Slider

ഒറ്റയാൻ

0
Black Animal Eye

അമ്മേ എനിക്ക് ഒറ്റമോൻ ആയിട്ടുള്ള ചെക്കന്റെ ആലോചന കൊണ്ടു വന്നാൽ മതിയെന്ന് ആ ബ്രോക്കറോട് ഒന്നു പറ
അതെന്തിനാടി ,വീട്ടിൽ ആളുകൾ ഉള്ളത് നല്ലതല്ലേ
എനിക്ക് വയ്യ നാത്തൂൻമാരോടും ചെക്കന്റെ ചേട്ടന്റെയും അനിയന്റെയും ഭാര്യമാരോടൊക്കെ മല്ലിടാൻ
ഇങ്ങനെയൊക്കെ എല്ലാ പെൺകൊച്ചുങ്ങളും ചിന്തിക്കാൻ പോയാൽ നിന്റെ ആങ്ങളക്ക് കല്യാണം ആലോചിക്കുമ്പോൾ നമ്മളെന്ത് ചെയ്യും
അവനെയും നമുക്ക് ഒറ്റമോളെക്കൊണ്ട് കെട്ടിക്കാ അമ്മേ അപ്പോൾ അവൾ അവനെ വിളിച്ച് കൊണ്ട് പൊക്കോളും പിന്നെ അവന്റെ കല്യാണം കഴിഞ്ഞാൽ ഞാൻ ഈ വീട്ടിലെ അതിഥിയാവും എന്നുള്ള എന്റെ സങ്കടത്തിനും പരിഹാരമായി
നീ ഒരുപാടങ്ങ് പരിഹാരം കണ്ടെത്തല്ലേ ആമക്കുട്ടീ, എനിക്ക് അളിയനുള്ള വീട്ടിലെ പെണ്ണിനെ മതി
നീ പോട ഡ്രാക്കുളേ ,ആമക്കുട്ടി നിന്റെ കെട്ട്യോളാ
ഹോ പോത്ത് പോലെ വളർന്നു രണ്ടിനും നാണമില്ലേ ഇങ്ങനെ തല്ല് കൂടാൻ, ഇത് കേട്ടാൽ ആ ബ്രോക്കർ ഈ ഭൂമി മലയാളത്തിൽ നിന്നേ നിനക്ക് ചെക്കനെ കൊണ്ടു വരൂല്ല
അമ്മ അറം പറ്റണ വാക്കു പറയാതെ പോയി ആ ബ്രോക്കറോട് കാര്യം പറ
ചേട്ടാ ഒറ്റ മക്കളുടെ ആലോചന വല്ലതും കയ്യിലുണ്ടോ
ഇതാണോ ചേച്ചീ ഇത്ര വലിയ കാര്യം ഞാനങ്ങ് പേടിച്ച് പോയി. കഴിഞ്ഞ ദിവസം അപ്പുറത്തെ ദിവാകരന്റെ മകൾ പറഞ്ഞത് ഫേസ് ബുക്കും വാട്സ്ആപ്പും ഇല്ലാത്ത ചെക്കൻ വേണമെന്നാ, അവളെ കെട്ടാൻ ഋഷ്യശൃംഗൻ വരുമെന്ന് പറഞ്ഞ് ഞാൻ ആ കേസ് വിട്ടു.
ചേച്ചി ഈ ഫോട്ടോ യിലേക്ക് ഒന്ന് നോക്കിയേ, നല്ല കിണ്ണംകാച്ചി ചെക്കനല്ലേ, ഈ പയ്യന്റെ അമ്മ ഒറ്റമോള് അച്ഛൻ ഒറ്റ മോൻ ഇവനാണെങ്കിൽ ഒറ്റയാൻ
അമ്മേ അത് മതി
നിനക്ക് ഫോട്ടോ കാണണ്ടേ
വേണ്ട അത് മതി
എടീ ഇത് തുണിക്കടയിൽ പോയി ചുരിദാർ വാങ്ങി വീട്ടിലെത്തി ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞ് മാറ്റി വാങ്ങാൻ ഓടുന്ന പോലല്ല. അച്ഛൻ വരട്ടെ നമുക്ക് ആലോചിക്കാം
ചേച്ചീ മോൾടെ ശുദ്ധ ജാതകമാണ് ചെക്കന്റ ജാതകത്തിൽ ചെറിയൊരു പാപം ഉണ്ട്.
ചെറിയ പാപം ചെയ്യാത്തവരാരാണ് ചേട്ടാ, അമ്മേ ഇതൊന്നും അച്ഛനോട് പറയണ്ടെന്ന് പറ
വിദേശത്തുള്ള എന്റെഅച്ഛന് കല്യാണത്തിന് ആകെ കിട്ടിയ ഒരു മാസത്തെ ലീവിനുള്ളിൽ പെണ്ണുകാണലും,നിശ്ചയവും കല്യാണവും ഭംഗിയായി നടന്നു. ഞാൻ എന്റെ കല്യാണത്തിന് കരയില്ല എന്ന് നേരത്തേ തീരുമാനിച്ചുറച്ചത് കൊണ്ട് വിങ്ങിപൊട്ടിപ്പോകും എന്ന് തോന്നിയ നിമിഷങ്ങളിൽ പഞ്ചാബി ഹൗസിലെ കോമഡി രംഗങ്ങൾ മനസ്സിലോർത്ത് പിടിച്ച് നിന്നു
.....................................................................
ഭർത്താവിന്റെ വീട്ടിലെ ആദ്യ ദിവസമാണ് അമ്മ പറഞ്ഞിട്ടുണ്ട് വെളുപ്പിന് എണീറ്റ് അടുക്കളയിൽ കയറണമെന്ന്. അലാറം വെച്ചാണ് കിടന്നത്, അത് അടിച്ചപ്പോൾ പുത്തനച്ചി പുരപ്പുറം തൂക്കുവാണെന്ന് ആളുകൾക്ക് തോന്നിയാലോ എന്ന് കരുതി ഓഫ് ചെയ്ത് കിടന്നു.കിടന്നിട്ട് ഒരു മനസമാധാനമില്ല, അടുക്കളയിൽ ചെന്നപ്പോൾ അമ്മ എഴുന്നേറ്റ് ജോലി തുടങ്ങി.
മോള് പോയി കിടന്നോ എന്തിനാ ഇത്ര നേരത്തേ എണീറ്റത്
മനസ്സിൽ ഒരായിരം ലഡു ഒന്നിച്ച് പൊട്ടിയെങ്കിലും അത് കാണിക്കാതെ ഞാൻ പറഞ്ഞു, ഞാൻ സഹായിക്കാം അമ്മേ
വേണ്ട ഇവിടെ എനിക്ക് ചെയ്യാനുള്ള ജോലിയേ ഒള്ളൂ
ഞാൻ സന്തോഷം പുറത്ത് കാണിക്കാതെ വീണ്ടും പുതപ്പിനടിയിലേക്ക് കയറി
രാവിലെ എഴുന്നേറ്റ് ചേട്ടന്റെ ഷർട്ട് തേച്ചിടാം എന്തെങ്കിലും പണിയെടുക്കണ്ടേ എന്ന് കരുതി അലമാര തുറന്നപ്പോൾ ഒരുപാട് ഡ്രസ്സുകൾ ഇടിഞ്ഞ് പൊളിഞ്ഞ് എന്റെ നേർക്ക് വീണു
ഇത് മുഴുവൻ ചേട്ടന്റെയാണോ
അത് അടുക്കി വെക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു
അതെ, എല്ലാം ബ്രാൻറഡ് ആണ്. ഞാൻ അത് മാത്രമേ യൂസ് ചെയ്യൂ
ചേട്ടാ ഈ കാണാൻ ഭംഗിയില്ലാത്ത ഡ്രസ്സിനെയാണോ ബ്രാന്റഡ് എന്ന് വിളിക്കുന്നത്
നിനക്കെന്തറിയാം മോളേ ഈ ഇരിക്കുന്ന ഡ്രസ്സുകളുടെ എല്ലാത്തിന്റെയും വില മൂവായിരത്തിന് മുകളിലാണ്, ദോ ആ കിടക്കുന്ന ഷൂസുകളുടെ വില എണ്ണായിരം ആണ്
എന്റെ വ്യാകുലമാതാവേ വെറുമൊരു പൂച്ച ഓടുന്ന പടമുള്ള ഷൂസിന്റെ വില എണ്ണായിരമോ ,എങ്കിൽ അത് കാലിലിടുന്നതെന്തിനാ ഈ ഷോക്കേസിൽവച്ചൂടെ
ഷോക്കേസിലേക്ക് നോക്കിയപ്പോൾ ഒരു പാട് കളിപ്പാട്ടങ്ങൾ
ഇതൊക്കെ ആരുടേതാണ്
ഇതെല്ലാം കൊച്ച് ചെറുപ്പത്തിലേ കളിച്ച കളിപ്പാട്ടങ്ങളാ, അമ്മ പറഞ്ഞു
ഏത് കൊച്ച്
ഞങ്ങളുടെ ഈ മോൻ
പൊട്ടിത്തകരാത്ത കളിപ്പാട്ടങ്ങൾ പൊട്ടിത്തകർന്ന ബാല്യത്തിന്റെ സ്മരണകളാണെന്ന് എവിടെയോ വായിച്ചിട്ടുണ്ട് എന്ന് പറഞ്ഞ്
ചേട്ടന് ആഹാരം വിളമ്പി കൊടുക്കാൻ ഞാൻ അടുത്തേക്ക് ചെന്നു
വേണ്ട മോളേ നീ പോയി കഴിച്ചേ കൊച്ചിന് ഞാൻ വിളമ്പി കൊടുത്താലേ അവൻ കഴിക്കൂ
ഇവിടെ ബന്ധുക്കളോ അയൽക്കാരോ ആരും വരാറില്ലേ, ഞങ്ങളുടെ വീട്ടിൽ എപ്പോഴും ആളാണ് അച്ഛന്റെ പെങ്ങമ്മാരും മക്കളും, പിന്നെ അയൽക്കാരും ഒക്കെ
കഴിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു
ഇവിടെ അങ്ങനെ ആരും വരാറുമില്ല ഞങ്ങളങ്ങോട്ട് പോകാറുമില്ല ഇത് ഞങ്ങൾ മൂന്നു പേർ മാത്രമുള്ള ലോകമാണ്
ലോകമായിരുന്നു എന്നല്ലേ പറയേണ്ടത്
ഇപ്പോൾ ഞാൻ കൂടി വന്നില്ലേ അമ്മേ
ഉം
അമ്മയൊന്ന് ഇരുത്തി മൂളി
എന്നെ അടുക്കളയിൽ കയറ്റാത്തത് എന്നോടുള്ള സ്നേഹം കൊണ്ടാണെന്ന് തെറ്റിദ്ധരിച്ച എനിക്ക് മനസ്സിലായി അടുക്കള കൂടി എന്നെ ഏൽപ്പിച്ചാൽ മകൻ കൈവിട്ട് പോകുമെന്നുള്ള പേടി കൊണ്ടാണെന്ന്. ഒരു ജോലിയും ചെയ്യാനില്ല.ഏട്ടൻ ലീവ് കഴിഞ്ഞ് ജോലിക്ക് പോയ് തുടങ്ങിയപ്പോൾ ആകെപ്പാടെ ശ്വാസം മുട്ട്
വീട്ടിൽ അനിയനോട് വഴക്കിട്ടും നാട്ട്കാരോട് നാവിട്ടടിച്ചും നടന്നിരുന്ന ഞാൻ കൂട്ടിലടച്ച പോലെയായി. എന്റെ സങ്കടങ്ങൾ അമ്മയോട് വിളിച്ച് പറഞ്ഞപ്പോൾ അമ്മ പറയുമാ
നീ ആൻറിമാരുടെ വീട്ടിൽവെക്കേഷന് നിൽക്കാൻ പോയിരിക്കുവല്ല, തോന്നുമ്പോൾ ഇങ്ങോട്ട് ഓടിപ്പോരാൻ .പണ്ടേ നിന്റെ സ്വഭാവം ആണ് കുറച്ച് ദിവസം എവിടെയെങ്കിലും നിന്നാൽ പിന്നെ ഈ ഉള്ളങ്കാല് ചൊറിച്ചിൽ .പിന്നെ എപ്പോഴും ഇങ്ങോട്ട്ഫോൺ ചെയ്യുമ്പോൾ അവിടുത്തെ അമ്മ കരുതും അവിടുത്തെ കാര്യങ്ങൾ നീ എന്നോട് വിളിച്ച് പറയുവാണെന്ന്. നീ മഹിക്ക് ലീവുള്ള ദിവസം ഇങ്ങോട്ട് രണ്ട് പേരും കൂടി വാ .നിനക്ക് ഒറ്റയാൻ ആവണമെന്നല്ലേ പറഞ്ഞത് ഒറ്റയാന്റെ പിടിയായി ആ കാട്ടിലങ്ങനെ വിലസൂ...
ശവത്തിൽ കുത്തല്ലേ അമ്മച്ചീ
ബോറടി കലശലായപ്പോൾ ചേട്ടന്റെ അച്ഛനോട് ചീട്ട് കളിക്കാൻ അറിയാമോ എന്ന് ചോദിച്ചു അദ്ദേഹത്തിന്റെ മുഖത്ത് ആയിരം പൂർണ്ണചന്ദ്രൻമാർ ഒന്നിച്ച് തെളിഞ്ഞ് വന്നു
കളി പകുതിയായപ്പോഴെക്കും ഉച്ചയുറക്കത്തിൽ നിന്ന് എഴുന്നേറ്റ് വന്ന അമ്മയുടെ നോട്ടം പൂർണ്ണചന്ദ്രനെ അമാവാസിയിലാക്കി, പിന്നീട് എനിക്ക് മനസ്സിലായി ആ കണ്ണുകളാണ് അവിടം ഭരിക്കുന്നതെന്ന്
രാത്രി ഏട്ടൻ വന്നപ്പോൾ ഞായറാഴ്ച വീട്ടിൽ പോകുന്ന കാര്യം പറഞ്ഞു
ഏട്ടൻ മറുപടി പറയും മുമ്പേ അമ്മ രംഗത്തെത്തി
കൊച്ചിക്കാരി പെണ്ണിന്റെ ആലോചന വന്നപ്പോഴെ ഞാൻ പറഞ്ഞതാ അവിടെ മൊത്തം കൊതുകായിരിക്കുമെന്ന്, കൊച്ചേ പോയിട്ട് രാത്രിക്ക് മുൻപിങ്ങ് പോരണേ കൊതുക് കടിച്ചിട്ട് ഉറങ്ങാൻ പറ്റില്ല
കൊച്ചിക്കായല് പോലെ വിശാലമാണമ്മേകൊച്ചിക്കാരുടെ ഉള്ളും, സ്നേഹിച്ചാൽ ചങ്ക് പറിച്ച് തരും ആ സ്നേഹത്തിനിടയിൽ കൊതുക് കടിച്ചാലും തൂവൽ സ്പർശം പോലാണമ്മേ
അതല്ല മോളേ ചെറുപ്പത്തിലേ ഇവൻ കൊതുക് കടിച്ചാൽ ഉറങ്ങില്ല, അത് കൊണ്ട് ഞാനും ഇവന്റെ അച്ഛനും ഷിഫ്റ്റ് വെച്ച് ഉറങ്ങാതിരുന്ന് കൊച്ചിനെ നോക്കും
വെറുതെയല്ല ഒറ്റ മോനായിപ്പോയത് എന്ന് ഏട്ടന്റെ ചെവിയിൽ പറഞ്ഞ് ഞാൻ മുറിയിലേക്ക് പോയി
ഞായറാഴ്ച എന്റെ വീട്ടിൽ എത്തിയപ്പോൾ സ്വർഗ്ഗത്തിൽ എത്തിയത് പോലെ തോന്നി
ആമക്കുട്ടീ എവിടെടി എന്റെ ബ്രാൻറഡ് അളിയൻ
ഒന്ന് പയ്യെ പറയടാ ഡ്രാക്കുളേ ചേട്ടൻ കുളിക്കുവാ
ഹായ് പ്ലേ ബോയ് സ്പ്രേ അളിയന്റെയാണോ
വീട്ടിൽ നിൽക്കുമ്പോളിതാ പുറത്ത് പോകുമ്പോൾ വേറെ
അവനത് എടുത്തടിച്ച് മുറിക്ക് വെളിയിലേക്ക് പോയി
ആമീ അവന് പെർഫ്യൂം വേണമെങ്കിൽ ഞാൻ വാങ്ങിച്ച് കൊടുക്കാം പക്ഷെ എന്റെ സാധ്യനങ്ങൾ ആരും ഷെയർ ചെയ്യുന്നതെനിക്ക് ഇഷ്ടമല്ല.
ഓ ഔദാര്യം വേണ്ടെന്ന് പറഞ്ഞ് ഞാൻ മുറി വിട്ടിറങ്ങി
നാട്ടുകാരും വീട്ടുകാരും എല്ലാവരും ഹാജരുണ്ട്
ഗുഹാവാസിയായത് കൊണ്ട് ഏട്ടൻ ആരോടും മിണ്ടുന്നില്ല. മെഡിക്കൽ ഷോപ്പിലെ തടിയൻ പ്രതിമ പോലെ ചിരിച്ച് കൊണ്ട് തലയാട്ടുന്നു
എന്റെ അതിയായ സംസാരം കണ്ട് നാട്ട്കാർ എല്ലാവരും പറഞ്ഞു കെട്ട്യോന്റെ സംസാരശേഷി കൂടി ദൈവം ഇവർക്ക് കൊടുത്തോ എന്ന്
രാത്രി തിരിച്ച് വീട്ടിൽ എത്തിയപ്പോൾ എനിക്ക് ചെറിയൊരു പനി
അയോ മോൾക്ക് പനിയാണെങ്കിൽ കൊച്ച് ഞങ്ങൾടെ കൂടെ കിടക്കട്ടെ
കൊച്ചാവുമ്പോൾ അമ്മയുടെ കൂടെ കിടത്താം. ചേട്ടൻ എന്റെ കൂടെ കിടക്കട്ടെ എന്ന് പറഞ്ഞ് ഞാൻ മുറിയിലേക്ക് പോയി
സ്വന്തം മകൻ ബാല്യവും കൗമാരവും കടന്ന് യൗവ്വനത്തിലേക്ക് കടന്നത് മനസ്സിലാക്കാത്ത അമ്മയോട് എനിക്ക് സഹതാപം തോന്നി
എനിക്ക് ഒരു പനി വന്നപ്പോൾ ഇങ്ങനെയാണേൽ വല്ല മാറാരോഗവും വന്നാൽ ചാക്കിൽ കെട്ടി കൊണ്ടുപോയി കളയുമല്ലോ എന്ന് പറഞ്ഞ് ഞാൻ തിരിഞ്ഞ് കിടന്നുറങ്ങി.
............................................
രാവിലെ കുളിക്കാൻ കയറിയ അമ്മ ബാത്റൂമിൽ കാൽ വഴുതിവീണു, കാലിലെ എല്ലിന് പൊട്ടലുണ്ട്.തലയിൽ മുറിവുള്ളത് കൊണ്ട് കുറച്ച് ദിവസം ആശുപത്രിയിൽ കിടത്തണം. രാത്രിയിൽ ആശുപത്രിയിൽ നിന്നാൽ ഉറക്കം നഷ്ടപ്പെടുമെന്ന് പറഞ്ഞ് രാത്രിയിലെ ഭക്ഷണം വാങ്ങിത്തന്ന് അച്ഛനും ചേട്ടനും വീട്ടിലേക്ക് പോയി. എനിക്കാണേൽ രാവിലെ മുതൽ വല്ലാത്ത ചർദ്ദി, ടെസ്റ്റ് ചെയ്തപ്പോൾ ഗർഭിണിയാണെന്നറിഞ്ഞെങ്കിലും അമ്മയുടെ വീഴ്ച്ചയിൽ എന്റെ ഗർഭം മുങ്ങിപ്പോയി.
എന്റെ വീട്ടിൽ നിന്നല്ലാതെ അമ്മയെ കാണാൻ വേറെ ബന്ധുക്കളാരും എത്തിയില്ല.
എനിക്ക് ഭയങ്കര ചർദ്ദിയാണമ്മേ .ഇവിടുത്തെ അമ്മയുടെ അടുത്ത് നിൽക്കാൻ വേറെ ആരുമില്ല
അമ്മേ, ഇങ്ങനെ ആശുപത്രിയിലൊക്കെ കിടക്കുമ്പോഴാണ് സഹോദരങ്ങളായി ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോകുന്നത്
പുറത്തേക്കിറങ്ങിയപ്പോൾ ഞാൻ എന്റെ അമ്മയോട് പറഞ്ഞു.
അമ്മ എന്നെ നോക്കി ചിരിച്ചു
അമ്മേ ഇനി നമ്മുടെ കുടുംബത്തിലെ ആരെയും ഒറ്റ മക്കളെക്കൊണ്ട് കെട്ടിക്കരുത്
ഇപ്പോൾ അങ്ങനെയായോ. എത്ര മക്കൾ എന്നതിലല്ല. മക്കളെയൊക്കെ ഈശ്വരൻ തരുന്നതാണ്. ഒള്ള ബന്ധുക്കളെ അടുപ്പിച്ച് നിർത്തുന്നതിലാണ് കാര്യം
അതിന് ഞാൻ മാത്രം വിചാരിച്ചാൽ മതിയോ
നീ വിചാരിച്ചാൽ ഇവരുടെയൊക്കെ ചിന്താഗതി മാറ്റാൻ പറ്റില്ലേ. ചെന്ന് കയറുന്ന വീട് സ്വർഗ്ഗമാക്കുന്നതിലാണ് ഒരു പെണ്ണിന്റെ മിടുക്ക്.
അമ്മയെ നോക്കുന്നതും അടുക്കള പണി മുതൽ കടയിൽ പോയി വീട്ട് സാധനങ്ങൾ വാങ്ങിക്കുന്നത് വരെയുള്ള ചുമതല ഞാനേറ്റതോടെ എന്റെ ബോറടി ആകെ മാറി. അച്ഛനുമായുള്ള മാർക്കറ്റിലേക്കുള്ള യാത്രക്കിടയിൽ ഞാൻ മനസ്സിലാക്കി മനുഷ്യ സഹവാസം കൊതിക്കുന്ന ഒരു മനസ്സ് അദ്ദേഹത്തിനുണ്ടെന്ന്.
അച്ഛൻ എല്ലാ ബന്ധുക്കളെയും നാട്ടുകാരെയും എനിക്ക് പരിചയപ്പെടുത്തി തന്നു.ഞാൻ അവരോടൊക്കെ പെട്ടെന്ന് കൂട്ടായി .പിന്നെ പിന്നെ അയൽക്കാരൊക്കെ അമ്മയെ കാണാൻ വീട്ടിൽ വരാൻ തുടങ്ങിയതോടെ ആദ്യമൊക്കെ നീരസം കാണിച്ചെങ്കിലും പിന്നീട് അമ്മക്കും സന്തോഷമായി. അമ്മയുടെ സമ്മതത്തോടെ തൊട്ടടുത്ത അമ്പലത്തിലെ ഉത്സവത്തിന് ബന്ധുക്കളെയെല്ലാം വീട്ടിലേക്ക് ക്ഷണിച്ചു.അങ്ങനെ എല്ലാവർക്കും സന്തോഷമായി. ഗുഹാ വാസികളായ അച്ഛനും അമ്മയും മാറിയിട്ട് പോലും എന്റെ ഒറ്റയാന് കാര്യമായ മാറ്റങ്ങളൊന്നും വന്നില്ല. കോളേജിലൊക്കെപഠിച്ചിട്ടും നല്ലൊരു കൂട്ടുകാർ പോലും ഇല്ലാത്തത് എന്നെ പലപ്പോഴും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇനി ഈ ഒറ്റയാനെക്കൂടി മെരുക്കണം എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് അമ്മക്കും അച്ഛനും കൂടി രണ്ടാഴ്ച തീർത്ഥയാത്ര പോണമെന്ന് ആഗ്രഹം പറഞ്ഞത്
ടാ മഹീ നീയും മോളും കൂടി രണ്ടാഴ്ച അവൾടെ വീട്ടിൽ പോയി നിക്ക്, കാലിന്റെ ഭേദമാകുമ്പോൾ കൈലാസത്തിലും രാമേശ്വരത്തുമൊക്കെ പോണമെന്ന് ഞാൻ ആഗ്രഹിച്ചതാ
ഏട്ടന് ഇടിവെട്ടേറ്റത് പോലായിരുന്നു അമ്മയുടെ ഈ വാക്കുകൾ
അത് ശരിയാവില്ല അമ്മേ, അവൾ പോയി നിന്നോട്ടെ ഞാനില്ല.
നീ ജോലിക്ക് പോകുമ്പോൾ അവൾ ഇവിടെ ഒറ്റക്കാകും , അവളെ മാത്രം പറഞ്ഞ് വിട്ട് നീ ഇവിടെ നിന്നാൽ എനിക്ക് സമാധാനമായി പോകാൻ പറ്റില്ല. അവൾക്കിതേഴാം മാസമാ സൂക്ഷിക്കണം. നീ ഒരു രണ്ടാഴ്ച ലീവെടുത്ത് അവൾടെ കൂടെ പോയി നിക്ക്. അവിടെയാകുമ്പോൾ എല്ലാവരും ഉണ്ടല്ലോ
അമ്മയുടെ നിർബന്ധം സഹിക്കാൻ പറ്റാതെ ഏട്ടൻ എന്റെ കൂടെ വന്നു. എന്റെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു.
വീട്ടിൽ എത്തിയപ്പോൾ വീട്ടുകാർക്കും നാട്ട്കാർക്കും സന്തോഷം
ആ ,അളിയനിതെപ്പോൾ വന്നു
കുറച്ച് നേരമായി
അളിയൻ വന്നതേതായാലും നല്ല ദിവസമാണ് ഇന്ന് ഫുഡ്ബോൾ മാച്ച് ഉണ്ട് വേഗം ഒരു മുണ്ടടുത്തുടുക്ക് നമുക്ക് പോകാം
നല്ല മഴ ഞാൻ വരുന്നില്ല
മഴയത്തല്ലേ എന്റളിയാ കളി കാണേണ്ടത്.
അവൻ മഹിയേട്ടനെ കൊണ്ട് പോയി. മഹിയേട്ടന്റെ മാറ്റങ്ങളുടെ തുടക്കം ആയിരുന്നു അത്.അന്നാദ്യമായി എന്റെ ആങ്ങളയോട് എനിക്ക് ബഹുമാനം തോന്നി. പിന്നീടങ്ങോട്ട് ക്രിക്കറ്റ് കളിക്കാനും ചൂണ്ടയിടാനും എന്ന് വേണ്ട എന്റെ ആങ്ങളയുടെയും കൂട്ട് കാരുടെയും കൂടെ കൂടി മഹിയേട്ടൻ പുതിയൊരു മനുഷ്യനായി. ഉള്ള് തുറന്ന് ചിരിക്കാൻ തുടങ്ങി. ബ്രാൻറഡ് അളിയൻ നാട്ട്കാരുടെ പൊന്നളിയനായി. എന്തിന് ഫുട്പാത്തിൽ നിന്ന് ഡ്രസ് വരെ വില പേശി വാങ്ങുന്നത് കണ്ട് പകച്ച് നിന്ന എന്നോട് കൊച്ചിയിലെ ഫ്രീക്കൻമാർക്കെന്തി നാടി ബ്രാൻറഡ് ഡ്രസ് ഞങ്ങള് വേറെ ലെവലാണ് മച്ചൂ ,ഞാൻകൊച്ചിയുടെ മരുമോനല്ലേ എന്ന് പറഞ്ഞ് എന്നെ ഞെട്ടിച്ചു. രാത്രിയിൽ കിടക്കാൻ നേരം എന്റെ വയറ്റിൽ ഒരു ഉമ്മ തന്നതിന് ശേഷം എട്ടൻ പറഞ്ഞു.ഇവനെ നമ്മൾ ഒറ്റയാൻ ആക്കരുത്, നാല് മക്കൾ എങ്കിലും വേണം, സ്നേഹം പങ്കിട്ട് പോകുമെന്ന് പറഞ്ഞ് എന്റെ അച്ഛനും അമ്മയും എന്നെ ഒറ്റക്കാക്കി പങ്കിടും തോറും ഇരട്ടിക്കുന്നതാണ് സ്നേഹമെന്ന് നിങ്ങൾ എന്നെ മനസ്സിലാക്കി തന്നു
ഇതൊന്ന് കഴിഞ്ഞോട്ടെ എട്ടാ, പുതിയൊരു തലമുറയെ വാർത്തെടുക്കാൻ വീണ്ടും നമുക്ക് കൈകോർക്കാം എന്ന് പറഞ്ഞ് കൊണ്ട് സന്തോഷത്തോടെ ഉറങ്ങാൻ കിടന്നു

By : Anamika Aami
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo