ഭാഗ്യ നര.
...............
മയിലാഞ്ചിയിലയും കറിവേപ്പിലയും ചേർത്ത വെളിച്ചെണ്ണ ഇളം ചൂടോടെ തലയിലാകമാനം തേച്ച് പിടിപ്പിക്കുമ്പോൾ പിറകിലൂടെ വന്ന പെങ്ങൾ കളിയാക്കി ചിരിച്ചു. അവൾക്ക് കളിച്ചാൽ മതിയല്ലോ.. ഇവിടെ ഇരുപത്താറാം വയസിൽ നരച്ച് തുടങ്ങിയ ഒരു അവിവാഹിതന്റെ സങ്കടം ആരു കാണാനാണ്.
...............
മയിലാഞ്ചിയിലയും കറിവേപ്പിലയും ചേർത്ത വെളിച്ചെണ്ണ ഇളം ചൂടോടെ തലയിലാകമാനം തേച്ച് പിടിപ്പിക്കുമ്പോൾ പിറകിലൂടെ വന്ന പെങ്ങൾ കളിയാക്കി ചിരിച്ചു. അവൾക്ക് കളിച്ചാൽ മതിയല്ലോ.. ഇവിടെ ഇരുപത്താറാം വയസിൽ നരച്ച് തുടങ്ങിയ ഒരു അവിവാഹിതന്റെ സങ്കടം ആരു കാണാനാണ്.
തലയിലെ വെള്ളി മുടികൾ ഒരു തരത്തിൽ വെട്ടിക്കളഞ്ഞ് വരുകയായിരുന്നു.. അപ്പോഴാണ് കഴിഞ്ഞ ദിവസം ആ നടുക്കുന്ന കാഴ്ച കണ്ടത്.. അരുമയായി വെട്ടിയൊരുക്കിയ താടി രോമങ്ങക്കൾക്കിടയിൽ കള്ളനെ പോലെ ഒരു വെളുത്തവൻ.. അതിൽ പിന്നെ താടി വളർത്താറില്ല.. നിനക്ക് താടി വെക്കുന്നതാടാ ഭംഗിയെന്ന് പറയുന്ന അവളുമാരോടൊക്കെ ഇനി എന്ത് പറയും.. ആലോചിക്കുമ്പോൾ ഭ്രാന്ത് പിടിക്കുന്നു.
പുറത്തോട്ടിറങ്ങുമ്പോൾ അച്ഛനുണ്ട് ഉമ്മറത്തിരുന്ന് പത്രം വായിക്കുന്നു. ഈ നാൽപത്തെട്ടാം വയസ്സിലും മൂപ്പരുടെ ഒറ്റ മുടി നരച്ചിട്ടില്ല. അമ്മയും അങ്ങനെ തന്നെ .. പിന്നെ ഇത് ആരുടെ മുടിഞ്ഞ പാരമ്പര്യമാണാവോ.. നശിച്ച് പോവാൻ..
ആദ്യമായി തലയിലൊരു വെള്ള മുടി കണ്ടത് ആറ് മാസം മുമ്പാണ്.. അന്ന് അമ്മ പറഞ്ഞു ഭാഗ്യ നരയാണെന്ന്. പിന്നീടങ്ങോട്ട് ഭാഗ്യമൊന്നും വന്നില്ലെങ്കിലും നരക്ക് ഒരു കുറവുമുണ്ടായിട്ടില്ല.
ഗൾഫിൽ നിന്ന് വന്ന സമ പ്രായക്കാരൻ ഉസ്മാൻ പറഞ്ഞത് അവന് എന്നെ കണ്ടപ്പോൾ സമാധാനമായെന്നാണ്. അവിടത്തെ വെള്ളം കാരണമാണ് അവന് നര വന്നതാണെന്നായിരുന്നു വിചാരം.നാട്ടിൽ തന്നെ നിൽകുന്ന എന്റെ മുടി നോക്കി ആ അലവലാതി ഊറി ചിരിച്ചു. മോന്തക്കിട്ട് ഒരു കുത്ത് കൊടുക്കാനാണ് തോന്നിയത്.പിന്നെ പണിപ്പെട്ട് അങ്ങടക്കി.
നര മാറാൻ മരുന്ന് തേടിയിറങ്ങിയപ്പോൾ നാട്ടുകാരും കൂട്ടുകാരും തന്നെ മികച്ച ഡോക്ടർമാരായി.. ഉരുളക്കിഴങ്ങ് തൊലി, നാരങ്ങനീര് ,മയിലാഞ്ചി, കറിവേപ്പില എന്തിന് പറയുന്നു.. ചാണകം വരെ കുറിപ്പടിയായി കിട്ടി എല്ലാം മാറി മാറി ഉപയോഗിച്ച് ഞാനൊരു പരീക്ഷണ വസ്തുവായി. കളർ ചെയ്യാൻ എന്തോ മനസ്സനുവദിച്ചില്ല.ഇനി വല്ല അലോപ്പതി മരുന്നും ഉണ്ടോ എന്നറിയാനാണ് ആ ഡോക്ടറെ കാണാൻ പോയത്.
സുന്ദരിയായ ഒരു ചെറുപ്പക്കാരി പെണ്ണായിരുന്നു ഡോക്ടർ.അവർ ആദ്യം തന്നെ പറഞ്ഞു.. ഈ നരയൊക്കെ ഇപ്പോൾ അധികം ആൾക്കും ഉണ്ട്.. മരുന്നിന്റെ ആവശ്യമില്ലൊന്നൊക്കെ.. എന്നാലും കുറച്ച് വൈറ്റമിൻസ് തരാം എന്ന് പറഞ്ഞ് എഴുതുമ്പോഴാണ് ആ കാഴ്ച കണ്ടത്. സുന്ദരി ഡോക്ടറുടെ തലയിൽ അഞ്ചാറ് സുന്ദരൻ നരകൾ. കുറിപ്പടി വാങ്ങുമ്പോൾ ഞാൻ ചോദിച്ചു. ഡോക്ടർക്ക് എത്ര വയസ്സുണ്ടെന്ന്... മുപ്പതെന്ന് കേട്ടതും ഞാൻ ചിരിച്ച് പോയി. കാര്യം മനസ്സിലായ ഡോക്ടറും അടുത്ത് നിന്ന നീണ്ട മുടിയുള്ള കൊച്ചും ചിരിയോട് ചിരി.
അതിൽ പിന്നെ നര മറച്ച് വെക്കുന്ന പരിപാടി ഞാനങ്ങ് നിർത്തി. അല്ലേലും അകാല നര സർവ സാധാരണമായ ഈ കാലത്ത് എന്ത് പേടിക്കാനാണ്.പെണ്ണു കാണാൻ പോവുമ്പോൾ അമ്മ കുറേ പറഞ്ഞെങ്കിലും നര കാണിച്ച് തന്നാണ് പോയത്. ഇങ്ങനെ ഇഷ്ടപ്പെടുന്നെങ്കിൽ മതി എന്ന വാശിയായിരുന്നു.
പെണ്ണിനെ കണ്ടപ്പോൾ അത്ഭുതമായി.. അന്ന് ഡോക്ടറുടെ കൂടെ ഉണ്ടായിരുന്ന നീണ്ട മുടിക്കാരി. എം.ബി.ബി.എസ് കഴിഞ്ഞ് ഹൗസ് സർജൻസി ചെയ്യുകയാണ് ആൾ.അന്നത്തെ കാര്യമൊക്കെ പറഞ്ഞ് ചിരിച്ച് ഒരുപാട് സംസാരിച്ചെങ്കിലും ഇത് നടക്കൂല എന്നെനിക്ക് ഉറപ്പായിരുന്നു. പക്ഷേ...
കല്യാണം കഴിഞ്ഞ് ഒരു രാത്രിയിൽ ആ നീണ്ട മുടിയിലേക്ക് മുഖം പൂഴ്ത്തി സുഗന്ധം ആസ്വദിക്കുമ്പോൾ അവൾ പറഞ്ഞു. മാഷിൽ എറ്റവും എനിക്ക് ഇഷ്ടമായത് എന്താണെന്നറിയാമോ... ഞാൻ ആകാംഷയോടെ മുഖമുയർത്തി ആ വിടർന്ന കണ്ണുകളിലേക്ക് നോക്കി. കുസൃതി ചിരിയോടെ അവൾ തുടർന്നു... ഈ നരയുമായി പെണ്ണ് കാണാൻ വന്ന ചങ്കൂറ്റമാണ് അവളെ ആകർഷിച്ചത് പോലും
.. പിന്നെ ഒരു രഹസ്യം പോലെ എന്റെ ചെവിയിൽ പറഞ്ഞു.. എന്നെ കാണാൻ മങ്കാതയിലെ അജിത്തിനെ പോലെ ആണെന്ന്.. കവിളിലൊരു കടി കൊടുത്ത് ഉറക്കെ ചിരിക്കുമ്പോൾ ഞാൻ മനസ്സിൽ വിചാരിച്ചു.. എന്റെ പുന്നാര ഭാഗ്യ നരയേ.... ഉമ്മ.....
- യൂനുസ് മുഹമ്മദ്.
.. പിന്നെ ഒരു രഹസ്യം പോലെ എന്റെ ചെവിയിൽ പറഞ്ഞു.. എന്നെ കാണാൻ മങ്കാതയിലെ അജിത്തിനെ പോലെ ആണെന്ന്.. കവിളിലൊരു കടി കൊടുത്ത് ഉറക്കെ ചിരിക്കുമ്പോൾ ഞാൻ മനസ്സിൽ വിചാരിച്ചു.. എന്റെ പുന്നാര ഭാഗ്യ നരയേ.... ഉമ്മ.....
- യൂനുസ് മുഹമ്മദ്.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക