Slider

ട്രെയിനിൽ ദിവസത്തിന്റെ കാൽ ശതമാവും........

0

ട്രെയിനിൽ ദിവസത്തിന്റെ കാൽ ശതമാവും ചിലവഴിച്ചൊരു കാലമുണ്ടായിരുന്നു, തൃശ്ശൂർ പാലക്കാട് റൂട്ടിൽ സീസൺ ടിക്കറ്റ് യാത്രക്കാരനായി. എത്ര സീറ്റൊഴിവുണ്ടെങ്കിലും വാതിലിനടുത്ത് ചാരി നിന്ന് മാത്രം യാത്ര ചെയ്ത നാളുകൾ. പല ചിന്തകളും രൂപപ്പെടുന്ന, പലതിനും മൂർച്ച വരുത്തുന്ന മീ റ്റൈം ആയിരുന്നത്...
അന്നൊരു വൈകുന്നേരം, തൃശ്ശൂരേന്ന് പാലക്കാട്ടേക്ക് ചെന്നൈ മെയിലിൽ പതിവുപോലെ പുറത്തെ കാഴ്ച കണ്ടു നിൽക്കുകയായിരുന്നു. നല്ല പേരക്കയുടെ മണം. ചുറ്റും നോക്കിയപ്പോഴാണ് താഴെ തോർത്ത് വിരിച്ച് ഇരിക്കുന്ന അമ്മൂമ്മയെയും കൂടെ ഒരു ഇരുപത് വയസ്സു തോന്നിക്കുന്ന ദാവണിയുടുത്ത പെൺകുട്ടിയെയും കണ്ടത്. കാഴ്ചയിൽ തമിഴരെപ്പോലെയുണ്ട്. അമ്മൂമ്മ‌യ്‌ക്ക് ഒരു തൊണ്ണൂറ് വയസ്സെങ്കിലും ആയിക്കാണണം. ഭസ്മം തേച്ച നെറ്റിക്കു താഴെ കുഴിഞ്ഞ് ഇല്ലാണ്ടായ കണ്ണുകളും ശരീരം മുഴുവനും ഉഴുതു മറിച്ച പോലെ ചുളിവുകളും. പെൺകുട്ടി നല്ല പഴുത്തൊരു പേരക്ക കടിച്ചു ചവക്കുന്നതിന്റെ മണമാണ് വന്നത്. വായിൽ ഒരു പല്ലെങ്കിലും ബാക്കിയുണ്ടാവാൻ ഒരു ചാൻസും ഇല്ലാത്ത അമ്മൂമ്മയും ഒരു പേരക്ക കയ്യീപ്പിടിച്ച് എന്തോ ഓർത്തിരിക്കുന്നുണ്ട്...
വടക്കാഞ്ചേരിയിൽ നിന്ന് വലിയൊരു കൂട്ടം സ്കൂൾ കുട്ടികൾ കയറി. സംസാരം കേട്ടിട്ട് ചെന്നൈയിലോ മറ്റോ എന്തോ സ്പോർട്സ് നു പോവുന്ന ടീമായിരിക്കണം. അതു വരെ വലിയ തിരക്കില്ലാതിരുന്ന ബോഗി അതോടേ സൂചി കുത്താൻ സ്ഥലമില്ലാത്തത്ര ടൈറ്റ് ആയി. വാതിലിനടുത്ത് നിന്നതു കൊണ്ട് തിരക്കെന്തായാലും എന്നെ ബാധിച്ചില്ല...
ഭാരതപ്പുഴ പാലം കടന്ന് ഒരഞ്ച് മിനിറ്റായിക്കാണണം. പുറത്തുനോക്കി എന്തോ ഡീപ്പായി ആലോചിച്ചു നിന്ന എന്നെ അടുത്തുണ്ടായിരുന്ന സുനി കൈമുട്ടുകൊണ്ട് തോണ്ടി കണ്ണുകൊണ്ട് വലത്തേ താഴോട്ട് ഒരാംഗ്യം കാണിച്ചു...
കറുത്ത ജീൻസും ഇളം നീല ഫുൾ സ്ലീവ് ഷർട്ടും ഇട്ട് കാഴ്ചയിൽ മാന്യനായ ഒരാൾ. തോളിൽ വിലപിടിച്ച ലെതർ ബാഗ്. അതേ യൂണിഫോമിൽ തന്നെ അടുത്ത് വേറൊരാളുമുണ്ട്. അമ്മൂമ്മയും പെൺകുട്ടിയും ഇരിക്കുന്നതിന്റെ മുന്നിലാണിവർ നിൽക്കുന്നത്. ട്രെയിനിന്റെ ചെറിയ ആട്ടത്തിനൊപ്പിച്ച് അറിയാതെ ആടുന്നപോലെ പോലെ നിന്ന നിൽപ്പിൽ കാലിന്റെ മുട്ടു വളച്ച് പെൺകുട്ടിയുടെ ശരീരത്തിൽ മുട്ടിപ്പിക്കുകയാണ് മാന്യൻ. വാതിലിന്റെയും ബാരിയറിന്റെയും തടസ്സം കാരണം അവൾ എത്ര ചൂളിയിരുന്നിട്ടും ഒന്നിലധികം തവണ അയാൾ കാര്യം സാധിച്ചും കഴിഞ്ഞിരിക്കണം. ഞങ്ങൾ നോക്കി നിൽക്കെ ഒരു തവണ കൂടെ തലോടൽ കഴിഞ്ഞ് അശ്ലീലച്ചിരിയോടെ കൂട്ടുകാരനെ നോക്കി പിന്നെയും കാലുവളയ്‌ക്കാൻ തുടങ്ങിയപ്പോഴാണ് അപ്രതീക്ഷിതമായി അമ്മൂമ്മ വാതിലിൽ പിടിച്ചാഞ്ഞ് എണീറ്റത്.
"പൂളറുന്ത പുണ്ട മവനെ... ഉനക്കെന്നഡാ വേണം? അവ കായുക്കു നടുവിലെ വുട്ടു ഒക്ക?"
സ്വിച്ചിട്ടതുപോലെ ട്രെയിനിലെ കലപിലകൾ നിശ്ശബ്ദമായി. പത്തിരുനൂറ് കണ്ണുകൾ ഒരു പോള ചിമ്മാതെ അങ്ങോട്ട് നോക്കാൻ തുടങ്ങി. മാന്യനെ നോക്കി വിരൽ ചൂണ്ടി അപസ്മാരം വന്നതുപോലെ വിറയ്‌ക്കുകയായിരുന്നു അവർ. അടുത്ത നിമിഷം കയ്യിലുണ്ടായിരുന്ന പേരക്ക ബ്ലൗസിനുള്ളിലേത്ത് തള്ളിക്കയറ്റി വളഞ്ഞു കുത്തിയ ശരീരം ബദ്ധപ്പെട്ട് മുന്നോട്ട് തള്ളിപ്പിടിച്ച് നെഞ്ചുന്തി അവനോട് തുടർന്നു...
"ഇല്ലെ അതെവിടെ പെരുസാ കായ് പുടുങ്കണമാ...? ഇന്താഡാ... പുടുങ്കടാ... "
ഒരു മിനിറ്റ് മുമ്പ് ലോകം ജയിച്ച ഭാവത്തിൽ അശ്ലീലച്ചിരി ചിരിച്ചവൻ ഇപ്പൊ ഇടിവെട്ടേറ്റ പോലെ തരിച്ച്‌ നിക്ക്വാണ്. മുഖത്ത്‌ ഒരു തുള്ളി ചോര പോയിട്ട് ആ ശരീരത്തിൽ ഇനി ജീവൻ തന്നെ ബാക്കിയുണ്ടോ എന്ന് തോന്നിപ്പിക്കുന്ന രൂപത്തിലായി അയാൾ.
ഞെട്ടലിൽ നിന്ന് സന്ദർഭത്തിനൊത്തുയർന്നത് കൂട്ടുകാരനായിരുന്നു "ഇവിടെ നിക്കണ്ട, പൊവ്വാം..." പതുക്കെയാണത് പറഞ്ഞതെങ്കിലും ട്രെയിനിലെല്ലാവരും കേട്ടു കാണണം.
ചത്ത പട്ടിയെ കാലിൽ പിടിച്ച്‌ കുഴിയിലേക്ക്‌ വലിച്ച് കൊണ്ടുപോവുന്നത് പോലെ കൂട്ടുകാരന്റെ കൈ പിടിച്ച് അവൻ ബർത്തിന്റെ മറ്റേ എൻഡിലേക്ക് എങ്ങനെയോ എത്തിച്ചു.
"ഉക്കാര്‌ അമ്മാ" പെൺകുട്ടി അമ്മൂമ്മയുടെ കൈ പിടിച്ച് താഴോട്ട് വലിച്ചു.
"നീ.... നീ പേസാതെ ഭവാനി... യാരാവത് ഇപ്പടി വന്താ വായെ മൂടിക്കിട്ട് അവുത്ത് കാമിട്ടെ ഇരുക്കണം... കൂത്തി മവളെ...."
അവളുടെ നോട്ടം കൂടുതൽ ദയനീയമായി. എന്തോ, പിന്നീട് കൂടുതലൊന്നും പറയാതെ അമ്മമ്മ താഴെക്കിരുന്നു. കുറച്ചു നേരം മുന്നെ തിങ്ങി ഞെരുങ്ങി ഇരുന്ന അവർക്കിപ്പോ ചുറ്റും കൂടുതൽ സ്ഥലം ഉണ്ടായത് പോലെ.
പ്ലാറ്റ് ഫോമിലേക്ക് ഇറങ്ങുന്നതിനു തൊട്ടു മുന്നെ ഇടം കണ്ണിട്ട് അവരെ ഒന്ന് നോക്കി. ഒരൽപ്പം മുൻപ് തീ പാറിയ ആ കൺ കുഴികളിൽ നിന്ന് നിന്നും മുഖത്തെ ചുളിവുചാലുകളിലൂടെ ധാരധാരയായി കണ്ണുനീർ ഒഴുകുന്നു. തോളിൽ തലവച്ചു കിടക്കുന്ന പെൺകുട്ടിയെ ദുർബലമായ കൈകൾ കൊണ്ട് പൊതിഞ്ഞു പിടിച്ചിട്ടുണ്ട്.
"ഡാ.... അവിടെ നിന്നേ..."
തിരിഞ്ഞ് നോക്കിയപ്പോ രമേശനാണ്... സിസൺ ടിക്കറ്റുകാരിൽ കണ്ടും ചിരിച്ചും ഉള്ള പരിചയങ്ങളിലൊന്ന്...
"ആ അമ്മൂമ്മെടെ ബഹളം കേട്ടപ്പോ നിങ്ങളെന്തോ ചെയ്തതെന്നാ വിചാരിച്ചേ...."
"പോഡേ... പോഡേ..."
"ഹ ഹ ടെൻഷനാവണ്ട... ചുമ്മ പറഞ്ഞതാ......എറണാകുളം തൊട്ട് അവര് എന്റെ സീറ്റിലുണ്ടായിരുന്നു.... ആലുവയിൽ തിരക്ക് വന്നപ്പൊ എണീറ്റ് തറയിലേക്ക് പോയി... ടിക്കറ്റുണ്ടാവില്ലാരിക്കും"
"ഹ്ം... അവർടെ ആ സമയത്തെ പെർഫോമൻസ് കണ്ട് ഞെട്ടിപ്പോയി...ഹോ"
"അതെയതെ... പക്ഷെ ഒടുക്കത്തെ പെർഫോമൻസാ... അവരെ തലൈക്കൂത്തൽ ചെയ്യാൻ പോവാ ത്രെ..."
"ങ്‌ഹേ!!!.... സീരിയസ്ലി?"
"നുണയാവാൻ വഴിയില്ല. കുറച്ചു നേരം എന്നോട് സംസാരിച്ചിരുന്നു. അതിനിടയിൽ വളരെ കാഷ്വലായി അവർ തന്നെ പറഞ്ഞതാണ്... ജീവിതത്തിൽ ഒരു തവണയെങ്കിലും ട്രെയിനിൽ യാത്ര ചെയ്യണം എന്ന് അവർക്ക്‌ ആഗ്രഹമുണ്ടായിരുന്നത്രെ, ആ കെയറോഫിൽ ഇവിടെ അവരുടെ ഏതോ ബന്ധുവിനെ കണ്ട് മടങ്ങുന്ന യാത്രയാണിത്‌... "
ബൈക്ക് പാർക്ക് ചെയുന്ന ഭാഗത്ത് രമേശനോട് യാത്ര പറഞ്ഞ് ബസ് സ്റ്റോപ്പിലേക്ക് നടന്നു. വെറുതെ അവരുടെ മുഖം വ്യക്തമായി ഓർക്കാൻ ശ്രമിച്ചു നോക്കി. പത്ത് മിനുറ്റ് മുൻപ് കൺമുന്നിൽ നിന്ന് പോയതേയുള്ളു, എന്നിട്ടും നരച്ച ചുവന്ന സാരിയും ഭസ്മം തേച്ച നെറ്റിയും കുഴിഞ്ഞ കണ്ണുകളും മാത്രം അവ്യക്തമായി മനസ്സിൽ തെളിഞ്ഞു. ആ തൊണ്ടക്കുഴിയിൽ നിന്ന് വിറച്ച് പറന്ന തീപ്പൊരികളും. അധികം വൈകാതെ മൊന്തയിൽ കോരി ഇളനീർ കുടിപ്പിച്ച് ആ തൊണ്ടയടപ്പിക്കും. ധാരധാരയായി കോരിയൊഴിക്കുന്ന നല്ലെണ്ണയുടെ തണുപ്പിൽ ആ കണ്ണുകൾ എന്നെന്നേക്കുമായി അടഞ്ഞു പോവും. അങ്ങനെയൊരു മനുഷ്യജീവൻ ഇവിടെയൊക്കെ നടന്നിരുന്നു എന്ന് പോലും ഈ ലോകം മറക്കും. എങ്കിലും പിന്നീടെപ്പെഴെങ്കിലുമൊരുത്തന്റെ കൈ നീളുമ്പോഴൊക്കെ, നീളുമെന്നുറപ്പായ ഈ ലോകത്ത്, ഭവാനിയെങ്കിലും അവരെ ഓർക്കുമായിരിക്കും...

Habeeb
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo