Slider

പച്ചക്കുളം ഭാസീ

0


എടീ പച്ചക്കുളം ഭാസീ ,നിനക്കൊരിക്കൽ പോലും നിന്റെ കഥകൾ നിന്റെ പേരിൽ തന്നെ അറിയപ്പെടണമെന്ന് ആഗ്രഹം തോന്നിയിട്ടില്ലേ
ഒന്ന് പയ്യെ വിളിയെന്റ ഹസീനാ .ഞാനാണ് പച്ചക്കുളം ഭാസിയെന്നത് എനിക്കും നിനക്കും മാത്രമറിയാവുന്ന രഹസ്യമാണ് എന്റെ കെട്ട്യോന് പോലും ഇത്അറിയില്ല.
നീ എഴുതുന്ന കഥയ്ക്ക് കിട്ടുന്ന ലൈക്ക്സും കമൻറും കാണുമ്പോൾ നിനക്ക് ഈ ലോകത്തോട് നെഞ്ച് വിരിച്ച് നിന്ന് പറയണമെന്നില്ലേ ഈ സേതു ലക്ഷ്മിയുടെ കറുത്ത കരങ്ങളാണ് ഈ കഥകൾക്ക് പിന്നിൽ എന്ന്.
ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട് .
പിന്നെ ആദ്യ കാലത്ത് സ്വന്തം പേരിൽ കഥകളെഴുതി കിട്ടിയ എട്ടിന്റെ പണിയെ പറ്റി ഓർക്കുമ്പോൾ ആ തോന്നൽ എട്ടാക്കി മടക്കി പോക്കറ്റിലിടും. എല്ലാം
നിനക്കും അറിയാവുന്നതല്ലേ
നിനക്ക് വട്ടാണ് പെണ്ണേ .
ഈ കഥയെഴുതുന്നവരൊക്കെ വായുവിൽ നിന്നല്ലേ കഥയ്ക്കുള്ള ത്രഡ് വലിച്ചെടുക്കുന്നത്.
ഒന്ന് പോടീ കളിയാക്കല്ലേ
ഞാൻ കളിയാക്കിയതല്ല സേതൂ
നമ്മുടെ മുൻപിൽ കാണുന്ന ജീവിതങ്ങളിൽ ഭാവന ചേർത്തെഴുതിയല്ലേ വലിയ എഴുത്തുകാരൊക്കെ കഥകളെഴുതുന്നത്. ചെറിയൊരു ഭീഷണി വരുമ്പോഴേക്കും നിന്നെപ്പോലെ ആയാൽ നമ്മുടെ നാട്ടിലെ സിനിമാക്കാർക്കൊക്കെ ആളുകളോട് മാപ്പിരക്കാനല്ലേ സമയം കാണൂ.
വേണ്ടടീ ഇങ്ങനെ ഒളിച്ചിരുന്ന് കഥകളെഴുതി കമൻറ് വായിച്ച് ധൃതംഗപുളകിതായാകുന്നതിലും ഒരു രസമില്ലേ. മാത്രവുമല്ല എന്റെ വിനുവേട്ടൻ പറയുവാ സുന്ദരികൾ കഥയെഴുതുമ്പോൾ കഥയ്ക്കല്ല എഴുത്തുകാരീടെ സൗന്ദര്യത്തിനാ ലൈക്ക് കിട്ടുന്നതെന്ന്. അത് അങ്ങനെയല്ല എന്ന് എനിക്ക് തെളിയിക്കണം
നീ ഒളിച്ചിരുന്ന് പുളകിതയാവുന്നതിലെ രസമൊന്നും എന്നോട് പറയണ്ട. ഞാൻ അറിഞ്ഞു കാര്യങ്ങളൊക്കെ
എന്ത് കാര്യം
ഫേസ് ബുക്ക് എന്താണെന്ന് പോലുമറിയാത്ത നിന്റെ അമ്മായിഅമ്മ അയൽകൂട്ടം കഴിഞ്ഞ് വന്നപ്പോൾ ഗ്യാസ് പൂട്ടി വെച്ച് നിനക്ക് കിട്ടിയ ലൈക്ക് അടുപ്പിൽ വച്ച് കത്തിച്ച് കഞ്ഞി വെക്കാൻ പറഞ്ഞിട്ടല്ലേ നീ മറഞ്ഞിരുന്നെഴുതുന്നത്
നീ ഇതൊക്കെ എങ്ങനെ അറിയുന്നു
ഈ കലഹക്കൂട്ടത്തിൽ പോകുന്നൊരാൾ എന്റെ വീട്ടിലുമില്ലേ
അതൊക്കെ പോട്ടെ സേതൂ, നീ മാളവിക എന്ന പേരിലല്ലേ രണ്ടാമത് കഥയെഴുതി തുടങ്ങിയത് പിന്നെ ആ അക്കൗണ്ടും കളഞ്ഞ് ഇപ്പോൾ ഈ ഓഞ്ഞ പേരിൽ എന്തിന് കഥയെഴുതുന്നു
എന്റെ പൊന്ന് ഹസീ പണ്ടൊക്കെ ആളുകൾ പറയാറില്ലേ ഒരു കോലേൽ തുണി ചുറ്റി വച്ചാൽ മതി പെണ്ണാണെന്ന് കരുതി ശൃംഗരിക്കുമെന്ന് .ഇന്നത്തെ അവസ്ഥ അതല്ല ലോകം ഒരുപാട് പുരോഗമിച്ചു
വായുവിൽ ഒരു പെണ്ണിന്റെ പേര് എഴുതിയാൽ മതി അതിനോട് ശൃംഗരിക്കാൻ കോഴികൾ അങ്ങ് ഉഗാണ്ടയിൽ നിന്നും പറന്നെത്തും
മോളൂ ചോറ് തിന്നോ
ചായ കുടിച്ചോ
എന്റെ മാളൂട്ടി ഉറങ്ങിയില്ലേ
ഇത്രയും കാലം കൂടെ കിടന്ന കെട്ട്യോളെ പോലും മോളേന്ന് വിളിക്കാത്ത അപ്പാപ്പൻമാർ വരെ അക്കൂട്ടത്തിൽ കാണും.
കഥ പോസ്റ്റ് ചെയ്യാൻ അക്കൗണ്ട് തുറന്നാൽ അമ്പലത്തിലെ കൂട്ടമണി പോലെയാണ് മെസേജ് വരവിന്റെ ആരവം
അതോടെ ആ അക്കൗണ്ടങ്ങ് കളഞ്ഞു
പച്ചക്കുളം ഭാസി ജാവ പോലെ സിമ്പിളും പവർഫുള്ളും ആണ് എല്ലാത്തിലുമപരി സേഫും
എടീ പച്ചക്കുളം ഭാസീ നിന്നെക്കണ്ട് ഭ്രാന്തായി എനിക്കൊരു കഥയ്ക്കുള്ള ത്രഡ് കിട്ടി
ആണോ എങ്കിൽ പറ
എനിക്കൊരു കൂട്ടുകാരി ഉണ്ടായിരുന്നു .പ്ലസ്ടു കഴിഞ്ഞ വെക്കേഷന് ഞങ്ങളെല്ലാം തയ്യൽ പഠിക്കാൻ പോയപ്പോൾ ഞാനെഴുതുന്ന കഥ ലോകം മുഴുവൻ വായിക്കണമെന്ന് പറഞ്ഞ് കമ്പ്യൂട്ടർ പഠിക്കാൻ പോയൊരു കൂട്ടുകാരി. ഗൂഗിളിൽ മലയാളത്തിൽ ടൈപ്പ് ചെയ്യാൻ പഠിപ്പിക്കാമെന്ന് പറഞ്ഞ കമ്പ്യൂട്ടർ സെന്ററ്കാരന് മൂവായിരം രൂപ എണ്ണിക്കൊടുത്ത് ഇന്നെന്റെ മൂന്ന് വയസ്സുള്ള മോന് പോലും അറിയാവുന്ന കമ്പ്യൂട്ടറിലെ പടം വര മാത്രംപഠിച്ചിട്ട് വന്നവൾ. അവസാനം ശാസ്ത്രം ജയിച്ചപ്പോൾ മനുഷ്യൻ തോറ്റെന്ന് തെളിയിച്ചവൾ. ഇന്ന് മലയാള അക്ഷരങ്ങൾ കൈപ്പിടിക്കുള്ളിലൊതുങ്ങിയപ്പോൾ വീട്ടുകാരെയും നാട്ടുകാരെയും ഭയന്ന് ഒളിച്ചിരുന്നെഴുതുന്നവൾ
എന്റെ സേതു
എടീ ഹസീ ഈ കഥയെങ്ങാനും എഴുതിയാൽ നിന്റെ തൂലിക ഞാൻ കുത്തിയൊടിക്കും. ഞാൻ ഇങ്ങനെ മറഞ്ഞിരുന്ന് ഒളിയമ്പുകൾ വിട്ടോളം. എന്റെ കഥകളെ പുച്ഛിച്ചിരുന്ന വിനുവേട്ടൻ പോലും പച്ചക്കുളം ഭാസിയുടെ കഥകൾ വായിച്ച് പൊട്ടിച്ചിരിക്കുന്നു. അതാണ് എനിക്ക് ഏറ്റവും വലിയ അംഗീകാരം
സംസാരിച്ചിരുന്ന് വന്ന കാര്യം പറയാൻ മറന്ന് പോയി.ഹസീ എന്റെ ഈ കഥയൊന്ന് വായിച്ച് നോക്കിയേ പച്ചക്കുളം ഭാസിയുടെ പുതിയ പോസ്റ്റാണ്
പകൽമാന്യൻ
ഹസീ ,പോസ്റ്റുന്നതിന് മുൻപ് നീഅഭിപ്രായം പറഞ്ഞാൽ എനിക്കൊരു കോൺഫിഡൻസാണ്
പൊളിച്ച് മുത്തേ പകൽ മാന്യൻ ഓൺലൈൻ കോഴിച്ചേട്ടൻമാർക്കുള്ള ഒരു സമ്മാനമാണ്. ആ സമ്മാനം സേതുലക്ഷ്മി കൊടുക്കുമ്പോഴല്ലേ പ്രശ്നമുള്ളൂ പച്ചക്കുളം ഭാസിക്ക് എന്തുമാവാമല്ലോ
കഥ വായിച്ച് കഴിഞ്ഞ ഹസീനയുടെ കമന്റ് കേട്ട് രോമമെല്ലാം എഴുന്നേറ്റ് നിന്ന് നൃത്തം ചെയ്തു
പോസ്റ്റ് ചെയ്യാൻ അക്കൗണ്ട് തുറന്നതും മെസേജിന്റെ കൂട്ട മണി
സേതൂ, ഭാസിച്ചേട്ടന്റെ നടയും തുറന്നോ
ഭാസിയേട്ടാ ചായ കുടിച്ചോ
പല്ല് തേച്ചോ
നൈറ്റ് ചാറ്റിങ്ങിൽ താൽപര്യമുണ്ടോ
അങ്ങനെ ഒത്തിരി ഒത്തിരി കിളിക്കൊഞ്ചലുകൾ
മാളവികയ്ക്ക് മണിയടിച്ച കോഴിച്ചേട്ടൻമാരെപ്പോലുള്ള വ്യാജക്കിളികൾ അല്ല
നല്ല തറവാടി നാടൻ കിളികളും ഭാസിച്ചേട്ടന് മെസ്സേജ് മണിയടിക്കുന്നു.
എന്റെ ഹസീ കാലം പോയൊരു പോക്കേ.ഈ കഥ ഞാൻ ഇപ്പോൾ പോസ്റ്റുന്നില്ല കഥയിൽ ചെറിയൊരു തിരുത്തുണ്ട്.കഥയുടെ പേര്
പകൽ മാന്യൻ എന്നിടണോ പകൽ മാന്യയെന്നിടണോ ആകെയൊരു കൺഫ്യൂഷൻ
അതോ രാത്രിയിൽ വെളിച്ചം കാണുന്നിടത്തേക്ക് പാഞ്ഞെത്തുന്ന ഈയ്യാംപാറ്റകൾ എന്നിടണോ
കഥയുടെ പേരിന്റെ കാര്യത്തിൽ ഒരു തീരുമാനമായില്ലെങ്കിലും പച്ചക്കുളം ഭാസി എന്ന പേരിലുള്ള ഫേസ് ബുക്ക് അക്കൗണ്ടിന്റെ കാര്യത്തിലും ഏറെക്കുറെ തീരുമാനമായി .....
അനാമിക ആമി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo