Slider

അപ്രതീക്ഷിത പെണ്ണുകാണൽ - ഭാഗം - 5

0
അപ്രതീക്ഷിത പെണ്ണുകാണൽ - ഭാഗം - 5
-----------------------------------------------------------------
അന്നത്തോടെ ഞാൻ കോളേജിലെ സ്റ്റാർ ആയി മാറി. അത്രക്കും ധൈര്യം അവിടെ ആരും കാണിച്ചിട്ടില്ല. വല്യ സംഭവം ഒക്കെ ആയി മാറിയെങ്കിലും പറ്റിയത് അബദ്ധമാണെന്ന് പിന്നീടാണ് മനസ്സിലായത്. എന്നെ പറഞ്ഞു വിട്ട ചേട്ടന്മാർ നാലു പാടും ഓടി. പന്തികേട് മണത്തെങ്കിലും തിരിഞ്ഞു നോക്കാതെ ഞാൻ ക്ലാസ്സിലേക്ക് നടന്നു. ക്ലാസ് കഴിഞ്ഞു പോകാൻ നേരം ആ ചേട്ടന്മാരെ വീണ്ടും കണ്ടപ്പോളാണ് പറ്റിയ മണ്ടത്തരം എന്താണെന്ന് മനസ്സിലായത്. കോളേജിൽ പുതുതായി ജോയിൻ ചെയ്ത ഗസ്റ്റ് ലെക്ചററോടാണ് ചെന്ന് ഐ ലവ് യു പറഞ്ഞത്. നാളെ തന്നെ ടിസി തന്നു വിടും എന്നെനിക്ക് ഏകദേശം ഉറപ്പായി.
ചെന്ന ദിവസം തന്നെ പൊളിച്ചടുക്കിയ കഥ പപ്പയോട് പറയാൻ ധൈര്യം കിട്ടിയില്ല. ക്ലാസ്സിൽ പോകണോ എന്ന് സംശയിച്ചെങ്കിലും പോകാൻ തന്നെ തീരുമാനിച്ചു. ഇന്നലത്തേക്കാൾ ശബ്ദത്തിൽ ഹൃദയം മിടിക്കുന്നുണ്ടായിരുന്നു. അരുടേം മുഖത്ത് നോക്കാതെ നേരെ ക്ലാസ്സിലേക്ക് വിട്ടു. ഉച്ച വരെ ഒന്നും സംഭവിച്ചില്ല. ലഞ്ച് ബ്രേക്കിന് ചുമ്മാ പുറത്തിറങ്ങി.
സൗമ്യാ...
പിന്നിൽ നിന്നൊരു വിളി. തിരിഞ്ഞു നോക്കിയ ഞാൻ ഓടാണോ വേണ്ടയോ എന്നാലോചിച്ചു. ഇന്നലത്തെ കക്ഷി ആണ് മുമ്പിൽ. ഇന്നലത്തെ അതേ ശാന്തതയോടെ, പുഞ്ചിരിയോടെ എന്റെ അടുത്ത് വന്നു.
ഇന്നലത്തേതിനു മറുപടി വേണ്ടേ?
സർ... ഇന്നലെ ഞാൻ...
എനിക്ക് മനസ്സിലായി. റാഗിങ് ആയിരുന്നല്ലേ... സാരല്യ.
ശ്വാസം നേരെ വീണതിപ്പോളാ. പേടിച്ചു പേടിച്ചാ ഞാൻ ഇന്ന് ക്ലാസ്സിൽ വന്നത്. ആശ്വാസായി. സർ ഇത് കാര്യമായിട്ട് എടുത്തില്ലലോ. സമാധാനായി.
ഹും... ഞാനായതുകൊണ്ട് കുഴപ്പമില്ല. വേറെ ആരും അറിയണ്ട.
ഒരു വളിച്ച ചിരി ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.
പിന്നീടങ്ങോട്ട് സാറിന്റെ സ്ഥിരം നോട്ടപ്പുള്ളിയായി ഞാൻ. നല്ലൊരു ഫ്രണ്ട് ഷിപ്പും ഞങ്ങൾക്കിടയിലുണ്ടായി.
*************************
പപ്പയുടെ ഉച്ചത്തിലുള്ള സംസാരം കെട്ടിട്ടാണ് ഓർമ്മകളിൽ നിന്നുണർന്നത്. എന്താ സംഭവം എന്നറിയാൻ തല അങ്ങോട്ടേക്ക് നീട്ടി. ഭയങ്കര സന്തോഷത്തിലാണ് സംസാരം. എന്താണെന്ന് വ്യക്തമാകുന്നതിന് മുൻപേ പപ്പ എന്നെ കണ്ടു. നേരെ വന്നെന്നെ ചേർത്ത് പിടിച്ചു. വാത്സല്യത്തോടെ എന്റെ നെറുകയിൽ തലോടി.
അവരാ വിളിച്ചെ. കല്യാണത്തിന് സമ്മതമാണെന്ന്. എല്ലാം എന്റെ കുട്ടിടെ ഭാഗ്യാ...
ഒരു നടുക്കം എന്റെ ഉള്ളിലുണ്ടായി. ദീപുവേട്ടൻ... കേട്ടത് വിശ്വസിക്കാനാവാതെ അങ്ങനെ തന്നെ നിന്നു പോയി. ഒന്ന് ചിരിച്ചതല്ലാതെ ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. പപ്പയുടേം അമ്മേടേം സന്തോഷത്തിന് അതിരില്ലെന്നു തോന്നി.
പഠിപ്പിച്ചിരുന്ന അധ്യാപകനെ സാർ എന്നത് മാറ്റി വിളിക്കാൻ മാത്രമുള്ള അടുപ്പം ഞങ്ങൾക്കിടയിലുണ്ടായിരുന്നു. എപ്പോഴോ ഒരു തമാശക്ക് ദീപക് സർ എന്ന വിളിക്ക് പകരം ദീപുവേട്ടാ എന്ന് വിളിച്ചതാണ്. അത് മൂപ്പർക്ക് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ആ വിളി തുടങ്ങിയത്. അത്രക്കും ഒരു സൗഹൃദം ഞങ്ങൾക്കിടയിൽ ഉടലെടുത്തിരുന്നു.
പക്ഷെ, ഒരു ദിവസം എല്ലാത്തിനും തിരശ്ശീല വീണു. ഒരു കോളേജ് ഡേ ഫങ്ഷനിടക്ക് എന്നെപ്പറ്റി ആരോ പറഞ്ഞ കമന്റിന് ദീപുവേട്ടൻ പ്രതികരിച്ചത് മുതലാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. വെറും തമാശയായി കാണേണ്ടതേ ഉണ്ടായിരുന്നുള്ളു. പക്ഷെ, വല്ലാത്ത രോഷത്തോടെയും അധികാരത്തോടെയും ഉള്ള ദീപുവേട്ടന്റെ പ്രതികരണം കോളേജിൽ ചർച്ചയായി. തെറ്റ് അവരുടെ ഭാഗത്താണെങ്കിലും ഒരു വാർത്തയാകാൻ അത് ധാരാളം മതിയായിരുന്നു. ഒളിഞ്ഞും തെളിഞ്ഞും ഉള്ള കളിയാക്കലുകൾ സഹിക്കാതെ വന്നപ്പോൾ ഞാൻ ചോദിച്ചു.
എന്തിനായിരുന്നു അത്രേം ദേഷ്യപ്പെട്ടത്?
പിന്നെ... അവര് പറയണത് കേട്ട് മിണ്ടാതെ നിൽക്കണോ?
ഇതിപ്പോ പിള്ളേര് എന്തൊക്കെയാ പറയണേ എന്ന് വല്ല പിടിയുമുണ്ടോ?
ആകെ നാണക്കേടായി.
ഇത്രക്ക് നാണം കെടാൻ എന്താ?
ദേഷ്യത്തിൽ ഞാൻ നോക്കി.
ദീപുവേട്ടൻ ഒന്നും കേട്ടില്ലേ? നമ്മൾ തമ്മിൽ ഇഷ്ടത്തിലാണെന്നാ സംസാരം.
അത് സത്യമല്ലേ?
ഞാനൊന്ന് ഞെട്ടി. വല്ലായ്മയോടെ ഞാൻ നോക്കി. ഒരു ഭാവഭേദവുമില്ലാതെ അദ്ദേഹം തുടർന്നു.
നീ എങ്ങനെ ആണെന്നെനിക്കറിയില്ല. പക്ഷെ എന്റെ കാര്യം അങ്ങനെ അല്ല. എനിക്ക് നിന്നെ ഇഷ്ടമാണ്. സീരിയസ് ആയി തന്നെ പറയുകയാണ്. കോഴ്സ് കഴിഞ്ഞു വീട്ടിൽ വന്നു പ്രൊപോസ് ചെയ്യാം എന്നാണ് കരുതിയത്. നേരത്തെ നീ അറിഞ്ഞത് നന്നായി.
കുറച്ച് നേരത്തേക്ക് ഒന്നും മിണ്ടാനായില്ലെനിക്ക്. എന്റെ മൗനം കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കും എന്ന തോന്നൽ എനിക്കുണ്ടായി.
ഇതൊക്കെ ഒറ്റക്കങ്ങു തീരുമാനിച്ചാൽ മതിയോ?
കണ്ണ് മിഴിച്ചു ദീപുവേട്ടൻ എന്നെ നോക്കി.
നാണമില്ലേ ഇങ്ങനൊക്കെ പറയാൻ. ഒരു വിദ്യാർത്ഥിയെ കേറി പ്രേമിക്കുന്നു പോലും. ശ്ശേ..
രോഷം തിളച്ച് നിന്നത് കൊണ്ട് പറഞ്ഞതെന്തൊക്കെയെന്നു എനിക്ക് തന്നെ ഓർമ്മയില്ല. അത്രക്കും ഞാൻ ചൂടായി. വല്ലാതാവുന്ന ദീപുവേട്ടന്റെ മുഖം എന്റെ സംസാരത്തിന്റെ നീളം കൂട്ടി. ഒടുവിൽ സഹിക്ക വയ്യാതെ അദ്ദേഹം പ്രതികരിച്ചു.
നിന്നെ ഇഷ്ടപ്പെട്ടത് നിന്റെ സ്മാർട്ട്നെസ്സ് കണ്ടിട്ടാ. അല്ലാതെ സൗന്ദര്യം കണ്ടിട്ടല്ല. നീ ഇത്രക്കും നികൃഷ്ടയാണെന്നു ഞാനറിഞ്ഞില്ല. ഇത്രക്കും ദുഷിപ്പാണ് നിന്റെ ഉള്ളിലെങ്കിൽ പറഞ്ഞതത്രയും ഞാൻ തിരിച്ചെടുത്തു. നമ്മൾ തമ്മിൽ ഇനി ഒരു ബന്ധവും വേണ്ട. എല്ലാം ഇവിടം കൊണ്ടവസാനിപ്പിക്കാം.
അതെ. അങ്ങനെ മതി. മേലിൽ നമ്മൾ തമ്മിൽ ഒരു ബന്ധവും വേണ്ട. ഫ്രണ്ട്ഷിപ് പോലും.
(തുടരും)

Samini
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo