ഭാഗം 1:- കാമുകിയുടെ ക്ഷണക്കത്ത്:- പഴയ കാമുകി അയച്ച ക്ഷണക്കത്ത് കിട്ടിയത് അയാളുടെ ഭാര്യയുടെ കയ്യിലാണ്. ക്ഷണക്കത്തിലെ അഡ്രസ് ഇപ്രകാരമായിരുന്നു: " To, Mr. ദസ്തയവ്സ്കി , c/o ..............." ഭാര്യ ചോദിച്ചു: ഇതെന്താ ദസ്തയവ്സ്കി എന്ന് വച്ചിരിക്കുന്നത്? അയാൾ പറഞ്ഞു: "നീ ഒന്നു പതുക്കെ പറ! മരണാനന്തര ലോകത്തിരിക്കുന്ന ദസ്തയെവ്സ്കി ഇത് കേട്ടാൽ എന്നെയും എന്നെ അങ്ങനെ വിളിക്കുന്നവളെയും എടുത്ത് കിണറ്റിലിടും!. പരലോകത്തെങ്കിലും അങ്ങേർക്ക് കുറച്ച് സമാധാനം കിട്ടിക്കോട്ടെ !." കോമഡി എപ്പോഴും കേൾക്കുന്നതിനാൽ ഭാര്യ ചിരിച്ചില്ല. പകരം കത്ത് അയാളുടെ കയ്യിൽ കൊടുത്തിട്ട് അകത്തേക്ക് പോയി. അയാൾ കത്ത് തുറന്നു. ഇരുപത്തിയഞ്ച് കൊല്ലം മുൻപ് പ്രീഡിഗ്രിക്ക് ഒപ്പം പഠിച്ച കാമുകി അയച്ച കത്താണത് ! അവളുടെ മകളുടെ വിവാഹത്തിന് ക്ഷണിച്ചു കൊണ്ടുള്ള കത്താണ്! ഈ ഇൻറർനെറ്റ് യുഗത്തിൽ അവൾ പോസ്റ്റലായി കത്തയച്ചത് മൂലം പ്രമലേഖനങ്ങൾ കൈമാറിയ ആ പഴയ കാലം അയാൾക്ക് ഓർമ വന്നു. അന്നത്തെ പ്രേമലേഖനങ്ങളിലും സംസാരത്തിലും അയാളുടെ മുഖ്യവിഷയം ബ്രദേഴ്സ് കരമസോവിലെ കുറേ കഥാപാത്രങ്ങളായിരുന്നു. അതുകൊണ്ട് അന്നവൾ അയാൾക്കിട്ട പേരാണ് ദസ്തയവ്സ്കി! ഇന്ന് കത്തിലെ വിലാസത്തിൽ തന്നെ ആ പേര് കണ്ടപ്പോൾ അയാൾ നടുങ്ങി! ഇരുപത്തഞ്ച് വർഷത്തിനിപ്പുറവും അവൾ കുട്ടിക്കളി കൈവിട്ടിട്ടില്ല. അത് കുട്ടിക്കളി മാത്രമല്ല, തീക്കളിയാണ്. പക്ഷെ അവൾക്ക് ഭയമില്ല ,അന്നും ഇന്നും അങ്ങനെ തന്നെ. അന്ന് അവളുടെ വിവാഹം നിശ്ചയിച്ചപ്പോൾ അവൾ ഉന്നതകുലജാതരായ അച്ഛനോടും അമ്മയോടും പറഞ്ഞു: "ഞാൻ സാധാരണക്കാരനായ ഒരു മേത്തൻ ചെക്കനെ പ്രേമിച്ചത് തെറ്റാണെങ്കിൽ പോലും അത് മരണം വരെ തുടരും. എന്റെ കഴുത്തിൽ താലികെട്ടുന്നത് മറ്റാരാണെങ്കിലും ശരി, അവൻ കഷ്ടപ്പെടും!" പക്ഷെ അവളുടെ അച്ഛനുമമ്മയും കുലുങ്ങിയില്ല. അവർ ആത്മഹത്യാ ഭീഷണി മുഴക്കി അവളെ കല്യാണത്തിന് സമ്മതിപ്പിച്ചു..(തുടരും)
Kadarsha
Kadarsha

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക