Slider

സമയരഥങ്ങളിൽ

0
Image may contain: 1 person, beard

പടർന്നു പന്തലിച്ച ആ പടുകൂറ്റൻ അരയാലിൻ തണലിലായി അല്പം ഉയരത്തിൽ കെട്ടിയ തറയിൽ ഇളകിയകലുന്ന കല്ലുകളിൽ തന്റെ വാർദ്ധക്യം ബലഹീനമാക്കിയ നേർത്ത കൈവിരലുകളാൽ മെല്ലെ പിടിച്ചുകൊണ്ട് പൊട്ടിയ തറയുടെ ഉയരം കുറഞ്ഞ ഭാഗത്ത് തന്റെ കൈവശമുള്ള തുണിക്കെട്ട് ഇറക്കിവെച്ച് ഇടറുന്ന പാദങ്ങളെ പണിപ്പെട്ട് ബലപ്പെടുത്താൻ ശ്രമിച്ചുകൊണ്ട്, തന്റെ പഴകിയ ഊന്നുവടി അരികിൽ ചാരിവെച്ച്, വിതുമ്പുന്ന ചുണ്ടുകളും നിറഞ്ഞ മിഴികളുമായി, ആ അമ്മ വേച്ചുവേച്ച് ഇരുന്നു. അവരുടെ അധരങ്ങളിൽനിന്നും അവ്യക്തമായ ശബ്ദം നമ: ശിവായ എന്ന പഞ്ചാക്ഷരീ മന്ത്രമായിരുന്നു.
കഴുത്തിൽ രുദ്രാക്ഷമാലകളും ജഡബാധിച്ച നരച്ചമുടിയും കറുപ്പും കാവിയും ചേർന്ന വസ്ത്രങ്ങളും നെറ്റിയിലെ ഭസ്മക്കുറിയും അതൊരു ഭക്തയാണെന്ന് വിളിച്ചുപറയുംപോലെ കാണപ്പെട്ടു. വാർദ്ധക്യത്തിന്റെ കടന്നാക്രമണം അസഹനീയമാണെന്ന് അവരുടെ മുഖഭാവം വ്യക്തമാക്കുന്നുണ്ട്.
എങ്ങോനിന്നെത്തിയ തെക്കൻകാറ്റ് ചെറുചൂളംവിളിയോടെ ആ അരയാലിലകളെ ഇക്കിളികൂട്ടിയപ്പോൾ അവ ഒരേ താളത്തിൽ ഇളകിയാടി അത് ഒരുകൊച്ചു കുളിർകാറ്റായി ആ വൃദ്ധയുടെ ശരീരത്തെ തഴുകിയൊഴുകവേ ആലിൻപഴങ്ങളുതിർന്ന് താഴേക്ക് വീണു ചുറ്റും നിറഞ്ഞു. കുഞ്ഞിക്കിളിയും മൈനയും അമ്പലപ്രാവുകളും കലപിലകൂട്ടി പറന്നടുത്തപ്പോൾ മരത്തിൽ ചാടിക്കളിക്കുന്ന അണ്ണാരക്കണ്ണനും ചിലച്ചുകൊണ്ട് ചോദിച്ചു; 'ആരാണ്' എന്ന്'.
ആൽമരത്തിൽ പറ്റിച്ചേർന്നു നില്ക്കുവാൻ ആവുന്നത്ര ശ്രമിച്ചിട്ടും പരാചയം ഏറ്റുവാങ്ങിയ പഴുത്ത ഇലകൾ മെല്ലെമെല്ലെ ഇളകിയാടി താഴേക്ക് പതിച്ചുകൊണ്ടിരുന്നു. അതിൽ ഒന്നൊരണ്ടോ ആ വൃദ്ധയുടെ അരികിലേക്ക് വീണ് അവയും ചോദിച്ചു 'ആരാണ് ' എന്ന്.
ആലിൻപഴം തിന്നാനെത്തിയ കാക്കകളും ഇരതേടി അങ്ങ് മേലെ ഉയരത്തിൽ വട്ടം പറക്കുന്ന പരുന്തും ആൽത്തറയുടെ അല്പംമാത്രം ദൂരമുള്ള ക്ഷേത്രക്കുളത്തിലെ പരൽമീനുകളും പിലോപ്പിയയും ജലപ്പരപ്പിനു മുകളിലേക്ക് നീന്തിവന്ന് ദാഹം ശമിപ്പിക്കവേ ചോദിച്ചു 'ആരാണ്' എന്ന്.
തിരികെ പറന്നെത്തിയ വടക്കൻ കാറ്റും ഒരു മൂളിപ്പാട്ടിലൂടെ അരികിലെത്തി ചുറ്റും കറങ്ങിക്കൊണ്ട് ചോദിച്ചു 'ആരാണ് ' എന്ന്. ആൽമരത്തിലെ കാക്കക്കൂട്ടിൽ കാക്കയറിയാതെ തന്റെ മുട്ടയിടാനെത്തിയ കാക്കക്കുയിലും മരത്തിലെ പൊത്തിൽ പുഴുക്കളെ തിരയുന്ന കാക്കത്തമ്പുരാട്ടിയും മരംകൊത്തിയും ആകാംക്ഷയോടെ ചോദിച്ചു, പാട്ടിന്റെ താളത്തിലും മേളത്തിലും 'ആരാണ് ' എന്ന്.
വൃദ്ധ തന്റെ മിഴികൾ മെല്ലെയുയർത്തി ശിരസ്സ് അല്പം ചരിച്ചുപിടിച്ച് പടിഞ്ഞാറുഭാഗത്തേക്ക് എത്തിനോക്കി, അടഞ്ഞുകിടക്കുന്ന ക്ഷേത്രകവാടം നോക്കി മെല്ലെ മിഴികളടച്ച് ഒരു നിമിഷത്തെ പ്രാർത്ഥനയോടെ മിഴികൾ തുറന്ന് തന്റെ പൊതിക്കെട്ടിനുള്ളിൽനിന്നും നരച്ചുനിറം മങ്ങിയ ഒരു തുവർത്തെടുത്ത് മുഖം തുടച്ചുകൊണ്ട് പതിയെ അവിടെനിന്നും ക്ഷേത്രക്കുളത്തെ ലക്ഷ്യമാക്കി നടന്നു. കുളത്തിലെ ജലവിതാനം കൂടുതലാണെങ്കിലും കടവിൽ നിന്നും ഏഴുപടികൾ താഴേക്ക് ഇറങ്ങണമായിരുന്നു വെള്ളത്തിലേക്ക്.
ഭഗവാന്റെ തിരുനടയിലേക്ക് ഒരിക്കൽക്കൂടി നോക്കി മൗനമായി എന്തോ പ്രാർത്ഥിച്ചുകൊണ്ട് ഒരു കൈയിൽ തുവർത്തും മറുകൈകൊണ്ട് തന്റെ വിറയാർന്ന കാൽമുട്ടുകളിൽ അമർത്തിപ്പിടിച്ചുകൊണ്ട് ആയാസത്തോടെ ഓരോ പടികൾ ഇറങ്ങുവാൻ ശ്രമിച്ചു. ഓരോ പടികളും ഇറങ്ങിക്കഴിഞ്ഞ് അല്പനേരം അവിടെ നിന്നതിനുശേഷമാണ് അവർ അടുത്തപടികൾ ഇറങ്ങിയത്.
ആറുപടികളിറങ്ങി ഏഴാമത്തെ വെള്ളമുള്ള പടിയിലേക്ക് ഭഗവാന്റെ നാമമുതിർത്തുകൊണ്ട് മെല്ലെ വലതുപാദം അമർത്തിവെച്ച് ഇടതുകാലുയർത്തവെ വലതുകാൽ തെന്നിനീങ്ങി ആ പാവം വൃദ്ധ 'ഈശ്വരാ' എന്ന് ഉറക്കെ നിലവിളിയോടെ കുളത്തിലേക്ക് പതിച്ചു.
കുളത്തിൽ മുങ്ങിത്താഴ്ന്ന് മേലേക്ക് വീണ്ടും ഉയർന്നു പൊന്തവേ ദയനീയമായ മിഴികളോടെ ചുറ്റും നോക്കുന്നുണ്ടായിരുന്നു.
മീനുകൾ കുളത്തിന്റെ അടിത്തട്ടിലേക്കോടിയൊളിച്ചു. പ്രാവും കിളികളും കാക്കകളും കൂട്ടത്തോടെ കരഞ്ഞു അപകടം വിളിച്ചോതിയപ്പോൾ അണ്ണാൻ കുഞ്ഞും വിളിച്ചുപറഞ്ഞു 'രക്ഷിക്കണേ' എന്ന്.
ജീവിതത്തിന്റെ കാണാക്കയങ്ങൾ പലതും താണ്ടിയെത്തിയ ആ മാതാവ് മരണത്തിന്റെ മനോഹരമായ ലോകത്തേക്ക് , ഒരിക്കൽ പോലും നിറഞ്ഞിട്ടില്ലാത്ത തന്റെ ചുളിവുവീണു വരണ്ടുതുടങ്ങിയ ഒട്ടിയവയർ നിറയെ ജലപാനം ചെയ്ത് മറ്റൊരുലോകത്തേക്ക് യാത്ര തിരിക്കുമ്പോൾ, ഏതോ ഒരു ദിക്കിലുള്ള മാളികവീടിന്റെ മട്ടുപ്പാവിലിരുന്ന് ആ അമ്മയുടെ ഗർഭപാത്രത്തിന്റെ ചൂടും തണലും സംരക്ഷണവും ആവോളമനുഭവിച്ച ഒരു മകനും മറ്റൊരു ദിക്കിൽ തന്റെ സഹപ്രവർത്തകർക്കൊപ്പം സല്ലാപത്തിലായിരുന്ന ഒരു മകളും തുടരെ തുടരെ ആശംസകൾ അർപ്പിക്കുന്ന തിരക്കിലായിരുന്നു..." മാതൃദിനാശംസകൾ "
***മണികണ്ഠൻ അണക്കത്തിൽ***
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo