കണ്ണാടി ബാബു
--------------------------
--------------------------
രണ്ടു ബട്ടന്‍സിന്‍റെ ബലത്തില്‍ കരിമ്പനും കറയുമിണചേര്‍ന്നു നില്‍ക്കുന്ന പേരിനൊരുടുപ്പും, ബട്ടന്‍സില്ലാതെ അരയില്‍ വലിച്ചുകെട്ടിയ നിരങ്ങിപ്പിഞ്ചിയ നിക്കറും, ആ നിക്കറിന്‍റെ പിറകില്‍ കണ്ണുകളെപ്പോലെ പുറത്തു കാണിച്ച ചന്തിയും....
പള്ളിക്കൂടത്തില്‍ സ്ഥിരമായി കാണാറുള്ള ബാബുവിന്‍റെ വേഷം കണ്ട് കൂട്ടത്തിലൊരുത്തന്‍ അവന്‍റെ പിന്നില്‍ ചെന്നുനിന്നുകൊണ്ടു വിളിച്ച ഇരട്ടപ്പേര് മറ്റുള്ള കുട്ടികളും ഏറ്റു ചൊല്ലി
"കണ്ണാടിബാബു ".....
പിന്നീട് പിഞ്ചിയഭാഗം ഒരു കറുത്തതുണി വെട്ടിച്ചേര്‍ത്ത് ചേലില്ലാതെ തുന്നിപ്പിടിപ്പിച്ചു കൊണ്ടുവന്നപ്പോള്‍ അവന് പുതിയ പേരും വന്നു
''കൂളിംഗ് ഗ്ലാസ്സ് ബാബു"....
കണ്ണാടിബാബൂന്നും കൂളിംഗ് ഗ്ലാസ്സ് ബാബൂന്നുമൊക്കെ വിളിച്ചിട്ടോടുമ്പോള്‍ ബാബു അവര്‍ക്ക് നല്‍കുന്ന നേര്‍ത്ത പുഞ്ചിരിയിലും ആരോടും പരാതിയില്ലാത്ത ദാരിദ്ര്യത്തിന്‍റെ ദയനീയമായ ഒരു നോട്ടം നിഴലിച്ചിരുന്നു. ഒരുവഴക്കിനും പോകാത്ത ബാബു എങ്ങനെ മറ്റുള്ളവര്‍ക്ക് ചീത്തക്കുട്ടിയായി. ?
നഷ്ടപ്പെട്ട പേനയും പെന്‍സിലും റബ്ബറുമൊക്കെ ഒന്നുമാലോചിക്കാതെ ബാബു എടുത്തെന്നു പറയാനും അതു ശെരിവെക്കാനും പിന്നീടത് തിരിച്ചു കിട്ടിയാല്‍ത്തന്നെ അല്‍പ്പനേരത്തേക്കെങ്കിലും കള്ളനാക്കപ്പെട്ടവനോട് സഹതാപത്തിന്‍റെ കണികപോലും നല്‍കാതിരുന്ന ക്രൂരവിനോദം....
ഒരവധി ദിവസം സ്റ്റാഫ് റൂമില്‍ ഓടുപൊളിച്ചു കടന്നു പുതിയബുക്കുകളും സാധനങ്ങളും കളവുപോയതില്‍ പിറ്റേന്ന് ബാബുവിന്‍റെ പേര് വിളിച്ചുപറഞ്ഞ് അവനു ചുറ്റും പിള്ളാര് വട്ടംകൂടിയപ്പോളും സ്റ്റാഫ് റൂമില്‍ ടീച്ചര്‍മാരുടെ ചോദ്യം ചെയ്യലിനുമൊടുവില്‍ പുറത്തുനിന്നുള്ള യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തിയതിനു ശേഷമാണ് സഹപാഠികള്‍ പറഞ്ഞുപഠിക്കാന്‍ തുടങ്ങിയ കള്ളന്‍ബാബുവില്‍ നിന്നും തിരികെ കൂളിംഗ് ഗ്ലാസ്സ് ബാബുവിലേക്ക് സ്വതന്ത്രനായത്....
കള്ളന്‍ബാബുവായി ചിത്രീകരിക്കാന്‍ പിന്നെയും അവസരങ്ങളുണ്ടാവുകയും അതില്‍നിന്നൊക്കെ നിരപരാധിയായും തെളിയിക്കപ്പെടാത്ത കേസുകളില്‍ അപരാധിയായി മുദ്രകുത്തിയുമൊക്കെ ബാബു ജീവിച്ചു.
മാലമോഷണത്തിന് ഉത്സവപ്പറമ്പിലിട്ടു നാട്ടുകാരും പോലീസും കേറിമേഞ്ഞ് ബാക്കിപത്രമായി കട്ടിലില്‍ നടുവൊടിഞ്ഞു കിടക്കുന്ന "കള്ളന്‍ വാസൂന്‍റെ മകനെ" കള്ളന്‍ബാബുവാക്കാന്‍ എന്നിട്ടും ആരെക്കൊണ്ടുമായില്ല.....
കൂട്ടുകാരുടെ അവഗണനയേറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവനായി പള്ളിക്കൂടത്തില്‍ പൊരുതിജീവിക്കുമ്പോളും, കണ്ണാടി ബാബൂന്നും കൂളിംഗ് ഗ്ലാസ്സ് ബാബൂന്നുമൊക്കെ നീട്ടി വിളിക്കുമ്പോള്‍ അവന്‍ പുഞ്ചിരിതൂകിയതിന്‍റെ കാരണമിതാണ്.....
"കള്ളന്‍ബാബൂന്നല്ലല്ലോ" ...... :-)
-----------------------------------------------------------------
സന്തോഷ് നൂറനാട്
-----------------------------------------------------------------
സന്തോഷ് നൂറനാട്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക