയോ നഷ്ടമായിരിക്കുന്നു. ഓർമ്മ വെച്ച കാലം തൊട്ടേ ചോര കണ്ടാൽ ബോധം മറയുമായിരുന്ന എന്റെ ജീവിതത്തിൽ ഇനി ചോരചുവപ്പ് മാത്രമാണെന്ന സത്യം ആണോ എന്റെ മനോധൈര്യം എനിക്ക് നഷ്ടമാക്കിയത്. അതോ കണ്ടു കൊതിതീരാത്ത മകന്റെ മുഖമോ... സ്നേഹിച്ചു കൊതി തീരാത്ത എന്റെ പ്രിയപ്പെട്ടവന്റെ മുഖമോ... എന്നെ സ്നേഹിക്കുന്ന എന്റെ പ്രിയപ്പെട്ടവരുടെ മുഖങ്ങളോ.. അതോ സിംപതി ഇഷ്ടമില്ലാതിരുന്ന എന്റെ ജീവിതത്തിൽ ഇനി ആ വികാരത്തിന് മാത്രമേ സ്ഥാനം ഉള്ളൂ എന്ന തിരിച്ചറിവോ... അറിയില്ല..
ഡാഷ്ബോർഡ് തുറന്ന് മുഖം നോക്കുന്ന കണ്ണാടി പതിയെ പുറത്തെടുത്തു. മുഖത്തിന് നേരെ പിടിച്ചു.. മനോഹരമായി എഴുതിയ കണ്ണുകൾ. തുടുത്ത കവിളുകൾ.. പ്ലഗ് ചെയ്തു മനോഹരമാക്കിയ പുരികങ്ങൾ. ലൈറ്റ് പിങ്ക് ലിപ്സ്റ്റിക്കിനാൽ ചുവപ്പിച്ച ചുണ്ടുകളിലെ ചായം മാഞ്ഞുപോയിരിക്കുന്നു. ഹാൻഡ് ബാഗിൽ നിന്നും ലിപ്സ്റ്റിക് എടുത്ത് ചുണ്ടോടടുപ്പിച്ചു കണ്ണാടിയിൽ നോക്കിയ ഞാൻ കണ്ട കാഴ്ച എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല...
കൺപീലികളും പുരികങ്ങളും എന്റെ മുഖത്ത് നിന്നും അപ്രത്യക്ഷമായിരിക്കുന്നു. കണ്ണുകൾ കുഴിഞ്ഞു ഉള്ളിലേയ്ക്ക് പോയിരിക്കുന്നു. കവിളെല്ലുകൾ ഉന്തിയിരിക്കുന്നു. ചുണ്ടുകൾ കറുത്തു വരണ്ടു പൊട്ടിയിരിക്കുന്നു. തലയിൽ ഇട്ടിരുന്ന ഷ്വാൾ കാറ്റിൽ തെന്നി മാറി. തലയിൽ ഒരു മുടി പോലും അവശേഷിക്കുന്നില്ല. എല്ലാം കൊഴിഞ്ഞു പോയി പകരം ഒന്നോ രണ്ടോ ചെമ്പിച്ച രോമങ്ങൾ മാത്രമുണ്ട്.
ഞാൻ കണ്ണാടിയും ലിപ്സ്റ്റിക്കും സീറ്റിനടിയിലേക്ക് എറിഞ്ഞു. സ്റ്റിയറിങ്ങിൽ തല വെച്ച് കുറച്ചുനേരം കിടന്നു.
"മമ്മാ..." എന്ന് വിളിച്ചു എന്നിലേയ്ക്ക് ഓടിയടുക്കുന്ന പൊന്നുമോൻ. "മുത്തേ.." എന്ന് വിളിച്ചു നെഞ്ചിലേക്ക് ചേർത്ത് പിടിക്കുന്ന എന്റെ നല്ലപാതി.. സ്നേഹത്തോടെ നെറുകയിൽ തലോടുന്ന അമ്മയും അച്ഛനും. സ്നേഹത്തോടെ എന്നെ നോക്കി ചിരിയ്ക്കുന്ന ബന്ധുക്കൾ.. എന്തിനും കൂടെ നിൽക്കുന്ന സുഹൃത്തുക്കൾ.. എല്ലാരും ഒരുനിമിഷം മനസ്സിൽ തെളിഞ്ഞു വന്നു. പെട്ടെന്ന് ഒരു കറുത്ത തിരശ്ശീല മാത്രമായി എനിക്ക് മുന്നിൽ. ഒന്നും എന്റെ ഓർമ്മകളിൽ തെളിയുന്നില്ല. കണ്ണുകൾ തുറക്കാൻ ശ്രമിച്ചെങ്കിലും എനിക്ക് കഴിയുന്നില്ല.
പെട്ടെന്ന് ഒരു ആശുപത്രി മുറി എനിക്ക് മുന്നിൽ തെളിഞ്ഞു വന്നു. അവിടെ ബെഡിൽ ഒരാൾ കിടക്കുന്നു. ഞാൻ പതിയെ ആ ബെഡിനടുത്തേയ്ക്ക് നടന്നടുത്തു.. ആ കിടക്കുന്നവൾക്ക് ഞാൻ നേരത്തെ കണ്ണാടിയിൽ കണ്ട അതെ മുഖച്ഛായ..ആ മുഖം പണ്ട് ഞാനും കൂട്ടുകാരികളും സൗന്ദര്യമില്ലാത്തതിന്റെ പേരിൽ കളിയാക്കുമായിരുന്ന പാവം പെൺകുട്ടിയെക്കാളും വിരൂപമായിരുന്നു. എല്ലും തോലുമായ ശരീരം. പുറംതൊലിയും എല്ലുകളും മാത്രമേ ആ രൂപത്തിൽ ഉണ്ടായിരുന്നുള്ളൂ.. അപ്പോൾ മെലിഞ്ഞിരിക്കുന്നതിന്റെ പേരിൽ കളിയാക്കി കണ്ണീർ കുടിപ്പിച്ചു രസിച്ചിരുന്ന കൂട്ടുകാരിയെ ആണ് ഓർമ്മ വന്നത്. അവൾ എന്ത് സുന്ദരി ആയിരുന്നു. ഇപ്പോൾ ഞാൻ അവരെക്കാൾ വിരൂപ ആയിരിക്കുന്നു. സൗന്ദര്യത്തിന്റെ പേരിൽ അഹങ്കരിച്ചിരുന്ന എന്റെ ഇപ്പോഴത്തെ അവസ്ഥ... കണ്ടാൽ പേടി തോന്നുന്ന രൂപം..
അവിടെ ബെഡിനു അരികിലായി എന്റെ നല്ലപാതി. കണ്ണുകൾ നിറഞ്ഞിരിക്കുന്നു. മുഷിഞ്ഞ വേഷം. ക്ഷീണം മുഖത്തും ശരീരത്തിലും തെളിഞ്ഞുകാണാം.
"ഇനി എന്റെ കൈയ്യിൽ വിൽക്കാൻ ഇനി ഒന്നുമില്ല ഡോക്ടർ.. എനിക്ക് ഉണ്ടായിരുന്നത് മുഴുവൻ ഞാൻ ചിലവഴിച്ചു. എന്നിട്ടും എനിക്ക്...." വാക്കുകൾ മുഴുമുപ്പിക്കാൻ കഴിയാതെ അദ്ദേഹം പൊട്ടിക്കരയുന്നു.
"Iam...Really sorry...അറിയിക്കാൻ ഉള്ളവരെ ഒക്കെ അറിയിച്ചോളൂ.." എന്ന് പറഞ്ഞു ഡോക്ടർ അദ്ദേഹത്തിന്റെ തോളിൽ തട്ടി നടന്നകന്നു..
എവിടെ എന്റെ മകൻ.. ബെഡിലെ രൂപത്തെ കണ്ട് പേടിച്ചു അച്ഛമ്മയുടെ പുറകിൽ ഒളിച്ചിരിക്കുന്ന അവൻ എന്റെ കണ്ണുകളെ ഈറനണിയിപ്പിച്ചു. മമ്മയ്ക്ക് ഉമ്മ കൊടുക്കാൻ പറഞ്ഞതിനാണ് അവൻ "പേടി..പേടി..." എന്ന് പറഞ്ഞു ഒളിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ നിമിഷം ഭൂമി പിളർന്നു താഴേയ്ക്ക് പോയെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു.
ഇതുവരെ ഉള്ളതെല്ലാം വിറ്റുപെറുക്കി ചികിത്സിച്ചു ഇനി എന്റെ മകൻ മാത്രമേ ഉള്ളൂ എന്ന് പറഞ്ഞു സഹോദരിയുടെ ചുമലിലേക്ക് വീഴുന്ന അമ്മായി അമ്മ.. ഡോർ തുറന്നു അകത്തേയ്ക്ക് അച്ഛനും അമ്മയും സഹോദരനും കയറി വരുന്നു. ഇഷ്ടപ്പെട്ട പുരുഷന്റോടെ ഇറങ്ങിപോയ ദേഷ്യം മാത്രം കണ്ടിരുന്ന മുഖങ്ങളിൽ എന്നോടുള്ള സ്നേഹം കണ്ണീർ ആയി തെളിഞ്ഞു കാണുന്നു. അമ്മയും അച്ഛനും നെറുകയിൽ മുത്തം വെയ്ക്കുന്നു. അനിയൻ എന്റെ കൈ അവന്റെ മുഖത്തേയ്ക്ക് ചേർത്തു പിടിച്ചു വിങ്ങിപൊട്ടുന്നു.
വീണ്ടും എല്ലായിടത്തും ഇരുട്ടു പരക്കുന്നു. വെളിച്ചം വന്നപ്പോൾ എല്ലാരുടെയും കണ്ണുകളിൽ നിരാശ. എങ്ങനെ എങ്കിലും ഒന്ന് തീർന്നു കിട്ടിയാൽ മതിയെന്ന ഭാവമായിരുന്നു എല്ലാവരുടെയും മുഖത്ത്.. നല്ല പാതിയുടെ കണ്ണുകളിൽ നിർവികാരത... അതെ എല്ലാർക്കും ഞാൻ ഒരു ബാധ്യതയായി മാറിയിരിക്കുന്നു
നെഞ്ചിടിപ്പിന് വേഗത കൂടുന്നുണ്ടോ.. അതെ.. എന്റെ ഹൃദയം വേഗത്തിൽ മിടിക്കുന്നുണ്ട്.. എന്റെ ഹൃദയമിടിപ്പ് കാറിനുള്ളിൽ മുഴങ്ങി കേൾക്കുന്നു. കണ്ണുകൾ തുറക്കാൻ ശ്രമിക്കുന്നെങ്കിലും എനിക്ക് കഴിയുന്നില്ല.. മരണഭയമെന്നെ പിടികൂടിയിരിക്കുന്നു. വിധിയ്ക്ക് മുന്നിൽ ഞാൻ ഇതാ അടിയറവ് പറയാൻ പോകുന്നു..
" കാവലായി വഴി തേടണം... ഒരു മാരിവിൽ ചിറകേറണം.. ആശതൻ തേരിതിൽ.. പറന്നു വാനിൽ നീ ഉയരണം... "
ഫോൺ റിംഗ് ചെയ്യുന്നു. ഞാൻ സർവ്വ ശക്തിയുമെടുത്ത് കണ്ണുകൾ വലിച്ചു തുറന്നു..
ഫോൺ റിംഗ് ചെയ്യുന്നു. ഞാൻ സർവ്വ ശക്തിയുമെടുത്ത് കണ്ണുകൾ വലിച്ചു തുറന്നു..
"എന്റെ ഖൽബ് calling..." എന്ന അടിക്കുറുപ്പോടെ ഫോൺ സ്‌ക്രീനിൽ നല്ലപാതിയുടെ മുഖം..
"എവിടെയാടോ...എത്ര നേരമായി വിളിക്കുന്നു..എന്താ ഫോൺ എടുക്കാഞ്ഞേ "
"ഡ്രൈവിൽ ആയിരുന്നു. ഞാൻ വീട്ടിൽ എത്തിയിട്ട് വിളിക്കാം.."
"ഉം.. ശരി.. പിന്നെ ഡോക്ടർ എന്ത് പറഞ്ഞു.."
"പേടിക്കാൻ ഒന്നുമില്ല.. രക്തകുറവിന്റെ ക്ഷീണം.. അത്രയേ ഉള്ളൂ.. "
"ഉം.. സൂക്ഷിച്ചു ഡ്രൈവ് ചെയ്യ്.. എത്തിയിട്ട് വിളിക്ക്...ബൈ... "
"ബൈ.."
ഫോൺ കട്ട് ചെയ്തു സീറ്റിലേക്ക് ഇട്ടു. ഒരു ദീർഘശ്വാസമെടുത്തു കൊണ്ട് സീറ്റിലേയ്ക്ക് ചാരിയിരുന്നു..
ഇല്ല.. തോൽക്കരുത്. ഇനിയും കടമകൾ തീർക്കാൻ ഉണ്ട്. സഫലമാകാത്ത ഒരുപാട് ആഗ്രഹങ്ങൾ ഉണ്ട്. ജീവിതമെന്ന നാടകത്തിൽ നിറഞ്ഞാടിയ വേഷങ്ങൾ എല്ലാം തന്നെ കുറവുകൾ ഉള്ളവയായിരുന്നു. തിരക്കുകൾക്ക് ഇടയിൽ നല്ലൊരമ്മ ആകാൻ കഴിഞ്ഞിരുന്നില്ല. നല്ലപാതിയോടു പൂർണമായും നീതി പുലർത്താൻ കഴിഞ്ഞിട്ടില്ല. നല്ലൊരു മകൾ ആകാൻ കഴിഞ്ഞിട്ടില്ല.. നല്ലൊരു മരുമകൾ ആകാൻ കഴിഞ്ഞില്ല. നല്ലൊരു സുഹൃത്തോ.. സഹോദരിയോ ആകാൻ കഴിഞ്ഞില്ല. ഇനിയുള്ള കുറച്ചു ദിവസങ്ങൾ അവർക്ക് വേണ്ടി.. അവർക്ക് മാത്രമായി ജീവിക്കണം. നല്ലൊരു മകളായി... സഹോദരിയായി.. ഭാര്യയായി.. മരുമകളായി.. അമ്മയായി.. സുഹൃത്തായി.. എല്ലാ വേഷങ്ങളിലും ശോഭിക്കണം.. വാക്കുകൊണ്ടും നോക്കുകൊണ്ടും വേദനിപ്പിച്ചിട്ടുള്ളവരോടെല്ലാം മാപ്പ് പറയണം. അവസാനം ചുണ്ടിൽ ഒരു പുഞ്ചിരിയോടെ.. എല്ലാരുടെയും മനസ്സിൽ പൂർണ സ്ഥാനത്തോടെ ആർക്കും ബാധ്യതയാകാതെ.... നഷ്ടകണക്ക് ആകാതെ വിരമിക്കണം എനിക്ക് ഈ ജീവിതമെന്ന നാടകത്തിൽ നിന്നും..
സീറ്റിനടിയിൽ നിന്നും കണ്ണാടിയും ലിപ്സ്റ്റിക്കും തപ്പിയെടുത്തു. കണ്ണാടി മുഖത്തേയ്ക്ക് അടുപ്പിച്ച നിമിഷം അറിയാതെ കണ്ണുകൾ ഇറുക്കിയടച്ചു പോയി. നേരത്തെ കണ്ട മുഖമായിരിക്കരുതേ അതിൽ തെളിയുന്നത് എന്ന് ആത്മാർഥമായി പ്രാർത്ഥിച്ചു കൊണ്ട് കണ്ണുകൾ തുറന്നു.
എന്റെ മുഖം... ചിരിക്കുന്ന എന്റെ മുഖം കണ്ണാടിയിൽ തെളിഞ്ഞു..കൂടുതൽ സുന്ദരിയായി തന്നെ..
ആസിയ അൽഅമീൻ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക