
ശാസ്ത്രത്തിന്റെ യുക്തിക്കും മനുഷ്യന്റെ ചിന്തക്കും പിടികൊടുക്കാത്ത ഏതെങ്കിലും അതീന്ദ്രിയശക്തികൾ ഈ ഭൂമുഖത്തു വിരാജിക്കുന്നുണ്ടോ?
എനിക്കു മുമ്പേ പല കാലങ്ങളിലും പലരും ചോദിച്ച ചോദ്യം. അതീന്ദ്രിയ ശക്തികളുടെ സാമീപ്യം എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്ന നാലഞ്ചു അനുഭവങ്ങൾ എനിക്കുണ്ടായിട്ടുണ്ട്.
എനിക്കു മുമ്പേ പല കാലങ്ങളിലും പലരും ചോദിച്ച ചോദ്യം. അതീന്ദ്രിയ ശക്തികളുടെ സാമീപ്യം എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്ന നാലഞ്ചു അനുഭവങ്ങൾ എനിക്കുണ്ടായിട്ടുണ്ട്.
കനോലി കനാലിന്റെ വിജനമായ മറുകരയിലെ തോട്ടുവരമ്പിലൂടെ പാതിരാത്രിയിലെ തിരിമുറിയാതെ പെയ്യുന്ന പെരുമഴയത്തും അണയാത്ത തീപ്പന്തങ്ങൾ ഏകതാനമായ ഒരു താളക്രമത്തിൽ വീശിവീശി മുന്നോട്ടു നടന്നു നീങ്ങി ഒടുവിൽ കനോലിയുടെ ആഴങ്ങളിൽ പൊടുന്നനെ അപ്രത്യക്ഷരാകുന്ന നിഗൂഢമായ മനുഷ്യക്കോലങ്ങൾ .... പൗർണമി ചന്ദ്രിക വെള്ളിനിലാവു വിതച്ച രാത്രിയിൽ കടൽത്തീരത്തിനു സമാന്തരമായ വീട്ടുമുറ്റത്തെ പഞ്ചാരമണലിൽ പ്രത്യക്ഷപ്പെട്ട തൂവെള്ള നിറമുള്ള പശു നോക്കിനിൽക്കെ ഒരു വെളുത്ത പൂച്ചക്കുഞ്ഞായി മണ്ണിൽ അലിഞ്ഞു ചേർന്നില്ലാതാവുന്നു.... പെരുമഴ പെയ്യുന്ന മറ്റൊരു രാത്രിയിൽ വീടിനു വടക്കുവശത്തെ പുരാതനമായ ക്ഷേത്രാങ്കണത്തിലെ അരയാലിന്റെ പടർന്നു പന്തലിച്ച ശിഖരങ്ങൾക്കിടയിലൂടെ ആകാശത്തു നിന്നും അടർന്നുവീണ വർണ്ണനക്ഷത്രങ്ങൾ ഭൂമിയിൽ ചിന്നിച്ചിതറുന്നു..... ക്ഷയരോഗബാധിതനായി അകാലത്തിൽ പതിനാലു വർഷം മുമ്പു മരിച്ചുപോയ മനുഷ്യൻ പാതിരാത്രിയിൽ ശ്മശാനത്തിന്റെ പടിവാതിൽ കടന്നു പുറത്തു വന്നു പാതയോരത്ത് വെച്ച് എന്നോടു സംവദിക്കുന്നു.... ഒന്നും കേട്ടുകേൾവിയോ കെട്ടുകഥകളോ അല്ല. എല്ലാം എന്റെ ബാല്യകൗമാരങ്ങളിലും യൗവനത്തിലും അഭിമുഖീകരിക്കേണ്ടി വന്ന വിചിത്രമായ നേരനുഭവങ്ങൾ മാത്രം.
വായനക്കാരുടെ പരിഹാസം ഭയന്നു ഇത്രയും കാലം പറയാൻ മടിച്ച ഈ നാലു അനുഭവങ്ങളും വരും ദിവസങ്ങളിൽ ലവലേശം പൊടിപ്പും തൊങ്ങലുമില്ലാതെ ഞാനെഴുതുകയാണ്.ഈ അതീന്ദ്രിയ അനുഭവങ്ങൾക്ക് യുക്തിസഹമായ വിശദീകരണം നൽകാൻ ഏതെങ്കിലും വായനക്കാരന് സാധിച്ചാൽ ഞാൻ ധന്യനായി.
By Prakasan
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക