Slider

ഒരു തൈറോയ്ഡ് രോഗിയുടെ ആത്മനൊമ്പരങ്ങൾ- അവസാനഭാഗം

0
Image may contain: 1 person, beard

ശരിക്കും മിലിട്ടറി രംഗം തന്നെ അവിടെ അരങ്ങേറി. ഞാൻ ഉൾപ്പെട്ട രോഗികളുടെ പ്ലാറ്റൂൻ അറ്റെൻഷനിൽ നൽകിയ അഭിവാദ്യം സ്വീകരിച്ച് ആയുധപ്പെട്ടി ചുമന്ന കമ്പോണ്ടറിന്റെയും നഴ്‌സമ്മയുടെയും അകമ്പടിയോടെ ഘനഗാംഭീര്യം ഒട്ടും ചോരാതെ അദ്ദേഹം മുന്നിലൂടെ കടന്നുപോയി.
എനിക്കും ഒരു ഡോക്ടറായി ഇതു പോലെ ഷൈൻ ചെയ്യണമെന്ന് ആഗ്രഹമുദിച്ചെങ്കിലും സമയം വൈകിപ്പോയതിനാൽ ദൗത്യം അടുത്ത ജന്മത്തിലേക്ക് മാറ്റി വച്ചു.
മരപ്പലകയടിച്ച മച്ചിൻമുകളിലാണ് പരിശോധനാമുറി. സമയമടുക്കുംതോറും കയ്യും കാലും വിറക്കാൻ തുടങ്ങി.
വിളി വന്നു. കൂടെ കയറാൻ നോക്കിയ പപ്പനെ നഴ്‌സമ്മ നിർദാക്ഷിണ്യം പുറത്താക്കി. സിംഹക്കൂട്ടിൽ ഇരയായി കൊടുത്ത ആടിനെ പോലെ ഞാൻ ഒരരിക് പറ്റി നിന്നു. കയ്യിലുള്ള പരിശോധനാ റിപോർട്ടുകൾ കൊടുത്തു. കൂട്ടത്തിൽ എന്റെ സ്വതസിദ്ധമായ പുഞ്ചിരി പൊഴിച്ച് മൂപ്പരെ സ്വാധീനിക്കാൻ ശ്രമിച്ചെങ്കിലും ക്രൂരമായ ഒരു നോട്ടമായിരുന്നു മറുപടി.
ഇരുത്തിയും കിടത്തിയും പരിശോധിച്ചു.
ഓപ്പറേഷൻ ചെയ്യേണ്ടി വരും.... ചെയ്യണോ ?
എന്നോട് എന്തോ മുൻശത്രുതയുള്ളത് പോലെയാണ് അദ്ദേഹത്തിൻറെ ചോദ്യം
ചെയ്യണോ?
ഞാനറിയാതെ തന്നെ അതേ താളത്തിൽ ചോദിച്ചുപോയി.
നിനക്കു വേണമെങ്കിൽ ചെയ്യാം എനിക്ക് നിർബന്ധോന്നുല്ല. ചെയ്യണൊന്ന് അവനിങ്ങോട്ട് ചോദിക്കുന്നു എന്നും പറഞ്ഞൊരു ചാട്ടം.
ചെയ്യണം സർ ചെയ്യണം സാർ.. ഞാൻ വിനീതനായി.
ആ എന്നാൽ നാളെ ഒരു സ്ലോട്ട് ഒഴിവുണ്ട് പിന്നെ അടുത്തമാസമേ ഡേറ്റുള്ളൂ എന്തുവേണം ?
നാളെ ചെയ്യാം സർ ഞാൻ ഭയചകിതനായി പറഞ്ഞു
എന്നാൽ ഇന്നു അഡ്മിറ്റാകണം നാളെ പത്തു മണിക്ക് ഓപ്പറേഷൻ.
അപ്പോഴേക്കും നഴ്സ് വന്ന് എന്നെ കൂട്ടി താഴെ വന്നു.
സിനിമകളിൽ ലോഡ്ജ് റെയ്ഡ് രംന്ഗങ്ങളിൽ ഉള്ള പോലുള്ള മുറിയിൽ എന്നെ അഡ്മിറ്റ് ചെയ്തു. പപ്പൻ അത്യാവശ്യ സാധനങ്ങളെടുക്കാൻ വീട്ടിലേക്ക് പോയി.
കുറച്ചു കഴിഞ്ഞപ്പോൾ നേരത്തെ കണ്ട കമ്പോണ്ടർ വന്നു ഗൗരവത്തിൽ പറഞ്ഞു. ഷേവ് ചെയ്യണം.
ഷേവ് ചെയ്തിട്ടുണ്ട് ചേട്ടാ മുഖം തടവിക്കൊണ്ട് ഞാൻ പറഞ്ഞു
(അക്കാലത്തു എന്നെ കാണാൻ ഷാരുഖ് ഖാന്റെ ലുക്കുണ്ടെന്ന് ആരോ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ താടിയും മീശയും വടിച്ചു മുഖം ഓട്ടുപാത്രം പോലെയാക്കിയായിരുന്നു നടപ്പ്)
അതൊന്നും പോരാ എന്നും പറഞ്ഞു അയാൾ രണ്ട് ചാട്ടം. ഇയാൾക്ക് ഡോക്ടറെക്കാളും ദേഷ്യം എന്നോടുള്ളത് പോലെ.
കുപ്പായം അഴിപ്പിച്ച ശേഷം അയാളെന്റെ വിരിഞ്ഞ മാറിടത്തിലെ രോമരാജികൾ മുഴുവൻ ഒരു ദാക്ഷിണ്യവുമില്ലാതെ അറുത്തെടുത്തു.
നിർരോമിതമായ എന്റെ മാറിടം കണ്ട് എനിക്ക് തന്നെ നാണം വന്നു.
ശരിക്കും ജമ്പറിടാതെ നടക്കുന്ന അപ്പുറത്തെ വീട്ടിലെ നാണിയമ്മൂമ്മയെ പോലെ തന്നെ.
പിറ്റേ ദിവസം
അങ്ങനെ ആ ശുഭമുഹൂർത്തം സമാഗമമായി. ആ മംഗളനിമിഷത്തെ വരവേല്ക്കാനോ എന്തോ എന്റെ ഹൃദയം തുടികൊട്ടിപ്പാട്ട് തുടങ്ങി.
നഴ്‌സമ്മ ഇരുവശവും കീറിയ ഒരു പച്ച നൈറ്റി അണിയിച്ചു. പപ്പന്റെ നേതൃത്വത്തിലുള്ള സുഹൃദ് സംഘം എനിക്ക് ഔപചാരികമായ അഭിവാദ്യങ്ങൾ അർപ്പിക്കുന്നതിനിടെ കതിനകുറ്റി പോലത്തെ രണ്ട് സിറിഞ്ച് കൊണ്ട് എന്റെ രണ്ടു വശത്തും താങ്ങിക്കൊണ്ട് നഴ്‌സമ്മ ആചാരവെടി മുഴക്കി ചടങ്ങിന് കൊഴുപ്പു കൂട്ടി.
ഇൻജെക്ഷൻ എഫെക്റ്റാണോ എന്തോ ഞാൻ ഒരു ഇരുന്നൂറു എം എൽ ചെലുത്തിയ മൂഡായി. കിറുങ്ങിനിന്ന എന്നെ രണ്ടു നേഴ്‌സുമാർ ചേർന്ന് ആവാഹിച്ചു കൊണ്ടു പോയി.
പച്ചത്തുണികൾ ...പച്ച ചുമര് .... മൊത്തം പലവിധ ഉപകരണങ്ങൾ. ചുറ്റിലും കുറെയേറെ പച്ചക്കുപ്പായക്കാർ.
പുറത്തു കണ്ട ആശുപത്രി അല്ല അകത്തു. ഫുൾ ആധുനികമയം.
ഇപ്പൊ ഒരു അരലിറ്റർ അടിച്ച അനുഭൂതിയിലാണ് ഞാൻ. കയ്യും കാലും കിടുകിടാ വിറ. കാഴ്ച മങ്ങി വരുന്നു അതിനിടെ ആരോ പേര് ചോദിച്ചു വിജു എന്ന് പറയണമെന്നുണ്ട് ചുണ്ടുകൾ സമ്മതിക്കുന്നില്ല
ഒരു മേശമേൽ കിടത്തി കയ്യും തലയും അതിനോട് ബന്ധിച്ചപ്പോൾ പ്രാന്തന്മാരെ ഷോക്ക് കൊടുക്കുന്ന രംഗമാണ് ഓർമ വന്നത്.
ചെറിയൊരു വേദനിണ്ടാകും പേടിക്കണ്ട എന്നു പറഞ് ആരോ കൈപ്പത്തിയുടെ പിറകിൽ ഒരു സൂചി കേറ്റി.
********************
അള്ളാ ...ഉമ്മാ ... എന്നുള്ള ഒരു പെൺകുട്ടിയുടെ നിലവിളിയാണ് സ്വപ്നത്തിൽ. അല്ല സ്വപ്നമല്ല അടുത്തെവിടെ നിന്നോ ആണ് നിലവിളി. ഒരു തരം മായികമായ അവസ്ഥ. എന്തെന്നില്ലാത്ത ഭയവും.
കണ്ണ് തുറക്കാൻ പറ്റുന്നില്ല.
ഞാനും അറിയാതെ ദൈവത്തെ വിളി തുടങ്ങി യാന്ത്രികമായി കണ്ണൂരിന്റെ ഒഫിഷ്യൽ ദൈവമായ മുത്തപ്പനെ വിളിച്ചു ഞാനും കരയാൻ തുടങ്ങി. തികച്ചും ഭക്തിസാന്ദ്രമായ അന്തരീക്ഷം.
കുറച്ചു കഴിഞ് ഉമിനീരിറക്കാൻ നോക്കിയപ്പോഴാണ് വിവരമറിഞ്ഞത് ഒടുക്കത്തെ വേദന.
ങേ അപ്പോൾ ഓപ്പറേഷൻ കഴിഞ്ഞോ ഇപ്പോഴല്ലേ ഇങ്ങോട്ട് വന്നത്
ആലോചിക്കുമ്പോഴേക്കും പരിചിതമായ ചില വൃത്തികെട്ട ശബ്ദങ്ങൾ കേക്കാൻ കഴിഞ്ഞു
കണ്ണ് തുറക്കാൻ പറ്റുന്നില്ല പപ്പനും സംഘവുമാണ്.
എന്നെ കിടത്തിയ ഷീറ്റൊടെ എടുത്ത് പൊക്കി ട്രോളിയിലിട്ട് എല്ലാരും കൂടെ റൂമിലേക്ക് കൊണ്ടു പോകുന്ന സീനാണ്. ഒരുത്തൻ എനിക്കു കണക്‌ട് ചെയ്ത ലൂക്കോസ് കുപ്പി ഉയർത്തി പിടിച്ചിരിക്കുന്നു. ഞാനാണെങ്കിൽ തുപ്പൽ ഇറക്കാൻ പരിശ്രമിച്ചു പരാജയപ്പെട്ടുകൊണ്ടേ ഇരിക്കുന്നു.
റൂമിലെത്തിയതും ഒന്നൊന്നര ഛർദ്ദി. അത് കണ്ട് അമ്മ നിലവിളി ശബ്ദമിട്ടു. നഴ്‌സ് വന്ന് അത് സാധാരണമാണെന്ന് പറഞ് അപ്പൊത്തന്നെ അതോഫാക്കി.
പെട്ടെന്നാണ് ഓർമ വന്നത് .... മൈക്ക് ടെസ്റ്റ് മൈക്ക് ടെസ്റ്റ് ... ഹോ ഭാഗ്യം ഇന്ത്യൻ പറഞ്ഞപോലെ എന്റെ ഗന്ധർവനാദത്തിനൊന്നും പറ്റിയില്ല.ആശ്വാസമായി.
ഓപ്പറേഷന്റെ വേദന പ്രശ്നമായി തോന്നിയില്ല നടുവാണു പണി തന്നത് എഴുന്നേറ്റിരിക്കമൊന്നു ചോദിച്ചപ്പോ പറഞ്ഞു നാളെ രാവിലെ വരെ മലർന്നു കിടക്കണം എന്ന് കഴുത്തിന് മുകളിൽ ഒരു മൂന്നുകിലോയോളം പഞ്ഞി വച്ചു കെട്ടിയിട്ടുണ്ട് കണ്ടാൽ ഭീകര അവസ്ഥ.
നാട്ടിലെ ഏകദേശം സന്ദര്ശകരെല്ലാം വന്ന് സ്ഥിതി ആസ്വദിച്ചു പോകുന്നുണ്ട്
ഞാൻ അടിയേറ്റ് കിടക്കുന്ന മംഗലശേരി നീലകണ്ഠനായി സങ്കൽപ്പിച്ചു അങ്ങനെ അങ്ങുറങ്ങിപ്പോയി.
----. -----
എണീറ്റില്ലേ?
അജ്ഞാത സ്ത്രീശബ്ദം.
ഇല്ല അമ്മയുടെ മറുപടി..
കണ്ണു തുറന്നു നോക്കുമ്പോൾ ഒരു ഉമ്മയും മകളും.
മകളുടെ കഴുത്തിൽ എന്റെ അതേ തുണിക്കെട്ട്.
അതില്ലേ ഓക്ക് വെല്ലാത്തെ പേടി അന്നേരം ഞാനാ ഓളോട് പറഞ്ഞേ ഇതേ ഓപെറേഷൻ ചെയ്ത വേറേം ആളുന്ടുന്ന് ഉമ്മപറഞ്ഞു.
എനിക്കാളെ മനസ്സിലായി. ഇവളാണ് ഇന്നലെ തിയേറ്ററിൽ ദൈവവിളിക്ക് നേതൃത്വം നൽകിയ ശബ്ദത്തിന്റെ പ്രൊപ്രൈറ്റർ.
ഏതായാലും എന്റെ ഗവേഷണ വിജ്ഞാനം ഉപയോഗിച്ച് ആ കുട്ടിയുടെ ഭയപ്പാട് ഞാൻ മാറ്റിക്കൊടുത്തു അവര് പോയി.
പെട്ടെന്നു നഴ്സ് വന്ന് എല്ലാരേം പുറത്താക്കി. ഡോക്ടർ വരുന്നുണ്ടത്രേ.
നിശബ്ദത ...
എന്താ വിജു എന്തെങ്കിലും പ്രശ്നമുണ്ടോ
ഞാൻ ഞെട്ടി ഇന്നലെ കണ്ട ആളേ അല്ല ഡോക്ടർ. പുഞ്ചിരിക്കുന്നു.
നാളെ സ്റ്റിച്ചെടുത്ത് പൊയ്ക്കോളൂ കേട്ടോ.
അദ്ദേഹം പോയി. എന്തോ ഒരു സംതൃപ്‌തി ആ മുഖത്തു നിന്ന് എനിക്ക് വായിച്ചെടുക്കാമായിരുന്നു
അങ്ങനെ സ്റ്റിച്ചെടുപ്പും കഴിഞ്ഞു യാത്രയായി.
ഉദ്ദേശം രണ്ടു മാസം കൊണ്ട് തന്നെ ഞാൻ കുഞ്ചാക്കോ ബോബൻ പോലും തോറ്റുപോകുന്ന എന്റെ ആ പഴയ സൗന്ദര്യം വീണ്ടെടുത്തു
അത് പരീക്ഷിക്കാൻ വേണ്ടി ഒരു മഹതിയുടെ അടുത്തു നമ്പർ ഇറക്കുകയും തദ്വാരാ ആ സൗന്ദര്യം പിന്നീട് മറ്റു കാര്യങ്ങൾക്ക് ഉപയോഗിക്കാൻ പറ്റാത്ത വിധത്തിൽ സംഭവം എന്റെ തലയിലാവുകയും ചെയ്തു
അങ്ങനെ തൈറോയ്ഡിനു കനത്ത വില നൽകേണ്ടി വന്നു... കനത്ത വില !
-ഇതി തൈറോയ്ഡ് മാഹാത്മ്യം സമാപ്തം-
( ഇത്രയും പറഞ്ഞു എന്നെ ഓപ്പറേറ്റു ചെയ്ത ഡോക്ടർ വേണുഗോപാൽ എന്ന മഹദ്‌വ്യക്ത്തിയെക്കുറിച്ച് പറയാതെ പോകുന്നത് മഹാപരാധമായിരിക്കും.
പതിനായിരക്കണക്കിന് ഓപ്പറേഷനുകൾ ആ ചെറിയ സൗകര്യത്തിൽ നിന്ന് ചെയ്തിട്ടും ഇതുവരെ ഒരു പിഴവ് പോലും വരാതിരുന്നത് അദ്ദേഹം തന്റെ തൊഴിലിനെ നിയോഗമായി കാണുന്നതും ദൈവം അദ്ദേഹത്തിൻറെ കരങ്ങളിലൂടെ പ്രവർത്തിക്കുന്നു എന്ന ഞങ്ങൾ കണ്ണൂരുകാരുടെ വിശ്വാസവുമാണ്.
രോഗി ദരിദ്രനാണെന്ന് മനസ്സിലായാൽ അദ്ദേഹം പറയും ആ നീ ഉള്ളത് കൊടുത്തിട്ട് പൊയ്ക്കോ എന്ന്.
അദ്ദേഹത്തിന്റെ സഹോദരനായ ഡോക്ടർ രൈരുഗോപാലും പാവപ്പെട്ട രോഗികൾക്കു സൗജന്യ ചികിത്സ നൽകുന്ന ദൈവമാണ്. സർവേശ്വരൻ അവർക്ക് ആയുരാരോഗ്യ സൗഖ്യം നൽകുമാറാകട്ടെ.
ചെറിയ ഒരു ശതമാനമെങ്കിലും പുതു തലമുറയിലെ ഡോക്ടർമാർ ഈ പാത പിന്തുടർന്നെങ്കിൽ എന്നാഗ്രഹിക്കുകയാണ്.)
-വിജു കണ്ണപുരം-
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo