Slider

സാറയുടെ പരിവേദനങ്ങൾ

0
Image may contain: 2 people, people smiling, selfie and closeup

കോരിച്ചൊരിയുന്ന മഴ, ശബ്ദകോലാഹലത്തോടെ പറമ്പിലും, കുളത്തിലും, തോട്ടിലുമൊക്കെ തുള്ളിച്ചാടി മറിയുന്നു.
ആ മഴയിൽ നാലു വയസ്സുകാരൻ മകൻ കുഞ്ഞുവിനൊപ്പം നനഞ്ഞു തിമിർക്കാനുള്ള മോഹം മാറ്റി വച്ച് അടുക്കള വാതിലിന്റെ താഴത്തെ പടിയിൽ നിന്ന് സാറ കുഞ്ഞൂന്റെ കൈ നീട്ടിച്ച് മഴയെ തൊടീച്ചു.
സാറയുടെ കൈകളിലെ മഴത്തുള്ളികളെ അവന്റെ മുഖത്തേയ്ക്ക് തെറിപ്പിച്ചപ്പോൾ പൊട്ടിച്ചിരിച്ചു കൊണ്ട് അവനും അമ്മയെ അനുകരിക്കാൻ ശ്രമിച്ചു.
അങ്ങനെ രസിച്ച് നിൽക്കവെയാണ് ഒരു കിലോ കുഞ്ഞൻ മത്തി കറുത്ത പ്ലാസ്റ്റിക് കിറ്റിൽ കിടന്ന്, മറ്റൊരു കിറ്റിൽ കയറി, തൊമ്മിച്ചന്റെ കൈയ്യിൽ നിന്നും സാറയുടെ കൈയ്യിലേക്ക് വന്നത്.
വെളുത്തുള്ളീം, കുരുമുളകും, ചൊമന്ന മുളകും, മഞ്ഞൾപ്പൊടീം ഉപ്പും ചേർത്തരച്ച് പുരട്ടി വെളിച്ചെണ്ണയിൽ പൊരിച്ച മത്തി വെളുത്ത പിഞ്ഞാണത്തിലാക്കി, കൊച്ചുള്ളീം അരിഞ്ഞിട്ടലങ്കരിച്ച് കറു മുറെ തിന്നോണ്ട്, മധുരം കുറച്ച കട്ടൻ ചായയും കുടിച്ച് മഴയും കണ്ടിരിക്കാൻ സാറയ്ക്ക് വല്യ ഇഷ്ടമായിരുന്നു.
പക്ഷേ പച്ചമത്തിവെട്ടുമ്പോഴുള്ള ഉളുമ്പ് നാറ്റമോർത്തപ്പോൾ പ്രിയാ വാര്യരേക്കാൾ പിരികം ഉയർത്തിക്കൊണ്ട് സാറ മൂക്കുപൊത്തി.
മഴയുടെ രസം കൊല്ലാൻ കേറി വന്ന മത്തി ആ കറുത്ത കിറ്റോടെ പിറകിലെ തോട്ടിലേക്കെറിയാൻ സാറയ്ക്ക് തോന്നിയെങ്കിലും, ആറടി രണ്ടിഞ്ച് പൊക്കമുള്ള ജിമ്മനായ തൊമ്മിച്ചനെ ഓർത്തപ്പൊ വേണ്ടന്ന് വച്ചു.
പിന്നെ, പൊരിച്ച് കിട്ടാൻ പോകുന്ന മീംമ്മിയെപ്പറ്റി ആയിരം സ്വപ്നങ്ങളുമായ് നിൽക്കുന്ന കുഞ്ഞൂനെ അവന്റെ പ്രിയപ്പെട്ട ചുവന്ന ഫെറാരിയുമായി ഇരുത്തീട്ട് അടുക്കളയിലെ സ്റ്റൂളിലിരുന്ന് സാറ മത്തി വെട്ടി തുടങ്ങി.
മീംമ്മിയെ ഒരു നോക്ക് കാണാനായ് ഓടി വന്ന കുഞ്ഞൂനോട് " കടക്ക് പുറത്ത്" എന്ന് സാറ ആക്രോശിച്ചത്, മീൻ വെള്ളമോ, ചെതുമ്പലോ അവന്റെ ദേഹത്ത് തെറിച്ചാലോന്ന് ഭയന്നിട്ടാണ്
മീൻ വെട്ടാൻ പ്രാവീണ്യമുണ്ടായ് രുന്ന അമ്മച്ചിയേം, വല്യമ്മച്ചിയേം സാറ ഓർത്തു.
ആ രണ്ടുപേരുടെയും കൈപുണ്യം നിറഞ്ഞ വിഭവങ്ങൾ കഴിച്ച് മാത്രം ശീലിച്ച സാറ ഒരു കല്യാണം കഴിച്ചതോടെയാണ് മീൻവെട്ടൽ എന്ന 'കല' അഭ്യസിച്ചു തുടങ്ങിയത്.
അതും നിവർത്തിയില്ലാഞ്ഞിട്ട് മാത്രം.
അല്ലേലും കലാവാസന ഉള്ളീന്ന് വരണം, അല്ലേലാ ഇഞ്ചീന്ന് വന്ന നീരു കുടിച്ച പോലെയിരിക്കുന്നത്.
വെളുത്ത പെറ്റികോട്ടിൽ കേറി നടന്ന കുട്ടിക്കാലത്ത് പൊരിച്ച മീനിനോടുള്ള ആക്രാന്തം കൊണ്ട് എളുപ്പം വലുതായ് മീൻകാരിയാവണമെന്നാഗ്രഹിച്ചപ്പോൾ ഉളുമ്പ് നാറ്റത്തെപ്പറ്റി സാറ അറിഞ്ഞിരുന്നില്ല, ആരും പറഞ്ഞതുമില്ല...
" എന്നാലുമെന്റപ്പാ................ തൊമ്മിച്ചന്റെപ്പന്റെ കൈയ്യിലോട്ട് എണ്ണി കൊടുത്ത സ്ത്രീധനതുകേന്ന് പകുതിയെടുത്ത് വീട്ടുപണി ചെയ്യുന്ന ഒരു റോബോട്ടിനെ ഈ പൊന്നുമോൾക്ക് മേടിച്ച് തരാൻ മേലായ് രുന്നോ.......?
ഹും ! ആരോട് പറയാൻ........ ആര് കേൾക്കാൻ ........? "
അങ്ങ് പാലായിലിരിക്കുന്ന അപ്പാപ്പ നോട് ഇവിടുത്തെ അടുക്കളയിലിരുന്ന് പരാതി പറയുന്ന അമ്മയെ കുഞ്ഞൂ അതിശയത്തോടെ നോക്കി .
സാറ പരിവേദനങ്ങളിൽ മുങ്ങീം പൊങ്ങീം നീന്തുമ്പോൾ ഹാളിലിരുന്ന മൊബൈൽ പാടി തുടങ്ങി.
കുഞ്ഞു തന്റെ ഫെറാരി തട്ടി മറിച്ചോടിപോയ് ഫോൺ എടുത്ത് വന്ന് സാറയ്ക്ക് കൊടുത്തു.
മീൻ വെട്ടിയ കൈയ്യോണ്ട് പിടിച്ചാൽ ഉളുമ്പ് മണം ഫോണിലേക്ക് പകരുമെന്നത് കൊണ്ട് സാറ കൈത്തണ്ടയുടെ ഇടയിലേക്ക് മൊബൈൽ മേടിച്ച് ചെവിയോട് ചേർത്തു.
അത് തീരെ ഇഷ്ടപ്പെടാത്ത പോലെ മൊബൈൽ ഊർന്ന് താഴെയിരുന്ന മത്തി ചട്ടിയുടെ ആഴത്തിലേക്ക് തല കുത്തി വീണു.
സാറയുടെ തലയിലൂടെ മിന്നൽ പിണർ ചീറി പാഞ്ഞു.
മിന്നൽ പേടിച്ച് കിളികളെല്ലാം പറന്നോടി.
"അമ്മ എടുക്ക്...... എടുക്ക്..... "
ചട്ടിയിലേക്ക് കൈ ചൂണ്ടി കുഞ്ഞു പറഞ്ഞു.
സ്വപ്നാടനത്തിലെന്ന പോലെ സാറ എണീറ്റ് റ്റാപ് ഓണാക്കി തന്റെ കൈ കഴുകി.
അല്ലേൽ മത്തിക്കിടയിലെ ഫോൺ എടുക്കുമ്പോൾ കൈയ്യിലെ ഉളുമ്പെങ്ങാൻ അതേൽ പറ്റിയാലോന്നായ്രുന്നു അവളുടെ ആധി.
സാറ മുങ്ങൽ വിദഗ്ദയെപ്പോലെ അതി വിദഗ്ദമായ് മത്തിക്കിടയിൽ നിന്നും തപ്പി ഫോൺ എടുത്തു.
കുഞ്ഞു അവനെ കുളിപ്പിച്ച് തോർത്തുന്ന പഞ്ഞി പോലത്തെ നീല ടൗവ്വൽ എടുത്ത് വന്ന് സാറക്ക് നേരെ നീട്ടി പറഞ്ഞു
"അമ്മാ....... തോർത്ത്, ഫോൺ തോർത്തമ്മാ........"
"തോർത്ത് വേണ്ട മോനെ, തോർത്തിയാലേ ടൗവ്വലിനും ഉളുമ്പ് മണം വരും."
മത്തീടെ ചുമന്ന വെള്ളം പറ്റിയ ഫോണിൽ നിന്നുയർന്ന മണമടിച്ച് സാറയ്ക്ക് തല ചെകിടിച്ചു.
വീണ്ടും ടാപ് തുറന്ന് ഫോൺ അതിന്റടിയിലേക്ക് നീട്ടി, നല്ലവണ്ണം കൈ കൊണ്ട് തേച്ച് കഴുകി.
എന്നിട്ടും നാറ്റം മാറാതായപ്പൊ ഒരേറ് കൊടുക്കാൻ തോന്നിയെങ്കിലും ആത്മസംയമനം പാലിച്ചു കൊണ്ട്
വിം ബാർ ഉപയോഗിച്ച് ആദ്യം അവളുടെ കൈ തേച്ചു കഴുകി, പിന്നെ ഫോണും.
എന്നിട്ടും മണം മാറാതിരുന്നപ്പോ സാറ ചെന്ന് സന്തൂർ ഹാൻഡ് വാഷ് ഉപയോഗിച്ച് അവളുടെ കൈ കഴുകി ,ശേഷം ഫോണിലേക്ക് അപ്ലൈ ചെയ്ത് ഉരച്ച് തുടങ്ങവെയാണ് മിന്നല് പേടിച്ച് പറന്ന് പോയ കിളികൾ തിരികെയെത്തിയത്.
അപ്പൊഴാണ്, ഇത്രയും നേരം നടന്ന കാര്യങ്ങളെപ്പറ്റി സാറയ്ക്ക് ബോധോദയം ഉണ്ടായത്‌.
അപ്പൊഴേക്കും ആ ഫോൺ ഇനിയൊരിക്കലും ഉണരാനാവാത്ത വിധം നിദ്രയിലാഴ്ന്നിരുന്നു.
അതിന്റെയാത്മാവ് സ്വർഗ്ഗകവാടത്തിലെത്തി കോളിംഗ് ബെൽ അടിച്ചു, പുഷ്പ പാദുകങ്ങൾ അഴിച്ചു വെച്ചകത്തു കേറി.
" എന്റെ കർത്താവേ........"
മിക്കവാറും തൊമ്മിച്ചന്റെ കൈയ്യോണ്ട് ഇന്ന് തന്റെ അന്ത്യകൂദാശ നടക്കുമെന്നോർത്തപ്പൊ സാറ അറിയാതെ കർത്താവിനെ വിളിച്ചു പോയി.
സാറ തിരിഞ്ഞ് കുഞ്ഞൂനെ നോക്കി .
ഞാൻ കണ്ടു... ..... ഞാൻ മാത്രേ ........ കണ്ടുള്ളൂ എന്ന ഭാവത്തിൽ ടൗവ്വലും പിടിച്ചു കുഞ്ഞു നിൽക്കുന്നു.
സാറ പതിയെ താഴെ സ്റ്റൂളേലോട്ടിരുന്ന് മുടങ്ങിപ്പോയ മത്തി വെട്ടൽ പുനരാരംഭിച്ചു.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo