Slider

സ്നേഹസ്പര്‍ശം #

0
സ്നേഹസ്പര്‍ശം #
ബാപ്പ പോയ പിന്നെ ബാപ്പക്കു വിളിച്ചു കളിയാക്കിയവന്റെ മൂക്കിനിട്ട് ഇടിക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്..
ആരും കാണാതെ ഞാൻ കണ്ണു മറച്ചു പിടിച്ചിട്ടുണ്ട്..
കൂടെ നടന്നതും ചൊല്ലി തന്നതും ഞാനെന്നും ഓർത്തു കിടക്കാറുണ്ട്..
തനിച്ചാക്കി പോയപ്പോൾ ഞാൻ ഒരു പാട് ശപിച്ചിട്ടുണ്ട് കാലത്തെ..
പിന്നെ ഞാൻ നടന്നു തുടങ്ങുകയായിരുന്നു ബാപ്പയുടെ പിറകെ..
ബാലേട്ടന്റെ വീടു പണി നടക്കുമ്പോൾ മണലിറക്കാൻ കൂടിയതിന് കയ്യിൽ കിട്ടിയ പൈസ കൊണ്ട് രാമേട്ടന്റെ ചായക്കടയിൽ കയറി പൊറോട്ടയും ബീഫും കഴിക്കാനാണ് ആദ്യം തോന്നിയത് ''
എന്നാൽ ആ പൈസ ഉമ്മയുടെ കയ്യിൽ വെച്ചു കൊടുത്തപ്പോൾ ഉമ്മ കരഞ്ഞു നിന്നതെന്തിനാണെന്ന് അന്നെനിക്ക് മനസ്സിലായില്ല..
റേഡിയോയിൽ 'വയലും വീടും' കേട്ടപ്പോൾ പൂതി കൊണ്ട് തൊടിയിൽ പാകിയ വെണ്ടയോടും പയറിനോടും മത്തനോടും മുള പൊട്ടാത്ത പരാതി പറഞ്ഞ് ഞാൻ കിണറീന്നു വെള്ളം കോരി നനക്കുമ്പോൾ
ഉമ്മ ഒരു സങ്കടത്തോടെ നോക്കി നിന്നതെന്തിനാണെന്നും മനസ്സിലായില്ല..
പിറ്റേദിവസവും ബാലേട്ടന്റെ വീടു പണിക്കു കൂടിയപ്പോൾ കയ്യിൽ കിട്ടിയ പൈസയും ഉമ്മയുടെ കയ്യിലേക്ക് വെച്ചു കൊടുത്തു ''
അന്നേരം ഉമ്മയെന്റെ നെറുകിൽ തലോടി അടുക്കളയിലേക്കോടി പോയി നിന്നത് എന്തിനാണെന്നെനിക്ക് മനസ്സിലായില്ല..
ആ പൈസ തിരികെ എന്റെ കയ്യിലേക്ക് വെച്ച് തന്ന് കൊണ്ട് കുറച്ചു പഞ്ചസാരയും ചായപ്പൊടിയും പച്ചക്കറിയും വാങ്ങി വരാൻ പറയുമ്പോൾ
ഞാൻ മൂസാക്കയുടെ പീടികയിലേക്ക് നടന്നത് ഇത്തിരി സന്തോഷത്തിലായിരിന്നു..
എന്റെ പൈസ കൊണ്ടാണ് വീട്ടു സാധനങ്ങളെല്ലാം ഇന്ന് വാങ്ങി വരുന്നതെന്ന്
വഴിയരികിൽ നിൽക്കുന്ന ചേമ്പിലയേയും മുക്കുറ്റിയേയും കാലു കൊണ്ട് തട്ടി ഞാൻ അറിയിച്ചിരുന്നു..
വീട്ടിലെ ചാരു കസേരയിൽ ഞാനിത്തിരി ഗമയോടെ ചാരി കിടന്നു വിയർത്തു നേടിയ പൈസ കയ്യിൽ കിട്ടിയതോർത്തപ്പോൾ എന്റെ ഉള്ളിൽ ഒരായിരം വട്ടം സന്തോഷം ചിറകടിച്ചെത്തിയ നിമിഷമായിരുന്നത്..
ചുറ്റുമൊരു നോട്ടം ഞാൻ നോക്കി മുറ്റത്ത് ചിക്കി ചിനക്കിയ പൂവ്വൻ കോഴിയേയും എത്താ കൊമ്പിലിരിന്ന് വെറുതെ കൂകി വിളിച്ച കുയിലിനേയും ഒരു ഗൃഹനാഥന്റെ മട്ടിൽ ഞാൻ നോക്കി കിടന്നു..
അനുവാദം കൂടാതെ അകത്തേക്ക് കടക്കാൻ നോക്കിയ ചൊക്ലി പട്ടിയെ ഞാൻ വിരട്ടി ഓടിച്ചു
അനുവാദം ചോദിക്കുന്ന പോലെ നിന്നു പരുങ്ങിയ കാടൻ പൂച്ചക്ക് കടന്നു വരാൻ ഞാൻ അനുവാദം കൊടുത്തു
വീടിന്റെ കാവൽക്കാരന്റെ ജോലി ഞാൻ സന്തോഷത്തോടെ ഏറ്റെടുത്തു തുടങ്ങി..
ഹാജിയാരുടെ വീട്ടിലെ മുറ്റമടിക്കലും അലക്കലും നിലം തുടക്കലുമെല്ലാം തീർത്തു വരുമ്പോൾ ഉമ്മയെനിക്ക് കഴിക്കാനുള്ള വല്ലതും കയ്യിൽ കരുതിയിട്ടുണ്ടാവും
അതെല്ലാം കഴിച്ചു തീർത്ത് ബാലേട്ടന്റെ വീട്ടിലേക്ക് ഓടാൻ നോക്കുമ്പോൾ
പാഠബുക്കെടുത്തെന്റെ കയ്യിൽ വെച്ചു തന്നുമ്മ പറഞ്ഞു '' പഠിക്കേണ്ട പ്രായത്തിൽ നീയങ്ങനെ കഷ്ടപ്പെടേണ്ട എങ്ങനെ എങ്കിലും പത്തിൽ ഒന്നു ജയിക്കാൻ നോക്കെന്ന്..
മനസ്സില്ലാ മനസ്സോടെ സ്കൂളിലേക്ക് നടക്കുമ്പോൾ വഴിയേറെ കൂടിയത് പോലെ എനിക്ക് തോന്നിയിട്ടുണ്ട്..
പത്തിലെ പഠിത്തവും കഴിഞ്ഞ് റിസൾട്ട് വരാനൊന്നും കാത്തു നിൽക്കാതെ അയലത്തെ ബാബുട്ടന്റെ കൂടെ കൽപടവിനു പോയി തുടങ്ങി..
കയ്യിൽ കിട്ടിയ പൈസയെല്ലാം ഉമ്മയുടെ കയ്യിലേക്ക് വെച്ചു കൊടുക്കുമ്പോൾ ഞാൻ കണ്ടിട്ടുണ്ട്
ഉമ്മ എന്റെ നെറുകിൽ തലോടി മനം നിറക്കണതും മാറി നിന്നു മിഴി തുടക്കുന്നതും..
ഉമ്മയുടെ കണ്ണുകൾ നിറയുമ്പോൾ സന്തോഷം കൊണ്ട് തന്നെ ആവുമെന്ന എന്റേതായ ഉത്തരം ഞാൻ മനസ്സിനു നൽകിയിരിന്നു..
ഉമ്മയോട് ഇനി പുറത്തെ വീട്ടു ജോലിക്കൊന്നും പോവേണ്ട എന്നും'' വീട്ടിൽ തന്നെ ഇരിക്കണമെന്നും പറയുമ്പോൾ ഉമ്മ മുഖം തിരിച്ചു പിടിച്ചു കണ്ണു നിറച്ചതും ഞാൻ കണ്ടിട്ടുണ്ട്..
പെരുന്നാളിന് ഞാനൊരു പുത്തൻ ഡ്രസ്സു വാങ്ങി ഉമ്മയുടെ കയ്യിൽ വെച്ചു കൊടുത്തപ്പോൾ
ഉമ്മ ഒന്നു മനസ്സ് നിറഞ്ഞു ചിരിച്ചു അന്നാണ് ഞാൻ ബാപ്പ പോയ പിന്നെ ഉമ്മ ഒന്ന് ചിരിച്ചു കണ്ടതും വീടുണർന്നു കണ്ടതും..
ഉമ്മയുടേതൊരു പ്രണയ വിവാഹമായിരുന്നുവെന്ന് എന്ന് ഞാൻ അറിഞ്ഞത് അയലത്തെ വീട്ടിലെ ജാന്വോച്ചി പറഞ്ഞപ്പോഴാണ്
എന്റെ ബാപ്പ ജോലി തേടി നാടു വിട്ടു പോയതാണെന്നും
പിന്നെ തിരിച്ചു വരുമ്പോൾ ഉമ്മയുടെ കയ്യും പിടിച്ചാണ് വീട്ടിലേക്ക് വന്നതെന്നും ഞാൻ അറിഞ്ഞിരുന്നു..
ഉമ്മ വീട്ടിൽ വന്നു കയറിയത് മുതൽ ഇന്നു വരെ ഉമ്മയുടെ വീട്ടിലേക്ക് പോയിട്ടില്ല '
അവിടുന്നാരും എന്റെ വീട്ടിലേക്ക് വന്നതും ഞാൻ കണ്ടിട്ടില്ല
ഞാൻ ഇന്നുവരെ ഉമ്മാന്റെ വീടു കാണണമെന്ന് പറഞ്ഞ് വാശിപിടിച്ചിട്ടില്ല.
കാരണം ബാപ്പ പറയുമായിരുന്നു ഉമ്മയോട്' 'നിന്റെ വീട്ടിലേക്ക് ഒരിക്കലും ഞാൻ വരില്ല എനിക്കത് ഇഷ്ടമേയല്ലെന്നും നിനക്ക് വേണേൽ പോയി വരാം എന്നും ''
അപ്പോൾ ഉമ്മ പറയുമായിരുന്നു നിങ്ങൾക്കു പ്രവേശനമില്ലാത്ത വീട്ടിലേക്ക് ഞാനും പോവില്ല എന്ന്..
അവിടെ നിന്ന് ഒരു ഔദാര്യവും സ്വീകരിക്കരുതെന്ന് ബാപ്പയുടെ വാക്കുകൾ മാത്രമല്ല ഒരു വാശിയും കൂടിയായിരുന്നു..
ബാപ്പ ഈ ലോകത്ത് നിന്ന് പോയിട്ടും ഉമ്മ ഇന്നേവരെ അങ്ങോട്ട് പോയിട്ടില്ല..
നാളുകൾ മാറി മറിയുമ്പോൾ പല പല ജോലികളിൽ ഞാൻ എത്തിപ്പെട്ടിരുന്നു പിന്നെ കിട്ടിയ മാർക്കിനു ഒരു പിയൂണായി ജോലി ചെയ്യുന്ന നാളുകളിൽ എന്റെ വീട്ടിലും കൊച്ചു കൊച്ചു സന്തോഷങ്ങളെത്തി തുടങ്ങി..
ഒരു ദിവസം ഉമ്മയോട് ചോദിച്ചു '' ഉമ്മയുടെ വീട് വരെ ഒന്ന് പോയി വന്നാലോ? എന്ന്..
ഉമ്മ എന്റെ മുഖത്തേക്ക് നോക്കി മിഴി നിറച്ചു നിന്നു
എനിക്കറിയാം ഉമ്മക്കവിടെ ഉള്ളവരെയൊക്കെ ഒന്ന് കാണണം എന്നിപ്പോൾ തോന്നുന്നുണ്ടെന്ന്
എങ്കിലും ബാപ്പയുടെ ഓർമ്മകളെത്തുമ്പോൾ ഉമ്മ വേണ്ടെന്നു പറയും..
എന്നാൽ ഇന്ന് ഞാൻ നിർബന്ധിച്ചു ഉമ്മ എങ്ങനെയോ ഒന്നു സമ്മതം മൂളി
ഞാൻ ഒരു വണ്ടി വിളിച്ചു..
ഉമ്മ വണ്ടിയിൽ കയറി പാടെ ഡ്രൈവറോട് സ്ഥലപ്പേര് പറഞ്ഞു കൊടുത്തു..
കേട്ടപ്പോൾ കുറേ ദൂരമുണ്ട് എന്ന് എനിക്ക് മനസ്സിലായി..
ഓരോ ചിന്തകളും ആധികളുമായി ഉമ്മ വണ്ടിയിലിരുന്നു നാലു പുറവും നോക്കി..
മൂന്നര മണിക്കൂർ യാത്ര കഴിഞ്ഞപ്പോൾ ഉമ്മ വണ്ടി നിർത്താൻ പറഞ്ഞു ഒരു ചെറിയ വഴിയിലേക്ക് വണ്ടി തിരിക്കാൻ പറയുമ്പോൾ ഉമ്മ നാല് പുറം നോക്കി ഒരു വെപ്രാളത്തോടെ പറഞ്ഞു സ്ഥലമാകെ മാറിപ്പോയി എന്ന്..
ഒരു വലിയ വീടിന്റെ മുമ്പിൽ വണ്ടി നിർത്തുമ്പോൾ ഉമ്മയുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു..
ആ വീടു കാണ്ടപ്പോൾ എനിക്ക് തോന്നി എങ്ങനെ കഴിയേണ്ടതാണ് എന്റുമ്മയെന്ന്..
ഉമ്മ ഇറങ്ങി ചെന്നാ ആ ഗെയ്റ്റു തുറക്കുമ്പോൾ
എന്റെ മനസ്സാകെ ഒരു പിടച്ചിൽ അതു കൊണ്ട് ഞാൻ ഉമ്മയോട് പറഞ്ഞു നമുക്ക് തിരിച്ചു പോവാം എന്ന്..
അതെന്താ നിനക്ക് ഇവിടുള്ളവരെ കാണണ്ടേ എന്ന് ഉമ്മ ചോദിച്ചു..
തേടി വന്നത് ഔദാര്യം പ്രതീക്ഷിച്ചാവുമെന്ന് അവർ കരുതിയാലോ,? എന്നെ വീണ്ടും പിറകോട്ട് പിടിച്ചു വലിച്ചു '' ഉമ്മയോട് ഞാൻ പറഞ്ഞു വേണ്ട പണ്ടും അവരെ കണ്ടിട്ടില്ല
ഇതു വരെ നമ്മെ തേടി വരാത്ത അവരെ നാം തേടി ചെല്ലുമ്പോൾ അവരെന്തു വിചാരിക്കും ''
ഉമ്മ പറഞ്ഞു '' ഞാൻ ഒന്നു കയറി ഉമ്മയെ കണ്ടിട്ട് ഓടി വരാം എന്ന് ..
ആ പടി ഉമ്മ ചവിട്ടുമ്പോൾ ഉമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു..
അപ്പോൾ ബാപ്പയെന്നോട് പറയുന്ന പോലെ തോന്നി ഉമ്മ പോയി വരട്ടെ എന്ന്..
ഉമ്മ ആ പടികൾ കയറി പോണതു കണ്ടപ്പോൾ എന്റെ കണ്ണുകൾ കലങ്ങി..
തിരികെ വരുമ്പോൾ കൂടെ കുറച്ചു മിഴികളെ ഞാൻ കണ്ടു
എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞിട്ടുണ്ട് എല്ലാവരിലും അതു വരെ കാണിക്കാൻ മറന്ന ഒരു സ്നേഹസ്പർശം ഞാൻ കണ്ടു..
ഉമ്മ അവരോട് യാത്ര പറഞ്ഞു വണ്ടിയിൽ വന്നു കയറുന്നതിനു മുമ്പ് എന്നെ ചൂണ്ടിക്കാട്ടി പറഞ്ഞു ഇതാ ഇതാണെന്റ മോൻ എന്ന്
അതു പറഞ്ഞെന്നെ ചേർത്തു പിടിക്കുമ്പോൾ ഉമ്മ ഇത്തിരി ധൈര്യം നേടിയത് പോലെ എനിക്ക് തോന്നി
നിറഞ്ഞ കണ്ണുമായി ഇതൊക്കെ കാണാൻ നിന്റെ ബാപ്പ ഇല്ലാതെ പോയല്ലോ എന്ന് പറഞ്ഞുമ്മ വണ്ടിയിലേക്ക് കയറി..
ഞാൻ അവരെയെല്ലാം ഒന്നു നോക്കി ഇത്രയും കാലം ഉമ്മയുടെ വീട്ടിലേക്ക് എന്നെങ്കിലും ഒന്നു പോണം എന്ന് കരുതിയിരുന്ന എന്റെ മനസ്സ് അവരെ കണ്ടപ്പോൾ ഒന്നു തുളുമ്പി എന്തൊക്കെയോ പറയണമെന്ന് തോന്നി വാക്കുകൾ കിട്ടാതെ നിറഞ്ഞ മിഴികളുമായി ഞാനും വണ്ടിയിലേക്ക് കയറി..
ആ നിമിഷം ചിരിച്ചു നില്‍ക്കുന്ന ബാപ്പയുടെ മുഖമെന്റെ മുന്നിൽ വന്നു നിൽക്കുന്ന പോലെ തോന്നി.
ഞാൻ ഉമ്മയെ നോക്കി ഉമ്മയും കണ്ടു കാണും അതാണ് ആ മിഴി അടച്ചു പിടിച്ചു ഇരിക്കുന്നത് എന്ന് തോന്നി..
സന്തോഷങ്ങളിലും മിഴി നിറച്ച് ഉമ്മ ബാപ്പയെ ഓർക്കണമെങ്കിൽ
ബാപ്പയുടെ വാക്കുകൾ മുറുകെ പിടിച്ചു സ്വന്തം വീട് പോലും ഉമ്മ ത്യജിച്ച് നിൽക്കണമെങ്കിൽ എന്റെ ബാപ്പ ഒരു സ്നേഹത്തിന്റെ സുൽത്താൻ തന്നെയായിരിക്കണം എന്ന് ഞാൻ ഉറപ്പിച്ചു..
എന്റെ ഉയർച്ചകൾ കാണുമ്പോൾ ഉമ്മ കണ്ണുകൾ നിറച്ചത് സന്തോഷം കൊണ്ട് മാത്രമായിരുന്നില്ല '' ഇതൊക്കെ കാണാൻ ബാപ്പ ഇല്ലാതെ പോയല്ലോ എന്നതോർത്താണെന്ന് എനിക്കും തോന്നി തുടങ്ങി..
ഉമ്മയുടെ കൈ പിടിച്ച് വീടിന്റെ പടി കയറുമ്പോൾ മനസ്സിന്റെ ചില്ലു കൂട്ടിലിരുന്നൊരു മുഖം എന്നെ നോക്കി അപ്പോഴും ചിരിക്കുന്നുണ്ടായിരിന്നു..
എ കെ സി അലി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo