Slider

പ്രിയപ്പെട്ട യാത്രാസൗഹൃദങ്ങളുടെ ഓർമ്മയ്ക്ക്

0
പ്രിയപ്പെട്ട യാത്രാസൗഹൃദങ്ങളുടെ ഓർമ്മയ്ക്ക്
എറണാകുളം ഫാസ്റ്റ് പാസഞ്ചർ ബസിലേക്ക് വലതുകാലു വച്ച് കയറുമ്പോൾ പുതിയ ഓഫീസിനെക്കുറിച്ചുള്ള ടെൻഷനെക്കാളുപരി ദിവസവുമുള്ള വിരസമായ നാലുമണിക്കൂർ യാത്രയെക്കുറിച്ചായിരുന്നു എൻ്റെ സങ്കടം.ഡബിൾബെല്ലടിച്ച് ബസ് മുൻപൊട്ടെടുത്തപ്പോഴാണ് പുറകിലെ ഡോറിൽ ആരോ അടിക്കുന്നതു കേട്ടത്.ഇതാരപ്പാ കൃത്യസമയത്ത് ഓടിപ്പാഞ്ഞെത്തിയതെന്ന് തിരിഞ്ഞു നോക്കിയപ്പോഴാണ് ഞാനാദ്യമായി ഭാമ ടീച്ചറെ കാണുന്നത്.വൃത്തിയായി ഞൊറിഞ്ഞുടുത്ത സാരി കണ്ടപ്പോഴേ മനസിലായി ആളു ടീച്ചറാണെന്ന്.
"എന്താ ടീച്ചറേ വല്ലപ്പോഴുമെങ്കിലുമൊന്ന് നേരത്തേ വരരുതോ!" ഇടതു വശത്തേ സീറ്റിലിരുന്ന വെളുത്തുമെലിഞ്ഞ സാറാണ്.
"സാറിനത് പറയാം,കുളിച്ചൊരുങ്ങി വരുമ്പോളേക്ക് രാവിലത്തേക്കും ഉച്ചത്തേക്കുമുള്ളതും തയ്യാറാക്കി തുണിവരെ തേച്ചു റെഡിയാക്കിത്തരാൻ ഭാര്യയുണ്ടല്ലോ വീട്ടിൽ.നമ്മളു പാവം പെണ്ണുങ്ങൾ ഭർത്താക്കന്മാർക്ക് ഈ പറഞ്ഞകാര്യങ്ങളൊക്കെ ഒരുക്കി പിള്ളാരേം റെഡിയാക്കി സ്കൂളിലയച്ച് വയസായ അച്ഛനമ്മമാർക്കുള്ളതൊക്കെ വെച്ചൊരുക്കി ഇറങ്ങുമ്പോളേക്ക് ഇച്ചിരി താമസിച്ചെന്നൊക്കെയിരിക്കും" ടീച്ചർ ഒറ്റശ്വാസത്തിൽ ഇതും പറഞ്ഞ് സീറ്റിലേക്കിരിക്കാൻ തുടങ്ങിയപ്പോഴാണ് കണ്ടക്ടർ അടുത്തേക്ക് വന്നത്.
മുരളി സാറിന് രാവിലെ തൃപ്തിയായല്ലോ അല്ലേ എന്നും ചോദിച്ച് കണ്ടക്ടർ ടിക്കറ്റടിച്ച് ടീച്ചർക്കു നേരേ നീട്ടി.
"എന്താ മണികണ്ഠാ ഇത് !ബെല്ലുകൊടുക്കും മുൻ പുറകിലോട്ടൊക്കെയൊന്നു നോക്കണ്ടേ ആരേലും കേറാനുണ്ടോയെന്ന്.ഒരു സെക്കൻ്റ് ലേറ്റായിരുന്നെങ്കിൽ എനിക്കിന്ന് ബസ് മിസ്സായേനേ." ടിക്കറ്റിൻ്റെ കാശും നീട്ടിക്കൊണ്ടുള്ള ടീച്ചറുടെ മറുപടികേട്ട് മണികണ്ഠൻ ചെറുതായൊന്നു ചമ്മി.
"എന്താ മണികണ്ഠാ തൃപ്തിയായില്ലേ!എനിക്കിപ്പഴാ സമാധാനമായത് ."നേരത്തേ ടീച്ചറോടു കുശലം പറഞ്ഞ മുരളി സാർ തെല്ലുറക്കെപ്പറഞ്ഞു.
"എല്ലാരുടേയും ശ്രദ്ധയ്ക്ക്,അടുത്ത സ്റ്റോപ്പിന്ന് നമ്മടെ സരസുവമ്മ കയറുമ്പോൾ എല്ലാരും വിഷ് ചെയ്തോളണേ,പുള്ളിക്കാരീടെ പിറന്നാളാ ഇന്ന്."
സീറ്റിൽ അല്പം എണീറ്റു നിന്ന് ടീച്ചർ ബസിലെ എല്ലാപേരോടുമായി പറഞ്ഞു.
അടുത്ത സ്റ്റോപ്പിൽ ബസു നിർത്തിയപ്പോൾ പത്തൻപത്തഞ്ച് വയസുതോന്നുന്ന വെളുത്ത് സ്വല്പം തടിച്ച കുലീനത്വം തോന്നുന്ന ഒരു സ്ത്രീ കയറി. അവർ കയറിയതും എല്ലാരും ഹാപ്പീ ബർത്ത് ഡേ സരസുവമ്മേ എന്നു പാടിയതും ഒന്നിച്ചായിരുന്നു.പാവം ആകെ ഞെട്ടിപ്പോയി.സ്വന്തം മക്കളുപോലും മറന്നുപോയ പിറന്നാളാണ് വെറുമൊരു ബസ് യാത്രയിലെ സൗഹൃദങ്ങൾ ഓർത്തുവച്ച് ആശംസിച്ചതെന്നോർത്ത് അവരുടെ കണ്ണുകൾ നിറഞ്ഞു.
വെറുതേ സെൻ്റിയടിക്കാതെ ഇങ്ങോട്ടുവന്നരിക്കെൻ്റെ സരസുകൊച്ചെ എന്നും പറഞ്ഞ് ഭാമ ടീച്ചർ അവരെ കെെപിടിച്ച് തൻ്റെയടുത്തിരുത്തി.
ഇച്ചിരി പാൽപായസമാ സരസുകൊച്ചിനുവേണ്ടി ഞാനുണ്ടാക്കിയതാ കുടിച്ചുനോക്കെന്നു പറഞ്ഞുകൊണ്ട് ഭാമടീച്ചർ ബാഗുതുറന്ന് തൂക്കുപാത്രവും സ്പൂണുമെടുത്ത് സരസുവമ്മയ്ക്ക് നല്കി.
"എന്താ മോളേ ഇത് ഇതിൻ്റെയൊക്കെ ആവശ്യമുണ്ടായിരുന്നോ "എന്നുചോദിച്ചുകൊണ്ട് പായസം രുചിച്ചു നോക്കി പാത്രം തൊട്ടടുത്ത സീറ്റിലിരുന്ന എൻ്റെ നേർക്ക് നീട്ടി.എന്തു ചെയ്യണമെന്നറിയാതെ കണ്ണും മിഴിച്ചിരുന്ന എന്നോട് അതു വാങ്ങി ഒരു സ്പൂൺകുടിച്ചിട്ട് അടുത്തയാൾക്ക് കൊടുക്കാൻ പറഞ്ഞത് ഭാമടീച്ചറായിരുന്നു.ഞാനൊരു സ്പൂൺ കുടിച്ചിട്ട് അടുത്തയാൾക്ക് കൊടുത്ത പായസം ആ ബസിലെ യാത്രക്കാർ മുഴുവൻ രുചിച്ചു നോക്കുന്നത് ഞാൻ കൗതുകത്തോടെ നോക്കി നിന്നു.
പിറ്റേന്ന് രാവിലെ എറണാകുളം ബസ് പിടിക്കാൻ ഞാൻ കുറച്ചു നേരത്തേ തന്നെയിറങ്ങി.കാരണം ഓഫീസിൽ സമയത്ത് എത്തണം എന്നതിനുമപ്പുറം ആ ബസിലെ സൗഹൃദങ്ങൾ എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു.പതിവ് കെ.എസ്.ആർ.ടി.സി ബസ് യാത്രകളിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു ആ ബസ്.
സ്റ്റാൻഡിൽ പിടിച്ചിട്ടിരുന്ന ബസിൽ കയറിയപ്പോഴേ കണ്ടു ഇന്നലെ കണ്ട മുഖങ്ങൾ തന്നെയാണ് ഇന്നും അധികവും.പതിവുപോലെ ടീച്ചർ ഇന്നും ബസ്സെടുക്കാൻ നേരം ഓടിക്കിതച്ചെത്തി.ഇന്ന് എൻ്റെ തൊട്ടടുത്ത സീറ്റിലാണ് ഇരുന്നത്.ഇരുന്നതും ടീച്ചറുടെ ഫോൺ റിങ് ചെയ്തു.അസെെൻമെൻ്റ് കൃത്യസമയത്ത് വയ്ക്കണമെന്ന് ഫോണിലൂടെ പറയുന്ന ടീച്ചർക്ക് വളരെ കാർക്കശ്യക്കാരിയായ അധ്യാപികയുടെ ഭാവമായിരുന്നു.എന്നാൽ കോൾ കട്ടുചെയ്ത് എൻ്റെ നേർക്ക് നോക്കിച്ചിരിച്ച് പുതിയ ആളാണല്ലേ!എവിടാ വീട് എന്ന് ചോദിച്ചപ്പോഴേക്ക് ടീച്ചർ വീണ്ടും പഴയ ആളായി.ആ സംസാരം പുതിയൊരു സൗഹൃദത്തിൻ്റെ തുടക്കമായിരുന്നു.പതിയെ പതിയെ ആ ബസ്കുടുംബത്തിലെ ഒരംഗമായി ഞാനും.
വാട്ടർ അതോറിറ്റിയിലെ മുരളി സാർ,ഗ്രാമീൺ ബാങ്കിലെ സെെമൺ സാർ,ഡബിൾ സീറ്റിൽ ഒറ്റയ്ക്ക് ഇരിക്കാൻ പാകത്തിന് വണ്ണമുള്ള സത്യൻമാഷ്,പരദൂഷണത്തിൻ്റെ ആശാട്ടിയായ ലാലി ടീച്ചർ,എന്നും വീട്ടിലെ പരാതിയും പരിഭവങ്ങളും മാത്രം പങ്കുവയ്ക്കാനുള്ള ഹെൽത്ത് ഡിപ്പാർട്ടുമെൻ്റിലെ ജ്യോതി ചേച്ചി,ആരൊടും അധികം മിണ്ടാത്ത കണ്ണുകളിലെപ്പോഴും ദു:ഖം ഒളിപ്പിച്ചു വയ്ക്കാൻ ശ്രമിക്കുന്ന മായ ടീച്ചർ ........അങ്ങനെ നിരവധി സൗഹൃദങ്ങൾ എനിക്ക് സമ്മാനിച്ച എൻ്റെ പ്രിയപ്പെട്ട ബസ്.
മൗനമായി പാട്ടും കേട്ട് ബുക്കും വായിച്ച് ദിവാസ്വപ്നങ്ങളും കണ്ട് അതുവരെ യാത്ര ചെയ്തിരുന്ന എനിക്ക് ഈ യാത്ര പുതിയൊരു അനുഭവമായിരുന്നു.ഓഫീസിലേയും വീടുകളിലേയും ടെൻഷനുകളിൽ നിന്നും പ്രാരാബ്ധങ്ങളിൽ നിന്നും ഒരു റിലാക്സേഷനായിരുന്നു ഞങ്ങൾക്കേവർക്കും ഈ യാത്ര.കൂട്ടത്തിലൊരാളെ ഒരു ദിവസം കണ്ടില്ലെങ്കിൽ എന്തുപറ്റിയെന്ന് ആരെങ്കിലുമൊരാളെങ്കിലും വിളിച്ചുചോദിച്ചിരിക്കും.മുരളി സാറിൻ്റെ മോളുടെ വിവാഹം,സെെമൺസാറിൻ്റെ അച്ഛൻ്റെ മരണം,സരസുവമ്മയുടെ റിട്ടയർമെൻ്റ് ചടങ്ങ് അങ്ങനെ ബസിനു പുറത്തേക്കു നീണ്ട സൗഹൃദസംഗമങ്ങളേറെ.
ഇടയ്ക്കിടെ ബസ് മിസ് ചെയ്യാറുള്ള ഞാൻ അന്ന് പെട്ടെന്നുള്ള ഒരു ബന്ധുവിൻ്റെ മരണം നിമിത്തം ലീവായിരുന്നു.പെട്ടെന്ന് വാർത്ത കേട്ട വെപ്രാളത്തിൽ ഫോൺ എടുക്കാനും മറന്നു. വെെകിട്ട് വീട്ടിലെത്തി ഫോൺ നോക്കിയപ്പോൾ 20 മിസ്കോൾ.ബസിലെ ഒരുവിധം എല്ലാരും വിളിച്ചിട്ടുണ്ട്.തിരിച്ച് ഭാമടീച്ചറെ വിളിച്ചപ്പോഴല്ലേ കാര്യമറിയുന്നത് ,പതിവ് ബസിൽ എന്നെ കാണാതായപ്പോൾ ബസ് മിസായെന്നും അടുത്ത ബസിൽ ഞാൻ വരുമെന്ന് അവരൊക്കെ കരുതി.വിളിച്ചിട്ട് ഞാനൊട്ടു ഫോണുമെടുത്തില്ല.എന്നാൽ ഓഫീസിൽ എത്തിക്കഴിഞ്ഞാണ് എല്ലാരും ആ വാർത്ത അറിഞ്ഞത് എറണാകുളം ബസിന് ശേഷം വരുന്ന പമ്പ ഫാസ്റ്റ് വഴിയിൽ ആക്സിഡൻ്റായെന്നും അഞ്ചോ ആറോ പേരു മരിച്ചെന്നും.ആ വാർത്ത കേട്ട് ഭയന്നാണ് അവരോരുത്തരും എന്നെ വിളിച്ചത്.അവസാനം ഭാമ ടീച്ചർ ഓഫീസിലെ നമ്പർ തപ്പിയെടുത്ത് വിളിച്ച് ഞാൻ ലീവാണെന്ന് ഉറപ്പിച്ച്, അവരെയൊക്കെ അറിയിച്ച ശേഷമാണ് അവരൊക്കെ സമാധാനിച്ചത്.പിറ്റേന്ന് ബസിൽ കയറിയപ്പോൾ മുതൽ ഫോണെടുക്കാതിരുന്നതിന് കേട്ട ശാസനകൾ ചില്ലറയൊന്നുമല്ലായിരുന്നു.പക്ഷേ അതൊക്കെയും അവർക്കെന്നോടുള്ള സ്നേഹത്തിൻ്റെയും കരുതലിൻ്റെയും ശാസനകളായിരുന്നെന്നോർത്തപ്പോൾ അറിയാതെ എൻ്റെ മിഴികൾ നിറഞ്ഞു.
പിന്നീടെപ്പോഴൊ ജീവിതത്തിൽ ചില ദുരന്തങ്ങൾ സംഭവിച്ചപ്പോഴും ചേർത്തു നിർത്തി ആശ്വസിപ്പിക്കാൻ ഈ സൗഹൃദങ്ങളൊപ്പമുണ്ടായിരുന്നു.
മൂന്നു വർഷങ്ങൾക്കിപ്പുറം വീടിനടുത്തേക്ക് ട്രാൻസ്ഫർ കിട്ടിയപ്പോൾ എനിക്കേറ്റവും മിസ് ചെയ്തതും എൻ്റെ പ്രിയപ്പെട്ട ബസിനെയും അതിലെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെയുമായിരുന്നു.ഇന്നും അതിൽ പലരോടും സൗഹൃദം സൂക്ഷിക്കുന്നുണ്ടെങ്കിലും എൻ്റെ പ്രിയപ്പെട്ട സൗഹൃദക്കൂട്ടങ്ങളെ വല്ലാതെ മിസ് ചെയ്യാറുണ്ട് ഇടയ്ക്കിടെ.
വിജിത വിജയകുമാർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo