Slider

ഒരു കൊലപാതകം..!!

0
ഒരു കൊലപാതകം..!!
"അമ്മെ പ്ലീസ് അമ്മെ ... എത്ര നാളായി ചിക്കൻ വാങ്ങിയിട്ട്‌... നാളെ ഞായറാഴ്ച്ചയല്ലേ.. നമുക്ക് ചിക്കൻ വാങ്ങിക്കാം "..
ഞാനും അനിയനും കൂടി അമ്മയുടെ കാലുപിടിച്ച്‌ കെഞ്ചി ..
ന്യൂ ജെനറേഷൻകാരെ ... നിങ്ങൾ ചിരിക്കേണ്ട! ഇത് അന്തകാലം ...!!
എന്നും ചിക്കനും മീനുമൊക്ക കൂട്ടി ഊണുകഴിക്കാൻ ഇന്നത്തെ കുട്ടികളെ പോലെ അത്ര ഭാഗ്യംചെയ്തവർ അല്ലായിരുന്നു ഞങ്ങൾ..
തൊടിയിൽ നട്ടുവളർത്തുന്ന പയർ..പാവൽ.. ചീര..കോവൽ..വഴുതന..
പടവലം..വെള്ളരി.. കുമ്പളം.. ചേന.. ചേമ്പ്.. കാച്ചിൽ .. ചെറുകിഴങ്ങ് .. തുടങ്ങിയവയൊക്കെ കൊണ്ട് അമ്മമാർ അടുക്കളയിൽ തകർത്തുവാരിയിരുന്ന കാലം ...
ചിക്കനും മീനുമൊക്കെ കിട്ടണമെങ്കിൽ ആരെങ്കിലും വിരുന്നുകാർ വരണം .. അവര് വന്നാൽത്തന്നെ കോഴിയുടെ ആകപ്പാടെയുള്ള രണ്ടുകാലും അവർക്കു പോകുമല്ലോ എന്ന ടെൻഷനാകും പിന്നെ നമുക്ക് !!
ഈ കോഴിയെയൊക്കെ കുറഞ്ഞത് നാലുകാലോടെ സൃഷ്ടിച്ചു കൂടായിരുന്നോ ദൈവത്തിന് !!
വീട്ടിലെ കൂട്ടാനൊക്കെ സീസണൽ ആണ് ... ഓരോ കാലങ്ങളിൽ ഓരോ കായ്കറികൾ ആയിരിക്കുമല്ലോ ഉണ്ടാവുക .. ചീരയുടെ സമയമാണെങ്കിൽ സർവം ചീരമയം ... കുമ്പളത്തിന്റെ സമയമാണെങ്കിൽ സർവ്വം കുശ്മാണ്ഡമയം !!!
ഒരു രണ്ടാഴ്ച്ചയൊക്കെ ഒരേ പച്ചക്കറി കൊണ്ടുള്ള വിവിധ ഉൽപ്പന്നങ്ങൾ കൂട്ടി ഊണുകഴിക്കുന്ന അവസ്ഥ ഇന്നത്തെ കുട്ടികൾക്ക്‌ സങ്കൽപ്പിക്കാമോ ???!!
ഞങ്ങളുടെ മാതാശ്രീയെ പോലുള്ളവരുടെ അടുത്ത് പരാതിപറയാനും പറ്റില്ല ... വീട്ടിൽ ഉണ്ടാക്കുന്നതെന്തോ അത് കുട്ടികൾ കഴിച്ചോളണം !! അതാണ് നിയമം ... ആർക്കുവേണ്ടിയും ഒന്നും പ്രത്യേകം ഉണ്ടാക്കുന്ന രീതി അന്നത്തെ വീടുകളിൽ ഇല്ലായിരുന്നു ..!!
ആ ..അപ്പം നമ്മൾ പറഞ്ഞു വന്നത് ...
ഞങ്ങൾ ചിക്കൻ വാങ്ങാൻവെണ്ടി അമ്മയുടെ പിറകെ കൂടി ... അങ്ങനെ സാധാരണ സോപ്പിലൊന്നും അമ്മ വീഴില്ല .. അതുകൊണ്ട് ശനിയാഴ്ച രാവിലെ മുതൽ ഞങ്ങൾ നല്ലനടപ്പായിരുന്നു .. വൈകുന്നേരമാണ് നിവേദന സമർപ്പണം .. ആദ്യമൊന്നും അമ്മ അതത്ര മൈൻഡ് ചെയ്തില്ല .. നിർബന്ധം പിടിച്ചാൽ മാതാവ് മൂന്നാം മുറ പ്രയോഗിക്കാൻ സാധ്യതയുള്ളതുകൊണ്ട് അല്പം ഒരകലം പാലിച്ചാണ് ഞങ്ങൾ നിന്നിരുന്നത് .. പക്ഷെ വിചാരിച്ചപോലെയൊന്നും സംഭവിച്ചില്ല ..
അമ്മ പറഞ്ഞു
" രണ്ടുപേരും ഇങ്ങനെ നിർബന്ധം പിടിച്ചാൽ എങ്ങനെയാ ?? മാസാവസാനം ആണെന്ന് അറിയില്ലേ ?? ഇപ്പം ചിക്കൻ വാങ്ങാനുള്ള പൈസ അച്ഛന്റെ കയ്യിൽ ഉണ്ടാവില്ല .. "
ഞങ്ങൾ ആകെ വിഷമത്തിലായി.. ഇനി എന്തു ചെയ്യും .. ?? !!
ഐഡിയാ !! ഞങ്ങൾക്കു മനസ്സിൽ പല പല ലഡ്ഡുക്കൾ ഒന്നിച്ചു പൊട്ടി !!
അമ്മയുടെ കറുമ്പി കോഴി !!..
കോഴി എന്നൊക്കെ വിളിക്കാമോ ആവോ ?? അത്ര വയസ്സായി ..!! ഇപ്പം മുട്ടയിടലൊന്നും ഇല്ല.. വിശ്രമ ജീവിതത്തിലാ ... കൊല്ലണമെങ്കിൽ ഒന്ന് ഓടിച്ചിട്ടു പിടിക്കുകകൂടി വേണ്ട .. എന്നേ കൊന്നോ എന്നും പറഞ്ഞ് നിന്നുതരും .. !!
അതു തന്നെ വഴി .. ഞങ്ങൾ തീരുമാനിച്ചു ..
"കറുമ്പി കോഴിയെ തട്ടാം "...!!
കാര്യം അമ്മയോട് പറഞ്ഞപ്പോൾ ആദ്യം സമ്മതിച്ചില്ല ...
"എത്ര കാലം നമുക്ക് മുട്ട തന്നതാ.. ?? ഇങ്ങനെയൊരു ദുഷ്ടത്തരം അതിനോട് ചെയ്യാമോ ??" അമ്മ ചോദിച്ചു
ഞങ്ങൾ വിടാൻ ഭാവമില്ലായിരുന്നു .. അവസാനം ഞങ്ങളുടെ നിർബന്ധം സഹിക്കവയ്യാതെ അമ്മ സമ്മതിച്ചു
" ആരെയാണെന്നു വെച്ചാൽ വിളിച്ചുകൊണ്ടു വന്ന് അതിനെ കൊല്ലിച്ചോ .. എന്നേം അച്ഛനേം അതിനു പ്രതീക്ഷിക്കണ്ട ..വൃത്തിയാക്കി കഷണങ്ങളാക്കി തന്നാൽ ഞാൻ വെച്ചു തരാം .. അത് കഴിക്കാനും ഞങ്ങളില്ല " .. അമ്മ പറഞ്ഞു
ശ്ശെഡാ ... ഇനിയിപ്പം ആരാച്ചാരെ എവിടെ പോയി തപ്പും ??
ഞങ്ങൾ കൂലങ്കക്ഷമായി ആലോചിച്ചു ... പല മുഖങ്ങളും മനസ്സിൽ തെളിഞ്ഞു .. പക്ഷെ അവർക്കൊന്നും ഒരു കൊലപാതകത്തിനുള്ള ലുക്കില്ല ..!!!
അവസാനം ഞങ്ങളൊരു തീരുമാനത്തിൽ എത്തി..
ആ കർമ്മം ഞങ്ങൾ തന്നെ ചെയ്യും !! നമ്മളോടാ കളി !!
രാത്രി മുഴുവൻ പിറ്റേന്നത്തെ കൊലപാതകത്തിനുള്ള പ്ലാൻ തയ്യാറാക്കൽ ആയിരുന്നു ..!!
നീളമുള്ള ഒരു കയറിന്റെ നടുക്ക് കുടുക്കിട്ട് കറുമ്പിയുടെ കഴുത്തിൽ ഇടുക .. എന്നീട്ട് രണ്ടുപേരും കയറിന്റ രണ്ടറ്റവും പിടിച്ചു വലിക്കുക .. അങ്ങനെ കറുമ്പിയെ തൂക്കികൊല്ലുക!!!
എപ്പടി ബുദ്ധി ??!
പിറ്റേന്നു രാവിലത്തെ കാപ്പികുടി കഴിഞ്ഞ് ഞങ്ങൾ കറുമ്പിയെ തപ്പി ഇറങ്ങി ..
കൊന്നു തന്നാൽ മതി .. വൃത്തിയാക്കി തരാമെന്ന് അടുത്ത വീട്ടിലെ അമ്മൂമ്മ ഏറ്റു ...
കറുമ്പി ചെറുനാരകത്തിന്റെ അടിയിൽ ഇരുന്നുറങ്ങുന്നു ... ഞങ്ങൾ രണ്ടു വശത്തു നിന്നും പമ്മി പമ്മി ചെന്നു ...
ഞങ്ങൾ അടുത്തെത്തിയപ്പോൾ പയ്യെ കണ്ണുതുറന്ന് ഞങ്ങളെ ഒന്ന് നോക്കി ... എന്നീട്ട്‌ 'പോ പിള്ളേരെ ശല്യപ്പെടുത്താതെ ' എന്നൊരു ഭാവത്തോടെ വീണ്ടും കണ്ണടച്ചു .. ഞങ്ങൾ ചാടി വീണു .. ഒരാൾ ചിറകിലും മറ്റേയാൾ കാലിലും പിടിത്തമിട്ടു .. കറുമ്പി രക്ഷപെടാൻ ഒരു വിഫല ശ്രമം നടത്തി ... രക്ഷയില്ലയെന്ന് മനസ്സിലായപ്പോൾ അനങ്ങാതെ ഇരുപ്പായി ..!
തൂക്കുകയർ റെഡിയായിരുന്നു ... പറമ്പിന്റെ ഒഴിഞ്ഞകോൺ ആയിരുന്നു കൊലപാതക സ്പോട് ... ഞങ്ങൾ കയർ കറുമ്പിയുടെ കഴുത്തിലിട്ടു... ഒന്നു മുറുക്കി ... കറുമ്പി മെല്ലെയൊന്നു പിടച്ചു .. എന്തോ ഒരു ശബ്ദമുണ്ടാക്കി ..!!
ഞങ്ങൾക്ക് രണ്ടുപേർക്കും എന്തോ ഒരു വിഷമം .. കഴിഞ്ഞ നാലഞ്ചു വർഷമായി ഞങ്ങൾ ദിനവും കാണുന്നതാണ് കറുമ്പിയെ ...!!
പക്ഷെ ചിക്കൻ കറി കൂട്ടണമല്ലോ ... ഞങ്ങൾ കറുമ്പി സെന്റിമെൻസ് തൽക്കാലം മാറ്റിവെച്ചു ..
കറുമ്പിയെ നോക്കാതെ രണ്ടുവശത്തോട്ടും തിരിഞ്ഞു നിന്ന് ഞങ്ങൾ കയർ ആഞ്ഞു വലിച്ചു..!!
കറുമ്പി ഒന്നുകൂടി പിടച്ചു ... പിന്നെ അനക്കം നിന്നു ... ഞങ്ങൾ ആശ്വാസത്തോടെ കയറിലെ പിടിവിട്ടു കറുമ്പിയെ തറയിൽ കിടത്തി ..
ഹാവൂ !! ആശ്വാസം ..!! അതനങ്ങുന്നില്ല..!!
ഞങ്ങൾ അമ്മയോട് കറുമ്പിയെ കൊന്ന വീരചരിതം പറയാൻ തുടങ്ങി ... അമ്മയുടെ മുഖത്ത് സങ്കടം .. ഞങ്ങളത് കണ്ടില്ലെന്നു നടിച്ചു.. വടക്കേലെ അമ്മൂമ്മേ തപ്പി പോയി !!
വടക്കേലെ അമ്മൂമ്മ കുറച്ചു കഴിഞ്ഞപ്പോൾ എത്തി .. അടുപ്പു കൂട്ടി വെള്ളം തിളപ്പിക്കാൻ വെച്ചു ... അമ്മ അമ്മൂമയോട് കറുമ്പിയെ ഞങ്ങൾ നിഗ്രഹിച്ചത്തിലുള്ള പരാതി ചറപറ പറഞ്ഞുകൊണ്ടിരുന്നു ... കറുമ്പി ഒരു പാവമായിരുന്നു എന്നൊക്കെ ഇടക്കിടക് പറയുന്നുണ്ട് ... സത്യത്തിൽ ഞങ്ങൾക്കും ഇച്ചിരി സങ്കടമൊക്കെ വരുന്നുണ്ടായിരുന്നു ...!!
വെള്ളം തിളച്ചപ്പോൾ അമ്മൂമ്മ കറുമ്പിയെ എടുക്കാൻ പോയി.. ഞങ്ങൾ വാലുപോലെ പിറകെയും ...
ഞങ്ങളൊന്ന് ഞെട്ടി!!!
" കറുമ്പിയെ കാണാനില്ല "...!!
എവിടെ പോയി ?? വല്ല നായും കൊണ്ടുപോയോ??
ഞങ്ങൾക്ക് സങ്കടം വരുന്നുണ്ടായിരുന്നു ..!!
വടക്കേലെ അമ്മൂമ്മ വിളിക്കുന്നത് കേട്ടാണ് ഞങ്ങൾ അവിടേക്ക്‌ ചെന്നത് ... അവിടെ കണ്ട കാഴ്ച ഞങ്ങളെ ഒരേസമയം ചിരിപ്പിക്കുകയും അല്പം ചമ്മിക്കുകയും ചെയ്തു
" കറുമ്പി കഴുത്തിൽ ടൈ യും കെട്ടി മിറ്റത്ത് ഉലാത്തുന്നു "!!!!!!!
( പിന്നെ കറുമ്പിയെ തൊടാൻ അമ്മ സമ്മതിച്ചില്ല.. ഞങ്ങൾക്കും അതിന് കഴിയില്ലായിരുന്നു ... !!)
വന്ദന

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo