Slider

വിധേയൻ

0
. ... വിധേയൻ.....
എന്തോ ശബ്ദം കേട്ടാണ് ഞാനുണർന്നത്. കൂട്ടിലേക്കു ചരിഞ്ഞു വീണ വെയിൽ പാളികൾ കണ്ണിലടിച്ചതുമൂലം ആദ്യം ഒന്നും വ്യക്തമായില്ല. വടക്കുവശത്തെ കിണറിന്റെയടുത്തു എന്തോ ഒന്നനങ്ങുന്നുണ്ട്. ശ്രദ്ധിച്ചു നോക്കി. പൂച്ചയാണ്. വെളുത്ത ഒരു പൂച്ച.
അഴികളിട്ട വാതിലിനടുത്തുവന്നു ഞാനൊന്നുറക്കെ കുരച്ചു. യജമാനത്തി കേട്ടു കാണില്ല. ഒന്നുകൂടി ഉച്ചത്തിൽ ശക്തിയായി കുരച്ചു.
എന്റെ ശബ്ദം കേട്ടു അപ്പുറത്തെ കൂട്ടിൽ നിന്നും ബ്രൂസും കുരച്ചു. അവൻ എന്നിലും ഒത്തിരി ഇളയതാണ്. എങ്കിലും ആ കുരയ്ക്ക് മുഴക്കമുണ്ട്..
ഓ പറയാൻ മറന്നു. കഴിഞ്ഞ വർഷം യജമാനൻ എങ്ങോനിന്നു കൊണ്ടുവന്ന താണവനെ. ഞാനവനെ ശ്രദ്ധിച്ചു നോക്കി. കറുത്തുരുണ്ട സുന്ദരനായ പട്ടിക്കുട്ടി.ബട്ടൺസുപോലുള്ള കണ്ണുകൾ. തളർന്ന ചെവി. എന്റെ കൂടിനു മുന്നിൽ വച്ചു യജമാനൻ പറഞ്ഞു
ജിമ്മി.. ഇതു ബ്രൂസ്..ഇതു നിന്റെ അനിയനാ കേട്ടോ.
സത്യത്തിൽ ആദ്യം എനിക്കവനെ ഇഷ്ടായില്ല യെന്നതു സത്യം തന്നെയാണ്. മഹാ കുസൃതിയായിരുന്നവൻ. കൂടിനരുകിൽവനെന്റെ വാലിൽ കടിച്ചപ്പോൾ നല്ലതൊന്നു കൊടുക്കാൻ തുനിഞ്ഞതുമാണ്.
എന്താടാ. ജിമ്മി.. എന്തിനാ കുരയ്ക്കണത്?
ഞാൻ തല താഴ്ത്തി വാലാട്ടി കിടന്നു.
വല്യമ്മയാണ്. വയസ്സായ സ്ത്രീ. യജമാനന്റെ അമ്മ. എന്നും രാവിലെ കൂട്ടിനരുകിൽ വന്നു ബിസ്കറ്റു തരും.' ഇടയ്ക്കു ചീത്തയും പറയും. വല്യമ്മ കൂടാതെ ഇവിടെ രണ്ടു കുട്ടികളും ഉണ്ട്. മോൻ ഭയങ്കര കുസൃതിയാണ്. മോൾ ഇടയ്ക്കു വന്നു എന്റെ താടിയിൽ കാലുകൊണ്ടു തലോടും. 
മറ്റേ കൂട്ടിൽ നിന്നും ബ്രൂസ് വീണ്ടും ശക്തിയായി കുരച്ചു. അവനിപ്പോൾ പഴയ കറുത്തു തടിച്ച പട്ടിക്കുട്ടിയൊന്നുമല്ല. അവൻ എന്നിലും വളർന്നു വലിയ ഒരു പട്ടിയായി. എങ്ങനെ വളരാതിരിക്കും. എന്തൊക്കെയാണവനു യജമാനൻ കൊടുക്കുന്നത്. നന്നായി അവൻ കഴിക്കുകയും ചെയ്യും.
വല്യമ്മ പോയപ്പോൾ വീണ്ടും കണ്ണടച്ചു. ഉറക്കം വരുന്നുണ്ടായിരുന്നില്ല.. വയസായതിൽ പിന്നെ ഞാനിങ്ങനെയാണ്. വെറുതെ പണ്ടത്തെ കാര്യങ്ങൾ ഓരോന്നു ചിന്തിച്ചങ്ങനെ കിടക്കും. 
ഈയിടെയാണ് കാഴ്ച മങ്ങി തുടങ്ങിയത്. പക്ഷെ ഇന്നും മങ്ങാതെ തെളിഞ്ഞു നിൽക്കുന്ന ഇന്നലെകൾ ഓർത്തു ഞാൻ ഈ കൂട്ടിൽ... പകലുകളും രാത്രികളും എണ്ണിയെണ്ണി..
പണ്ടൊരിക്കൽ യജമാനൻ എന്നെ തല്ലിയിട്ടുണ്ട് കേട്ടോ.. അന്നു ഞാൻ ചെറുപ്പം. ഉച്ചയ്ക്കു യജമാനൻ എന്റെ പാത്രത്തിൽ ചോറുവിളമ്പി. അന്നു യജമാനത്തിയും വല്യമ്മയും എവിടെയോ പോയിരിക്കുകയായിരുന്നു.
കഴിക്കെടാ ജിമ്മി..
ഞാൻ വെറുതെ കണ്ണടച്ചു കിടന്നു. പല പ്രാവശ്യം വിളിച്ചു പറഞ്ഞിട്ടും കേൾക്കാത്ത പോലെ വെറുതെ..
തലയ്ക്കു പിടിച്ചു പാത്രത്തിൽ മുഖം മുട്ടിച്ചപ്പോൾ ദേഷ്യം വന്നു. ശക്തിയായി ഒന്നു മുരണ്ടു ഞാൻ.
ഇല്ലികമ്പുമായാണ് യജമാനൻ വന്നത്. ശക്തിയായി അടിച്ചു എന്നെ.. ഇല്ലികമ്പുകൾ ചെവിയിൽ കൊണ്ടു പൊട്ടി. 
ചോരയിറ്റുന്ന മുഖവുമായി കരഞ്ഞു കൊണ്ടു ഞാൻ യജമാനനെ നോക്കി.. 
അന്നാണ് യജമാനന് എന്നോടു സ്നേഹമുണ്ടെന്നു മനസിലായത്. എന്റെ തലയിൽ തലോടി പൊട്ടിയ മുറിവുകളിൽ മരുന്നു വച്ചു തന്നപ്പോൾ യജമാനനും കരഞ്ഞു. അന്നു ഞാൻ വാലാട്ടി നന്ദി പ്രകടിപ്പിച്ചു..
ഓരോന്നോർത്തു മയങ്ങി പോയതറിഞ്ഞില്ല.
കണ്ണു തുറന്നപ്പോൾ നേരം ഇരുട്ടിയിരുന്നു. അകലെ ഗേറ്റിൽ തെളിയുന്ന വെളിച്ചം നോക്കി കിടന്നു.: വയസ്സായതിൽ പിന്നെ കുറച്ചു നേരമേ എന്നെ പുറത്തു വിടാറുള്ളൂ. ഇടയ്ക്കു രാത്രികളിൽ ബ്രൂസിന്റെ കനത്ത കുര കേട്ടു ഞാനുണരും. മറ്റു ചിലപ്പോൾ കൂടിന്റെ അഴികളിൽ വന്നു നിന്നു അവനെന്തെങ്കിലും പറയും.കഴിഞ്ഞ ദിവസമാണെനിക്കു മനസ്സിലായതു കണ്ണു മാത്രമല്ല എനിക്കു ചെവിയും കുറവാണെന്ന്.. വയസ്സായാൽ അങ്ങനെയൊക്കെയല്ലേ?
യജമാനൻ വന്നപ്പോൾ ഞാൻ വാലാട്ടി നിന്നു. കൂടെ മകനുമുണ്ട്.
ജിമ്മി..! യജമാനന്റെ മോനെന്നെ വിളിച്ചു.
ഞാൻ തല താഴ്ത്തി കണ്ണടച്ചു കിടന്നു.
ജിമ്മിയ്ക്ക് ചെവി കേൾക്കില്ല അച്ഛാ.
കേട്ടിട്ടും കേൾക്കാത്ത പോലെ ഞാൻ കിടന്നു.
അച്ഛാ നമുക്കൊരു പട്ടിയെ കൂടെ വാങ്ങാം..
ബ്രൂസിനെ പോലെ നല്ലൊരു ..
യജമാനൻ എന്നെ നോക്കി പിന്നെ പറഞ്ഞു.
നമുക്കിപ്പോൾ രണ്ടു പട്ടിയില്ലേ മോനേ.. ജിമ്മിയും, ബ്രൂസും.
ജിമ്മി വയസായില്ലേ അച്ഛാ.. ഇപ്പോ ഒന്നിനും കൊള്ളില്ല. കണ്ണു കാണില്ല. ചെവി കേൾക്കില്ല.
യജമാനൻ ഒന്നും മിണ്ടിയില്ല.
എനിക്കു കരച്ചിൽ വന്നു. ശരിയാണ്.. വയ്യ ഇപ്പോൾ.. കണ്ണുകൾ മങ്ങി.. കേൾവി കുറഞ്ഞു. പഴയ പോലെ ഓടാനും വയ്യ..
ഈ മതിലിനുള്ളിലല്ലാതെ എനിക്കു വേറേ ലോകം ഉണ്ടായിട്ടില്ല. ഇതിനു പുറത്തും കടന്നിട്ടില്ല.
വയസ്സായി എന്നതൊരു സത്യമാണ്.
എന്നെ ഇനി യജമാനൻ ഉപേക്ഷിക്കുമോ? ആർക്കും വേണ്ടാതെ ഞാൻ തെരുവിലലയേണ്ടി വരുമോ?.
വല്ലാത്തൊരു ഭയത്താൽ ഞാൻ വിറച്ചു. ദയനീയമായി ഞാനവരെ നോക്കി തളർന്ന കാലുകളിൽ എഴുന്നേറ്റു . 
മങ്ങിയ കണ്ണുകളാൽ ഇരുട്ടിൽ പരതി നോക്കി.
ഒരു ശബ്ദത്തിനായി കാതുകൾ കൂർപ്പിച്ചു 
കാറ്റിന്റെ കൈകളിൽ തട്ടി ഇലകൾ പരിഹസിച്ചു ചിരിച്ചു. 
യജമാനനെ പോകൂ.. അങ്ങ് സുഖമായി ഉറങ്ങൂ..
തളർന്ന കാലുകളും ,മങ്ങിയ കാഴ്ചകളും കൊട്ടിയടച്ച ചെവികളുമായി ഞാനിവിടെയുണ്ട്..
ഈ ഞാൻ....വൃദ്ധനായ വിധേയൻ..
... പ്രേം...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo