Slider

ജീവിതമെന്ന പളുങ്കുപാത്രം

0
ജീവിതമെന്ന പളുങ്കുപാത്രം
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
വീട് വൃത്തിയാക്കുന്നതിനിടെ മാറാല തൂത്തുകൊണ്ടിരിക്കുമ്പോഴാണ് പുറകിലുടെ രണ്ടുകൈകൾ തന്നെ ചേർത്തുപിടിച്ചത്.
അരക്കെട്ടിൽ മുറുകിയ കൈകളിൽനിന്നും കുതറിമാറാൻ ശ്രമിച്ചെങ്കിലും അത് വിഫലമായി.... ഒരു കൈകൊണ്ട് തന്നെ ചേർത്തുപിടിച്ച് അഴിഞ്ഞുവീണ മുടിയിഴകൾ മറുകൈകൊണ്ട് വകഞ്ഞുമാറ്റി പിൻകഴുത്തിൽ ഇളംചൂടുള്ള ചുണ്ടുകളമർന്നപ്പോൾ അറിയാതെ കണ്ണുകൾ പാതിയടഞ്ഞു. എതിർപ്പിന്റെ ശക്തി കുറയുന്നതറിഞ്ഞു... എങ്കിലും പരിഭവം കലർന്ന സ്വരത്തിൽ പറഞ്ഞു... ശ്ശോ...
എന്താ ഈ കാണിക്കുന്നേ... ആകെ വിയർത്തിരിക്കുകയാണ്. ഒന്ന് മാറി നിൽക്കൂന്നേ.....
അവളുടെ ശക്തിയില്ലാത്തെതിർപ്പിനു മറുപടിയെന്നോണം ചെവിയിൽ മനുവിന്റെ പതിഞ്ഞ ശബ്ദം കേട്ടു. എന്തിന് മാറി നിൽക്കണം... എനിക്ക് നിന്റെ വിയർപ്പിന്റെ ഗന്ധവും പ്രിയപ്പെട്ടതാണ് മോളേ... നീ ഉപയോഗിക്കുന്ന ഏത് പെർഫ്യൂമിനേക്കാളും...
മനസ്സിലൊരു കുളിർമഴ പെയ്തൊരനുഭവമായതെങ്കിലും പരിഭവം കലർത്തിയൊരു കള്ളച്ചിരിയോടെ പറഞ്ഞു... വർഷങ്ങൾ കഴിഞ്ഞു പോയതറിയുന്നില്ലേ... എന്നിട്ടാണ് ഇപ്പോഴും ഒരു റൊമാന്റിക് ... അതിനു മറുപടിയെന്നോണം തന്നെ അഭിമുഖമായി ചേർത്തുനിർത്തി കവിളിൽ ചുണ്ടുകൾ ചേർത്തുകൊണ്ടദ്ദേഹം പതിയെ പറഞ്ഞു.... എത്ര വർഷം കഴിഞ്ഞാലും നമ്മുടെ പ്രണയത്തിനൊരു മങ്ങലുമേൽക്കാൻ പോകുന്നില്ല മോളു... കാരണം നീ മാത്രമാണെന്റെ ലോകം....
അപ്പോഴാ കണ്ണുകളിലെ സ്നേഹവും, പ്രണയവും താൻ തിരിച്ചറിഞ്ഞു... നിറഞ്ഞ മനസ്സോടെ അദ്ദേഹത്തെ ചേർത്തുപിടിച്ച് നെറ്റിയിൽ ചുംബിച്ചതും മമ്മാ എന്ന വിളിയോടെ മോളോടി മുറിയിലേക്കു വന്നു...
പെട്ടെന്ന് രണ്ടുപേരും ഞെട്ടി പുറകോട്ടു മാറിയെങ്കിലും നിഷ്കളങ്കമായവൾ ചോദിച്ചു.. എന്താ മമ്മാ....പപ്പയുടെ നെറ്റിയിലെന്താ പറ്റിയത്?
വാൽസല്യപൂർവ്വം മോളെ നോക്കിക്കൊണ്ട് പറഞ്ഞു.. ഒന്നുമില്ല മോളു... മമ്മ പപ്പക്ക് പനിയുണ്ടോന്ന് നോക്കിയതാണ്...
എന്നാൽ എനിക്കും പനിയുണ്ടോന്ന് നോക്കണം.ആ കിളികൊഞ്ചൽ കേട്ട് ചിരിയോടെ കൈകളിലവളെ കോരിയെടുത്ത് കുഞ്ഞിളം ചുണ്ടിലും, കവിളിലും, നെറ്റിയിലുമെല്ലാം മാറി മാറി മുത്തം കൊടുത്തു.മോളേയും കൂട്ടി പുറത്തേക്കുപോരുന്നതിനിടയിൽ വെറുതെയൊന്നു തിരിഞ്ഞു നോക്കി....
നിരാശ നിറഞ്ഞ മനുവിന്റെ മുഖഭാവം കണ്ട് അറിയാതെ ചിരിച്ചു പോയി...
ജോലികൾ തീർത്ത് മോളെ കുളിപ്പിച്ച് ഭക്ഷണം കൊടുത്തുറക്കി.... കുളിക്കുവാനായി ഡ്രസ്സുമെടുത്ത് പോകുന്നതിനിടയിലാണ് മഴ പെയ്യുന്ന ശബ്ദംകേട്ടത്... അയ്യോ.. മനുവേട്ടാ ഒന്നു വരാമോ...ടെറസ്സിലിട്ട തുണിമുഴുവൻ
നനയും.. ഒന്നു സഹായിക്കു.. മുകളിലേക്കോടിക്കയറി തുണികൾ പെറുക്കുന്നതിനിടയിൽ മനുവേട്ടനും അങ്ങോട്ടു വന്നു... മഴ ശക്തിയായ് പെയ്തു തുടങ്ങിയിരുന്നു...ഒന്നുവേഗമാകട്ടെ മനുവേട്ടാ.. ഇല്ലെങ്കിൽ എല്ലാം നനഞ്ഞു പോകും... പ്രതികരണമില്ലാതായപ്പോൾ തിരിഞ്ഞു നോക്കിയതും താനദ്ദേഹത്തിന്റെ കൈകളിലകപ്പെട്ടതും ഒരുമിച്ചായിരുന്നു... മനുവേട്ടാ...എന്തായിത്?
ആ ചോദ്യത്തിനു മറുപടിയെന്നോണം തന്നെയാ ശരീരത്തോട് ചേർത്തുനിർത്തി തന്റെ നെറ്റിയിലൂടെ ഒഴുകിയിറങ്ങി ചുണ്ടുകളിലേക്കെത്തിയ മഴത്തുള്ളികളെ അദ്ദേഹത്തിന്റെ ചുണ്ടുകൾ കൊണ്ടൊപ്പിയെടുത്തു... അപ്പോഴേക്കും മഴയവരുടെ ശരീരമാകെ ആവരണം ചെയ്തു കഴിഞ്ഞിരുന്നു... കൈയിലിരുന്ന തുണികൾ താഴെ വീഴുന്നതും,അറിയാതെതന്നെ തന്റെ കൈകൾ അദ്ദേഹത്തെ വരിഞ്ഞുമുറുക്കുന്നതുമറിഞ്ഞു... ആ മഴയില വരലിഞ്ഞു ചേർന്നു...
ആ മനുവേട്ടനാണിപ്പോൾ തന്നോടിങ്ങനെ അകൽച്ച കാണിക്കുന്നത്... എന്നും എപ്പോഴും നീയാണെനിക്ക് പ്രിയപ്പെട്ടവൾ എന്ന് പറഞ്ഞിട്ട്? ഈ അവഗണന സഹിക്കാൻ കഴിയുന്നില്ല മനുവേട്ടാ.... നിറഞ്ഞുവന്ന കണ്ണുകൾ അമർത്തിത്തുടച്ചുവെങ്കിലും കണ്ണുനീർ തടുക്കുവാനാകുന്നില്ല...തലയിണയിൽ മുഖമമർത്തിക്കിടന്ന് നെഞ്ചു പൊട്ടുന്ന വേദന കടിച്ചമർത്തി....
ശക്തമായ വയറുവേദനക്കും, പരിശോധനകൾക്കുമൊടുവിൽ ഡോക്ടറുടെ അഭിപ്രായംകേട്ട തനിക്ക് ലോകം
കീഴ്മേൽ മറിയുന്നതുപോലെ തോന്നി.. യൂട്രസിൽ ഫൈബ്രോയിഡ് ആണ്....
ചെറുപ്പമല്ലേ....പിന്നീടൊരു പ്രശ്നം
വരാതിരിക്കാൻ യൂട്രസ് റിമൂവ് ചെയ്യുന്നതാണ് നല്ലത്....
തന്റെ മുഖഭാവം കണ്ടിട്ടാകാം പുഞ്ചിരിയോടെ ഡോക്ടർ തുടർന്നു... ഇക്കാലത്ത് ഇതെല്ലാം സ്വാഭാവികമാണ് കുട്ടീ. പേടിക്കാനൊന്നുമില്ല.. തനിക്ക്മറ്റു ശാരീരിക ബുദ്ധിമുട്ടുകൾ ഒന്നുമില്ല... ഒരു കുഞ്ഞുണ്ടല്ലോ.. അത് തന്നെ ആശ്വാസമല്ലേ... കുഞ്ഞുങ്ങൾ ഇല്ലാത്ത എത്രയോ പേരുണ്ട്?ഓവറി നീക്കം ചെയ്യാത്തതിനാൽ ഹോർമോൺ ചെയിഞ്ചിനെകുറിച്ച് പേടിക്കേണ്ടതുമില്ല...
നിങ്ങളുടെ ദാമ്പത്യത്തെത്തയത് ബാധിക്കുകയില്ല... ഇതിനെല്ലാമുള്ള കൗൺസിലിംങ്ങ് നിങ്ങൾക്കു ലഭിക്കും.. സമാധാനമായിരിക്കൂ....
ഓപ്പറേഷനു വേണ്ടി ഒരാഴ്ചക്കു ശേഷമുള്ള ഡേറ്റ് ഡോക്ടർ തീരുമാനിച്ചു...
തിരിച്ചുപോരുമ്പോൾ താനാകെ തളർന്നിരുന്നു
''സാരമില്ലടോ... താനെന്തിനാ ഇങ്ങനെ വിഷമിക്കുന്നത്.. ഒരു കുഴപ്പവുമില്ലെന്ന് ഡോക്ടർ പറഞ്ഞതു കേട്ടില്ലെ? ഞാനുണ്ടെടോ കൂടെ..തന്നെ ചേർത്തു നിർത്തി നിറഞ്ഞുവന്ന കണ്ണുനീർ അദ്ദേഹത്തിന്റെ നെഞ്ചിലേറ്റുവാങ്ങി തന്റെ മുടിയിഴകളിൽ പതിയെ തലോടിക്കൊണ്ടദ്ദേഹം ആശ്വസിപ്പിച്ചു....
വിവരമറിഞ്ഞ് ബന്ധുക്കളും, സുഹൃത്തുക്കളുമെത്തി.. പലരുടെയും ഉപദേശങ്ങൾ, സ്വാന്തനങ്ങൾ..അവരുടെ സഹതാപമായിരുന്നു തന്നെ ഏറെ തളർത്തിയത്... പലരും പറഞ്ഞു.. ഇത്ര ചെറുപ്പത്തിലെ മോൾക്ക് ഇങ്ങനെയൊരസുഖം വന്നല്ലോ? പല അഭിപ്രായങ്ങൾ.ഇനിയെന്ത് ജീവിതം? കഴിയുന്നതും ഓപ്പറേഷൻ ഒഴിവാക്കുന്നതാണ് നല്ലത്.., ഇല്ലെങ്കിൽ ഭർത്താവിന് പഴയ സ്നേഹമൊന്നും കാണില്ല.. പല കുടുംബജീവിതങ്ങളും ഇതുപോലെ തകർന്നിട്ടുണ്ടെന്നും അവർ സാക്ഷ്യപ്പെടുത്തി.. കൂടെ കുറച്ച് കഥകളും..
ശാരീരികവും, മാനസികവുമായ മാറ്റം സ്ത്രീകളേയും ബാധിക്കുമെന്നതിനാൽ മനു വഴിതെറ്റി പോകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന ഉപദേശവും... ഇതെല്ലാം തനിക്കു നൽകുന്ന വേദനയെന്തെന്ന് പോലുമവർ ചിന്തിക്കുന്നില്ല.. അതെത്രമാത്രം തന്നെ തകർത്തുവെന്നും.... എന്നിട്ട് അവസാനം ഒരു വാചകവും.. മോൾക്കിതെല്ലാം വിഷമമാകുമെന്നറിയാം.. എന്നാലും എല്ലാം നേരിടാൻ ഒരു മുൻകരുതൽ വേണമല്ലോ..?
ഡോക്ടർ പറഞ്ഞതാണോ ഇവർ പറയുന്നതാണോ ശരിയെന്നറിയാതെ കുഴങ്ങി... അനുഭവങ്ങളായിരിക്കില്ലെ ശരി.. ഡോക്ടർമാർ എപ്പോഴും ആശ്വാസവാക്കുകളല്ലെ പറയു.. എല്ലാം ഓർത്ത് ഭ്രാന്തു പിടിക്കുന്ന പോലെ തോന്നി. മനു നഷ്ടപ്പെടുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും തനിക്കാവില്ലായിരുന്നു.
വീട്ടിലെ സഹായങ്ങൾക്കായി അമ്മ വന്നത് ഒരാശ്വാസമായി തോന്നി..എങ്കിലും ഓരോദിവസം കഴിയുംതോറും മനസ്സാകെ തളർന്നു. ക്ഷീണം ബാധിച്ച തന്നെ നോക്കി മനു പറഞ്ഞു..തനിക്കിതെന്തു പറ്റി? പഴയ കാലമൊന്നുമല്ല.. ആധുനിക സൗകര്യങ്ങളുള്ള
ഈ കാലത്ത് ഇതെല്ലാം ഒരു ചെറിയ കാര്യമാടോ...എന്തുകൊണ്ടോ തന്റെ മനസ്സിലെ സംശയങ്ങളും,വിങ്ങലും അദ്ദേഹവുമായി പങ്കുവയ്ക്കാൻ തോന്നിയില്ല.
ഓപ്പറേഷനുശേഷം തിരിച്ചുപോരുന്നതിനു മുൻപായി ഡോക്ടർ കാര്യങ്ങൾ വിശദീകരിച്ചു... തൽക്കാലം അധികം ജോലികൾ ചെയ്യരുത്. ഭാരം എടുത്തുയർത്തുകയാ മറ്റോ ചെയ്യാൻ ശ്രമിക്കേണ്ട. കുറച്ചു ദിവസം കഴിഞ്ഞ് ചെറിയ ജോലികൾ ചെയ്യാം.മൂന്നുമാസം ശ്രദ്ധിച്ചതിനുശേഷം നിങ്ങൾക്കൊരുമിച്ചുള്ള ജീവിതം തുടരാം...
എന്നാൽ തിരിച്ചുവന്നശേഷമുള്ള മനുവിന്റെ അകൽച്ച തന്നെ ഏറെ വേദനിപ്പിച്ചു.. വീട്ടിലെത്തിയാലും മൊബൈലുമായാണ് ചങ്ങാത്തം... താൻ കിടക്കുന്ന മുറിയുടെ അടുത്തുവന്ന് അമ്മയോട് വിശേഷങ്ങൾ ചോദിച്ച് തിരിച്ചുപോകും....
പ്രസവം കഴിഞ്ഞവരെപോലെ ശരീരം ശ്രദ്ധിക്കണം, ആയുർവേദ മരുന്നുകൾ കഴിച്ച് റെസ്റ്റും എടുക്കണം എന്നു പറഞ്ഞ് അമ്മ മനുവേട്ടനെ കൊണ്ട് മരുന്നുകൾ വാങ്ങിച്ച് തയ്യാറാക്കി തന്നു.. ഏത് സമയവും അമ്മ തന്റെ കാര്യങ്ങൾ ശ്രദ്ധിച്ച് കൂടെ നിന്നു....
മനുവേട്ടന്റെയീ അകൽച്ചകണ്ട് താനുറപ്പിച്ചു.. ആളുകൾ പറഞ്ഞതാണ് ശരി.. മനുവേട്ടനിനി ഒരിക്കലും പഴയപോലെ തന്നെ സ്നേഹിക്കാനാവില്ല.വിങ്ങുന്ന മനസ്സിനെ നിയന്ത്രിക്കാൻ കഴിയാതെ തലയിണയിൽ മുഖമമർത്തി ശബ്ദം പുറത്തുവരാതിരിക്കാൻ ശ്രമിച്ചു... ദിവസങ്ങൾ കഴിയുംതോറും തനിക്കത് കൂടുതൽ ബോധ്യമായി.മനു തന്നിൽ നിന്നകന്നു പോയിരിക്കുന്നു... ഒരിക്കലും തിരിച്ചു വരാൻ കഴിയാത്തവിധം..ആളുകൾ പറഞ്ഞത് സത്യമാണെന്ന് ബോധ്യമായിത്തുടങ്ങി....ഇതാണോ സ്നേഹം?ഇതാണോ ദാമ്പത്യം? മനുവേട്ടനെന്തെങ്കിലും സംഭവിച്ചാൽ താനവിടെ നിന്നു മാറുമോ? ഒന്നും വേണ്ട.. അടുത്തുവന്ന് എന്തെങ്കിലുമൊന്ന് സംസാരിക്കുകയോ, മുടിയിലൊന്ന് തലോടുകയോ ചെയ്താൽ തനിക്കതുമാത്രം മതിയല്ലോ?
ദിവസങ്ങൾ മാസങ്ങൾക്കു വഴിമാറി... ഒരു ദിവസം രാവിലെ മനു ഓഫീസിലേക്ക് പോകാൻനേരം അമ്മ പറഞ്ഞു... മോനെ അമ്മയിന്ന് പോകും കേട്ടോ.. ഡോക്ടർ പറഞ്ഞ റെസ്റ്റെല്ലാം കഴിഞ്ഞു.... ഇനിയവൾക്ക് ജോലികളെല്ലാം ചെയ്യാം.. അമ്മക്കിന്നു തന്നെ eപാകണോ എന്ന മനുവിന്റെ ചോദ്യത്തിനെ തടഞ്ഞുകൊണ്ടമ്മ പറഞ്ഞു.. എത്ര നാളായ് വീടുവിട്ടു പോന്നിട്ട്. അവിടെയും കാര്യങ്ങളെല്ലാം താറുമാറായിട്ടുണ്ടാകും..പോകണം..എങ്കിൽ അമ്മയുടെ ഇഷ്ടം. എന്നും പറഞ്ഞ് മനു ഇറങ്ങി...
അമ്മകൂടി പോയതോടെ ആകെ ഒറ്റപ്പെട്ട പ്രതീതി.. ഇന്നേക്കുള്ള ജോലികളെല്ലാം അമ്മ തീർത്തു വച്ചിരുന്നു. ഉറങ്ങിക്കിടക്കുന്ന മോളുടെയരികിലിരുന്ന് അവളുടെ മുടിയിഴകൾ മാടി വച്ച് നെറ്റിലൊരു ഉമ്മ നൽകി തിരിച്ച് കിച്ചണിലേക്കു നടന്നു.. മനസ്സാകെ മരവിച്ച പോലെ.. തനിക്കൊരു കുഴപ്പവുമില്ലെന്ന് ഡോക്ടർ പറഞ്ഞിട്ടും മനുവേട്ടൻ തന്നോട് കാണിക്കുന്ന ഈ അകൽച്ച സഹിക്കാൻ കഴിയുന്നില്ല.. ഇനിയൊരിക്കലും മനുവേട്ടൻ പഴയ പോലെ തന്നെ സ്നേഹിക്കില്ലെ? നിറഞ്ഞു വന്ന കണ്ണുകൾ തുടച്ച് മനുവേട്ടനുള്ള ചായ ഉണ്ടാക്കുന്നതിനുവേണ്ടി പാൽ എടുത്ത് പാത്രത്തിലേക്ക് പകർത്തുമ്പോൾ പിൻകഴുത്തിൽ ഒരിളംചൂടു പോലെ തോന്നി.. ഞെട്ടിത്തിരിഞ്ഞതും മുൻപിൽ പുഞ്ചിരിയോടെ മനുവേട്ടൻ...
കുസൃതി നിറഞ്ഞ ആ കണ്ണുകളിൽ പഴയ സ്നേഹം.. എന്തുകൊണ്ടോ കണ്ണുകൾ വീണ്ടും നിറഞ്ഞുവന്നു...'എന്താ മോളേയിത്
എന്നു പറഞ്ഞു കൊണ്ട് തന്റെ അരക്കെട്ടിൽ കൈചുറ്റി നെഞ്ചിലേക്കു ചേർത്തു നിർത്തിയതും തടഞ്ഞുനിർത്തിയ സങ്കടം അണപൊട്ടിയൊഴുകി...എങ്കിലും മനുവേട്ടൻ ഇത്രയും ദിവസം എന്നെയകറ്റി നിർത്തിയില്ലെ? എന്നോട് മിണ്ടാതെ എന്നെ പരിഗണിക്കാതെ...ഇതുപോലെയെല്ലാം പെരുമാറാൻ മനുവേട്ടന് സാധിച്ചല്ലോ?ഞാനെത്ര വിഷമിച്ചുവെന്നറിയാമോ? പരിഭവം പറഞ്ഞു വിതുമ്പുന്ന ചുണ്ടുകളുടെ മാധുര്യം കവർന്നെടുത്തു കൊണ്ടവനവളുടെ കാതിൽ പറഞ്ഞു... എന്തിനാണീ പരിഭവം? ഈ പനിനീർ പൂവല്ലാതെ മറ്റാരാണെനിക്കുള്ളത്? ഡോക്ടർ പറഞ്ഞത് നീയും കേട്ടതല്ലേ മുത്തേ.?എപ്പോഴും അമ്മയുടെ ഒരു ശ്രദ്ധ നമുക്കു നേരെ ഉണ്ടായിരുന്നു മോളെ... പിന്നെ ഞാനെങ്ങനെ റൊമാന്റിക്കാകും?അമ്മയുടെ മുൻപിൽ ഞാനൊരു ജന്റിൽമാനല്ലെടി മണ്ടൂസേ...
അന്നുവരെ താനനുഭവിച്ച എല്ലാ വേദനകളും, പരിഭവങ്ങളും ഒരു നിമിഷംകൊണ്ട്
അലിഞ്ഞില്ലാതാകുന്നതറിഞ്ഞു.... അദ്ദേഹത്തെ ഇറുകെ പുണർന്നതും അയാളവളെ ഇരുകൈകൾ കൊണ്ടും കോരിയെടുത്തു മുറിയിലേക്കു നടന്നു... പ്രണയാനുഭൂതിയിലവരൊന്നായ് അലിഞ്ഞു ചേർന്നു... ഒരു മുന്തിരിവള്ളിപോലെ അവനിലേക്കവൾ പടർന്നുകയറി.... ആർത്ത ലക്കും തിരമാലകൾക്കൊടുവിൽ ശാന്തമായ തിരപോലെ അവന്റെ നെഞ്ചിൽ തലചായ്ച്ച് തളർന്നു മയങ്ങുമ്പോൾ അവളുടെ ചിന്തകൾ പതിയെ ചിറകുവിടർത്തി... ഇല്ല തനിക്കും മനുവിനുമിടയിൽ യാതൊന്നും സംഭവിച്ചിട്ടില്ല... തങ്ങളുടെ പ്രണയത്തിന് മുൻപത്തേക്കാൾ ആവേശവും,മാധുര്യവും വർധിച്ചിരിക്കുന്നു...
മറ്റുള്ളവരുടെ വിലയിരുത്തലുകളും,
ഉപദേശവും സഹതാപവും മറ്റും തങ്ങളുടെ ജീവിതത്തെ കശക്കിയെറിയുമായിരുന്നു.... ഇത്തരക്കാരുടെ മനസ്സു തകർക്കുന്ന വാക്കുകൾ എത്ര ജീവിതങ്ങൾ തകർത്തു കാണും?അല്ലെങ്കിലും ഭൂരിഭാഗം പ്രശ്നങ്ങളും നമ്മൾ മനസ്സിൽ സ്വയം നെയ്തെടുക്കുന്നതല്ലെ? പലതും സ്വയം ചിന്തിച്ച് തീരുമാനിക്കുന്നു. അതിനനുസരിച്ചുള്ള പ്രവർത്തികൾ ബന്ധങ്ങൾ താറുമാറാക്കുകയും ചെയ്യുന്നു... ഇതുപോലുള്ള ഘട്ടങ്ങളിൽ തനിക്കെന്തോ സംഭവിച്ചു കഴിഞ്ഞെന്നും അതോടെ ജീവിതം നഷ്ടപ്പെട്ടുവെന്ന ചിന്തയുമായിരിക്കാം പലരുടെയും സന്തോഷകരമായ ജീവിതം തകർക്കുന്നത്. പല ഭർത്താക്കൻമാരിലും ഇത്തരം ചിന്തകൾ നിറയുന്നതോടെ ദാമ്പത്യം നശിക്കുന്നു എന്നതാണ് വാസ്തവം.
മറ്റുള്ളവരുടെ വാക്കുകൾക്ക് ചെവിയോർക്കാതെ ഡോക്ടർമാരുടെ അറിവിനെ ഉപയോഗിക്കാൻ ശ്രമിക്കാത്തതാണ് തന്നെ പോലുള്ളവർക്ക് പറ്റുന്ന ബുദ്ധിമോശം...കഴിഞ്ഞ ദിവസങ്ങളിൽ താനനുഭവിച്ച വേദനകളെല്ലാം ഒരു നെടുനിശ്വാസമായി പുറത്തേക്കൊഴുകവെ.... മനസ്സിൽ നിറഞ്ഞുവന്ന പ്രണയത്താടെ അവളവന്റെ മുടിയിഴകൾ മാടിയൊതുക്കി നെറ്റിയിലെ ഉപ്പുകലർന്ന വിയർപ്പുതുള്ളികൾ തന്റെ തുടുത്ത ചുണ്ടുകളിലേക്കേറ്റുവാങ്ങി..
(ഈ വിഷയം തിരഞ്ഞെടുത്തത് ഇത്തരം ദുരന്തം ഏറ്റുവാങ്ങേണ്ടിവന്ന കുറച്ച് അനുഭവങ്ങളുടെ വെളിച്ചത്തിൽ നിന്ന്)
(Raziya Maju)
,,,,,,,,,,,,,,,,,,,,,,,,,,'
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo