Slider

അർദ്ധനാരീശ്വരം.

0
അർദ്ധനാരീശ്വരം.
--------- ---------- --------- ----------
മോഹങ്ങൾക്കു പൂക്കാൻ കുറച്ചിടം മതി നമ്മുടെ മനസ്സുപോലെ...
എൻ്റെ സ്വപ്നങ്ങളുടെ താക്കോൽക്കൂട്ടം നിന്നെ ഏൽപ്പിച്ച്
എനിക്കൊന്നുറങ്ങണം
നിന്നെ മാത്രം ധ്യാനിച്ച്....
നെൽവയലു പൂക്കുന്ന ഗന്ധം ശ്വസിച്ച്
ഇളംമഞ്ഞുമൂടിയ പ്രഭാതത്തിൽ
പുല്ലുമൂടിയ വരമ്പിലൂടെ
നിൻ്റെ കൂടെ നടക്കണം.
കണ്ണടച്ച് തൊഴുകൈയോടെ
മൗനമായ് പ്രാർത്ഥിക്കുന്ന നിന്നെ
കൗതുകത്തോടെ നോക്കി നിന്ന്
മനം കുളിർക്കണം.
അലസമായ് കുസൃതിയോടെ
എന്നിലേക്ക് നീളുന്ന മുടിയിഴകളെ,
നിന്നെയും ചേർത്തു പിടിച്ച്
മാടിയൊതുക്കണം.
ആയിരം നാമങ്ങളാലർച്ചന ചെയ്യുന്ന
ദേവിയുടെ തിരുനടയിൽ
ശ്രീദേവി പോലെ ജ്വലിക്കുന്ന
നിൻ്റെ സൗന്ദര്യത്തിൽ
ഞാനെൻ്റെ പ്രാർത്ഥനകൾ
നിൻ്റെ കാൽക്കീഴിലർപ്പിക്കുന്നു.
കാലം കാത്തു വെച്ചോരുനിധിപോലെ
നിന്നെ ഞാൻ കണ്ടെത്തുമ്പോൾ
നിന്നിലെൻ്റെ ജീവിതം ധന്യത തേടുന്നു.
നിന്നിലെ ശക്തിയെ എന്നിൽ ലയിപ്പിച്ച്
പൂർണ്ണത നേടുവാൻ,
അർദ്ധനാരീശ്വരത്തിൻ്റെ അതുല്യമായ
പ്രണയകഥയായി പുനർജ്ജനിക്കാൻ
പ്രിയയേ ഞാൻ നിൻ്റെ അനുവാദം
കൊതിച്ചിരിക്കുന്നു.
_ _ _ _ _ _
ജന്മാന്തരങ്ങളായ്
ഞാൻ കാത്തു വെച്ചൊരു
ആത്മ വിശുദ്ധിയും ഹൃദയനൈർമല്യവും
പ്രിയനേ നിനക്കായി സമർപ്പിക്കാൻ
നിന്നെ തേടിയതെത്രയോ യുഗങ്ങളാണ്.
കഠിനവൃതവുമായ് എൻ്റെ തപസ്സുകൾ
നിൻ്റെ നാമജപം തന്നെയായിരുന്നു.
എൻ്റെ പ്രകൃതിയും പ്രപഞ്ചവുമായി ഞാൻ സ്വീകരിക്കുമ്പോൾ,
എത്തിപ്പെടാനാവാത്തൊരു
പർവ്വതാഗ്രത്തിലെ ശിലാഗ്രത്തിൽ
ഘോര തപസ്സിലിരിക്കുന്ന
നിന്നെയോർത്ത്.
എത്ര പ്രഭാതവും സന്ധ്യകളും
ഇരുൾ മൂടിയെത്തുന്ന രാത്രികളും
നിന്നോടുള്ള പ്രണയത്തിൽ
അലിഞ്ഞു പോയതും
ഞാനറിഞ്ഞിരുനില്ല.
നീ തേടുന്നതും ഞാൻ തേടിയതും
ഒന്നാണെന്ന സത്യത്തിൻ്റെ
തിരിച്ചറിവിലേക്ക് നിന്നെ നയിക്കാൻ
വൃത പുണ്യങ്ങളോടെയർപ്പിക്കുന്ന
അർച്ചനാ പൂക്കളിൽ ,
വരപ്രസാദം തിരയുന്നത്
നീ അറിയാത്തതെന്തേ..
ഒരു പക്ഷെ അറിവുകൾക്കുമപ്പുറത്തെ
നക്ഷത്രങ്ങൾ പൂക്കുന്ന താഴ്‌വരയിലെന്നോ
ഞാൻ നിനക്കായ് ജൻമമെടുത്തിരിക്കാം.
ഹൃദയത്തിനുള്ളിൽ തറഞ്ഞൊരു
മധുരനൊമ്പരത്തിൻ്റെ വേദനയോടെ
ഞാൻ കണ്ട കിനാവുകളിൽ വിരിയുന്ന
മോഹ സാഫല്യത്തിൻ്റെ പൂർണ്ണിമക്ക്,
ഉള്ളിലൊളിപ്പിച്ച ഗൂഢസ്മിതവുമായ്
നിന്നിലലിയാൻ വെമ്പുന്നത്
എൻ്റെ കണ്ണുകൾ പറയുന്നില്ലേ..
എൻ്റെആത്മാവിൻ്റെ തരംഗവിചികൾ
നിന്നെ പ്രേമപൂർവ്വം തഴുകാറില്ലേ
ശക്തമായൊരു ഉരുൾപൊട്ടൽ പോലെ
നിന്നിലേക്ക് പാഞ്ഞടുക്കാൻ വെമ്പുന്ന
എൻ്റെ ഹൃദയതടങ്ങളെ ശാന്തമാക്കിയാലും.
Babu Thuynam.
8/10/17.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo