വെറുപ്പിക്കലാണെന്ന് അറിയാം... - എങ്കിലും ഒരു തവളക്കഥ എഴുതണമെന്ന് തോന്നി....... --- "മണ്ടൻ തവളയുടെ ഭാഗ്യം" :- ഒരിടത്ത് ഒരു പൊട്ടക്കിണറുണ്ടായിരുന്നു. അതിൽ ധാരാളം തവളകളും. അതിൽ ഒരു തവള മണ്ടനായിരുന്നു. കിണറ്റിൽ വരുന്ന പ്രാണികളെ പിടികൂടി ഭക്ഷണമാക്കാൻ പോലും വൈദഗ്ദ്യമില്ലാത്ത മണ്ടൻ! മറ്റു തവളകളെല്ലാം ധാരാളം പ്രാണികളെ ഭക്ഷിച്ച് തടിച്ച് കൊഴുത്തപ്പോൾ മണ്ടൻതവള മാത്രം മെലിഞ്ഞ് വന്നു. മറ്റു തവളകൾ അവനെ പരിഹസിച്ച് ചിരിച്ചു. കിണറ്റിൽ ചില സമയത്ത് തവളകളെ റാഞ്ചാനായി ചില പക്ഷികൾ പറന്നിറങ്ങും. അപ്പോൾ തവളകളെല്ലാം ധൃതിയിൽ പൊത്തിൽ കയറി ഒളിക്കും. മണ്ടൻ തവളമാത്രം പക്ഷി വരുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ പരുങ്ങും. മറ്റു തവളകളെല്ലാം പോടിലൊളിച്ച് കഴിഞ്ഞ ശേഷമാണ് മണ്ടൻ തവള കാര്യം മനസ്സിലാക്കി പോടിൽ കയറി ഒളിക്കുക. അതു കൊണ്ട് ഭാഗ്യം കൊണ്ട് മാത്രമാണ് പക്ഷികളുടെ കയ്യിലകപ്പെടാതെ മണ്ടൻ തവള രക്ഷപ്പെട്ടു പോന്നത്. അവന്റെ കഴിവുകേട് കണ്ട് മറ്റു തവളകൾ പരിഹാസത്തിന്റെ മൂർച്ച കൂട്ടി. പരിഹാസം സഹിക്കവയ്യാതായപ്പോൾ മണ്ടൻ തവള മരിക്കാൻ തീരുമാനിച്ചു. അങ്ങനെ അവൻ ഇനി റാഞ്ചാൻ വരുന്ന പക്ഷിക്ക് ഭക്ഷണമാവാൻ തീരുമാനിച്ചു. അവൻ പോടിലൊളിക്കാതെ, തന്നെ കൊത്തി തിന്നാൻ വരുന്ന പക്ഷിയെയും കാത്തിരുന്നു. അവസാനം ഒരു പക്ഷി അവനെ റാഞ്ചി കിണറ്റിന് പുറത്തേക്ക് പറന്നു. പക്ഷി അവനെയും കൊണ്ട് പറന്നു പറന്നു അകലെ മനുഷ്യവാസമില്ലാത്ത ഒരിടത്തെത്തി. പക്ഷി ഒരു കുളത്തിന് മുകളിലുള്ള മരക്കൊമ്പിലിരുന്ന് അവനെ തിന്നാനായി ഭാവിക്കുമ്പോൾ ഒരു പരുന്ത് പക്ഷിയെ ആക്രമിച്ചു. തവള പക്ഷിയിൽ നിന്നും വേർപെട്ട് താഴെ കുളത്തിൽ വീണു. ധാരാളം ചെറുപ്രാണികളുള്ള ഒരു പൊട്ടക്കുളം !! അങ്ങനെയിരിക്കെ മനുഷ്യരിൽ ചിലർ കൊതുകു പെരുകാതിരിക്കാനുള്ള മരുന്ന് കൊണ്ട് വന്ന് പഴയ പൊട്ടകിണറ്റിൽ തളിച്ചു. അതോടെ കിണറ്റിൽ പ്രാണികളില്ലാതായി. തവളകൾ ഭക്ഷിക്കാൻ പ്രാണികളെ കിട്ടാതെ പട്ടിണിയിലായി. പട്ടിണി കിടക്കുമ്പോൾ അകലെ ഒരിടത്ത് പക്ഷി റാഞ്ചിയ മണ്ടൻ തവള വയറു നിറയെ പ്രാണികളെ ഭക്ഷിച്ച് സുഖനിദ്രയിലാണെന്ന് അവർ അറിഞ്ഞില്ല !
Kadarsha
Kadarsha

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക