♡♡~~~~ദൈവനിശ്ചയം~~~~♡♡
അങ്ങിനെ എന്റെ കുട്ടിക്കളീം തീർന്നു.. ! ഇഷ്ട്ടങ്ങളെന്താ.. സ്വപ്നങ്ങളെന്താന്ന് ആലോചിച്ചുറപ്പിക്കുന്നതിനും മുമ്പേ..! ആദ്യത്തെ പെണ്ണ് കാണലിൽ തന്നെ കാര്യം തീരുമാനം ആയിരിക്കണു.. ചെക്കൻ ആളു കൊള്ളാട്ടോ. എനിക്കിഷ്ട്ടാവൊക്കെ ചെയ്തു !
കഴിഞ്ഞയാഴ്ച ഒരു കൂട്ടുകാരീടെ കല്യാണത്തിനു പോയതാ ഞാൻ. അച്ഛനും അമ്മേം കൂടെ ഇല്ലാതിരുന്നോണ്ട് തുള്ളി ച്ചാടി കൂട്ടുകാരികൾക്കൊപ്പം ആഘോഷിക്കയായിരുന്നു. അപ്പോഴാ ഒരു അമ്മ വന്നു കൈയ്യിൽ പിടിച്ചത്.
പേരെന്താ.. വീടെവിടാന്നു ഒക്കെ ചോദിച്ചു പിന്നെ ചോദിക്കാത്ത വിവരങ്ങളില്ല. അതിനിടയിൽ എപ്പോഴോ മോനേയും കണ്ണു കാട്ടി വിളിച്ചുന്നു തോന്നണു. അയാളും വന്നു അടുത്തു നിന്നു. ഞാനാകെ ചമ്മി. എതായാലും ഒടുവിൽ അച്ഛന്റെ ഫോൺ നമ്പറും അഡ്രസ്സും ഒക്കെ കൊടുക്കേണ്ടി വന്നു.
അവരു അന്നു വൈകുന്നേരം തന്നെ അച്ഛനെ വിളിച്ചു. ജാതകോം നോക്കി മറ്റു സാഹചര്യങ്ങളും ഒക്കെ അറിഞ്ഞപ്പോ അച്ഛനാണെങ്കി ഇങ്ങോട്ട് വന്നോളാനും പറഞ്ഞു. അങ്ങിനെ അവർ ഇന്ന് ഇവിടെത്തി. എന്തു പെട്ടെന്നാ കാര്യങ്ങൾ നീങ്ങുന്നത് ! എതായാലും അച്ഛനും അമ്മക്കും അവരേം നല്ല ഇഷ്ട്ടം ആയിട്ടുണ്ട്.
അടുത്ത ആഴ്ച ഇനി ഇവിടുന്ന് അങ്ങോട്ട് പോവാൻ പോണു. അച്ഛൻ കുത്തിയിരുന്ന് ചെറിയച്ഛനേം മാമൻമാരേം ഒക്കെ വിളിക്കണുണ്ട്. ദൈവമേ.. എന്നാലും.. ! ബാലേട്ടൻ പറഞ്ഞ പോല തന്നായി കാര്യങ്ങൾ ! ആരും പ്രതീക്ഷിക്കാത്ത ഒരാൾ ആവും എന്നെ കെട്ടണതെന്ന് പണ്ട് വെറുതെ കൈ നോക്കീപ്പോ ബാലേട്ടൻ പറഞ്ഞതാ ! അയ്യോ.. മറന്നൂ.....
ബാലേട്ടന് ചോറെടുത്ത് കൊടുക്കാൻ വിട്ടു പോയി. ദേവുമ്മ അവിടില്ല ! എന്നെ കെട്ടാൻ പോകുന്ന ചെക്കനെ കാണണം എന്നുണ്ടായെങ്കിലും ബാലേട്ടന്റെ അമ്മക്ക് രാവിലെ തന്നെ ഒരു കല്യാണത്തിന് പോകേണ്ടി വന്നു.
"അമ്മേ... ഞാൻ ബാലേട്ടന് ചോറെടുത്ത് കൊടുത്തീട്ട് വരാട്ടോ..."
അമ്മ കേട്ടിട്ടുണ്ടാവും ല്ലേ..? ഞാൻ ഒന്നോടി ബ്രേക്കിട്ടു. തിരിച്ചോടി വീട്ടിലു വന്നു രാവിലെ ഉണ്ടാക്കിയ കുമ്പിളപ്പോം, വിരുന്നുകാരുക്ക് കൊടുക്കാൻ വാങ്ങിയ മസാല ബിസ്ക്കറ്റും എടുത്ത് പിന്നേം തിരിച്ചോടി. അധികം ഓടാൻ ഒന്നും ഇല്ലാട്ടോ. വിളിച്ചാൽ കേൾക്കണ ദൂരൊള്ളൂ.. ഒരു വലിയ പറമ്പിൽ രണ്ടു വീടുകൾ. ബാലേട്ടന്റെ ഒക്കെ തറവാടും പിന്നെ ഞങ്ങളു വാടകക്കു താമസിക്കണ അവരുടെ പഴയ ഔട്ട് ഹൗസും.
" ആഹാ.. രാജകുമാരനെ വല്യ ഇഷ്ട്ടായീന്ന് തോന്നണൂല്ലോ.! എന്താ തുള്ളി ചാട്ടം..!"
മുൻവശത്തെ വരാന്തേൽ തന്നെ ഉണ്ടായിരുന്നു ബാലേട്ടൻ !
"ഹൊയ്.. ഹൊയ്.. സിൽമാനടനാ മോനേ.. സിൽമാ നടൻ..! എനിക്ക് കൊരങ്ങനേ കിട്ടുള്ളൂന്നല്ലേ പറഞ്ഞിരുന്നത് ! കൊതിച്ചോട്ടാ... ഡിങ്കരി ഡിങ്കാ..."
ഒരു പൊട്ടിച്ചിരി ആയിരുന്നു മറുപടി. കൊണ്ടു വന്ന പലഹാര പാത്രം ബാലേട്ടന്റെ കയ്യിൽ കൊടുത്ത് ഞാൻ അടുക്കളയിലേക്ക് പോയി. ദെവുമ്മ നല്ല അവിയലും ഉള്ളിത്തീയലും ഉണ്ടാക്കി വെച്ചിട്ടുണ്ട്. എന്നാലും പപ്പടം കൂടി വറുത്താലോ.?
"ബാലേട്ടാ.. പപ്പടം വറുക്കണോ..?"
"വേണ്ട ഡാ.. തൈര് ഉണ്ടെങ്കിൽ എടുത്തോളൂ.. "
കുറേ ഇഞ്ചിയും, കാന്താരി മുളകും, ചെറിയ ഉള്ളിയും ചതച്ചിട്ട് ഉപ്പും കൂട്ടി ഇങ്ങിനെ ഇളക്കിയെടുത്താൽ പിന്നെ ബാലേട്ടന്, വേറൊന്നും വേണ്ട ! എല്ലാം പാത്രങ്ങളിലാക്കി ഇറയത്തേക്ക് വരുമ്പോ ഒരു കുമ്പിളപ്പത്തിന്റെ പുറം തിന്നിട്ട് ഉള്ളിലെ ശർക്കരേം തേങ്ങയുമൊക്കെ എനിക്കായി മാറ്റി വെച്ചിരിക്കുന്നു. എന്റെ ഇഷ്ട്ടങ്ങളും ഏറ്റവും നന്നായി അറിയുന്ന ഒരാൾ.!
അച്ഛനു ജോലിയിൽ സ്ഥലം മാറ്റം കിട്ടി ഈ വാടക വീട്ടിലേക്കെത്തുമ്പോൾ ഏഴിലായിരുന്നു ഞാൻ. ബാലേട്ടൻ അന്നേ പഠിപ്പൊക്കെ കഴിഞ്ഞ് ജോലിക്ക് അപേക്ഷകൾ അയച്ചിരിക്കയായിരുന്നു. കാലുകൾക്ക് ചലനശേഷിയില്ലാതെ വീൽ ചെയറിൽ !
ആദ്യമൊക്കെ അത്ഭുതവും പേടിയുമായിരുന്നു. പിന്നെ അയൽപക്കത്തെ ഒരു കൂട്ടുകാരിയോടൊപ്പം ട്യൂഷന് ഇരുന്നപ്പോൾ ബഹുമാനവും ആയി. ഒരു കൂടപ്പിറപ്പില്ലാത്തതിന്റെ പ്രത്യേകിച്ച് ഒരു ചേട്ടനില്ലാത്തതിന്റെ സങ്കടമാണ് മാറിയത്. ക്ളാസ് വിട്ട് ആദ്യം ഓടിയെത്തുന്നത് ഇങ്ങോട്ടേക്കായി. വിശേഷങ്ങൾ പറയാൻ.. പൊട്ടിച്ചിരിക്കാൻ.. സങ്കടം പറയാൻ എല്ലാത്തിനും ഒരു ഏട്ടൻ. എങ്ങോട്ടും പോവാനാവാതെ ഇരിക്കുന്ന ബാലേട്ടനും ഒരു ആശ്വാസായിട്ടുണ്ടാവണം.
പിന്നെ ബാലേട്ടന് ജോലി കിട്ടി. ശമ്പളം കിട്ടുമ്പോഴൊക്കെ എന്തെങ്കിലും വാങ്ങി കൊണ്ടു വരാതിരിക്കില്ല. ആദ്യായിട്ട് സാരി വാങ്ങി തന്നതു പോലും ഏട്ടനാണ്. കൂടെ പിറക്കാതെ പോയ ഏട്ടൻ ! ശ്ശോ.. ഇനീപ്പോ ഇവരെയൊക്കെ വിട്ടിട്ട് പോണല്ലോന്ന് ഓർക്കുമ്പോ !
"എന്താടീ കാന്താരീ.. കണ്ണ് നിറഞ്ഞിരിക്കണേ ?"
യ്യോ.. അതെപ്പോ ! ചോറുണ്ണുന്നതിനിടയിൽ ബാലേട്ടൻ ചോദിച്ചപ്പോൾ കണ്ണു തുടച്ച് ഞാൻ അറിയാത്ത ഭാവത്തിലിരുന്നു.
"ഇവിടുന്ന് പോവാൻ സങ്കടോണ്ടോ ഡാ നിനക്ക് ?
"അയ്യോഡ ! ഞാനെന്തിനാ സങ്കടപ്പെടണേ ? നിങ്ങളല്ലേ സങ്കടപ്പെടേണ്ടത് ?"
ചിരിച്ചുകൊണ്ടാണ് പറഞ്ഞതെങ്കിലും ഞാൻ പെട്ടെന്ന് അടുക്കളയിലേക്ക് പോന്നു. എന്തിനാണാവോ വെറുതെ ഈ കണ്ണുകൾ നിറയണത് ! ചെന്നു കേറുന്ന വീട്ടിലും കിട്ടാതിരിക്കോ ഇവർ നൽകുന്ന പോലത്തെ സ്നേഹവും വാത്സല്യവും.?
"വാവേ.. പാത്രം എടുത്തു വെച്ചോളുട്ടാ....'
ബാലേട്ടന്റെ വിളി കേട്ട് പെട്ടെന്ന് ഞെട്ടിയ പോലെ തോന്നി. ചെറുപ്പം മുതൽ വീട്ടിൽ വിളിക്കുന്ന പേരാണു വാവ !.. ഒരു നെടുവീർപ്പോടെ അപ്പുറത്ത് പോയി പാത്രങ്ങൾ എടുത്തു കൊണ്ടു വന്നു. ബാലേട്ടൻ ഇടക്കെന്തോ ചോദിച്ചത് കേട്ടില്ല. പാത്രങ്ങൾ കഴുകി വെച്ച് വാതിൽ അടച്ച് മിണ്ടാതെ വീട്ടിലേക്ക് നടന്നു.
"ഇതെന്താ ഈ പെണ്ണ് സ്വപ്നത്തിലു നടക്കണ പോലെ..? "
അമ്മയുടെ ചോദ്യവും കേട്ടില്ലാന്നു വച്ചു. എന്തോ.. മനസ്സിനാകെയൊരു സങ്കടം പോലെ !
ദേവുമ്മക്ക് ഒന്നു വയ്യാതായാൽ ബാലേട്ടൻ പിന്നെ എന്താ ചെയ്യാ ? എത്ര വർഷങ്ങളായി ഓരോ കല്യാണങ്ങളു നോക്കുന്നു ! ഇതുവരെ ഒന്നും ശരിയായിട്ടില്ല. ഒരു പെൺകുട്ടി ഇനി വന്നാലും ബാലേട്ടനേം വയ്യാതായി തുടങ്ങിയ ദേവുമ്മേനേം ശരിക്ക് നോക്കാവോ ?
വൈകുന്നേരായപ്പോ ദേവുമ്മ വന്നൂന്ന് തോന്നണു. ഞാൻ പോയില്ല അങ്ങോട്ട്. സാധാരണ ഇടക്കിടെ ഓടുന്നതാണ്. എന്തോ ഇന്ന് മനസ്സിന് ഒരു സുഖവുമില്ല.
" ഈ പെണ്ണിനിതെന്താ പറ്റീത് ? കാവിലു വിളക്ക് വെക്കാനും കൂടി പോണില്ലേ?"
" വല്ലോര്ടേം കാവിലു നമ്മളെന്തിനാ വിളക്ക് വെക്കണത് ? എനിക്കിനി വയ്യ! "
ബാലേട്ടന്റെ ഒക്കെ കാവാണത്. കുറെ വർഷങ്ങളായിട്ട് മിക്കവാറും താൻ തന്നെയാണ് വിളക്ക് കൊളുത്തുന്നതും. ഇനിം എത്ര നാൾ ഞാൻ കൊളുത്തും ? പിന്നെന്തിനാ ! എനിക്കു പിന്നേം സങ്കടോം ദേഷ്യോം വന്നു.
വൈകുന്നേരം അച്ഛൻ വന്ന് നെറ്റിയിൽ കൈവച്ച് എന്റെ വാവക്ക് എന്താ പറ്റീത് എന്നു ചോദിക്കുമ്പോഴും കിടപ്പു തന്നെയായിരുന്നു. അത്താഴം കഴിച്ചെന്നു വരുത്തി പിന്നേയും കിടന്നു. എന്നിട്ട് രാത്രി അല്പമെങ്കിലും ഉറങ്ങിയോ താൻ ? അറിയില്ല..!
എന്തായാലും രാവിലെ തന്നെ എഴുന്നേറ്റ് അടുക്കളയിലെ സ്ളാബിൽ പോയിരുന്നു.
"ദൈവമേ.. ഇന്നിടി വെട്ടി മഴ പെയ്യും ! രാവിലെ തന്നെ എണീറ്റു വന്നിരിക്കണുണ്ടല്ലോ ?"
ഞാൻ മിണ്ടാതിരുന്നതു കൊണ്ടാവണം അമ്മ അടുത്ത ചോദ്യമിട്ടത്.!
" ഇതിനു എന്തു പറ്റിയാവോ..?"
കാലാട്ടൽ നിറുത്തി ഒരു കുറ്റവാളിയേ പ്പോലെ താഴേക്ക് നോക്കി ഞാൻ പറഞ്ഞു.
"എന്നെ ബാലേട്ടൻ കല്യാണം കഴിച്ചാ മതി !"
പുട്ടുകുത്തിക്കൊണ്ടിരുന്ന അമ്മ പെട്ടെന്ന് അവിശ്വസനീയതയോടെ തിരിഞ്ഞു നോക്കി ഒരു നിമിഷം നിന്നു.
"പെണ്ണേ... അധികം തമാശ പറഞ്ഞാൽ ഈ കുറ്റി വച്ചു ഞാൻ നല്ല തല്ലു തരൂട്ടോ.."
" ഞാൻ തമാശയൊന്നുല്ല പറഞ്ഞേ.. ശരിക്കന്യയാ.. "
ഞാനറിയാതെ അടർന്നുവീണ കണ്ണീർ കണ്ട് അമ്മ ഇനിയെന്തു പറയണമെന്ന ഭാവവുമായി നിന്നു.
" ആരും കേൾക്കണ്ട ഈ മണ്ടത്തരം..?
അമ്മ അങ്ങിനേം കൂടി പറഞ്ഞപ്പോ എനിക്ക് ഒന്നൂടെ സങ്കടായി.. അവിടുന്ന് ചാടിയിറങ്ങി തലകുമ്പിട്ട് ഞാൻ ദേവുമ്മേടെ അടുത്തേക്ക് നടന്നു. പണ്ടേയുള്ള ശീലമാ ! വീട്ടിലു ചീത്ത പറഞ്ഞാൽ, ഒന്നു പിണങ്ങിയാൽ ഞാൻ അങ്ങോട്ടോടും. കുറെ നേരം അവിടിരിക്കും. അമ്മ കുറേ വിളിച്ചാലേ ഞാൻ തിരികെ വരാറുള്ളൂ.
ഇന്നും എന്റെ വരവു കണ്ടു ദേവുമ്മക്ക് മനസ്സിലായിക്കാണണം.
പുറത്ത് നിന്ന് എന്തോ എടുത്ത് അകത്തേക്ക് കയറുകയായിരുന്ന ആൾ അതവിടെ ഇട്ട് എന്നെ ചേർത്തു പിടിച്ചു.
പുറത്ത് നിന്ന് എന്തോ എടുത്ത് അകത്തേക്ക് കയറുകയായിരുന്ന ആൾ അതവിടെ ഇട്ട് എന്നെ ചേർത്തു പിടിച്ചു.
" എന്തേ എന്റെ കുട്ടിക്ക്..? എന്തേ പറ്റീത് വാവേ..? ഉം..?"
വിതുമ്പി നിന്നിരുന്ന എനിക്ക് പിന്നെ അടക്കാൻ പറ്റിയില്ല. പെട്ടെന്നങ്ങു തേങ്ങിക്കരച്ചിലായിപ്പോയി. ഒരു പകപ്പോടെ ചേർത്തു പിടിച്ചിരിക്കുന്ന എന്നേയും എന്നെ തന്നെ നോക്കി നില്ക്കുകയായിരുന്ന അമ്മയേയും മാറി മാറി നോക്കി. തലയിൽ അമർത്തി തഴുകി പിന്നേയും ചോദിച്ചു.
"എന്താഡാ... ഉം..? പറയ്.. വാവേ..!"
എന്റെ തേങ്ങൽ ഒന്നൂടെ ശക്തിയിലായി. ഇടക്ക് ഒന്നു ശ്വാസമെടുത്ത് ഞാൻ പറഞ്ഞു
" എന്നെ ബാലേട്ടൻ കല്യണം കഴിച്ചാ മതി !"
ദേവുമ്മേം ഒന്നു ഞെട്ടീന്നു തോന്നുന്നു. ഒന്നും മിണ്ടാതെ കുറച്ചു നേരം നിന്നിട്ട് ചോദിച്ചു.
"നിങ്ങളു തമ്മിലു വല്ലോം..?"
"ഇല്ല്യ ദേവുമ്മേ... അതോണ്ടുന്നുല്ലാ.. നിക്ക് വയ്യാ എല്ലാരേം വിട്ട് പോവാൻ.."
ദേവുമ്മേം ഇടക്ക് കണ്ണു തുടക്കുന്നുണ്ടായിരുന്നു.
" നീ വന്നാൽ അത് എന്റെ ഏറ്റവും വലിയ ഭാഗ്യം തന്നെയാ.. എന്നാലും വേണ്ട കുട്ടിയേ. പിന്നൊരിക്കൽ എന്റെ മോൾക്ക് സങ്കടാവും..!
പിന്നെയും എന്തൊക്കെയോ പറഞ്ഞ് ദേവുമ്മ എന്നെ വിലക്കാൻ നോക്കി കൊണ്ടിരുന്നു. എന്റെ കരച്ചിൽ ഉച്ചത്തിലായെന്നു മാത്രം.
" ഞാൻ ആലോച്ചിച്ചുറപ്പിച്ചതാ ദേവുമ്മേ.. എനിക്ക് ബാലേട്ടന്റെ കൂടെ തന്നെ ജീവിച്ചാ മതി!"
എന്റെ കണ്ണുനീർ തുടച്ച്, എന്നെ ഒന്നു നോക്കി നെടുവീർപ്പിട്ടു ദേവുമ്മ.
"ബാലാ.. ഒന്നിത്രടം വരേ വരൂ.."
പടികളില്ലാത്ത മുറികളിലൂടെ വിൽ ചെയറുമുരുട്ടി ബാലേട്ടൻ അടുക്കള വാതിലിലേക്കെത്തി.
"ഡാ.. ഇവളെ ഞാനെന്റെ മരുമോളാക്കാൻ പൂവ്വാ..നീയെന്താ പറയണേ.?"
ഒന്നും മനസ്സിലാക്കാതെ ഒന്നു നോക്കി അല്പം ദേഷ്യത്തോടെ ബാലേട്ടൻ പറഞ്ഞു.
"അമ്മെന്താ കാലത്തന്നെ വട്ടു പറയാ..? അവൾക്ക് എല്ലാ കൊണ്ടും നല്ല ബന്ധാ ഇന്നലെ വന്നിരിക്കണത്. "
കരച്ചിലിനിടയിൽ മുഖമൊന്നുയർത്തി ഞാൻ.
"നിക്ക് ബാലേട്ടന്റെ ഒപ്പം ഇവിടെ കഴിഞ്ഞാ മതി..! വേറെങ്ങടും പോകണ്ടാ.i"
എന്റെ കരച്ചിൽ ഒന്നൂടെ ഉച്ചത്തിലായതുകൊണ്ടാവും എന്റെ മറുപടി കേട്ടിട്ട് പിന്നെ ബാലേട്ടൻ ഒന്നും പറയാതിരുന്നത്.
" അവൻ സമ്മയ്ക്കും കുട്ടിയേ.. വാ.. നമുക്കച്ഛനോട് ചോയ്ക്കാം.. "
എന്നേയും ചേർത്തു പിടിച്ച് ദേവുമ്മ വീട്ടിലേക്ക് നടന്നു. അച്ചനോടു അമ്മ പറഞ്ഞുന്ന് തോന്നണു. രണ്ടാളും മുറ്റത്തേക്കിറങ്ങി നില്ക്കുന്നുണ്ട്.
" രാധാഷ്ണാ... ഇവളെ ഇനി എന്റെ മോളായിട്ട് തരണം നിങ്ങള് ! ഞാൻ പൊന്നുപോലെ നോക്കിക്കോളാം എന്റെ കുട്ടീനെ..!"
പരസ്പരം ഒന്നു നോക്കി അച്ഛനുമമ്മയും നിന്നു.
"അതിപ്പോ...... "
"ഒന്നും പറയിണ്ടിനി.... ഇതാവും ദൈവ നിശ്ചയം ! "
അതെ.. അതേ നടക്കൂ.. പിന്നേം കുറച്ചു ദിവസത്തെ ചർച്ചകൾക്കും കരച്ചിലുകൾക്കുമൊടുവിൽ വാവ ബാലേട്ടന്റെതു തന്നെയായി. നമ്മൾ ആഗ്രഹിക്കുന്നതാവില്ലല്ലോ ദൈവം ആഗ്രഹിക്കുന്നത്.
മറ്റൊരു ദൈവനിശ്ചയം കഴിഞ്ഞയാഴ്ച നടന്നു. ബാലേട്ടന്റേം വാവേടേം മൂത്ത മകളുടെ കല്യാണം ! പിന്നെ..... വെറും കഥയല്ലിത്.. നടന്ന കാര്യം.! ഒരു സുഹൃത്ത് പറഞ്ഞറിഞ്ഞത് !
സ്നേഹത്തോടെ അഷ്റഫ് ♡

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക