Slider

അപ്രതീക്ഷിത പെണ്ണുകാണൽ - ഭാഗം - 4

0
അപ്രതീക്ഷിത പെണ്ണുകാണൽ - ഭാഗം - 4
-----------------------------------------------------------------
മോളേ... വല്യച്ഛന്റെ വിളി ചിന്തകളിൽ നിന്നുണർത്തി. ദൈവമേ... ഒരിക്കൽ കൂടി വിളിച്ചുകൊണ്ട് നമ്രശിരസ്കയായി അതിലേറെ വിനീതയായി ഞാൻ ചെന്നു. എല്ലാരേം ഒന്ന് പാളി നോക്കി. വീണ്ടും മുഖം കുനിച്ചു പുഞ്ചിരിയോടെ നിന്നു. പെട്ടെന്നാണ് ഞാനത് ശ്രദ്ധിച്ചത്. ആ മുഖം... അതേവിടെയോ... സംശയത്തോടെ ഞാൻ ഒന്ന് കൂടി മുഖമുയർത്തി. ഞാനൊന്നു ഞെട്ടി. അതെ... അതേ ആൾ തന്നെ. ഭഗവാനേ... ഇയാൾ... ഞെട്ടലിൽ പുറത്തേക്ക് തള്ളിയ കണ്ണുകൾ പിൻവലിക്കാൻ പോലും മറന്ന് ഞാൻ അങ്ങനെ തന്നെ നിന്നു. എന്നെ തന്നെ ഉറ്റു നോക്കികൊണ്ടിരിക്കുകയാണ് അയാൾ.
മോൾടെ പേരെന്താ? സ്ത്രീജനങ്ങൾക്കിടയിൽ നിന്നുള്ള ചോദ്യം കേട്ട് ഏതോ ലോകത്തിൽ നിന്നെന്ന പോലെ ഞാൻ ഉണർന്നു. തൊണ്ട വരണ്ടു വെള്ളം വറ്റി നിൽക്കുകയാണ്, ഒരക്ഷരം ഉരിയാടാനാവുന്നില്ല. പരിഭ്രമം കൊണ്ട് ഞാനാകെ വിയർക്കാൻ തുടങ്ങി.
സൗമ്യ... ഒരു രക്ഷകനെ പോലെ ഏട്ടൻ രംഗ പ്രവേശം ചെയ്തു. ആശ്വാസത്തിൽ ഞാനൊന്ന് ഉച്ഛ്വസിച്ചു. പക്ഷെ ആ ആശ്വാസത്തിന് അധികം ആയുസ്സില്ലെന്നു ഞാൻ തിരിച്ചറിഞ്ഞു. അടുത്ത ചോദ്യം വേറേതോ ഭാഗത്ത് നിന്ന് വന്നു. തപ്പി പിടിച്ചു എന്തൊക്കെയോ മറുപടി പറഞ്ഞു ഞാൻ. ആദ്യത്തെ പെണ്ണുകാണലിന്റെ വ്യഗ്രത ആണെന്ന് എല്ലാരും കരുതി. ഒരിക്കൽ കൂടി ആ മുഖത്തേക്ക് നോക്കാൻ എനിക്ക് ധൈര്യം കിട്ടിയില്ല.
ഇനി അവരെന്തെങ്കിലും സംസാരിച്ചോട്ടെ. കൂട്ടത്തിൽ ആരുടെയോ ഡയലോഗ് കേട്ട് ഞാൻ ആകെ വിറച്ചു. നാക്കൊട്ടിയ പോലെ നിന്നതല്ലാതെ എനിക്കൊന്നിനും സാധിച്ചില്ല.
എനിക്കൊന്നും സംസാരിക്കാനില്ല.
വർഷങ്ങൾക്കിപ്പുറം ആ ശബ്ദം കേട്ടപ്പോ മനസ്സ് എന്തൊക്കെയോ ഓർത്ത് പോയി. ദീപുവേട്ടൻ. ധൈര്യം സംഭരിച്ച് ഒരിക്കൽ കൂടി ഞാൻ മുഖമുയർത്തി നോക്കി. ജ്വലിക്കുന്ന കണ്ണുകളോടെ എന്നെ തന്നെ നോക്കുകയാണ്.
അധികം സമയം എനിക്ക് അവിടെ നിൽക്കേണ്ടി വന്നില്ല. വീർപ്പടക്കി പിടിച്ചിരുന്ന ഞാൻ മുറിയിലെത്തിയിട്ടാണ് ശ്വാസം വിട്ടത്. അവരും അധികം വൈകാതെ മടങ്ങിപ്പോയി.
പെണ്ണുകാണലിന്റെ കഥകൾ പറഞ്ഞു എല്ലാരും ചിരിയോട് ചിരി. എന്നെ കളിയാക്കാൻ ഒരവസരം കിട്ടിയത് ആരും വെറുതെ കളഞ്ഞില്ല. ആരെയും കുറ്റം പറയാൻ പറ്റില്ല. കിട്ടിയ അവസരങ്ങളൊന്നും ഞാനും പാഴാക്കിയിട്ടില്ല. തിരിച്ചടികൾ കിട്ടി തുടങ്ങി എന്നെനിക്ക് മനസ്സിലായി. പെണ്ണുകാണലിന്റെ ഇടക്ക് എന്റെ വിക്കലുകൾ അവർക്ക് കളിയാക്കി ചിരിക്കാനുള്ള കാരണങ്ങൾ ആയി. പക്ഷെ സത്യത്തിൽ സംഭവിച്ചതെന്താണെന്ന് എനിക്കും ദീപുവേട്ടനും മാത്രം അറിയാം. കല്യാണം ഉറപ്പിച്ച മട്ടിലാ എല്ലാരുടേം സന്തോഷം. നടക്കാൻ സാധ്യത ഇല്ലാത്ത ഒന്നാണ് ഈ കല്യാണം എന്നെനിക്ക് തോന്നി. പഴയതൊന്നും അത്രപെട്ടെന്നയാൾ മറക്കാനിടയില്ല. ഞാനും...
******************************
പണ്ടേ ഞാനൊരു വായാടിയാണ്. എഞ്ചിനീയറിംഗ് കോളേജിൽ അഡ്മിഷൻ കിട്ടിയപ്പോ റാഗിങ് എന്ന് പറഞ്ഞു എല്ലാരും ഭയപ്പെടുത്താൻ നോക്കിയപ്പോളും ഞാൻ കുലുങ്ങിയില്ല. ഉള്ളിലില്ലെങ്കിലും പുറമെ ഞാൻ ഭയങ്കര ധൈര്യശാലിയാ. അതുകൊണ്ടുതന്നെ ഫസ്റ്റ് ഡേ കോളേജിൽ പോകുംമ്പോൾ ഹൃദയം നാസിക് ഡോളിനേക്കാൾ ഉച്ചത്തിൽ മിടിക്കുന്നുണ്ടായിരുന്നു. പക്ഷെ അഭിനയത്തിൽ ഞാൻ ഓസ്കാർ മേടിക്കും എന്നുള്ളതുകൊണ്ട് തുടക്കത്തിൽ തന്നെ സീനിയർ ചേട്ടന്മാർ പൊക്കി. പാട്ടുപാടലും കഥപറച്ചിലും പോലുള്ള സ്ഥിരം കലാപരിപാടികളിലൊക്കെ ഞാൻ പിടിച്ചു നിന്നു. അതോടെ അവർക്ക് വാശിയായി. ഒരു മുട്ടൻ പണിയാണ് പിന്നെ അവർ തന്നത്. അങ്ങകലെ ഒരാളെ ചൂണ്ടികൊണ്ട് എന്നോട് പറഞ്ഞു
നീ ആ ഇരിക്കുന്ന ചേട്ടന്റെ അടുത്തേക്ക് ചെന്ന് ഐ ലവ് യു എന്ന് പറഞ്ഞിട്ട് വാ.
എന്റെ കിളി പോയി. അത്ര നേരം പിടിച്ച് വച്ച കമ്പ്ലീറ്റ് ധൈര്യം ചോർന്നു പോയി. വേണോ എന്ന ഭാവത്തിൽ നിന്നെങ്കിലും രക്ഷയുണ്ടായില്ല. പറന്നു പോയ കിളിയെ തിരിച്ച് വിളിക്കാൻ പോലും സമയം കിട്ടിയില്ല. ഇത്ര നേരം കാണിച്ച ബിൽഡ്അപ്പ് പോകാൻ പാടില്ലലോ. ഈശ്വരനെ ദയനീയമായി വിളിച്ചുകൊണ്ട് ഞാൻ നടന്നു. വിറക്കുന്ന കാലുകൾ ഇടറി വീഴാതിരിക്കാൻ വേഗത്തിൽ നടന്നു. അടുത്തെത്തിയപ്പോൾ ആകപ്പാടെ വിറക്കാൻ തുടങ്ങി. ബോധം കെട്ടു വീഴുമോ എന്ന് ഞാൻ വല്ലാതെ ഭയന്നു.
പക്ഷെ എന്റെ സാമീപ്യം തിരിച്ചറിഞ്ഞ അയാൾ തിരിഞ്ഞ് നോക്കി. വിറങ്ങലിച്ചു നിൽക്കുന്ന എന്നെ നോക്കി നന്നായൊന്നു പുഞ്ചിരിച്ചു. ശ്വാസം വലിക്കാൻ ചെറിയൊരു ഇടം കിട്ടിയ പോലെ ഞാൻ ആശ്വസിച്ചു. ഞാനും ചിരിച്ചു.
എന്തേ?
ഞാൻ...
വന്ന കാര്യം പറയണോ എന്ന് സംശയിച്ച് തിരിഞ്ഞു നോക്കി. അവരവിടെ തന്നെ നിൽപ്പുണ്ട്. വേറെ വഴിയില്ല. അല്ലെങ്കിൽ കംപ്ലൈന്റ്റ് ചെയ്യണം. അങ്ങനെ തോറ്റ് കൊടുക്കാൻ തോന്നിയില്ല.
ചോദിച്ചത് കേട്ടില്ലേ?
ഒന്ന് ഞെട്ടിയെങ്കിലും ആ മുഖത്തെ ശാന്തത എന്നെ കൂടുതൽ ധൈര്യശാലിയാക്കി.
അത്... പിന്നെ... ഞാൻ...
എന്റെ പേര് സൗമ്യ. ഇവിടെ ഫസ്റ്റ് ഇയർ സിവിൽ ജോയിൻ ചെയ്തു. പിന്നെ... ഐ ലവ് യു.
ഒറ്റ ശ്വാസത്തിൽ എനിക്ക് പറയാനുള്ളതത്രയും പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു.
(തുടരും)

Samini
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo