Slider

കുഞ്ഞിക്കാൽ

0
കുഞ്ഞിക്കാൽ
*************
"ജെനീ.... നീ എന്റെ അവസ്ഥ മനസ്സിലാക്കണം.... ഞാൻ എത്ര കഷ്ടപ്പെട്ട് നേടിയ ജോലിയാണെന്ന് അറിയാമോ... ഇപ്പൊ ഒരു അമ്മയാകുക എന്നത് എന്റെ ജോലിയെ തന്നെ ബാധിക്കും. മൂന്ന് വർഷത്തേയ്ക്ക് ഒരു കുഞ്ഞിനെ സ്വപ്നം കാണാൻ പോലും എനിക്ക് കഴിയില്ല.. നീ എന്നെ സഹായിക്കണം. "
"പ്രിയാ... നീ എന്തൊക്കെ പറഞ്ഞാലും ഇങ്ങനെ ഒരു പാപത്തിന് കൂട്ട് നിൽക്കാൻ എനിക്ക് കഴിയില്ല... ഡോക്ടർ എന്നത് ജീവൻ രക്ഷിക്കാനുള്ളവരാണ് അല്ലാതെ ജീവൻ എടുക്കാനുള്ളത് അല്ല.. "
" നിനക്ക് അറിയാമല്ലോ എത്ര നാളത്തെ എന്റെ സ്വപ്നമാണ് ഞാൻ നേടിയെടുത്തതെന്ന് അതിന് വേണ്ടി എന്റെ ഡോക്ടർ പഠനം പോലും ഉപേക്ഷിച്ചവളാണ് ഞാൻ.. ഇപ്പോൾ അറിയപ്പെടുന്ന ഒരു എയർലൈനിന്റെ കാബിൻ ക്രൂവിൽ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അപ്പോൾ അത് നടക്കാതെ വന്നാൽ... "
പ്രിയാ.. ഞാൻ സഹായിക്കണമെങ്കിൽ "പോലും പ്രശാന്തിന്റെ സമ്മതം വേണ്ടേ.. "
"പ്രശാന്തും അമ്മയും ഒരു കുഞ്ഞിന് വേണ്ടി നോമ്പും നോറ്റിരിക്കുവാ.. അവർക്ക് മുന്നിൽ ജനിച്ച കുഞ്ഞിനെ ഇല്ലാതാക്കാൻ സമ്മതത്തിനായി ഞാൻ എങ്ങനെ ചെല്ലും. നിനക്ക് മാത്രമേ എന്നെ സഹായിക്കാൻ കഴിയൂ... ഇപ്പൊ ഒരു കുഞ്ഞിനെക്കാൾ എനിക്ക് വലുത് എന്റെ കരിയർ ആണ്. ഈ കുഞ്ഞു കാരണം എനിക്ക് ഈ അവസരം നഷ്ടപെട്ടാൽ എന്റെ ജീവൻ കളഞ്ഞിട്ടാണെങ്കിലും ഞാൻ അതിനെ നശിപ്പിക്കും.. "
"ശരി... നിനക്ക് വേണ്ടി.. ഈ ഒരു തവണ ഞാൻ സഹായിക്കാം.. പ്രശാന്ത്‌ സമ്മതിച്ചോ നിന്റെ ഈ ജോലിയ്ക്ക്?"
"സമ്മതിച്ചു... "
"പക്ഷെ ഞാൻ സമ്മതിച്ചാലും പ്രശാന്ത്‌ അറിയാതെ നീ എങ്ങനെ ഇത് ചെയ്യും... നീ എന്തു പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങും... "
"ഈ വരുന്ന ഫ്രൈഡേ പ്രശാന്ത്‌ ഓഫീസ് ആവശ്യത്തിനായി ഡൽഹിയ്ക്ക് പോകുന്നുണ്ട്. അപ്പോൾ ഞാൻ വരാം... "
"ഉം... ശരി നീ ഫ്രൈഡേ വന്നാൽ മതി. ഞാൻ ഹോസ്പിറ്റലിൽ കാണും... "
"താങ്ക്സ് ജെനീ..."
അവൾ ഹാൻഡ്‌ബാഗും എടുത്ത് ഇറങ്ങി
"പ്രിയ.... നിനക്ക് ഒട്ടും മനസ്സലിവ് തോന്നുന്നില്ലേ... ദിവസം അമ്പതോളം ആൾക്കാർ ഒരു കുഞ്ഞിനെ കിട്ടാൻ വേണ്ടി ചികിത്സയ്ക്കായി എന്റെ അടുത്ത് വരാറുണ്ട്. അവർക്കിടയിൽ നിനക്ക് ലഭിച്ച ഭാഗ്യം നീ നശിപ്പിക്കരുത്. നീ ഒന്നൂടെ ഒന്ന് ചിന്തിച്ചു നോക്കൂ... "
"എനിക്ക് ഇനി ഒന്നും ചിന്തിക്കാനില്ല... നീ ഓരോന്ന് ചിന്തിച്ചു കൂട്ടി നിന്റെ തീരുമാനം മാറ്റണ്ട. അപ്പോൾ ഫ്രൈഡേ ഹോസ്പിറ്റലിൽ കാണാം. ബൈ..."
***************************************
വെള്ളിയാഴ്ച രാവിലെ നേരത്തെ തന്നെ പ്രിയ ഹോസ്പിറ്റലിൽ എത്തി. അവൾ ഫോൺ എടുത്ത് ജെനിയെ വിളിച്ചു.
"ജെനീ ഞാൻ ഹോസ്പിറ്റലിൽ എത്തി... നീ എവിടെയാ.."
"ഞാൻ സെക്കന്റ് ഫ്ലോറിൽ ഐ സി യു വിനു മുന്നിൽ ഉണ്ട്. നീ ഇങ്ങോട്ട് പോരെ.. "
അവൾ പടികൾ കയറി അങ്ങോട്ട് ചെന്നപ്പോൾ ജെനി അവിടെ രണ്ട് സ്റ്റാഫ് നഴ്സുമാരുമായി സംസാരിച്ചു നിൽക്കുവായിരുന്നു.
"ഹായ് ജെനീ..."
"ഹായ്... നീ ആ ബാഗ്‌ എന്റെ കൺസൽട്ടിങ് റൂമിൽ വെച്ചിട്ട് ഇവരുമായി തീയേറ്ററിലേക്ക് ചെല്ലൂ ഞാൻ ഒന്ന് രണ്ട് പേഷ്യന്റസിനെ നോക്കിയിട്ട് ഇപ്പോൾ വരാം. "
"ഉം.. "
പ്രിയ അവരുമായി ഓപ്പറേഷൻ തീയേറ്ററിലേയ്ക്ക് പോയി. അവൾ ഒബ്സെർവഷൻ റൂമിലെ ബെഡിൽ കിടന്നു. ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ നാൽപ്പത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ അവിടേയ്ക്ക് വന്നു. അവർ അവളുടെ അടുത്ത ബെഡിൽ ഇരുന്നു. അവൾ അവരെ നോക്കി പുഞ്ചിരിച്ചു. അവർ തിരിച്ച് അവളെ നോക്കിയും പുഞ്ചിരിച്ചു. ആ ചിരിയ്ക്ക് ഇടയിലും അവർ നിറഞ്ഞു തുളുമ്പിയ കണ്ണുനീർ തുടയ്ക്കുന്നത് അവൾ കണ്ടു.
"ജെനി ഡോക്ടറുടെ ചികിത്സയിൽ ആണോ.... "
മൗനം മുറിച്ചു കൊണ്ട് പ്രിയ അവരോട് ചോദിച്ചു.
"അതേയ്... മോളും ജെനി ഡോക്ടറെ കാണാൻ വന്നതാണോ... "
"അതെ... "
"മോൾ ഗർഭിണി ആണോ..."
"അതെ..."
"ഒറ്റയ്ക്കാണോ വന്നത്"
"അതെ... ചേച്ചി, ഗർഭിണി ആണോ... "
"അല്ല... "
"വിഷമിപ്പിച്ചെങ്കിൽ സോറി ചേച്ചി"
"എന്തു വിഷമം...ഇതിനെക്കാൾ എത്രയോ ഞാൻ വിഷമിച്ചിരിക്കുന്നു.. ഇപ്പോഴും വിഷമിക്കുന്നു.. ഒരു കുഞ്ഞിക്കാൽ കാണാനുള്ള ഭാഗ്യം മാത്രം ദൈവം എനിക്ക് വിധിച്ചില്ലാ മോളെ... കയറി ഇറങ്ങാത്ത ഹോസ്പിറ്റലുകളില്ല... ചെയ്യാത്ത വഴിപാടുകൾ ഇല്ല... വർഷം ഇരുപതായി ഞാനും എന്റെ ഭർത്താവും ഒരു കുഞ്ഞിക്കാല് കാണാൻ ആഗ്രഹിച്ചു ഹോസ്പിറ്റലുകൾ കയറി ഇറങ്ങാൻ തുടങ്ങിയിട്ട്. "
അവർ നിറഞ്ഞൊഴുകിയ മിഴികൾ സാരി തുമ്പിനാൽ തുടച്ചു...
"ഇപ്പോൾ ഭർത്താവിന്റെ ഒരു സുഹൃത്താണ്‌ ഇവിടെത്തെ ജെനി ഡോക്ടറെ വന്നു കാണാൻ പറഞ്ഞത്. നമ്മുടെ അവസാനത്തെ പ്രതീക്ഷയാണ് ഇത്..."
"കരയാതിരിക്കൂ ചേച്ചി... എല്ലാം ശരിയാകും... എല്ലാം ദൈവത്തിന്റെ കൈയ്യിൽ അല്ലേ... "
പ്രിയ അവരെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
അവർ കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞു
"ഞാനും ഭർത്താവും ചെയ്ത തെറ്റിന്റെ ഫലമാണ് നമ്മൾ ഇപ്പോൾ അനുഭവിക്കുന്നത്. പ്രായത്തിന്റെ പക്വത ഇല്ലായ്മയിൽ ഞങ്ങൾ ചെയ്ത ആ തെറ്റ് ഇത്ര വലിയ വിഷമത്തിൽ കൊണ്ടെത്തിക്കുമെന്ന് ഞങ്ങൾ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല മോളെ.. "
"എന്തു തെറ്റ്... "
"കല്യാണം കഴിഞ്ഞു രണ്ടാം മാസത്തിൽ ഞാൻ ഗർഭിണി ആയതായിരുന്നു. പക്ഷെ ഒന്ന് സെറ്റിൽ ആയിട്ട് കുഞ്ഞു മതി എന്ന് എന്റെ ഭർത്താവ് പറഞ്ഞപ്പോൾ ഒരു സ്ത്രീ ആയിരുന്നിട്ട് പോലും ഞാൻ അത് എതിർത്തില്ല. ജീവിതം ആസ്വദിക്കാനും ഇത്ര ചെറുപ്രായത്തിൽ തന്നെ ഗർഭിണി ആയി സൗന്ദര്യം നഷ്ടപ്പെടുത്തണ്ട എന്നൊക്കെ കരുതി ഞാനും ആ പാപത്തിന് സമ്മതം മൂളി.. ഇപ്പോഴോ രണ്ട് പേർക്കും അഞ്ചക്ക ശമ്പളം ഉള്ള ജോലി ഉണ്ട്.. വീട് ആയി.. കാർ ആയി... സ്വത്തുക്കൾ ആയി പക്ഷെ അതിന് ശേഷം ഒരു കുഞ്ഞിക്കാൽ കാണാനുള്ള ഭാഗ്യം മാത്രം ദൈവം നമുക്ക് വിധിച്ചില്ലാ... സ്വത്തും പണവും ജോലിയുമല്ല കുഞ്ഞുങ്ങൾ ആണ് എറ്റവും വലിയ നിധിയെന്ന് തിരിച്ചറിയാൻ ഞങ്ങൾ വൈകിപ്പോയി..."
പ്രിയയുടെ കണ്ണുകളും നിറയാൻ തുടങ്ങിയിരുന്നു.
" ഈ സൗന്ദര്യവും പണവും ജോലിയും സ്വത്തും ഒക്കെ എപ്പോൾ വേണമെങ്കിലും നശിക്കാം പക്ഷെ നമുക്കെന്ന് പറയാൻ നമുക്ക് സ്വന്തമായി വേണ്ടത് മക്കളാണ്. നാളെ അവസാനകാലത്ത് ഒരിറ്റ് വെള്ളം തരാൻ അവർ മാത്രമേ കാണൂ... മനസ്സിലാക്കാൻ വൈകിപോയി ഞങ്ങൾ. നമ്മൾ ആഗ്രഹിക്കുമ്പോഴല്ല ദൈവം നമുക്ക് കുഞ്ഞുങ്ങളെ തരുന്നത്. അവൻ തരുമ്പോഴാണ് നമ്മൾ അവരെ രണ്ട് കൈയും നീട്ടി വാങ്ങേണ്ടതെന്ന് മനസിലാക്കാൻ കഴിഞ്ഞില്ല... "
പ്രിയ തന്റെ ഇരു കൈകളും കൊണ്ട് തന്റെ വയറിൽ തൊട്ടു... അവൾക്കും അറിയാൻ കഴിഞ്ഞു ഒരു കുഞ്ഞു മിടിപ്പ്... അവളുടെ ഉള്ളിലെ അമ്മ മനസ്സും ഉണർന്നു...
അവൾ അവരെ കെട്ടി പിടിച്ചു...
"ചേച്ചി.... നന്ദി.... വയറ്റിൽ ജനിച്ച ജീവനെ നശിപ്പിക്കാനാണ് ഞാൻ ഇങ്ങോട്ട് വന്നത്. ചേച്ചിയെ കണ്ടില്ലായിരുന്നെങ്കിൽ ആ പാപം ഞാൻ ചെയ്തേനെ... "
അവർ അവളുടെ മുഖത്തെ കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞു.
"ഒരിക്കലും ചെയ്യരുത് മോളെ... ജനിച്ച ശേഷം നമ്മുടെ മക്കളെ കൊല്ലാൻ നമ്മൾ തയ്യാറാകുമോ... പിന്നെ എന്താ നമ്മുടെ വയറ്റിൽ അവർ ജീവിക്കുമ്പോൾ നമ്മൾ അവരെ കൊല്ലാൻ തയ്യാറാകുന്നത്. ഭൂമിയിലേക്ക്‌ പിറന്നു വീണില്ലെങ്കിലും നമ്മുടെ വയറ്റിൽ അവർ ജനിച്ചപ്പോൾ മുതൽ അവർ നമ്മുടെ മക്കളല്ലേ.. പുറം ലോകം കാണാത്ത അവരോടു എന്തിന് ഈ ക്രൂരത നാം കാട്ടുന്നു.. "
"സോറി ചേച്ചി.... നന്ദി... ഒരുപാട്.... മറക്കില്ല ഒരിക്കലും... "
അവൾ അവരോട് യാത്ര പറഞ്ഞു ആ റൂമിൽ നിന്നും പുറത്തിറങ്ങി..
ഫോൺ എടുത്ത് പ്രശാന്തിന്റെ നമ്പറിൽ കാൾ ചെയ്തു..
"പ്രശാന്ത്‌... ഞാൻ ആ ജോലിയ്ക്ക് പോകുന്നില്ല... പോയാലും ജോയിൻ ചെയ്യാൻ കഴിയില്ല. ടിക്കറ്റ്‌ ക്യാൻസൽ ചെയ്തോളൂ... പിന്നെ തിരിച്ചു വരുമ്പോൾ കുറച്ചു പച്ചമാങ്ങയും കൂടെ വാങ്ങിച്ചോളൂ...."
ഇതേ സമയം ഒബ്സെർവഷൻ റൂമിൽ ജെനി തന്റെ ഹോസ്പിറ്റലിലെ സ്റ്റാഫ്‌ ആയ ആ സ്ത്രീയോട് നന്ദി പറയുകയായിരുന്നു....
ആസിയ അൽഅമീൻ..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo