Slider

ഒരു ഓജോ ബോർഡ് പ്രണയം - ഭാഗം -2

0
ഒരു ഓജോ ബോർഡ് പ്രണയം - ഭാഗം -2
----------------------------------------------------------------
പുഞ്ചിരിയോടെ പ്രിയ തുടർന്നു.
തയ്യാറാണ് സുഹൃത്തേ..
എന്തിനാണ് നീ എന്നെ വിളിച്ചു വരുത്തിയത്?
ഒരു കഥ എഴുതാനാണ്. ആത്മാക്കളെ പറ്റി എഴുതണമെന്നു തോന്നി.
എന്നെ കാണാൻ ആഗ്രഹിച്ചത് എന്തിനാണ്?
കൂടുതൽ വിശദമായി ചോദിച്ചറിയാനാണ്.
അല്ല. നീ നുണ പറയുന്നു പ്രിയ..
അവൾ വല്ലാതെ ആയി.
നീ എന്നെ കാണാൻ ആഗ്രഹിച്ചിരുന്നില്ല. മറ്റെന്തോ ചോദിയ്ക്കാൻ തുനിഞ്ഞ നീ അറിയാതെ ആവശ്യപ്പെട്ടതാണ്, അല്ലെ?
ഒരു ചെറിയ നുണ പോലും കണ്ടുപിടിക്കപെടും എന്നവൾ തിരിച്ചറിഞ്ഞു. തെറ്റ് ചെയ്തപോലെ കുറ്റബോധത്തോടെ മൂകയായി ഇരുന്നതല്ലാതെ പ്രിയ ശബ്‌ദിച്ചില്ല.
ഒരിക്കൽ കൂടി ഞാൻ പറയുന്നു. എന്നോട് നുണ പറയരുത്. നീ എത്ര മാത്രം സത്യസന്ധ ആയിരിക്കുന്നുവോ അത്രയും നിനക്ക് ഗുണമേ ചെയ്യൂ. നിന്റെ ഓരോ നുണകളും ദോഷമായി ഭവിക്കുകയും ചെയ്തേക്കാം.
ഇല്ല ഇനിയാവർത്തിക്കില്ല. ക്ഷമിക്കൂ.
കുറച്ചു നേരം രണ്ടുപേരും മൗനമായി ഇരുന്നു. ഒടുവിൽ ആര്യനിലൂടെ അതിന് ഭംഗം വന്നു.
ഞാൻ ആത്മാവാണ്. മോക്ഷം കിട്ടാത്തതുകൊണ്ടാണ് ഞാൻ ഇപ്പോഴും ഈ ഭൂമിയിൽ അവശേഷിക്കുന്നത്. എന്റെ മരണത്തിനു തൊട്ട് മുൻപ് ഞാനാഗ്രഹിച്ച കാര്യം നടന്നു കഴിഞ്ഞാൽ എനിക്കീ ഭൂമിയിൽ നിന്നു വിട വാങ്ങാം.
പ്രിയ ആര്യന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കിയിരിക്കുകയാണ്. ഇപ്പോൾ ഭയം തെല്ലും അവളുടെ മനസ്സിലില്ല.
മരണ ശേഷം ആത്മാക്കൾക്ക് ഭൂമിയിൽ വാസമില്ല എന്ന് നീ വിശ്വസിക്കുന്നു അല്ലെ?
ഹും... പ്രിയ മൂളി.
ശരിയാണ്. പക്ഷെ ജീവിച്ചിരിക്കുമ്പോളത്തെയോ മരണത്തിനു തൊട്ടു മുന്പുള്ളതോ ആയ ആഗ്രഹങ്ങൾ സാധിച്ചുകിട്ടും വരെ ആത്മാക്കൾക്ക് ഭൂമിയിൽ സഞ്ചരിക്കാം. അതിന് വേണ്ടി ആരെയെങ്കിലും ഉപയോഗപ്പെടുത്താം. ആരുടെയെങ്കിലും ശരീരത്തിൽ ആവേശിക്കാം. അത് സാധിക്കും വരെ ഭൂമിയിൽ യഥേഷ്ടം സഞ്ചരിക്കാം.
പ്രിയ സംശയ ഭാവത്തിൽ ആര്യനെ നോക്കി.
നിന്റെ സംശയങ്ങൾ നിനക്കു ചോദിക്കാം. പക്ഷെ എല്ലാത്തിനും ഉത്തരം നൽകാൻ എനിക്ക് കഴിയില്ല. കാരണം നീ മനുഷ്യനാണ്.
ആര്യൻ പ്രിയയുടെ ചോദ്യത്തിനായി ക്ഷമയോടെ കാത്തിരുന്നു.
നിങ്ങൾ എന്നിൽ ആവേശിക്കുവാൻ ആഗ്രഹിക്കുന്നുവോ?
പുഞ്ചിരിയോടെ ആര്യൻ മറുപടി നൽകി.
ഇല്ല. പക്ഷെ, നീ എനിക്കൊരു ഉപകരണമാണ്. എന്റെ മോക്ഷപ്രാപ്തിക്ക് നീ എന്നെ സഹായിച്ചേ തീരൂ.
പറയൂ ആര്യൻ ഞാൻ എന്താണ് ചെയ്യേണ്ടത്?
പറയാം. പക്ഷെ, അതിന് മുൻപ് എനിക്ക് ചില നിബന്ധനകൾ ഉണ്ട്. നീ അതിന് സമ്മതിക്കുമെങ്കിൽ മാത്രം നമുക്കീ സംഭാഷണം തുടരാം.
എന്ത് നിബന്ധന?
എന്റെ കഥ നൂറു ശതമാനം സത്യസന്ധമായി നീ എഴുതാൻ പാടില്ല.
പ്രിയക്ക് അത്ഭുതമാണ് ആദ്യം തോന്നിയത്. എങ്കിലും സമ്മതിക്കാതെ തരമില്ല എന്നതുകൊണ്ട് അവൾ പറഞ്ഞു.
സമ്മതം.
നമ്മൾ തമ്മിലുള്ള കൂടിക്കാഴ്ചയെ പറ്റി ഒരിക്കലും ആരും അറിയാൻ പാടില്ല.
സമ്മതം
വാക്ക് തെറ്റിക്കുന്നത് നിനക്ക് ദോഷം ചെയ്യും. നല്ലവണ്ണം ആലോചിച്ച് വേണം മറുപടി പറയാൻ.
പക്ഷെ, പ്രിയക്ക് ആലോചിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല. അവൾ ഒരിക്കൽ കൂടി സമ്മതം മൂളി.
ഇനി ചോദിക്കൂ. നിനക്കെന്താണ് അറിയേണ്ടത്?
ആര്യന്റെ ജീവിതമാണ് അറിയേണ്ടത്.
ഒരു നിമിഷം അയാൾ പ്രിയയെ ഉറ്റുനോക്കി. തെല്ലു നേരത്തെ ആലോചനക്കൊടുവിൽ അയാൾ തന്റെ കഥ പറഞ്ഞു തുടങ്ങി...
പാലക്കാട് കൊല്ലങ്കോടിനടുത്ത് കടുങ്ങല്ലൂർ മനയിൽ ജയന്തൻ വർമ്മയുടെയും രാധാ ദേവിയുടെയും മൂത്ത പുത്രനായാണ് ഞാൻ ജനിച്ചത്. അനുജൻ അനന്തൻ. എല്ലാംകൊണ്ടും സമ്പന്നമായിരുന്നു ജീവിതം. പണത്തിലും, സന്തോഷത്തിലും, ബന്ധുബലത്തിലും, അങ്ങനെ ഒന്നിലും കുറവുകളൊന്നും പറയാനില്ല. പഠനത്തിലും മികവ് പുലർത്തിയിരുന്നത് കൊണ്ട് ഒരു ജോലി പ്രയാസമുണ്ടായില്ല. ഉത്തരേന്ത്യയിൽ ജോലിക്കായി പോകുന്നത് വീട്ടിൽ വലിയ താല്പര്യമില്ലാത്ത വിഷയമായിരുന്നെങ്കിലും ഇഷ്ടങ്ങൾക്ക് എതിര് നിൽക്കാത്ത മാതാപിതാക്കൾ സമ്മതം മൂളി. ജോലി ഒരത്യാവശ്യമായിരുന്നില്ലെങ്കിലും സ്വന്തമായ ഒരു നിലനിൽപ്പ് ഞാൻ ആഗ്രഹിച്ചു. അത് മനസ്സിലാക്കിയ അച്ഛൻ അനുഗ്രഹിച്ചയച്ചു.
ബാങ്ക് ജോലി ഒഴിവ് സമയം കുറക്കുന്ന ഉദ്യോഗമാണെങ്കിലും ഞാനത് വളരെയധികം ആസ്വദിച്ചിരുന്നു. ഇതിനിടയിൽ ഉല്ലാസങ്ങൾക്കും ഞാൻ സമയം കണ്ടെത്തിയിരുന്നു. അങ്ങനെ ഒരു വേളയിലാണ് ഞാൻ അവളെ കണ്ടുമുട്ടുന്നത്. ബീച്ചിൽ തിരമാലകൾക്കൊപ്പം മനസ്സിനെ സഞ്ചരിക്കാൻ വിട്ടിരിക്കുമ്പോളാണ് അവളെന്റെ ശ്രദ്ധയിൽപ്പെടുന്നത്. വളരെയധികം ക്ഷീണിതയായിരുന്നു അവൾ. ഒരുപാടലഞ്ഞു നടന്നതിന്റെ എല്ലാ ലക്ഷണങ്ങളും കാണാമായിരുന്നു. കടലിന്റെ അനന്തതയിലേക്ക് കണ്ണുംനട്ട് അവളും ഒരിടത്തിരുന്നു. എന്തോ ഒരാകര്ഷണം തോന്നിയെങ്കിലും സംസാരിക്കാൻ ഞാൻ മുതിർന്നില്ല.
പിന്നീട് പലയിടങ്ങളിലും വച്ച് അവളെ കണ്ടു മുട്ടിയെങ്കിലും സംസാരിക്കാനോ പരിചയപ്പെടാനോ സാധിച്ചില്ല. പല ഭാവങ്ങളിൽ ആണവളെ കണ്ടുമുട്ടിയത്. ചിലപ്പോൾ ക്ഷീണിതയെങ്കിൽ മറ്റു ചിലപ്പോൾ ഊർജസ്വലയായിരുന്നു. ചിലപ്പോൾ വാചാലയായും ചിലപ്പോൾ മൗനിയായും കണ്ടു. പരിചയമില്ലാഞ്ഞിട്ടും എന്റെ ഓർമ്മകളിലും ചിന്തകളിലും പലപ്പോഴായി അവൾ കടന്നു വന്നു.
ഒരു ദിവസം താമസസഥലത്തേക്ക് ധൃതിയിൽ നടന്നു പോകുന്നതിനിടക്ക് അവളുമായി ഒരു കൂട്ടിയിടിയുണ്ടായി. ഞാൻ ക്ഷമാപണം നടത്തിയെങ്കിലും എന്നെ ഉറ്റുനോക്കിയതല്ലാതെ അവൾ മിണ്ടിയില്ല. അവളാണെന്നു തിരിച്ചറിഞ്ഞപ്പോൾ ഒന്ന് പരിചയപ്പെടണമെന്നു എന്റെ മനസ്സ് കൊതിച്ചു. പലപ്പോഴായി കണ്ടിരുന്നത്കൊണ്ടാവാം ഞാൻ ഒരു കോഫിക്ക് ക്ഷണിച്ചപ്പോൾ അവൾ എതിർത്തില്ല. ഒരു ചെറിയ കോഫീ ഷോപ്പിൽ ടേബിളിനു ഇരുവശവുമായി ഞങ്ങളിരുന്നു.
സുന്ദരമായ അവളുടെ മിഴികളാണ് എന്നെ ആദ്യം ആകർഷിച്ചത്. അല്ല, മൊത്തത്തിൽ അവൾ സുന്ദരി തന്നെ. ഒന്നിനും അഴകില്ലെന്നു പറയാൻ വയ്യ. പക്ഷെ ഗൗരവം വിടാത്ത മുഖം. എന്തെങ്കിലും ഒന്ന് ചോദിക്കാനായി മനം തുടിച്ചെങ്കിലും ശബ്ദം പുറത്തു വന്നില്ല. ആ മുഖത്തേക്ക് ഉറ്റുനോക്കി അൽപ നേരം ഞാൻ ഇരുന്നു. എന്റെ നോട്ടം അസഹ്യമായതുകൊണ്ടോ എന്തോ അവൾ തന്നെ ആ മൗനം ഭഞ്ജിച്ചു.
എന്തിനാണ് എന്നെ ഇങ്ങനെ സൂക്ഷിച്ചു നോക്കുന്നത്?
ആ ചോദ്യം എന്നിൽ ഒരു അത്ഭുതവും പുഞ്ചിരിയും വിടർത്തി. അവൾ മലയാളി ആണെന്നത് എന്നെ ഏറെ സന്തോഷിപ്പിച്ചു.
പലയിടത്തും ഈ നോട്ടം ഞാൻ ശ്രദ്ധിച്ചിരുന്നു. എന്തിനാണത്?
എന്തോ... നോക്കിയിരിക്കാൻ തോന്നുന്നു. പലതവണ കണ്ടതുകൊണ്ടാവാം ഏറെ പരിചയമുള്ളപോലെ. പേരെന്താണ്?
ഒരു നിമിഷം എന്റെ കണ്ണിലേക്ക് തന്നെ നോക്കിക്കൊണ്ടവൾ മറുപടി പറഞ്ഞു.
നീന
പലപ്പോഴും പലയിടത്തും വച്ച് കണ്ടല്ലോ. ഇവിടെ എന്ത് ചെയ്യുന്നു?
ഒന്നും ചെയ്യുന്നില്ല. ഒരു ജോലിക്ക് വേണ്ടിയുള്ള അലച്ചിൽ ആണ്.
പിന്നെയും പലതും ഞാനവളോട് ചോദിച്ചു. നാടും വീടും അവൾക്കില്ലെന്നവൾ പറഞ്ഞു. കോട്ടയത്ത് ഒരനാഥാലയത്തിലാണ് അവൾ വളർന്നതെന്നും ഡിഗ്രി വരെ പഠിച്ചിട്ടുണ്ടെന്നും, ജീവിക്കാൻ ഒരു ജോലി അത്യാവശ്യമാണെന്നും അവൾ പറഞ്ഞു. പിന്നെയും ഞാൻ എന്തൊക്കെയോ ചോദിച്ചു. പലതിനും മൗനമായിരുന്നു ഉത്തരം. അവളുടെ ചുണ്ടുകളേക്കാൾ അവളുടെ മിഴികൾ ഏറെ സംസാരിക്കുന്നുണ്ടായിരുന്നു.
ഒരു കോഫീ കുടിക്കുന്ന നേരത്തിനിടക്ക് എന്റെ ജീവിതം ഞാനവൾക്ക് കൈമാറുകയായിരുന്നു എന്നെനിക്ക് തോന്നി. എന്നെപ്പറ്റി ഞാനവളോട് പറഞ്ഞു. എന്റെ പരിചയത്തിൽ ജോലിക്ക് ശ്രമിക്കാമെന്നു പറഞ്ഞു അവളുടെ കോണ്ടാക്ട് നമ്പർ ഞാൻ വാങ്ങി. പ്രതീക്ഷയോടെ അവളെനിക്കാത്ത നൽകുമ്പോൾ നിനക്ക് നല്കാൻ പോകുന്ന ജോലി എന്നെ സ്നേഹിക്കലാണെന്നു എന്റെ മനസ്സ് അവളോട് മന്ത്രിക്കുന്നുണ്ടായിരുന്നു.
പക്ഷെ, അതവൾ കേൾക്കുന്നുണ്ടായിരുന്നില്ല.
*****
പ്രിയക്ക് വല്ലാതെ മടുത്തു തുടങ്ങിയിരുന്നു. കേൾക്കുന്നത് ഒരാളുടെ ജീവിതമാണ്. പച്ചയായ ജീവിതം. അതും സംഭവിച്ച് കഴിഞ്ഞതായിട്ടുള്ള കാര്യങ്ങൾ. പക്ഷെ, അവൾക്കതിൽ വലിയ താല്പര്യം തോന്നിയില്ല. അതിനൊരു കാരണവും ഉണ്ടായിരുന്നു. ആരുടെയെങ്കിലും സ്നേഹത്തിൽ അവൾക്ക് വിശ്വാസമുണ്ടായിരുന്നില്ല. അവളുടെ അനുഭവങ്ങൾ അതായിരുന്നു.
എന്റെ കഥ കേൾക്കാനാഗ്രഹിച്ച നിനക്ക് ഇത്ര വേഗം മടുത്തുപോയോ പ്രിയാ..?
നിർവികാരയായി അവൾ ആര്യനെ നോക്കി.
ആര്യൻ നിങ്ങൾ പറയുന്നതൊക്കെയും നിങ്ങളുടെ മാത്രം കഥയാണ്. അല്ല, കഥയല്ല, അനുഭവങ്ങളാണ്. പക്ഷെ, എനിക്കതൊന്നും ഉൾകൊള്ളാൻ സാധിക്കുന്നില്ല.
ഇല്ല പ്രിയാ.. എനിക്കറിയാം. നിനക്കിതുൾക്കൊള്ളാനാവില്ല. കാരണം, കപടമായ സ്നേഹം മാത്രമേ നീ കണ്ടിട്ടുള്ളു. നിസ്വാർത്ഥമായ പ്രേമം നിനക്കാസ്വദിക്കാനായിട്ടില്ല.
ശരിയാണ് ആര്യൻ. എന്റെ ജീവിതം ഏകാന്തത മാത്രമേ എനിക്ക് പറഞ്ഞു തന്നിട്ടുള്ളു.
പക്ഷെ, പ്രിയാ.. നീ ഒരിക്കൽ മനസ്സിലാക്കും. നിർവ്യാജമായ പ്രണയം എന്താണെന്ന്. യാതൊരു ലാഭേച്ഛയും കൂടാതെ ഒരാളെ സ്‌നേഹിക്കുമ്പോൾ നിനക്ക് മനസ്സിലാവും ഞാൻ അനുഭവിച്ച അവസ്ഥ എന്താണെന്ന്. അങ്ങനെയേ പ്രണയിക്കാവൂ. അത് ജീവിതത്തിൽ ഒരിക്കൽ മാത്രമേ സംഭവിക്കൂ. പക്ഷെ ആ പ്രണയത്തീയിൽ വെന്തുരുകാതിരിക്കാൻ നിനക്ക് കഴിയണം എങ്കിൽ മാത്രമേ നീ വിജയിക്കൂ. അല്ലെങ്കിൽ നീ തോറ്റു പോകും. എന്നെപ്പോലെ തോറ്റുപോകും.
അതൊരലർച്ചയായിരുന്നു. അന്നേരം അയാളുടെ കണ്ണുകളിൽ അഗ്നി ജ്വലിക്കും പോലെ തോന്നി അവൾക്ക്.
(തുടരും)

Samini

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo