Slider

ഓർമ്മകളിലെ ബാല്യം..... (കഥ)

0
Image may contain: 1 person, closeup
"വിഷയം കിട്ടി..... ബാല്യകാലം... സമയം ഒരാഴ്ച ....
അടുത്ത വാരാന്തപ്പതിപ്പിൽ വരേണ്ട സബ്ജക്റ്റാണ്.... നമ്മുടെ കഴിവ് പുറത്തെടുക്കാൻ ഉള്ള അവസരം നാലുപേരും നാലു കഥകൾ എഴുതണം. സെലക്ട് ചെയ്യപ്പെടുന്നത് പ്രസിദ്ധീകരിക്കും ... അവർക്ക് നിയമന ഉത്തരവും ലഭിക്കും.... "
അശ്വതി ചീഫ് എഡിറ്ററുടെ റൂമിൽ നിന്നും ഇറങ്ങി പുറത്ത് കാത്ത് നിന്ന മൂവരോടായി പറഞ്ഞു.....
പ്രമുഖ പത്രത്തിലെ നാല് പുതിയ സബ് എഡിറ്റർ ട്രെയിനീസ് ആണ് അശ്വതിയും ജേക്കബും വിമലും പിന്നെ അനൂപും.... കൂട്ടത്തിൽ പെൺകുട്ടിയായ അശ്വതിയാണ് അവരുടെ ലീഡർ.ഒരാഴ്ചയായതേയുള്ളൂ അവർ ജോയിന്റ് ചെയ്തിട്ട് ....
കാന്റീനിലെ ഉച്ചഭക്ഷണത്തിന് മുന്നിൽ എതോ ചിന്തയിൽ മുഴുകിയിരിക്കുകയായിരുന്ന അനൂപിന്റെ എതിർ വശത്തായി വിമൽ ഭക്ഷണവുമായി ഇരുന്നു.
"ബാല്യകാലം ആയതിനാൽ എളുപ്പമാണ്. പഴയ ഓർമ്മകൾ കുത്തിക്കുറിച്ചാൽ മതിയല്ലോ. താനെന്താ ഒന്നും മിണ്ടാത്തേ....?"
അനൂപ് മുഖമുയത്തി വിമലിനെ നോക്കി.
" ഓർമ്മിക്കാൻ ഒരു ബാല്യമുള്ളവർക്കല്ലെ കഥയുണ്ടാവൂ...... ! ഓർഫനേജിന്റെ ഇരുട്ടിൽ തള്ളി നീക്കിയ എനിക്ക് പറയാൻ നിറമുള്ള ഒരു ബാല്യകാലമില്ല. ഭാവനയിൽ നിന്നും എഴുതാൻ ഉള്ള കഴിവും ഇല്ല. ഈ മത്സരം നിങ്ങൾ മൂന്ന് പേർ തമ്മിലാണ്. ഞാൻ തോൽവി ഇപ്പോഴേ സമ്മതിക്കുന്നു. "
"സോറി അനൂപ് ... അത് ഞാൻ ഓർത്തില്ല. നീ എന്തെങ്കിലും എഴുതണം. തോൽക്കാൻ തുടങ്ങിയാൽ പിന്നെ അതിനേ സമയമുണ്ടാവൂ.... നിന്നെ ഉപേക്ഷിച്ചവർക്കും നിന്നെ ഇപ്പോഴത്തെ നീയാക്കിയവർക്കും വേണ്ടി നീ ജയിക്കണം. നിനക്ക് കഴിയും.... ചെറുതെങ്കിലും എഴുതൂ."
മറ്റു രണ്ട് പേരുടേയും ഇതേ അഭിപ്രായം ശരിയാണെന്ന് അനൂപിന് തോന്നി.
എന്തെങ്കിലും എഴുതിയേ തീരൂ.. പക്ഷെ ....?
അനൂപ് അന്ന് രാത്രി മുഴുവൻ ഒരു കഥയ്ക്ക് വേണ്ടി തപസ്സിരുന്നു. ഒടുവിൽ അയാളിൽ ഒരു നേർത്ത ഓർമ്മയായി മനസ്സിന്റെ ചെപ്പിൽ സൂക്ഷിച്ച ബാല്യത്തിലെ ആ മുപ്പത് ദിവസങ്ങൾ ഓടിയെത്തി.....
കൊല്ല പരീക്ഷ കഴിയുന്ന ദിവസം കൂട്ടുകാർ അഘോഷിക്കുമ്പോൾ ഓർഫനേജിലെ അവധിക്കാലത്തിന്റെ വിരസത എങ്ങിനെ തരണം ചെയ്യും എന്ന ചിന്തയോടെ സ്ക്കൂളിന്റെ പടികൾ ഇറങ്ങുന്ന ഒരഞ്ചാം ക്ലാസുകാരന്റെ മുഖം അനൂപിൽ നിറഞ്ഞു....
വൈകീട്ടത്തെ പ്രാർത്ഥനയ്ക്കു ശേഷം അന്തേവാസികളായ കുട്ടികളെ വിളിച്ചു വരുത്തി ഫാദർ ആ സന്തോഷ വാർത്ത അറിയിച്ചു.
" ഈ അവധിക്കാലത്ത് നിങ്ങൾ അനാഥരല്ല....!
നമ്മുടെ ബഹു. കലക്ടറുടെ പുതിയ പദ്ധതി നിങ്ങളെപ്പോലുള്ള കുട്ടികൾക്ക് സന്തോഷം പകരുന്നതാണ്.അതായത് ചില നല്ല മനുഷ്യ സ്നേഹികൾ നിങ്ങളെ ഓരോരുത്തരേയും ഈ അവധിക്കാലത്ത് അവരുടെ വീടുകളിൽ കൊണ്ടു പോകും. അവരുടെ കുട്ടികളുടെ കൂടെ അവരിലൊരാളായി നിങ്ങൾക്ക് ആഘോഷിക്കാം..... നിങ്ങൾ ആറു പേരിൽ 5 പേർക്ക് നാളെത്തന്നെ പോകാം. ബാക്കി വരുന്നത് അനൂപ് ആണ്. അനൂപിന് പോകേണ്ടുന്ന വീട്ടിലെ സാർ രണ്ട് ദിവസം കഴിഞ്ഞേ വരുകയുള്ളൂ..... സന്തോഷമായില്ലേ. എല്ലാവർക്കും........പിന്നെ അവിടെ ചെല്ലുമ്പോൾ നല്ല അച്ചടക്കം കാണിക്കണം. നമ്മുടെ സ്ഥാപനത്തിന് ചീത്ത പേര് കേൾപ്പിക്കരുത് "....
അവർ അഞ്ചു പേരും പോകുന്നത് അനൂപ് അസൂയയോടെ നോക്കി നിന്നു.രണ്ടു ദിവസം കഴിഞ്ഞിട്ടും അവനെ കൊണ്ടു പോകാം എന്ന പറഞ്ഞയാൾ വന്നില്ല. വിധിയുടെ ക്രൂരതയേയും തന്റെ ദൗർഭാഗ്യത്തേയും പഴിച്ച് ഈറനണിഞ്ഞ മിഴികളുമായി അനൂപ് ദിവസങ്ങൾ തള്ളി നീക്കി. ഇതിനിടെ ഫാദർ കലക്ട്രേറ്റിൽ കാര്യങ്ങൾ ബോധിപ്പിച്ചിരുന്നു. ഒടുവിൽ അനൂപിന്റെ സ്വപ്നങ്ങളുടെ വാതായനങ്ങൾ മലർക്കെ തുറന്ന് കൊണ്ട് മേനോൻ സാർ വന്നു. കലക്ട്രേറ്റിലെ സീനിയർ സൂപ്രണ്ടായിരുന്നു അദ്ദേഹം.അദ്ദേഹത്തിന്റെ വീട്ടിൽ അവധിക്കാലം ആഘോഷിക്കാൻ അനൂപ് ഇറങ്ങി......
തലയുയർത്തി നിൽക്കുന്ന പഴയ തറവാട് ,നാട്ടുമാവും നാഗക്കാവും കുളിരണിയിക്കുന്ന വിശാലമായ പുരയിടം
നീന്തിത്തുടിക്കാൻ വിശാലമായ കുളം.അനൂപിന് ശരിക്കും അത്ഭുതമായിരുന്നു. കൂടെ കളിക്കാൻ മേനോൻ സാറിന്റെ മകൻ ഹരിയും പിന്നെ അയൽപക്കത്തെ കുട്ടികളും .കുറച്ചു ദിവത്തേക്കെങ്കിലും അച്ഛൻ, അമ്മ എന്ന് വിളിക്കാൻ ഉള്ള ഭാഗ്യവും...
താൻ അനാഥനല്ല എന്ന തോന്നൽ ആ പിഞ്ചു ബാലനിൽ ആഹ്ലാദ തിരകളുയർത്തി. കുറച്ചു ദിവസങ്ങൾക്കു ശേഷം മേനോൻ സാറിന്റെ സഹോദരിയും മകളും വന്നു. തന്റെ സമപ്രായത്തിലുള്ള കുട്ടി.
അച്ചു..... !
അവളുടെ കൂടെ കളി വീട്ടിൽ അവർ അച്ഛനും അമ്മയും ആയി. മണ്ണപ്പം ചുട്ടും മാമ്പഴം രുചിച്ചും അവർ ആഘോഷിച്ചു.
ഈ അവധിക്കാലം അവസാനിക്കരുതേ എന്നവൻ പ്രാർത്ഥിച്ചു..... പക്ഷെ....!
ഒടുവിൽ ആ ദിനം വന്നെത്തി .... വീണ്ടും അനാഥത്വത്തിന്റെ പടുകുഴിയിലേക്ക് വലിച്ചെറിയപ്പെടാൻ തയ്യാറായി അനൂപ്.....
വളരെ പ്രയാസപ്പെട്ട് നാവിനെ വഴക്കിയെടുത്ത അമ്മ.... അച്ഛൻ ....വിളികൾ ഇനി അവശ്യമില്ല.
നിറമിഴികളോടെ അവൻ അവരോട് യാത്ര പറഞ്ഞു. അച്ചു അവൾക്കേറ്റവും ഇഷ്ടപ്പെട്ട പാവക്കുട്ടിയെ അവന് സമ്മാനിച്ചു. ഹരി അവനെ വിളിച്ച് തന്റെ റൂമിൽ കൊണ്ടുപോയി ഇഷ്ടമുള്ളത് എടുത്തോളാൻ പറഞ്ഞു. ...
തനിക്ക് പ്രിയപ്പെട്ട ഏട്ടന്റെ ആലിംഗനം മാത്രം മതിയെന്ന് പറഞ്ഞപ്പോൾ അവർ പൊട്ടിക്കരഞ്ഞു.
ഇടയ്ക്ക് വരണമെന്ന് പറഞ്ഞ് അമ്മ അവന് മാതൃവാത്സല്യത്തിന്റെ ചുംബനങ്ങൾ പകർന്നു.
വിങ്ങുന്ന ഹൃദയവും ഒഴുകുന്ന മിഴികളുമായി അനൂപ് പടികളിറങ്ങി......!
ഈ ഓർമ്മകളെ കഥയുടെ ചട്ടക്കൂട്ടിൽ നിറച്ച് ആ രാത്രി അവൻ ധന്യമാക്കി. അവരെയൊക്കെ വീണ്ടും കാണാൻ അവന്റെ മനസ്സു തുടിച്ചു. തന്റെ അപകർഷതാബോധമാണ് ഇത്രയും കാലം അവിടേക്കുള്ള വഴിയിലെ തടസ്സമായി നിന്നതെന്ന് അവൻ മനസ്സിലാക്കി.
ചീഫ് എഡിറ്ററുടെ കോൺഫ്രൻസ് ഹാളിൽ എല്ലാ എഡിറ്റർമാരും ഇരിക്കുന്നു. നാല് കഥകളും അവർ വായിച്ചു ... മറുപടി പ്രസംഗത്തിനായി ചീഫ് എഡിറ്റർ എഴുന്നേറ്റു.
" നാലും നല്ല കഥകൾ ആണ്. അതിനാൽ നിങ്ങളുടെ കഴിവുകൾ ഇനിയും തുടരുക. ഇതിൽ നിന്നും ഒരാളെ തിരെഞ്ഞെടുക്കുക ബുദ്ധിമുട്ടാണ്. ഇനിയും എഴുതുക. ... വഴിയെ ഞങ്ങൾ അറിയിക്കും ആരാണ് സെലക്ട് ചെയ്യപ്പെട്ടത് എന്ന്.... ഇവിടെ നാലു കഥകളും വായിച്ചത് നിങ്ങൾ കേട്ടു കാണുമല്ലോ ... അതിൽ അനൂപ് എഴുതിയ കഥ എല്ലാ അർത്ഥത്തിലും വ്യത്യസ്തമാണ് എന്നുകൂടി ഞാൻ അറിയിക്കട്ടെ. അദ്ദേഹത്തിന് പ്രത്യേക അഭിനന്ദനങ്ങൾ.. "
നന്ദി പ്രകാശനത്തിന് ഗ്രൂപ്പ് ലീഡർ അശ്വതി എത്തി. അവളുടെ മുഖം മ്ലാനമായിരുന്നു.
"ഞങ്ങളുടെ കഥ ഈ സ്ഥാപനത്തിന്റെ നിലവാരത്തിൽ എത്തി എന്നതിൽ സന്തോഷിക്കുന്നു. ഞങ്ങളെ സഹായിച്ച എല്ലാവരോടും നന്ദി രേഖപ്പെടുത്തുന്നു. ഒരു ചെറിയ കാര്യം കൂടി ഞാൻ സൂചിപ്പിച്ചോട്ടേ..."
അവൾ സമ്മതത്തിനായി സാറിന്റെ മുഖത്തേക്ക് നോക്കി... തന്റെ കണ്ണട ഊരി ആ മിഴികളിൽ നിന്ന് ഉതിർന്ന അശ്രു ഒപ്പിയെടുത്ത് അവൾ തുടർന്നു.
"അനൂപ് എഴുതിയ കഥ എന്റെ മനസ്സിനെ വല്ലാതെ സ്പർശിച്ചു. ആ കഥയിലെ അച്ചു ശരിക്കും ഞാനാണ് .... അതെ അശ്വതി എന്ന അച്ചു.....! "
അവൾ നിറമിഴികളേടെ തന്റെ സീറ്റിൽ ഇരുന്നു.....
അശ്വതി ....അച്ചുവാണോ.....? അനൂപിന് വിശ്വസിക്കാനായില്ല... അവൻ അവളുടെ അടുത്തേക്ക് ഓടി ച്ചെന്നു. എന്തു പറയണമെന്ന് അറിയാതെ അവർ പരസ്പരം നോക്കി നിന്നു.
രാത്രി അനൂപിന് അശ്വതിയുടെ കോൾ വന്നു. നാളെ അവൾ തറവാട്ടിലേക്ക് പോകുന്നു. അമ്മായിക്ക് നല്ല സുഖമില്ല എന്നും പറഞ്ഞു. ....അനൂപ് എന്തോ വല്ലാതായി .......
താൻ ജീവിതത്തിൽ ആദ്യമായും അവസാനമായും അമ്മേ എന്ന് വിളിച്ചവർ സുഖമില്ലാതെ കിടപ്പിലായിരിക്കുന്നു.....
"ഞാനും വന്നോട്ടെ അമ്മയെ കാണാൻ ...?"
" പിന്നെന്താ... വന്നോളൂ...!" അവന് എന്തെന്നെല്ലാത്ത സന്തോഷം തോന്നി. അവന്റ മനസ്സ് വീണ്ടും ആ അഞ്ചാം ക്ലാസുകാരന്റെതായി .....
പക്ഷെ അവർ അവിടെ എത്തുമ്പോഴേക്കും അമ്മ വിട പറഞ്ഞിരുന്നു. .... അവൻ ആ മുഖത്തേക്ക് നിറമിഴിയോടെ നോക്കി. ഒന്നു പൊട്ടിക്കരയണമെന്നുണ്ടായിരുന്നു. മേനോൻ സാറിന്റെ കരങ്ങൾ അവനെ ആശ്വസിപ്പിച്ചു.....
മോനേ നീ വന്നല്ലോ .... അവൾക്ക് സന്തോഷമായിക്കാണും.... നിന്നെക്കുറിച്ച് എപ്പോഴും പറയാറുണ്ട് ഇവിടെ..... ഹരി വന്നിട്ടില്ല. അവൻ യു കെയിലാണ്. ലീവ് കിട്ടിയില്ല.....
നീ ..... നീ വേണം ചടങ്ങുകൾ ചെയ്യാൻ.. ആ ചിതയ്ക്ക് തീ കൊളുത്താൻ നീയാണ് യോഗ്യൻ.....
ഇത്രയും നേരം പിടിച്ചു നിർത്തിയ പൊട്ടിക്കരച്ചിൽ അനൂപ് അറിയാതെ അണപൊട്ടിയൊഴുകി. അവൻ ആ അച്ഛന്റെ മാറിൽ തല ചായ്ച്ചു......
ശ്രീധർ ......
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo