Slider

വേനലവധിയും കുട്ടിപട്ടാളവും പിന്നെ ഞാനും

0
Image may contain: 1 person, smiling, outdoor and water

പണ്ട് പണ്ടൊരു അവധിക്കാലത്ത്, ഇന്നത്തെ പോലെ വീഡിയോ ഗെയിം, മൊബൈൽ ഫോൺ അന്ന് ഇല്ലാതിരുന്നത് കൊണ്ട്, അവധിക്കാലം മാവിന്റെ ചോട്ടിലും, രാമാണയണം,മഹാഭാരതം, അങ്ങനെയൊക്കെ ഉള്ള ടിവി പരിപാടിക്ക് മുന്നിൽ അടിയറവു വെച്ച ഒരു ബാല്യകാലം.
അച്ഛമ്മയുടെ ആകെ മൊത്തം ടോട്ടൽ പത്ത് ചെറുമക്കൾ. അതിൽ ഒരേ ഒരു ആൺതരി ഇളയ അച്ഛൻപെങ്ങളുടെ മകൻ. ഇവരൊക്കെ അന്ന് അവധിക്കാലത്ത് ആ കൊച്ചു വീട്ടിൽ എത്തും. പിന്നെ അവിടെ ഒരു ഉത്സവത്തിനുള്ള ആളുണ്ടാകും. എനിക്ക് മൂത്തത് നാല് ചേച്ചിമാരും ഈ ഒരേ ഒരു ചേട്ടനും പിന്നെ എന്റെ അതേ പ്രായത്തിൽ ഒരാളും പിന്നെ ഇളയ രണ്ട് ആൾക്കാരും കൂടി ഒൻപത് പേരുണ്ടാകും ആ വീട്ടിൽ. ഒരാള് അതായത് എന്റെ സ്വന്തം ഇളയ അനിയത്തി അന്ന് ജനിച്ചില്ല, അതാണ് ഈ പത്തിൽ പെടാത്തത്
അങ്ങനെ ഒരു അവധിക്കാലം വന്നെത്തി. ഞാനന്ന് മൂന്നാം ക്‌ളാസ്. എന്റെ കുരുത്തക്കേടിന്റെ സുവർണ്ണ കാലഘട്ടം. അച്ഛന്റെ വീട്ടിൽ ഉള്ളപ്പോൾ ഞാൻ രാജാവാണ്. എന്റെ സകല വികൃതിക്കും അച്ഛമ്മ സപ്പോർട്ട് ആകും. ഏതു നേരവും ബോബനും മോളിയിലെ പട്ടികുട്ടിയെ പോലെ അച്ഛമ്മയുടെ പിന്നാലെയാണ്.
ഈ ചേച്ചിമാർ അവധിക്ക് വീട്ടിൽ എത്തിയാൽ ദുഷ്ടൻ ഏട്ടന് ഞങ്ങളെ മൈൻഡ് ഉണ്ടാവില്ല. അവനപ്പോ ഡീസന്റ് ആയി ഏച്ചിമാരുടെ പൊന്നാങ്ങള ആയി ഷൈൻ ചെയ്യും. ഇതു കണ്ടു കലിപ്പ് കയറി ഇവരുടെ കളിസാധനം ഞാൻ എടുത്തു പോകും. അതൊക്കെ എന്റേതാണ്. ദുഷ്ടന്മാർ അടിച്ചുമാറ്റി കൊണ്ടോകുന്നതാണ്.
ഒരു ദിവസം ഏട്ടനും ഞങ്ങളും മാത്രം കളിക്കാൻ. ഞങ്ങൾ അഞ്ചുപേർ. ഏച്ചിമാർ ഇല്ല. ഓരോ കളിയും മടുത്തപ്പോൾ ചോറും കറിയും വെച്ചു കളിക്കാമെന്നു എന്റെ പ്രായക്കാരിയും ഏട്ടന്റെ സ്വന്തം പെങ്ങളുമായ വിബിന ഐഡിയ പറഞ്ഞു. എന്തും തലതിരിഞ്ഞു ചെയ്യുന്ന ഞാൻ അതിനെ ഒന്നു മാറ്റിപിടിച്ചു. എന്ത് കൊണ്ട് ശരിക്കും ചോറ് വെച്ചൂടാ. പക്ഷെ എങ്ങനെ???
നേരം പോയിക്കൊണ്ടിരുന്നു.ഏകദേശം 10 മണിയായി. ഞാൻ അപ്പോഴേക്കും വീടിനു ചുറ്റും ഒരു റൗണ്ട് ചെയ്തു വന്നു. തിരിച്ചു വരുമ്പോൾ അമ്മ കഴുകി കമിഴ്ത്തിവെച്ച ഒരു കുഞ്ഞു ചെമ്പും, ഒരു മീൻചട്ടിയും എന്റെ കൈയിൽ ഉണ്ടായിരുന്നു. അടിച്ചു മാറ്റി എന്നൊക്കെ ഇന്നത്തെ ഭാഷയിൽ പറയാം.
ഇനി എന്തു ചെയ്യും, അടുപ്പ് കൂട്ടണം. അമ്പലത്തിലെ ഉത്സവത്തിനോടനുബന്ധിച്ചു നന്നായി വെളുപ്പിച്ചു വെച്ച ചുമരിനോട് ചേർന്ന് മൂന്ന് കല്ല് കൂട്ടി അടുപ്പുണ്ടാക്കി. ചെമ്പിൽ വെള്ളം വെച്ചു. പിശുക്കില്ലാതെ നിറയെ
മുറ്റത്തെ വെയിലിൽ വിറകും ഓലക്കെട്ടും ഉള്ളത് കൊണ്ട് അത് അടിച്ചുമാറ്റേണ്ടി വന്നില്ല.
തീ കത്തിച്ചു. ഇനി അരി വേണ്ടേ, എന്ത് ചെയ്യും. അപ്പോഴാണ് ഏട്ടൻ ഒരു കുഞ്ഞു ലുങ്കിയും ഉടുത്തു അടുക്കളയിൽ കൂടെ നടക്കാൻ തുടങ്ങിയത്.
"എന്താടാ, നിനക്ക് അടുക്കളയിൽ ഒരു ചുറ്റിക്കളി" യ്യോ അതെന്റെ അമ്മയുടെ ശബ്ദമാണ്.
ഏട്ടൻ സ്നേഹമുള്ള ചിരി ചിരിച്ചു അവിടെ ചുറ്റികറങ്ങി നിന്നു.
ഒടുവിൽ അവൻ വന്നു.
"പൊട്ടാ, അരിയെവിടെ?"
കൈ കാലിയായി നിൽക്കുന്ന ഏട്ടനെ കണ്ട് ഞങ്ങൾക്ക് ദേഷ്യം വന്നു.
"ഇങ്ങു വാ നോക്ക്, അവൻ മാടികുത്തിയ മുണ്ട് പതിയെ നിവർത്തി. മുണ്ടിനെ മടക്കി ഒരു സഞ്ചിപോലെയാക്കിയിരുന്നു ഏട്ടൻ.
ദാ കിടക്കുന്നു, നല്ല റേഷൻ അരി. ആഹാ എന്ത് നല്ല മണമായിരുന്നെന്നോ. റേഷൻ കടയിലെ രാമേട്ടനെ ഓർത്ത് പോവുന്ന മണം.
അങ്ങനെ തിളയ്ക്കുന്ന വെള്ളത്തിൽ കഴുകിയ അരിയിട്ടു. ഇതെങ്ങനെ അറിഞ്ഞു എന്നല്ലേ. ഈ ചെറിയ പിള്ളേർക്കുള്ള ഒരു കുഴപ്പം ഉണ്ട്, എന്ത് വലിയ കളിയിൽ ആണെങ്കിലും ഒരു കണ്ണും ചെവിയും വലിയവരുടെ അടുത്തുണ്ടാകും. മുതിർന്നവർ അറിയാതെ അവർ മുതിർന്നവരെ ശ്രദ്ധിക്കും.
അപ്പോ പറഞ്ഞു വന്നത്,ചോറ് വെക്കുന്നത് പഠിച്ചത്,അതും ഇങ്ങനെയൊക്കെ തന്നെ.
ഇനി കറി ആക്കണം, എന്ത് ചെയ്യും,
ആലോചനയ്ക്കൊടുവിൽ ഏട്ടൻ ഒരു സൂത്രം പറഞ്ഞു, വൈകീട്ടത്തെ കളിക്ക് വാടകയ്ക്ക് സൈക്കിൾ വാങ്ങാൻ അച്ഛമ്മ 50 പൈസ കൊടുത്തിട്ടുണ്ട്. അതെടുത്തു തക്കാളി വാങ്ങാം. ബാക്കി അടിചുമാറ്റൽ. അങ്ങനെ അവൻ പോയി തക്കാളി വാങ്ങി വന്നു. അപ്പോഴേക്കും ഞാൻ പച്ചമുളക് മുളക് പൊടി മഞ്ഞൾ പൊടി ഉപ്പ് ഇതൊക്കെ അടിച്ചു മാറ്റി കൊണ്ടു വന്നു. പക്ഷെ ഈ പണിയൊക്കെ അമ്മയ്ക്ക് മനസിലായി. എന്നിട്ടും ഒന്നും പറഞ്ഞില്ല. കാര്യം എവിടെ വരെ പോകും എന്ന് കാണാൻ ആകും.
അങ്ങനെ തീ കൂട്ടി കത്തിച്ചു, ചോറൊക്കെ ഞങ്ങൾ ആക്കി,.. ഏട്ടൻ കറി വെച്ചു.തക്കാളിക്കറി. എല്ലാം പാത്രത്തിൽ ആക്കി അകത്തു കൊണ്ടോയി.
അമ്മയും, അച്ഛമ്മയും വന്നു രുചി നോക്കാൻ ശ്രമിച്ചെങ്കിലും കൊടുത്തില്ല. അമ്മ ചോറിനു വേവ് നോക്കിയതും പിന്നെ അവിടെ കേട്ടത് പൊട്ടിച്ചിരി ആയിരുന്നു. പാതി വേവിൽ അരി കടിക്കുന്നുണ്ടായിരുന്നു ചോറെന്നു പറഞ്ഞു ഞങ്ങൾ വിളമ്പിയതിന്.
തോറ്റ് കൊടുക്കാൻ മനസ്സ് സമ്മതിച്ചില്ല.തക്കാളിക്കറി കൂട്ടി കൊഴച്ചു വായിൽ വെച്ചതും വല്യേന്റിയുടെ " ടാ" എന്ന വിളി വന്നതും ഒന്നിച്ചായിരുന്നു. പേടിച്ചു വായിലെ ചോറ് വിഴുങ്ങി ഏട്ടൻ ഓടി പുറത്തേക്ക്. അടി കിട്ടുമെന്നുറപ്പായി. കാരണം പുറത്തെ ചുവരിൽ ഞങ്ങളുടെ കുരുത്തക്കേട് വലിയ കരിയടയാളമായി നിറഞ്ഞു നിൽക്കുമ്പോൾ എങ്ങനെ അടി കിട്ടാതിരിക്കും.
ആന്റി വടി എടുത്തതും ചോറും കറിയും ഉപേക്ഷിച്ചു ഞങ്ങൾ അടുത്ത വീട്ടിലേക്ക് ഓടി. പിടി കൊടുത്താൽ രക്ഷയുണ്ടാവില്ല, ചെവി പൊന്നാക്കും. വല്യേന്റി ഒരു വല്യേന്റി തന്നെയാ..
അങ്ങനെ അന്നത്തെ ദിവസം വിജയകരമായി ചോറും കറിയും വെച്ചു തിന്നാൻ യോഗമില്ലാതെ ഞങ്ങൾ ഞങ്ങളുടെ അടുത്ത കലാപരിപാടികളിലേക്ക് തിരിഞ്ഞു.
ഇന്നത്തെ കുട്ടികൾക്ക് ചോറും കറിയും വെച്ചു കളിക്കലും, എല്ലാം കേട്ടറിഞ്ഞൊരു അത്ഭുതമാണ്. നമ്മൾക്ക് അതൊക്കെ ഒരിക്കലും തിരിച്ചു കിട്ടാത്ത നഷ്ടവസന്തങ്ങളും.. മാങ്ങാ മണമുള്ള, ഞാവൽ രുചിയുള്ള, ഊഞ്ഞാലിൻ താളമുള്ള ബാല്യം...
✍️ സിനി ശ്രീജിത്ത്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo