
ജീവിതത്തിൽ എല്ലാ ഭാഗ്യങ്ങളും എല്ലാർക്കും കിട്ടണമെന്നില്ല. യാത്രകളെ സ്നേഹിക്കുന്ന, സിനിമ കാണാൻ ഇഷ്ടപ്പെടുന്ന, അടുക്കളയിൽ കൂടെ നിൽക്കുന്ന, സാരിയുടുക്കാൻ സഹായിക്കുന്ന, ഇനിയും എന്തെങ്കിലും പഠിക്കാൻ ആഗ്രഹമുണ്ടോ എന്ന് ഇടയ്ക്കിടെ ചോദിക്കുന്ന ഒരു ലൈഫ് പാർട്ണർ.. അതാണെന്റെ ഭാഗ്യം. സത്യം പറഞ്ഞാൽ അത് മാത്രമേയുള്ളൂ.
ഒരുപാടു യാത്രകൾ
പോയിട്ടുണ്ട്. ഒന്നും ആലോചിച്ചു മുൻകൂട്ടി തയ്യാറാകാത്ത യാത്രകൾ. അങ്ങനൊരു യാത്ര പൈതൽ മലയിലേക്ക്.
കണ്ണൂർ, കാപ്പിമല ,മഞ്ഞപ്പുല്ല് വഴിയുള്ള സാഹസിക യാത്രയാണ് ഞങ്ങൾ തിരഞ്ഞെടുത്തത്. അവിടെ വാഹന സൗകര്യം ഇല്ല. മല ചവിട്ടി കയറണം. കടൽ നിരപ്പിൽ നിന്ന് 4500 അടി (1,372 മീറ്റർ) ഉയരത്തിലായി 4124 ഏക്കർ പ്രദേശത്ത് പൈതൽ മല പരന്നുകിടക്കുന്നു. ഇത്ര മാത്രം അറിയാം. വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ കുറെ ഇഡലിയും ചട്ണിയും പൊതിഞ്ഞെടുത്തു. കുടിക്കാൻ വെള്ളവും കരുതി. മഞ്ഞപ്പുല്ല് വരെ ഓട്ടോ കിട്ടി. അവിടുന്ന് മുകളിലേക്ക് കയറ്റം. ഞങ്ങൾ യാത്ര ആരംഭിച്ചു. ഒരൊറ്റ മനുഷ്യർ പോലും എങ്ങുമില്ല. ഒറ്റയടിപ്പാതയുടെ ഇരു വശവും കൊടും കാട്. പക്ഷേ കാറ്റു വീശുമ്പോൾ പണ്ടെങ്ങോ വീട്ടിൽ പുകക്കാറുണ്ടായിരുന്ന ഏതോ ഒരു തടിയുടെ മണം മൂക്കിലേക്ക് കയറി നൊസ്റ്റാൾജിയ ഉണർത്തി. സത്യം പറഞ്ഞാൽ ക്യാമറ ഉണ്ടെന്ന കാര്യമേ മറന്നു.. വള്ളിക്കുടിലുകളിൽ പൂത്തുലഞ്ഞു കിടക്കുന്ന പേരറിയാത്ത പർപ്പിൾ നിറമുള്ള പൂക്കൾ. മുള്ളുള്ള മഞ്ഞ കനകാംബരവും നിറയെ പൂക്കൾ. കോടമഞ്ഞിന്റെ പിന്നാലെ ഞങ്ങൾ നടന്നു. ഒരു കിലോമീറ്ററോളം കഴിഞ്ഞപ്പോൾ മഴ ചാറ്റൽ തുടങ്ങി. ആന നശിപ്പിച്ചിട്ട വഴികൾ. ഉണങ്ങാത്ത ആനപ്പിണ്ടം കണ്ടപ്പോൾ മനസ്സൊന്നു പതറി. നമ്മുടെ സങ്കല്പത്തിനതീതമായ വലിയ മരങ്ങൾ. കേട്ടു പരിചയമില്ലാത്ത കിളികളുടെ ശബ്ദം. കണ്ടു പരിചയമില്ലാത്ത ചെടികൾ. അങ്ങനെ നടന്നു നടന്നു മലയുടെ മുകളിലെത്തി. അവിടിരുന്നു ഇഡലിയും വെള്ളവും അകത്താക്കി.
ഇതുവരെ കണ്ടതിനെകാൾ അതിശയം ഉളവാക്കിയത് അവിടെ പൊളിഞ്ഞു കിടക്കുന്ന അമ്പലം കണ്ടപ്പോളാണ്. കരിങ്കല്ലിൽ നിർമിച്ച ക്ഷേത്രമായിരുന്നത്രെ. ഇപ്പോൾ അവശിഷ്ടങ്ങൾ മാത്രം. വിഗ്രഹമില്ല. ആ സ്‌ഥാനത്തു ഒരു അരയാലിൻ തൈ. മലമുകളിൽ ഇത്രയും കല്ലുകൾ എങ്ങനെ വന്നു? ആര് കൊണ്ടുവന്നു അങ്ങനെ കുറെ ചോദ്യങ്ങൾ മനസ്സിൽ വന്നുകൊണ്ടേയിരുന്നു.
അമ്പല മുറ്റത്തു ഒരു മണിക്കിണർ. പാറ തുരന്ന് ഉണ്ടാക്കിയതാകണം. അമ്പലത്തിനു കുറച്ച് മാറി ഒരു തുരങ്കം പോലെന്തോ ഒന്ന്. അതോ ഇനി ഗുഹയാണോ എന്നറിയില്ല. മുട്ടുകുത്തി നടന്നാൽ അകത്തേക്ക് കയറാം. പക്ഷേ വേണ്ടാന്ന് ഞങ്ങൾ തീരുമാനിച്ചു. ഞങ്ങൾക്ക് ചുറ്റും മേഘങ്ങൾ. താഴേക്കു നോക്കിയാൽ ചെറു പൊട്ടുകൾ പോലെ നഗരങ്ങൾ. കുറേനേരം അവിടങ്ങനെ ഇരുന്നു. പിന്നെ നോക്കുമ്പോൾ ചെടികൾ തഴച്ചു നിൽക്കുന്ന ഒരു ചെറിയ കാട് മലമുകളിൽ. അങ്ങോട്ടേക്ക് നടന്നു. പാറക്കടിയിൽ നിന്നും വെള്ളം പുറത്തേക്കു വന്നു അരുവിയായി ഒഴുകുന്ന മനോഹരമായ കാഴ്ച. കുപ്പിയിൽ ആ വെള്ളം ശേഖരിച്ചു ഞങ്ങൾ കുടിച്ചു. അന്നനാളത്തിലൂടെ ആ തണുപ്പ് ആമാശയത്തിലെത്തുന്നത് വരെ ഫീൽ ചെയ്തു. മടങ്ങുമ്പോൾ കുടിക്കാൻ കുറെ വെള്ളം ശേഖരിച്ചു. ഞങ്ങൾ മടക്കയാത്ര തുടങ്ങി. മലകയറ്റം ഇറക്കത്തെ അപേക്ഷിച്ചു എളുപ്പമാണ്. കുറെ ചെടികളുടെ വിത്തും പൂക്കളും ശേഖരിച്ചു. ആറു മണിയോടെ കാട്ടിനു പുറത്തെത്തി. പിറ്റേ ദിവസത്തെ പത്രം കണ്ടപ്പോളാണ് ശരിക്കും ഞെട്ടിയത്. ഞങ്ങൾ മലയിറങ്ങിയ അതേ സമയത്തു മഞ്ഞപ്പുല്ലിലെ ഒരു വീട്ടിൽനിന്ന് പുലി ആടിനെ കൊണ്ടുപോയത്രെ. വീട്ടിൽ അമ്മയോടിക്കാര്യം പറയുമ്പോൾ അമ്മ തൊഴുതുകൊണ്ട് പറഞ്ഞതിത്ര മാത്രം.. "അയ്യപ്പൻ കാത്തു" എന്ന്.
by: Uma Pradeep
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക