****റീമയാണ് താരം ****
പതിവ് പോലെ അന്നത്തെ ദിവസവും ഷോപ്പിൽ വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല .. ഈവനിംങ്ങ് ഷിഫ്റ്റായിട്ടും ഏഴു മണി വരെ ഒരു ഈച്ച പോലും വന്നില്ല .. ബോറടിച്ചപ്പോ ഞാൻ മൊബൈലിൽ കുത്തിക്കളിച്ചോണ്ട് ഇരുന്നപ്പോഴാണ് മുകളിലത്തെ ഡ്രസ്സിന്റെ സെക്ഷനിൽ നിന്ന് താഴത്തെ പാക്കിംങ്ങ് സെക്ഷനിലെ ഫോണിലേക്ക് കോൾ വന്നത്.. ഞാൻ ഫോൺ അറ്റൻറ് ചെയ്തതും റീമയാണ് .. "ചിത്ര എനിക്ക് കസ്റ്റമേഴ്സ് ഉണ്ട് ..നാല് ഓറഞ്ച് ജ്യൂസും ഒരു ആപ്പിൾ ജ്യൂസും വേണം ".. ഞാൻ ഓക്കെ പറഞ്ഞ് ഫോൺ വച്ചു..
ഷോപ്പിൽ കസ്റ്റമറുടെ വലിപ്പമനുസരിച്ചാണ് വെള്ളം ജ്യൂസ് ,എക്സ്പ്രെസോ (കോഫി മെഷീനീ നിൽ കാപ്പിക്കുരു ഇട്ട് ഉണ്ടാക്കുന്ന ഒരു കൈപ്പുള്ള കാപ്പി) കാപ്പിച്ചീനോ എന്നിങ്ങനെ എല്ലാം കൊടുക്കുന്നത് .. സാധാ കസ്റ്റമർ , ഒരു സൺഗ്ലാസോ പെർഫ്യൂമോ വാങ്ങുന്നവർ വെള്ളം ചോദിച്ചാൽ കൊടുക്കും.. പിന്നെ ഒരു ബാഗ് രണ്ട് ബാഗ് വാങ്ങുന്നവർക്ക് ജ്യൂസ് എക്സ്പ്രെസോ അങ്ങനെ ..വിഐപി കസ്റ്റമറാണെങ്കിൽ (സൗദി രാജകുടുംബം ,വിദേശികൾ ) ജ്യൂസ്, കാപ്പിച്ചീനോ ഒക്കെയാവും കൊടുക്കുക ..
അല്ല ഇവരുടൊക്കെ പറച്ചിൽ കേട്ടാൽ തോന്നും ഫ്രൂട്ട് മുഴുവൻ വാങ്ങി വച്ചിട്ട് ഫ്രഷ് ജ്യൂസടിച്ച് കൊടുക്കാനാവും എന്ന്.. അതൊന്നുമല്ല .. ഞങ്ങടെ മാനേജർ മിസ്റ്റർ "മഹിർ അഹമ്മദ് " ഞങ്ങൾക്ക് വേണ്ടിയും, കസ്റ്റമറെ പറ്റിക്കാൻ വേണ്ടിയും Al Rabie ടെ പല തരം ജ്യൂസും വാങ്ങി വച്ചിട്ടുണ്ട് .. അതൊരു ഗ്ലാസ്സിൽ പകർത്തുക. കസ്റ്റമറിന് കൊടുക്കുക..
ഞാനെന്തായാലും ഫ്രിജ്ഡ് തുറന്ന് നോക്കിയപ്പോൾ ആപ്പിൾ ജ്യൂസിന്റെ പാക്കറ്റ് ഏറെയുണ്ട്.. പക്ഷെ നാല് ഓറഞ്ച് ജ്യൂസിന്റെ പാക്കറ്റ് മാത്രമേ ഉള്ളൂ.. അതും ചെറുത്. ഒരു പാക്കറ്റ് പൊട്ടിച്ച് ഒഴിച്ചാലും ഗ്ലാസിൽ പകുതി ജ്യൂസേ കാണൂ..മൂന്നു ഗ്ലാസിലും കൂടി ഓരോന്ന് വച്ച് പൊട്ടിച്ച് ഒഴിച്ചിട്ട് നാലാമത്തെത് പൊട്ടിച്ച് മൂന്നു ഗ്ലാസും മുക്കാൽ ഭാഗത്തോളം ഒഴിച്ച് ലവൽ ചെയ്തു .. നാലാമത്തേതിൽ ആപ്പിൾ ജ്യൂസും എടുത്തു വച്ചു.. (ഇങ്ങനെ ഒരു ജ്യൂസ് പകുതി വരുന്ന പല ഘട്ടങ്ങളിലും മറ്റൊരു സെയിൽസ് ഗേൾ "സമ "ചെയ്യുന്നത് കുറച്ച് തണുത്ത വെള്ളവും പഞ്ചസാരയും കൂടി ചേർത്ത് ജ്യൂസിന്റെ അളവങ്ങ് കൂട്ടും.. ഇവ്വിധമുള്ള കച്ചവട തന്ത്രങ്ങൾ കണ്ട് ഞാൻ പല തവണ കണ്ണും തള്ളി നിന്നിട്ടുണ്ട് )
ജ്യൂസ് എടുത്തപ്പോഴേക്കും റീമ ഓടി വന്നു. "കസ്റ്റമേഴ്സ് താഴെ വന്നിട്ടുണ്ട് .. ജ്യൂസ് ഇവിടെ കൊടുത്താൽ മതി.. ഞാൻ ഒരു ബാഗ് അവിടെ വച്ചിട്ടുണ്ട് നീ പാക്ക് ചെയ്തോളൂ ഞാനിത് കൊടുത്തോളാം" എന്ന് പറഞ്ഞ് റീമ ജ്യൂസിന്റെ ട്രേയും കൊണ്ടു പോയി .. ഞാൻ ചെന്നപ്പോൾ ഒരു Diorama എന്ന ബാഗ്. അത് ഞാൻ പാക്ക് ചെയ്യുമ്പോഴേക്കും റീമ വീണ്ടും ഓടി വന്നു. അതേ കസ്റ്റമർ തന്നെ ഒരു വാച്ച് കൂടി വാങ്ങി.. ഡയമണ്ട് വച്ച വാച്ചാണ്..അത് ഗിഫ്റ്റായി പാക്ക് ചെയ്യണം. ..അപ്പോ കാശുള്ളവർ തന്നെ ..
"റീമാ കസ്റ്റമർ ഏതു നാട്ടുകാരാണ്.. ?" ഞാൻ ചോദിച്ചു ..
''മലേഷ്യയിൽ നിന്നാണ് "റീമ പറഞ്ഞു.
ഞാൻ വാച്ചും ഗിഫ്റ്റായി പാക്ക് ചെയ്ത് പുറത്ത് ഇറങ്ങി നോക്കിയപ്പോ മൂന്ന് സ്ത്രീകൾ ആണ് റീമയുടെ കസ്റ്റമേഴ്സ് .. മൂന്നു പേരും സെറ്റിയിൽ ഇരിപ്പുണ്ട്. ടീപ്പോയിൽ ഇരുന്ന ട്രേയിൽ കാൽ ഭാഗത്തോളം ബാക്കി വച്ച രണ്ട് ഓറഞ്ച് ജ്യൂസ് ഗ്ലാസും ആപ്പിൾ ജ്യൂസിന്റെ ഗ്ലാസും ഉണ്ട്.. ഒരു ഓറഞ്ച് ജ്യൂസ് ഗ്ലാസ് അങ്ങനെ തന്നെ ഇരിക്കുന്നു .. അല്ലെങ്കിൽ തന്നെ മൂന്ന് പേർക്ക് എന്തിനാ നാല് ഗ്ലാസ് ജ്യൂസ് .റീമ പറഞ്ഞതിന്റെ കുഴപ്പമോ ഞാൻ കേട്ടതിന്റെ കുഴപ്പമോ .. ചിലപ്പോൾ ഞാൻ കേട്ടതിന്റെ കുഴപ്പം ആവും. ഹെന്റെ പൊന്നു കൂട്ടുകാരേ അല്ലേലും ഈ എഫ്ബിയിൽ കുത്തിക്കളിക്കുമ്പോ ചുറ്റുമുള്ളതൊന്നും കാണാനും കേൾക്കാനും പറ്റൂല്ല..
എന്തായാലും ഞാനാ ട്രേയും എടുത്ത് കിച്ചണിൽ കൊണ്ട് വച്ചു. കൂടുതൽ വന്ന ഓറഞ്ച് ജ്യൂസ് അവിടിരുന്നാലും പിന്നെ എടുത്ത് കളയുകയേ ഉള്ളൂ.. വെറുതെ കളയുന്നത് എന്തിനാന്ന് ഓർത്ത് അതെടുത്ത് പകുതി കുടിച്ച് കഴിഞ്ഞപ്പോഴാണ് പിന്നേം റീമയുടെ വിളി.അതവിടെ വെച്ച് വീണ്ടും പുറത്തേക്ക് ഓടി.. റീമയ്ക്ക് ഇന്നത്തെ ദിവസം ചാകരയാണെന്ന് തോന്നുന്നു. വീണ്ടും രണ്ട് ബാഗും കൂടി അവർ വാങ്ങി. അതു തന്നെയുമല്ല അവരെ കൂടാതെ ആ സ്ത്രീകളുടെ കൂട്ടത്തിലുള്ള നാലു ആണുങ്ങൾ കൂടി വന്നിരിക്കുന്നു. അതിലൊരാൾക്ക് റെഡ് ടീ വേണം.. (നമ്മടെ കട്ടൻ ചായ ..സുലൈമാനി ) ഓരാൾക്ക് എക്സ്പ്രെസോ.. ഒരാൾക്ക് വെള്ളം മതി.. ഒരാൾക്ക് ഓറഞ്ച് ജ്യൂസും. എല്ലാവരുടേം മുന്നിൽ വച്ചാണ് റീമ ഇതൊക്കെ അക്കമിട്ട് റീമ പറയുന്നത്. ഓറഞ്ച് ജ്യൂസ് എന്ന് കേട്ടതും ഞാൻ ഞെട്ടി. വേറെ ജ്യൂസ് ഇല്ല .. ഉണ്ടായിരുന്നതിന്റെ പകുതി എന്റെ വയറ്റിലും ...ഞാൻ റീമയെ അവിടെ നിന്ന് കയ്യും കലാശവും കണ്ണ് കൊണ്ട് ആക്ഷൻ കാണിച്ചിട്ടും റീമയ്ക്ക് ഒന്നും മനസ്സിലായില്ല.
സഹികെട്ട് ഞാൻ രണ്ട് ബാഗുമെടുത്ത് പാക്കിംങ്ങ് സെക്ഷനിൽ വച്ചിട്ട് കിച്ചണിലേക്ക് ചെന്നു .. ആപ്പിൾ ജ്യൂസ് ഉണ്ട് അതു കൊടുക്കാം.. കാപ്പി ഉണ്ടാക്കാൻ മെഷീൻ ഓൺ ചെയ്തപ്പോഴേക്കും റീമ ഓടി വന്നൂ.. നീ പോയി ബാഗ് പാക്ക് ചെയ്യ് ഞാനിത് ഉണ്ടാക്കാം .. അവളെന്നോട് പറഞ്ഞു.
"റീമാ ഓറഞ്ച് ജ്യൂസ് ഇല്ല .. തീർന്നു ആപ്പിൾ ജ്യൂസ് മതിയോ.. "
"ഇത്രയും സാധനങ്ങൾ വാങ്ങിയ കസ്റ്റമേഴ്സ് അല്ലേ .അപ്പോ പിന്നെ ചോദിച്ച ജ്യൂസ് തന്നെ കൊടുക്കണം ."റീമ എന്നോട് പറഞ്ഞു.ഇത് കേട്ട് എന്ത് ചെയ്യണംന്നറിയാതെ ഞാൻ അന്തം വിട്ടുനിന്നു.. ഞാനാണെ കൊണ്ടു വച്ചത് കുടിച്ചും പോയി .. അതൊട്ട് പറയാനും വയ്യ..
അപ്പോഴാണ് മുൻപേ ജ്യൂസ് കൊടുത്ത ഗ്ലാസും ഞാൻ പകുതി കുടിച്ചു വച്ച ഓറഞ്ച് ജ്യൂസിന്റെ ഗ്ലാസും റീമ കാണുന്നത്. ഞാൻ എന്തെങ്കിലും പറയാൻ വാ തുറക്കുന്നതിന് മുൻപേ ഞാൻ കുടിച്ചതിന്റെ പകുതി ഓറഞ്ച് ജ്യൂസിലേക്ക് , ആ സ്ത്രീകൾ കുടിച്ചിട്ട് കാൽ ഭാഗത്തോളം വച്ചിരുന്ന ഓറഞ്ച് ജ്യൂസിന്റെ ബാക്കി കൂടി ഒഴിച്ച് ഗ്ലാസ്സ് നിറച്ചു.. എന്നിട്ട് ചിരിച്ച് കൊണ്ട് ഒരു സൊയമ്പൻ ഡയലോഗും. അത് കേട്ട് ഞാനും ചിരിച്ചു പോയി..
''അവര് എല്ലാം ഒരു ഫാമിലി അല്ലേ.. അഡ്ജസ്റ്റ് ചെയ്യാം .. സാരമില്ല "എന്ന് .. "അപ്പോ ഞാനോ "എന്ന് അവളോട് ചോദിക്കണമെന്നുണ്ടായിരുന്നു.അത് ഞാൻ തല്കാലം വിഴുങ്ങി .. എന്തായാലും വേണ്ടിയില്ല അവളതും കൊണ്ട് പോയി..
ബാഗ് എല്ലാം പാക്ക് ചെയ്ത് ഞാൻ കൗണ്ടറിൽ കൊടുക്കാൻ പോകുമ്പോൾ ഞാൻ കണ്ടു.. ഓറഞ്ച് ജ്യൂസും കൈയ്യിൽ പിടിച്ച് ഒരു മലേഷ്യൻ സുന്ദരൻ.. ബാഗ് കൗണ്ടറിൽ കൊടുത്ത് തിരിച്ച് വരുമ്പോഴേക്കും ആ ജ്യൂസ് ഒരു തുള്ളി പോലുമില്ലാതെ കുടിച്ച് ഗ്ലാസ് അവിടെ ടീപ്പോയിൽ വച്ചിട്ടുണ്ടായിരുന്നു ..
എന്തായാലും അവര് ബില്ല് പേ ചെയ്ത് പോകുമ്പോൾ ഞാൻ ആ മലേഷ്യൻ സുന്ദരനെ ഒന്നുകൂടി ഏറ് കണ്ണിട്ട് നോക്കി.. കാരണം എന്താന്ന് വച്ചാ പണ്ട് നമ്മടെ ആദ്യരാത്രിയിൽ പാലും കൊണ്ട് ചെന്നിട്ട് , പാൽ ഞാൻ പകുതി കുടിച്ചിട്ട് എന്റെ കെട്ട്യോന് കൊടുത്തപ്പോ ,പാലും പാൽ ചായയൊന്നും കുടിക്കണത് എനിക്ക് ഇഷ്ടമില്ലാന്നും പറഞ്ഞ് അങ്ങേര് അന്നത് കുടിച്ചില്ല.. അപ്പോപ്പിന്നെ ഞാൻ കുടിച്ചിട്ട് വച്ച ജ്യൂസിന്റെ പകുതി തുള്ളി പോലും വയ്ക്കാതെ കുടിച്ച ആ മലേഷ്യൻ സുന്ദരനെ ഞാൻ ഒന്നല്ല ഒമ്പത് വട്ടം നോക്കണ്ടായോ..

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക