എവിടായിരുന്നു ചിന്നു നീ ഇത്ര നേരം..എപ്പോൾ പോയതാ കടയിൽ..ആ കാണുന്ന കടയിൽ പോയി വരാനാണോ ഇത്ര സമയം..?"
വീടിന്റെ വരാന്തയിലേക്ക് കയറിയ ചിന്നു ഒന്നും മിണ്ടാതെ തലയും താഴ്ത്തി നിന്നു.
"നിന്നോടല്ലേ കുട്ടീ ഞാനീ ചോദിക്കുന്നെ...നീ ഇത്ര നേരം എവിടെയായിരുന്നെന്ന??"
"അതമ്മേ ..ഞാൻ ഈ കടയിലേക്കല്ല...അപ്പുറത്തെ ദാസേട്ടന്റെ കടയിലേക്കാ പോയത്. അതാ വൈകിയേ"
"ദാസേട്ടന്റെ കടയിലേക്കോ...?അതെന്തിന്..നിന്നോട് ശിവേട്ടന്റെ കടയിൽ നിന്ന് മേടിക്കാനല്ലേ പറഞ്ഞത്?"
ചിന്നു ഒന്നും മിണ്ടാതെ മീരയുടെ മുഖത്തു നോക്കി നിന്നു. അത് കണ്ടപ്പോൾ അവളുടെ ദേഷ്യം ഇരട്ടിച്ചു.
"നിനക്കിതെന്തു പറ്റി.. അച്ഛനെങ്ങാനും ഇപ്പോ വന്നിരുന്നേൽ നിന്നെ ഈ സമയത്തു കടയിലയച്ചതിന് എന്നെ വഴക്കു പറയില്ലായിരുന്നോ? എന്റെ ഭാഗ്യത്തിന് ഇതുവരെ എത്തിയില്ല". എന്നും പറഞ്ഞ് കടയിൽ നിന്നും കൊണ്ടുവന്ന സാധനങ്ങളുടെ കവറുമായി മീര അടുക്കളയിലേക്ക് പോയി.
അടുക്കളയിൽ നിന്നു തിരിച്ചു വന്നപ്പോൾ ചിന്നുവിനെ അവിടെ കണ്ടില്ല .വിളിച്ചിട്ടും മറുപടിയില്ലാതായപ്പോൾ അകെ പരിഭ്രമിച്ചു. ഒടുവിൽ ബെഡ് റൂമിൽ ചെന്നപ്പോൾ ലൈറ്റൊന്നും ഇടാതെ അവൾ ബെഡിൽ കിടക്കുന്നുണ്ട്.
"ചിന്നൂ, നീയെന്താ മോളെ ഈ സമയത്ത് ഉറങ്ങാണോ. അമ്മ വിളിച്ചതൊന്നും നീ കേട്ടില്ലേ..?"
അപ്പോഴും ഒന്നും മിണ്ടാതെ അവൾ മീരയുടെ മുഖത്ത് നോക്കി ഇരുന്നു .
ഈ കുട്ടിക്കിതെന്തു പറ്റി എന്നും ചിന്തിച്ചു മീര മോളുടെ ദേഹത്ത് തൊട്ടു നോക്കി.
" പനിക്കുന്നൊന്നും ഇല്ലല്ലോ .. പിന്നെന്താ അമ്മടെ മോൾക്ക് പറ്റ്യേ...?ഇങ്ങനെ മിണ്ടാതിരിക്കുന്നതെന്താ. അമ്മ വഴക്കു പറഞ്ഞതിനാണോ. അതമ്മ മോളെ കാണാനിട്ട് എന്തുമാത്രം പേടിച്ചെന്നോ.... ആ വിഷമത്തിൽ പറഞ്ഞതല്ലേ... സാരമില്ല.. മോളിനി ദൂരെയുള്ള കടയിലേക്ക് പോവേണ്ട.. ഈ കടയിൽ നിന്ന് തന്നെ മേടിച്ചാൽ മതീട്ടോ.... "
" അത് ..അമ്മേ.. എനിക്ക്... "
"നിനക്ക്.....? എന്താ മോളേ...?"
"എനിക്കാ അപ്പൂപ്പനെ ഇഷ്ടല്ല...അതാ ആ കടയിൽ പോവാതിരുന്നെ..."
"ആരെ ശിവേട്ടനെയോ...?" മീരയ്ക്ക് ആശ്ചര്യമായി. കുട്ടികളോടെല്ലാം വാത്സല്യത്തോടെ പെരുമാറുന്ന ആളാണ് അദ്ദേഹം.
"അതെന്താ മോളെ അങ്ങനെ പറഞ്ഞേ..ആ അപ്പൂപ്പൻ നല്ല ആളല്ലേ..മോളെ കാണുമ്പോഴെല്ലാം അവർ മിഠായി തരാറില്ലേ...?"
അതേ എന്നു തലയാട്ടി മീരയുടെ മുഖത്തു നോക്കാതെ ചിന്നു പറഞ്ഞു.
"ന്നാലും നിക്കിഷ്ടല്ല..."
"അതിന്റെ കാരണമല്ലേ അമ്മ ചോദിച്ചേ.... അപ്പൂപ്പൻ നിന്നെ കടയിൽ പോയപ്പോൾ ചീത്ത പറഞ്ഞോ എന്തിനെങ്കിലും..?"
"ഇല്ല"
"പിന്നെന്താ മോളേ.... ദേ...നീ അമ്മയെ ടെൻഷനാക്കാതെ കാര്യം പറ..."
"ആ അപ്പൂപ്പൻ ചീത്തയാ...."
അതുകേട്ടതും ചിന്നുവിന്റെ രണ്ടു തോളിലും പിടിച്ചു മീര ചോദിച്ചു.
"എന്താ.....എന്താ മോള് പറഞ്ഞേ..."
"അതേ അമ്മേ...ആ കടയിൽ ചെല്ലുമ്പോഴൊക്കെ അയാൾ എന്നെ ഉമ്മ വെക്കേം മടിയിലിരുത്തേം ഒക്കെ ചെയ്യും..."
ഉള്ളിലെ നടുക്കം പുറത്തു കാണിക്കാതെ മീര പറഞ്ഞു.
"ഏയ്....അതു മോൾക്ക് തോന്നുന്നതാവും...അതപ്പൂപ്പൻ മോളോടുള്ള ഇഷ്ടം കൊണ്ടാവില്ലേ ഉമ്മ തരുന്നത്..?
"അല്ല...പിന്നെന്തിനാ അവർ വീട്ടിൽ ആരോടും പറയല്ലേ എന്നൊക്കെ പറയുന്നേ...എനിക്കിഷ്ടല്ലമ്മാ....ഇനി ആ കടയിലേക്ക് എന്നെ പറഞ്ഞയക്കല്ലേ...ഞാൻ പോവില്ല...." എന്നും പറഞ്ഞു ചിന്നു മീരയുടെ മടിയിൽ തലവെച്ചു കിടന്നു.
കേട്ടത് വിശ്വസിക്കാനാവാതെ മീര മോളുടെ തലയിൽ തലോടി അവിടെയിരുന്നു.
പുറത്തു വിനുവിന്റെ ബൈക്ക് വന്നു നിൽക്കുന്ന ശബ്ദം കേട്ടാണ് അവൾ ചിന്തയിൽ നിന്നും ഉണർന്നത്. പുറത്തേക്ക് ചെന്നപ്പോഴേക്കും വാതിൽ തുറന്ന് വിനു അകത്തു കയറിയിരുന്നു.
"എന്താ ഒരൊച്ചയും അനക്കവും ഇല്ലാതെ....അമ്മയും മോളും എവിടെയായിരുന്നു...?"
"ഞങ്ങൾ മുറിയിലായിരുന്നു ഏട്ടാ... ഞാൻ ചായ എടുക്കാം" എന്നും പറഞ്ഞു മീര അടുക്കളയിലേക്ക് പോയി.
അവൾ ചായയുമായി വന്നപ്പോൾ വിനുവും മോളും ടിവി കാണുകയായിരുന്നു.അവളുടെ മുഖം കണ്ടു അവൻ ചോദിച്ചു.
" നിനക്കിതെന്ത് പറ്റി..ആകെ ഒരു വല്ലായ്മ പോലെ..?
"വിനുവേട്ടൻ ചായ കുടിച്ചതിനു ശേഷം പുറത്തേക്കൊന്നു വരൂ.. മോളിവിടിരുന്ന് ടിവി കണ്ടോട്ടെ.."
ചായ കുടിച്ച ശേഷം വിനു പുറത്തു വരാന്തയിലേക്ക് ചെന്നു.
"എന്താ നീ വരാൻ പറഞ്ഞേ...എന്താ കാര്യം...?"
ഞാൻ പറയുന്ന കാര്യം കേട്ട് വിനുവേട്ടൻ ഒച്ചയെടുക്കരുത്..ആലോചിച്ചു തീരുമാനിക്കണം...".
"ആളെ ടെൻഷനാക്കാതെ നീ കാര്യം പറ മീരേ..."
മീര ചിന്നു കടയിൽ പോയി വന്നതിനു ശേഷമുള്ള കാര്യങ്ങളെല്ലാം വിനുവിനെ ധരിപ്പിച്ചു. പറഞ്ഞു തീർന്നതും അവൻ കസേരയിൽ നിന്നെണീറ്റു.
" ഞാനിപ്പോ വരാം ....അയാളെയൊന്നു കാണട്ടെ..."
"ഇതാ ഞാൻ പറഞ്ഞേ ..ഏട്ടൻ എടുത്തുചാടി ഒന്നും ചെയ്യല്ലെന്ന്"
"പിന്നെ ഞാൻ എന്ത് വേണമെന്നാ നീ പറയുന്നേ...ഏഴു വയസ്സുള്ള കുട്ടിയല്ലേ നമ്മുടെ മോള്...അയാളുടെ പേരക്കുട്ടിയുടെ പ്രായം...അതിനെയാണോ ആ ദുഷ്ടൻ...."
വിനുവേട്ടാ....ഞാൻ പറയുന്നത് ഒന്ന് കേൾക്ക്....ഇപ്പൊ നിങ്ങൾ ചെന്ന് അയാളോട് ചോദിച്ചാൽ മോള് വെറുതെ പറയുന്നതാണെന്ന് അയാൾ വരുത്തി തീർക്കും...അതേ കടയിലേക്ക് തന്നെയാണല്ലോ രവിയേട്ടന്റെ മക്കളും മറ്റുള്ളവരും എല്ലാം പോവാറ്... നമുക്കവരെ വിളിച്ചു ഒന്നു ചോദിക്കാം."
"ഉം.... എങ്കിൽ നീ അവരെ വിളിക്ക്"..
മീര വേഗം പുറത്തിറങ്ങി തൊട്ടപ്പുറത്ത് തന്നെ താമസിക്കുന്ന വിനുവിന്റെ ഏട്ടൻമാരുടെ മക്കളെയെല്ലാം വിളിച്ചു. ചിന്നുവിനേക്കാൾ രണ്ടും മൂന്നും വയസ്സിന് മൂത്തവരാണവർ. അവരോടെല്ലാം മീര ഇതേ കുറിച്ച് ചോദിച്ചറിഞ്ഞു. മിന്നു പറഞ്ഞ അതേ കാര്യങ്ങൾ തന്നെയാണ് അവരും പറഞ്ഞത്. കൂട്ടത്തിൽ മുതിർന്ന ലച്ചു പറഞ്ഞു.
" അയാൾ ഞങ്ങൾ ചെല്ലുമ്പോൾ എല്ലാവരും പോയി കഴിഞ്ഞിട്ടേ ഞങ്ങൾക്ക് സാധനങ്ങൾ തരൂ.എന്നിട്ടയാൾ കടയുടെ അകത്തേക്ക് വിളിക്കും. എന്നിട്ട് മടിയിലിരുത്തി ഉമ്മ വെക്കേം മേല് എല്ലായിടത്തും തൊടും.. പോരുമ്പോൾ മിഠായി തരു .ആരോടും പറയരുതെന്നും പറയും.ഞാനിപ്പോൾ ആ കടയിലേക്ക് പോവാറേയില്ല.... "
" എന്നിട്ട് നിങ്ങളെന്താ ഇതൊന്നും ഇതുവരെ ആരോടും പറയാതിരുന്നെ .. "
" അത്.. പേടിച്ചിട്ടാ ചെറിയമ്മേ.... വീട്ടീന്ന് ചീത്ത കേട്ടാലോ എന്ന് പേടിച്ചിട്ടാ.."
അപ്പോഴേക്കും ഏട്ടൻമാരും ഏട്ടത്തിമാരും എല്ലാവരും അവിടെയെത്തി. വീണ്ടും അയാളെ കാണാൻ പോവാൻ നിന്ന വിനുവിനെ തടഞ്ഞു കൊണ്ട് ഏട്ടൻ പറഞ്ഞു.
" നിൽക്ക് വിനു. ഇത് നമ്മൾ ഒച്ചയും ബഹളവും ഉണ്ടാക്കിയിട്ട് പ്രയോജനമുള്ള വിഷയമല്ല. നമ്മൾ ചെന്ന് അയാളുമായി അടിപിടിയായാൽ കാര്യങ്ങൾ വഷളാവും."
"പിന്നെ എന്തു വേണമെന്നാഏട്ടൻ പറയുന്നേ ... "
"നമുക്ക് ചൈൽഡ് ലൈനിൽ വിളിച്ച് അറിയിക്കാം.. അതാ നല്ലത് "
"അതേ വിനുവേട്ടാ അതാ നല്ലത്.. ആരുടെയൊക്കെ മക്കളെ അയാൾ ഇങ്ങനെ ചെയ്യുന്നുണ്ടെന്ന് നമുക്കറിയില്ലല്ലോ. എല്ലാവരും അറിയട്ടെ അയാളുടെ തനിനിറം. "
രവി അപ്പോൾ തന്നെ വിളിച്ച് ചൈൽഡ് ലൈൻ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. അവർ വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞ് നാളെ തന്നെ അങ്ങോട്ട് വരുമെന്ന് ഉറപ്പു നൽകി.
പിറ്റേന്ന് ഉച്ചയോടടുത്ത് അവരെത്തി കുട്ടികളിൽ നിന്നെല്ലാം ചോദിച്ചറിഞ്ഞു. കടയിൽ പോയി അയാളെയും സമീപകടയിലുള്ളവരെയുമെല്ലാം ചോദ്യം ചെയ്തു. പോവുവോൾ രവിയോടും വിനുവിനോടും പറഞ്ഞു.
"സംഗതി സത്യമാണെന്ന് ഞങ്ങൾക്ക് ബോധ്യമായി. ഞങ്ങൾ ഉടനെ പോലീസിന് വിവരം കൈമാറും. ബാക്കി അവർ ചെയ്യും"
അന്ന് വൈകുന്നേരം വിനുവിന്റെ വീട്ടിലേക്ക് കുറച്ച് പേർ വന്നു. അവരോടെല്ലാം ഇരിക്കാൻ പറഞ്ഞ് വിനു അവരോട് കുശലാന്വേഷണം നടത്തി.കൂട്ടത്തിലൊരാൾ സംസാരത്തിനു തുടക്കമിട്ടു.
"ഞങ്ങളിപ്പോൾ വന്നത് വിനുവിനോട് ഒരു കാര്യം പറയാനാണ്. ഉണ്ടായതെല്ലാം അറിഞ്ഞു. സംഗതി വളരെ മോശം തന്നെയാണ്. പക്ഷേ ഇലയ്‌ക്കും മുള്ളിനും കേടില്ലാതെ പരിഹരിക്കേണ്ട വിഷയം ഇങ്ങനെ വലുതാക്കേണ്ടിയിരുന്നില്ല..."
"നിങ്ങളെന്താ പറഞ്ഞു വരുന്നതെന്ന് മനസ്സിലായില്ല..."
"അതായത് വിനു...ഇതിപ്പോൾ പോലീസ് കേസ് ഒക്കെയായൽ എല്ലാവരും നാണം കെടില്ലേ... പെൺകുട്ടികളല്ലേ....പെണ്കുട്ടികളല്ലേ അവരുടെ ഭാവിയെ ബാധിക്കുന്ന പ്രശ്നമല്ലേ...?"
"പിന്നെന്തു വേണമെന്നാ നിങ്ങൾ പറയുന്നേ..?"
"വിനു ഒരു കാര്യം ചെയ്യ്. ഇത് പോലീസ് കേസ് ആക്കേണ്ടേ... എന്തു പരിഹാരം വേണമെങ്കിലും ചെയ്യാമെന്ന് അവർ പറഞ്ഞിട്ടുണ്ട്. നമ്മുടെ കുട്ട്യോളുടെ അഭിമാനത്തിന്റെ കൂടെ പ്രശ്നമല്ലേ. നമുക്കിതങ്ങോട്ട് പറഞ്ഞു തീർക്കുന്നതല്ലേ നല്ലത്.?"
"നാണമില്ലേ നിങ്ങൾക്കിതൊക്കെ പറയാൻ..സ്വന്തം പേരക്കുട്ടികളുടെ പ്രായമുള്ള മക്കളെ ഇത്തരത്തിൽ ചെയ്ത ആൾക്കുവേണ്ടി വാദിക്കാൻ വന്നിരിക്കുന്നു. ഇതിൽ എങ്ങനെയാ മക്കൾക്ക് ചീത്തപ്പേര് വരുന്നത്.? അവരെന്ത് തെറ്റ് ചെയ്തിട്ടാ..?? ഇത് മൂടിവെച്ചാൽ നാളെ അയാളും അയാളെപോലുള്ളവരും ഇതിനപ്പുറം ചെയ്യും. ഇതേ കുറിച്ചു കൂടുതൽ സംസാരിക്കണം എന്നില്ല."
ഇനി കൂടുതൽ ഒന്നും പറയാനില്ലെന്ന മട്ടിൽ അവർ എണീറ്റു..എന്നാൽ ഞങ്ങളിറങ്ങട്ടെ എന്നും പറഞ്ഞുപോയി.
പിറ്റേ ദിവസം പോലീസ് വന്നു എല്ലാവരുടെയും മൊഴിയെടുത്തു. കൂടുതൽ പെണ്കുട്ടികൾ ഇതുപോലെ അയാളുടെ ഉപദ്രവത്തിന് ഇരയായിട്ടുണ്ടെന്ന് അറിയാൻ കഴിഞ്ഞു. അയാളെ അറസ്റ്റ് ചെയ്തു കൊണ്ട് പോവുന്നത് മീരയും ചിന്നുവും വീട്ടു മുറ്റത്ത് നിന്ന് കണ്ടു.
രാത്രി ചിന്നുമോളുറങ്ങി വിനുവിനോട് ചേർന്ന് കിടക്കുമ്പോൾ മീര ചോദിച്ചു.
"വിനുവേട്ടന് എന്നോട് ദേഷ്യം തോന്നുന്നുണ്ടോ, ഇത് പോലീസിൽ അറിയിക്കാൻ പറഞ്ഞതിന്."
"എന്തിന് ദേഷ്യം തോന്നണം.നീ പറഞ്ഞതു തന്നെയാണ് അതിന്റെ ശെരി. അയാളെ പോലെയുള്ളവരെ ഇങ്ങനെ തന്നെയല്ലേ കൈകാര്യം ചെയ്യേണ്ടത്. അവൾക്ക് സംഭവിച്ചത് അവൾ നമ്മളോട് പറഞ്ഞതു കൊണ്ടല്ലേ ഇത് ഇങ്ങനെ അവസാനിച്ചത്."
"അതേ വിനുവേട്ട..നമ്മുടെ മോൾക്ക് അത് എന്നോട് തുറന്നു പറയാൻ കഴിഞ്ഞത് നമ്മുടെ ഭാഗ്യം..അല്ലെങ്കിൽ.."
" നീ എന്താണ് പറയാൻ വന്നതെന്ന് എനിക്കറിയാം." വിനു അവളുടെ മുടിയിൽ വാത്സല്യത്തോടെ തഴുകി.
"ശെരിയാണ് ഏട്ടാ...ഇതുപോലെ പണ്ട് എനിക്ക് സംഭവിച്ചത് ആരോടെങ്കിലും തുറന്നു പറയാൻ കഴിഞ്ഞിരുന്നെങ്കിൽ ആ വീർപ്പുമുട്ടൽ ഉള്ളിലടക്കി ഞാൻ ഒരുപാട് കാലം കഴിയേണ്ടി വരില്ലായിരുന്നു. വിവാഹം കഴിഞ്ഞു വിനുവേട്ടനെ ഒരുപാട് കഷ്ടപ്പെടുത്തേണ്ടി വരില്ലായിരുന്നു. വിനുവേട്ടന്റെ കൂടെ കഴിയുമ്പോഴെല്ലാം മനസ്സിൽ പേടിപ്പെടുത്തുന്ന ആ സംഭവങ്ങളായിരുന്നു. ഒടുവിൽ നിങ്ങളോടെല്ലാം തുറന്നു പറഞ്ഞു കൗൺസിലിംഗിലൂടെ മനസ്സ് ശെരിയായപ്പോഴല്ലേ എനിക്ക് സന്തോഷത്തോടെ ജീവിക്കാനായത്. ആ അനുഭവം എന്തായാലും എന്റെ മോൾക്ക് ഉണ്ടാവരുത്. അവളുടെ ഏറ്റവും അടുത്ത സുഹൃത്താരെന്നു ചോദിച്ചാൽ അവൾ പറയണം അതവളുടെ അമ്മയാണെന്ന്. "എന്നു പറഞ്ഞു അവൾ വിനുവിനോട് ഒന്നു കൂടി ചേർന്നു കിടന്നു.
By: Jumi Sabith
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക