"കല്ല്യാണമൊരുക്കം"
-------------------------------
-------------------------------
അരങ്ങിലെ വേഷം ഭംഗിയാക്കി വീട്ടുകാര്‍ നിന്നുകൊടുത്താല്‍ അണിയറയിലെ എല്ലാ കാര്യങ്ങളും ഉത്തരവാദിത്വത്തോടെ നാട്ടുകാര്‍ ചെയ്തുകൊടുക്കുന്ന പണ്ടത്തെ വിശേഷങ്ങളിലൊന്നായിരുന്നു കല്ല്യാണം, ഒരു പെണ്‍കൊച്ചിനെ ജീവിതത്തിലേക്ക് പറഞ്ഞുവിടുമ്പോള്‍ അന്നൊക്കെ വീട്ടുകാരുടെ കല്ല്യാണം വിളിതന്നെ കേട്ടിട്ടില്ലേ ?
" എല്ലാരും രണ്ടുദിവസം മുന്‍പേ അങ്ങെത്തിയേക്കണേ"
മുറ്റത്തെ ചെത്തിവാരലില്‍ തുടങ്ങി അടുക്കളകാണല്‍ വരെ നീളുന്ന ഉത്തരവാദിത്വം ഏറ്റെടുത്ത് അയൽപക്കത്തുകാര്‍ ഒത്തൊരുമയോടെ ജീവിച്ച ആ പഴയ കാലം.
പാചകക്കാരനും പിന്നെ അയാള്‍ കൊണ്ടുവരുന്ന ഒന്നോരണ്ടോ പരികര്‍മ്മിയും കഴിഞ്ഞാല്‍ കൂലിവാങ്ങാതെ പണിയെടുക്കുന്നവരാണ് ബാക്കി. അവനവന്‍റെ കര്യംനോക്കി ജീവിക്കുന്ന ഒരു പുതിയ തലമുറയിലേക്ക് നമ്മള്‍ ഇറങ്ങിച്ചെന്നപ്പോള്‍ എല്ലാത്തിനും മുകളില്‍ പണം നായകനായി
മുഹൂര്‍ത്തത്തിനു തൊട്ടുമുന്‍പെ ഉടുത്തൊരുങ്ങി എത്തിച്ചേരേണ്ട ഒരു ചടങ്ങു മാത്രമായി ഇന്ന് പല വിശേഷങ്ങളും മാറിയപ്പോള്‍ അതിനോട് പൊരുതിനിന്ന് ജയിക്കാന്‍ പാവപ്പെട്ടവന്‍ പെടാപ്പാടു പെടുന്നു
പാചകക്കാരന്‍റെ നിര്‍ദ്ദേശത്തിനൊത്ത് കറിക്കരിയാനിരിക്കുന്ന പെണ്ണുങ്ങളോട് ഊളത്തമാശകളും പറഞ്ഞ് തലയില്‍ വട്ടത്തിലൊരു തോര്‍ത്തും കെട്ടി തേങ്ങാപൊതിക്കാനിരിക്കുന്നവര്‍, ഓരോ ആവശ്യങ്ങള്‍ക്കായി കല്ല്യാണ വീട്ടിലും പാചകപ്പുരയിലുമായി പക്കിയേപ്പോലെ പറന്നുനില്‍ക്കുന്നവര്‍, കെട്ടിവെച്ചിരിക്കുന്ന ഇലയഴിച്ച് വെട്ടിയൊതുക്കി തുണിയില്‍ വെള്ളംമുക്കി തുടച്ച് അടുക്കിക്കെട്ടുന്നവര്‍.
ജോലിയൊതുങ്ങി കിട്ടുന്ന ഗ്യാപ്പില്‍ ആളൊന്നിന് ഈരണ്ടെണ്ണം വെച്ചു ചെവിയേല്‍ തിരുകിയ കുണുക്കുമിട്ട് വട്ടം കൂടിയിരുന്നു ബഹളംവെക്കുന്ന ഗുലാന്‍പെരിശുകാര്‍, നിശബ്ദരായി വട്ടം കൂടിയിരിക്കുന്ന മാന്ന്യ റമ്മികളിക്കാര്‍, പിന്നെ ഇലതുടപ്പ് കഴിഞ്ഞ് പ്രഥമന്‍റെ അടപൊളിക്കലിനു മുന്‍പായി പൈതലാന്മാര്‍ തല്ലിക്കൂട്ടുന്ന കഴുതകളി മാമാങ്കം..... മൂലയ്ക്കൊരുകോണില്‍ പെര്‍ഫോമന്‍സ് കഴിഞ്ഞു കൂര്‍ക്കം വലിച്ചു തളര്‍ന്നുറങ്ങുന്ന ഒന്നോ രണ്ടോ പാമ്പുകള്‍
നേരം വെളുക്കുമ്പോള്‍ വീട്ടില്‍ പോയി കുളിച്ചൊരുങ്ങി വരുന്നത് നേരെ കല്ല്യാണപ്പുരയിലേക്കു തന്നെയാണ് . അടുത്ത ജോലി സദ്യ വിളമ്പലാണ്, ചെറുക്കന്‍ കൂട്ടര്‍ക്ക് പ്രയോരിറ്റി കൊടുത്തുള്ള ഒന്നാം പന്തി മുതല്‍ സദ്യക്രമം തെറ്റിക്കാതെ വിളമ്പിത്തകര്‍ത്ത് പന്തി അവസാനത്തോടടുത്ത് ഇരിപ്പിടങ്ങളില്‍ ഗ്യാപ്പുകള്‍ കാണുമ്പോള്‍ പറയും
" നിങ്ങളുംകൂടെ ഇരിക്കിനെടാ പിള്ളാരെ "
എല്ലാ വിഭവങ്ങളുടെയും മണം മൂക്കിലടിച്ച് വിശപ്പു കെട്ടെങ്കിലും നാല് വറ്റ് വാരിത്തിന്നെന്നു വരുത്തി പുറത്തേക്കിറങ്ങും, വെളിയിലപ്പോള്‍ ഇത്രേം കാലം അച്ഛനെന്ന വൃക്ഷത്തണലില്‍ സുരക്ഷിതയായി അമ്മയുടെ സാരിത്തുമ്പില്‍ തൂങ്ങി ചിണുങ്ങിജീവിച്ചു കൊതിതീരാത്ത മകളുടെ യാത്രയയപ്പു ചടങ്ങാണ്.
അമ്മയുടെ ഒറ്റ ചുമ്പനത്തിലൂടെ അണിയിച്ചൊരുരുക്കിയ നമ്മുടെ പെണ്‍കൊച്ചിന്‍റെ മുഖത്തെ സങ്കടക്കടലിന്‍റെ ആഴത്തിന്‍റെ അളവറിയുന്ന അച്ഛന്‍ മരുമകന്‍റെ രണ്ടു കയ്യും ചേര്‍ത്തുപിടിച്ച് ആ തഴമ്പിച്ച കൈകള്‍ കൊണ്ട് ദൃഢമായി ഒന്നമര്‍ത്തും..... കരയുന്ന മകളേനോക്കാതെ ചെറുപുഞ്ചിരിയോടെ കാറിലിരുന്നു കയ്യുയര്‍ത്തിക്കാണിച്ച മരുമകനുള്ളതാണ് അച്ഛന്‍റെ റ്റാറ്റാ.....
വൈകിട്ട് അടുക്കള കാണല്‍ ചടങ്ങിന് നാടിളകിയെത്തിയവരെ മണിക്കൂറുകള്‍കൊണ്ട് വീടുമായി ഇണങ്ങിയ നമ്മുടെ പെണ്‍കൊച്ച് നിറചിരിയോടെ ആതിഥേയത്വം വഹിക്കുന്ന കാഴ്ചയില്‍ മനംനിറഞ്ഞ അച്ഛനമ്മമാരുടെ മടക്കയാത്ര...
എല്ലാരും നാട്ടിന്‍പുറത്തെ പഴയ ഒരു കല്ല്യാണം കൂടിയല്ലോ അല്ലേ ? എന്നാലും എന്‍റെയൊരിത് ഞാന്‍ പറയാം....
"നമുക്കാ കൂലിവാങ്ങാതെ സ്നേഹം വിളമ്പിയ പഴയകാലം മതിയാരുന്നു" :-)
---------------------------------------------------------------------
സന്തോഷ് നൂറനാട്
---------------------------------------------------------------------
സന്തോഷ് നൂറനാട്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക