Slider

ഓർമ്മയ്ക്കുറിപ്പുകൾ :

0
Image may contain: 1 person, sunglasses and closeup

ഞാനും 1990ലെ SSLC പരീക്ഷയും :
രണ്ടുമൂന്നു ദിവസങ്ങളായി മുഖപുസ്തക താളുകളിൽ SSLC റിസൾട്ടുകളും മുഴുവൻ എ പ്ലസ് നേടിയവരുടെ വിശേഷങ്ങളും കൊണ്ടു നിറഞ്ഞു നിൽക്കുന്നത് കാണുമ്പോൾ ഞാൻ ഓർക്കുന്നത് ഞാൻ SSLC പരീക്ഷ എഴുതിയിരുന്ന 1990 നെ കുറിച്ചാണ്.
അക്കൊല്ലത്തെ വിജയശതമാനം അമ്പത്തിയഞ്ചിൽ കുറവാണെന്നാണ് എന്റെ ഓർമ്മ.
മെയ് 27നാണ് പതിവുപോലെ റിസൾട്ട് പുറത്തിറങ്ങുന്നത്.തലേന്ന് രണ്ടുദിവസം മുമ്പുവരെ ജയിക്കില്ലെന്ന ഉറച്ചവിശ്വാസം ഉണ്ടായിരുന്നെങ്കിലും തലേന്നു രാവിലെ ഉറങ്ങിയെഴുന്നേറ്റപ്പോൾ 30 മാർക്ക് മോഡറേഷനുണ്ടെന്നൊക്കെ റേഡിയോ വാർത്തകേട്ടപ്പോൾ മുതൽ മനസ്സിനുള്ളിലെവിടെയോ എങ്ങനെയെങ്കിലും കടന്നുകൂടുമെന്നൊരു ഒരു ശുഭപ്രതീക്ഷ മുളപൊട്ടി തുടങ്ങി.....!!!!!
അതിന്റെ പ്രധാന കാരണം പതിനാറു വയസിൽ 10 വയസുകാരന്റെ സമാന്യബുദ്ധിയാണെങ്കിലും 21 വയസ്സിന്റെ ശാരീരിക വലിപ്പമുള്ളതുകൊണ്ടു് ജയിച്ചുകഴിഞ്ഞാൽ പട്ടാളത്തിന്റെ പോലീസിലോ ചേർക്കേണ്ട കാര്യം അച്ഛൻ രാത്രിയിൽ ഒരുപാട്ട് തവണ ആവർത്തിച്ചു പറഞ്ഞിരുന്നു.
അതുകൊണ്ട് കീറപ്പായായിൽ ഉടുമുണ്ടഴിച്ചു മൂടിപ്പുതച്ചു കിടക്കുമ്പോൾ സുബേദാറായും ലെഫ്നെന്റ് കേണലായും മേജറായുമൊക്കെ അതിർത്തിയിൽ പോരാടി ശത്രുക്കളെ വെടിവെച്ചിടുകയും.....
കൊള്ളസംഘത്തെയും അധോലോകത്തെയുമൊക്കെ തുരുതുരാ വെടിയുതിത്തുകൊണ്ടു കിലോമീറ്ററുകൾ ജീപ്പിൽ പിന്തുടർന്നു ഒറ്റയ്ക്ക് പോരാടിതോല്പിക്കുന്ന എസ് ഐ യൊക്കെയായാണ് നേരം വെളുപ്പിച്ചത്.......!
പത്തുപതിനഞ്ചുപേരെയൊക്കെ ഒരു പോറൽപോലും പറ്റാതെ അടിച്ചുതോല്പിക്കുകയും വെടിവച്ചുകൊല്ലുകയും ചെയ്തശേഷം സ്ലോ മോഷനിൽ ജീപ്പിനാടുത്തേക്കു നടക്കുന്ന കാഴ്ച്ച സ്വപ്നത്തിലാണെങ്കിൽപ്പോലും ഒരു കാഴ്ച്ചതന്നെയായിരുന്നുകേട്ടോ....!
അതുകൂടാതെ എട്ടാംതരത്തിൽ പഠിക്കുന്ന പഴയങ്ങാടി പുഴയ്ക്കക്കരെയുള്ള പൂച്ച്ക്കണ്ണി എസ് ഐ യുടെ ജീപ്പിന്റെ മുൻസീറ്റിലിരുന്നാണ് അന്ന് രാത്രിയിൽ മുഴുവൻ പയ്യന്നൂർ കോളേജിൽ പോയിരുന്നത്.....!
മെയ് 27 നു രാവിലെ എഴുന്നേറ്റു കട്ടൻ ചായയും ചക്കക്കുരു പുഴുങ്ങിയതും കഴിച്ചശേഷം കുളിച്ചു ഓലകൊണ്ടു മറച്ച ചെറ്റപ്പുരയുടെ ഓലഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന പറശ്ശിനിക്കടവ്മുത്തപ്പന്റെ ഫോട്ടോയ്ക്ക് മുന്നിൽ കൈകൾ കൂപ്പിനിന്നുകൊണ്ട് പതിനഞ്ചു മിനുട്ടുകളോളം മൗനമായി പ്രാർത്ഥിച്ചു കുറിതൊട്ടുവാങ്ങിയശേഷം നിയുക്ത എസ് ഐ യാതൊരുവിധ അഹങ്കാരവുമില്ലാതെ നഗ്നപാദനായി മാടായി സ്കൂളിലേക്ക് വച്ചുപിടിച്ചു.
അന്നത്തെ എല്ലാപത്രങ്ങളിലും റിസൾട്ട് ഉണ്ടാകും വീട്ടിലാണെങ്കിൽ മുടങ്ങാതെ മംഗളം മനോരമ വാരികകൾ വാങ്ങാറുണ്ടെങ്കിലും പത്രം വാങ്ങാറില്ല അയൽപക്കത്തോ വായനശാലയിലോ പോയി നോക്കാമെന്നുവെച്ചാൽ നമ്മളെക്കാൾ ആകാംക്ഷ അവിടെയുള്ള മറ്റുള്ളവർക്കായിരിക്കും.....!
അതുമാത്രമല്ല തോറ്റിട്ടുണ്ടെങ്കിൽ അവരുടെ മുഖത്തുനോക്കുവാനും വലിയ പാടായിരിക്കും....
അതുകൂടാതെ ഡിസ്റ്റിംഗ്ഷനുണ്ടോ.....?
ഫാസ്റ്റ് ക്ലാസ്സാണോ....?
സെക്കന്റ് ക്ലാസ്സാണോ......?
ഓ..... വെറും പാസ് മാത്രമാണോ എന്നാൽ മോഡറേഷൻ കിട്ടിക്കാണും....?
തുടങ്ങിയ കുനുഷ്ട് ചോദ്യങ്ങളും നേരിടേണ്ടിവരും......!
സ്കൂളിൽ പോയാൽ സമാനസന്തോഷമുള്ളവരെയും സമാന ദുഃഖിതരെയും കാണാം .....
പരസ്പരം ആശ്വസിപ്പിച്ചു ആശ്വസിക്കാം......
ഭാവിപരിപാടികൾ ആസൂത്രണം ചെയ്യാം......
എസ് ഐ എത്തുമ്പോഴേക്കും നോട്ടീസ് ബോർഡിൽ റിസൾട്ട് ഒട്ടിച്ചിട്ടുണ്ട്.
അതിമോഹമൊന്നുമില്ലാത്തത്‌കൊണ്ടു സാദാപാസ് മുതലാണ് ഹാൾ ടിക്കറ്റിലെ അവസാനത്തെ നാലക്കങ്ങൾ തിരയുവൻ തുടങ്ങിയത്......!
ഇല്ല അതിലെവിടെയും ഇല്ല......!
പ്രതീക്ഷയോടെ സെക്കന്റ് ക്ലാസ് റിസൾട്ട് നോക്കി അവിടെയുമില്ല.....!
കുന്തംപോയാൽ കുടത്തിലും തപ്പണമെന്നാണല്ലോ പഴമൊഴി അതുകൊണ്ട് ഫസ്റ്റ് ക്ലാസ് റീസൽറ്റിലൂടെയും കണ്ണോടിച്ചുനോക്കി.....!
ഇല്ല അവിടെയുമില്ല.....!
ലോട്ടറിയടിച്ചിട്ടുണ്ടെങ്കിലോ എന്നുകരു്തിയതുകൊണ്ടു അവസാനം ഡിസ്റ്റിംഗ്ഷന്റെ ലിസ്റ്റുകൂടെ നോക്കിയശേഷമാണ് തിരച്ചിൽ അവസാനിപ്പിച്ചത്.
മുന്നേ പ്രതീക്ഷിച്ചതുപോലെതന്നെ എട്ടുനിലയിൽ തോറ്റുപ്പോയിരിക്കുന്നു.....!
ഞാൻ മാത്രമല്ല ബാക്ക് ബഞ്ചിലിരിക്കുന്ന കൂട്ടുകാരായ പത്തുപേരും തോറ്റവരുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.....!
ഇന്നലെ രാത്രിയിൽ ശത്രുസൈന്യത്തിനുനേരെ അലറിക്കൊണ്ടു പാഞ്ഞടുത്തു അവരെ നിഷ്കരുണം വെടിവച്ചു കൊല്ലുകയും ചെയ്തിരുന്ന മേജറും....
അധോലോക സംഘത്തെയും കൊള്ളക്കാരെയും ഗുണ്ടകളെയുമൊക്കെ നിഷ്പ്രയാസം കീഴടക്കുകയുമൊക്കെ ചെയ്ത എസ് ഐ യുമൊക്കെ മനസിനുള്ളിൽ SSLC യുടെ വെടികൊണ്ടു ചത്തുമലച്ചു കണ്ണുതുറിച്ചു കിടന്നു....!
SSLC പാസായാൽ പട്ടാളത്തിൽ ചേരാം പോലീസിൽ ചേരാം എന്നൊക്കെ പറഞ്ഞു പ്രലോഭിപ്പിച്ചിരിക്കുന്ന അതേ അച്ചൻ തന്നെ തൊട്ടുപിറകെ മറ്റൊരു കാര്യവും ഓർമ്മിപ്പിച്ചിട്ടുണ്ട്......
"ഞാൻ കൂലിപ്പണിയെടുത്തു അരപട്ടിണിയിൽ കുടുംബം പോറ്റിയതുമതി .....
നീയും നിന്റനിയനും കൂലിപ്പണിയെടുത്തുകൊണ്ടു കുടുംബം നോക്കേണ്ട കാര്യമില്ല....
ഇക്കൊല്ലം തോറ്റുപോയാൽ ഫീസുകൊടുത്തുകൊണ്ടു ട്യൂട്ടോറിയലിൽ അയച്ചു പഠിപ്പിക്കാനും എനിക്കു നിർവ്വാഹമില്ല.....
അതുകൊണ്ട് തോറ്റെന്നു പറഞ്ഞുകൊണ്ട് ഈ വീടിന്റെ പടി ചവിട്ടിയേക്കരുത്....!"
ഇനിയെന്തു ചെയ്യും.....?
നാടുവിടാമെന്നു കരുതിയാൽ നയാപൈസ കൈയ്യിലില്ല.....!
പിന്നെ മരിക്കാമെന്നുവച്ചാൽ കേവലം ഒരു എസ് എസ് എൽ സി പരീക്ഷ തോറ്റതിന് മരിക്കണമെങ്കിൽ ഇത്തിരി പുളിക്കും.....!
(അന്നൊന്നും നൂറുകണക്കിന് പരാജയങ്ങൾ പിന്നാലെ വരാനുണ്ടെന്നു ഓർത്തിരുന്നില്ല എല്ലാം മുൻകൂട്ടി അറിയുവാൻ കഴിയുമായിരുന്നെങ്കിൽ ഒരുപക്ഷേ......)
വീട്ടിലറിഞ്ഞാൽ അമ്മയൊന്നും പറയില്ല .
പക്ഷെ അച്ഛൻ......
ഒരു പക്ഷെ ഒന്നും ചോദിക്കാതെ തീഷ്ണമായ ഒരു നോട്ടത്തിൽ എല്ലാം ഒതുക്കുമായിരിക്കും......
അതിൽ എല്ലാം അടങ്ങിയിട്ടുണ്ടാകും.....
അച്ഛന്റെ സങ്കടം.....
നിരാശ.....
മകനെക്കുറിച്ചുള്ള വാടിപ്പോയ സ്വപ്നങ്ങൾ.....
ശാസന.....
ആ നോട്ടമാണ് പ്രശ്നം..
അതിൽ ഞാൻ ഒരുപക്ഷേ വെന്തുരുകി പൊള്ളിപ്പിടഞ്ഞുപോകും......!
ആയിരം തല്ലിനെക്കാൾ വേദനയുണ്ടാകുമായിരിക്കും ആ ഒരു നോട്ടത്തിന്.....!
ചിലപ്പോൾ മുട്ടൻ വഴക്കു പറഞ്ഞെന്നിരിക്കും....
അതുമല്ലെങ്കിൽ കയ്യിൽ കിട്ടുന്ന സാധനമെടുത്തുകൊണ്ടു കണ്ണിൽചോരയില്ലാത്തപോലെ നല്ല അടിത്തന്നെ കിട്ടിയെന്നുമിരിക്കും......
എന്തുചെയ്യും.....?
ആലോചിച്ചപ്പോൾ ഒരെത്തും പിടിയും കിട്ടിയില്ല....!
രണ്ടുപേരുംപണിക്കുപോയിരിക്കുന്നതുകൊണ്ടുഅച്ഛനും അമ്മയും ഏതായാലും ഇപ്പോൾ വീട്ടിലില്ല ഉച്ചയ്ക്കു ശേഷമേ തിരിച്ചെത്തുകയുള്ളൂ അതുകൊണ്ട് ഇപ്പോൾ തൽക്കാലം വീട്ടിൽപ്പോയി അവസാനത്തെ അത്താഴം കഴിക്കുന്നതുപോലെ ഉച്ചഭക്ഷണമൊക്കെ കഴിച്ചശേഷം ഭാവിപരിപാടികൾ ആലോചിക്കാം .
മരിക്കണമെങ്കിൽ അങ്ങനെ.....!
നാടുവിടണമെങ്കിൽ അങ്ങനെ.....!
അതുമല്ല ഇവിടെത്തന്നെ പിടിച്ചു നിൽക്കണമെങ്കിൽ അങ്ങനെ....!
അവസാനം മനസിൽ അങ്ങനെയൊരു തീരുമാനമെടുത്തുകൊണ്ടു തോറ്റുപോയ എസ് ഐ ചുട്ടുപൊള്ളുന്ന മാടായിപ്പാറയിലൂടെ നഗ്നപാദനായി ഒരു മാനംനോക്കി പക്ഷിയെപ്പോലെ തുള്ളിത്തുള്ളിക്കൊണ്ടു വീട്ടിലേക്ക് തിരികെ നടന്നുതുടങ്ങി.
പലതും ആലോചിച്ചുകൊണ്ടു വീട്ടിലേക്കുള്ള ഇറക്കം ഇറങ്ങുന്നതിനിടയിലാണ് കടും വയലറ്റ് നിറവും ഇളം ചവർപ്പുരുചിയുമുള്ള കാട്ടുകനിപ്പഴങ്ങൾ പൊന്തക്കാടുകളിൽ മൂത്തുപഴുത്തു കിടക്കുന്നതു ശ്രദ്ധയിൽപ്പെട്ടത്.....!
""കണ്ട കാട്ടുകായകളൊന്നും പറിച്ചു തിന്നരുത് പാമ്പ് കൊത്തിയിട്ടുണ്ടാകും ചത്തുപോകും പറഞ്ഞേക്കാം....."
,"കുറുക്കൻവെള്ളരിക്കയും,ചെത്തിപ്പഴവും,മുള്ളിൻപഴവും,കോട്ടയക്ക് കായയും,ഞെർങ്ങയുമൊക്കെ പറിച്ചുതിന്നുന്നത് കാണുമ്പോൾ അമ്മയെപ്പോഴും വിലക്കുന്നതും പെട്ടെന്ന് മനസ്സിലേക്കോടിയെത്തിയപ്പോഴാണ് പെട്ടെന്ന്‌ മറ്റൊരു ഐഡിയകൂടി മനസിലേക്ക് വന്നത്.
"ഇതൊന്നും കഴിച്ചാൽ ചാകില്ലെന്നുറപ്പാണ്.....
അങ്ങനെയാണെങ്കിൽ ഇതുവരെ ആയിരം തവണയെങ്കിലും ചത്തുകാണണം.....പക്ഷെ ഇതുകൊണ്ട്
പരീക്ഷയിൽ തോറ്റുപോയ വിഷമത്തിൽ മരിക്കുവാനായി കഴിച്ചതാണെന്നു നടിച്ചുകൊണ്ടു അച്ഛനെയും അമ്മയെയും പറ്റിക്കാൻ പറ്റും.....
അച്ഛന്റെ രൂക്ഷമായ നോട്ടത്തിൽ നിന്നും വഴക്കിൽ്നിന്നും അടിയിൽ നിന്നും തൽക്കാലം രക്ഷപ്പെടാം.....!
അതുകൂടാതെ സഹതാപതരംഗവും കിട്ടും.....!
വിഷം കഴിച്ച മരിച്ചവർ നീലനിറത്തിൽ ചർദ്ധിക്കുമെന്നും അവരുടെ മൃതദേഹം നീലനിറമായിരിക്കുമെന്നും ആരൊക്കെയോ പറഞ്ഞുകേട്ടിരുന്നതാണ് കാട്ടുകനിയുടെ പഴംതന്നെ ആത്മാഹത്യാനാടകത്തിന് തെരെഞ്ഞെടുക്കുന്നതിനു ആത്മവിശ്വാസം നൽകിയത്.
വേനലവധി ആഘോഷിക്കുവാൻ അനിയൻ വല്യമ്മയുടെ വീട്ടിൽപ്പോയതുകൊണ്ടു ആത്മാഹത്യാ നാടകം നൂറു ശതമാനം വിജയിക്കുമെന്നുറപ്പുണ്ടായിരുന്നു.
നാടകം വിജയിപ്പിക്കുന്നതിന്റെ ആദ്യപടിയായി ഒരു ഉപ്പൂറ്റിയില പറിച്ചെടുത്തുകൊണ്ടു അതിൽ നിറയെ മൂത്തുപഴുത്തു വയലറ്റ് നിറമായി കനിപ്പഴങ്ങൾ ശേഖരിച്ചുശേഷം അതിൽനിന്ന് ഓരോന്നെടുത്തു കൊറിച്ചു വഴിനീളെ വയലറ്റു നിറമുള്ള ഉമിനീർ തുപ്പിക്കളഞ്ഞുകൊണ്ടാണ് കുന്നിറങ്ങിയത്......!
വീട്ടിലെത്തിയയുടനെ വയറുനിറയെ ചോറും ഉഴുന്നുപുഴുക്കും കോരിക്കഴിച്ചു അതിനുശേഷം വിഷം കഴിച്ചെന്നു അച്ഛനമ്മമാരെ ബോധ്യപ്പെടുത്തുന്നതിനുവേണ്ടി ഒരു ഗ്ലാസ്സിൽ കനിപ്പഴങ്ങൾ പിഴിഞ്ഞുകലക്കി വായയിൽ കവിളി മുറ്റത്തു നിറയെ നീലനിറമുള്ള വെള്ളം കുലുക്കുഴിഞ്ഞു തുപ്പിനിറച്ചു....!!
കാരണം വിഷം കഴിച്ചവർ നീലനിറത്തിലാണ് ഛർദ്ദിക്കുന്നതെന്നാണല്ലോ അന്നത്തെ തെറ്റായധാരണ......!
ഒറ്റമുറി ചെറ്റപുരയുടെ ഓല വാതിലടച്ചശേഷം ചാണകമെഴുകിയ തറയിൽ കീറപ്പായ വിരിച്ചുകിടന്നു.
ചോറും ഉഴുന്നുപുഴുക്കും കനിപഴങ്ങളും കൂടാതെ വീടിന്റെ മുറ്റത്തുള്ള വയസ്സൻ പറങ്കിമാവിന്റെ മഞ്ഞനിറവും അപൂർവ്വ രുചിയുമുള്ള പറങ്കിമാമ്പഴവും വയറുനിറയെ കഴിച്ചതുകൊണ്ടാകണം എപ്പോഴാണ് ഉറങ്ങിപ്പോയതെന്നറിയില്ല......!
"ഉയ്യന്റെപ്പാ......നിങ്ങ നോക്കിയേ മിറ്റം നിറയെ സൂപ്പർ വൈറ്റ് കലക്കി ഒയിച്ചത്......
ഇവനെയെനിയെന്താ ചെയ്യേണ്ടത്.......
പോത്തുപോലെ വളർന്നിട്ടും ഇപ്പോളും പിള്ളേരൊപ്പോലാന്നു ....കളി...നിങ്ങ നോക്കിയേ എന്റെ സൂപ്പർവൈറ്റ് തേച്ചും കളിച്ചുതീർത്തു.....
ഇനി സൂപ്പർ വൈറ്റുകാരൻ വേരേണങ്കിൻകോൽ ഒരുമാസം കയ്യും....
ഈ മറപ്പിന കൊണ്ടു ദ്രോഹലാണ്ട് ഉപകാരം. ഇല്ലല്ലോ......."
അക്കാലത്ത്‌ ഉജാലയൊന്നുമില്ല പകരം വീടുവീടാന്തരം കയറിയിറങ്ങി വിൽപ്പന നടത്തുന്ന ഒരു രൂപയുടെ സ്‌പെർവൈറ്റാണ് എല്ലാവരും ഉപയോഗിക്കുന്നത്..
അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ എന്റെ കൗമാരം പകച്ചുപോയി.......!
Sslc പരീക്ഷയിൽ പൊട്ടിയതുപോലെ എന്റെ ആത്മഹത്യാ നാടകവും എട്ടുനിലയിൽ പൊട്ടിപ്പോയെന്നു നിമിഷനേരം കൊണ്ടെനിക്കു മനസിലായി.
"ഓവറാക്കി ചളമാക്കി....."
ഞാൻ എന്നെത്തന്നെ സ്വയം കുറ്റപ്പെടുത്തി.
ഇനിയിപ്പോൾ പേടിക്കേണ്ടത് അച്ഛന്റെ നോട്ടത്തെക്കാളും വടികൊണ്ടുള്ള തല്ലിനെക്കാളും അമ്മയുടെ മാച്ചികൊണ്ടുള്ള(ചൂലുകൊണ്ടുള്ള അടി) അടിയാണെന്ന് അതോടെ എനിക്ക് മനസിലായി.....!
"നീ മിണ്ടാണ്ടിരി.......ചെക്കൻ തോറ്റ വിഷമത്തിൽ കൊടുക്ക്ന്ന്ണ്ടാകും....നാളെ പറഞാമതി...... പാവം പേടിച്ചിറ്റ് ഒന്നും കയിച്ചിറ്റിണ്ടാവൂലാ
നീ ഓന വിളിച്ചു വേഗം ചോറു കൊടുക്ക്"
പിറകെ അച്ഛന്റെ ശബ്ദം കേട്ടപ്പോൾ പാവം എന്റെ അച്ഛന്റെ പ്രതീക്ഷകളെ തകിടം മറിച്ചതിനപ്പുറം അച്ഛനെ തെറ്റിദ്ധരിച്ചതിലും കുറ്റബോധം തോന്നിത്തുടങ്ങി...
തൊട്ടടുത്ത വർഷം sslc പരീക്ഷ എഴുതുവാൻ റെജിസ്ട്രർ ചെയ്യുന്നതിനുവേണ്ടിമാത്രം എരിപുരം നാഷണൽ ട്യൂട്ടോറിയലിൽ ചേർന്നതും ഫീസ് കൊടുക്കാനില്ലാത്തതുകൊണ്ടു ഓണപ്പരീക്ഷയ്ക്ക് മുന്നെനിർത്തിയതും എന്നിട്ടും കൂലിപ്പണിയെടുക്കുന്നതിനിടയിൽ 1991 പരീക്ഷ എഴുതി ജയിച്ചുകൊണ്ടു അച്ഛനുമുന്നിൽ അഭിമാനത്തോടെ നിവർന്നു നിന്നതും ചരിത്രം......!
പക്ഷെ ......
ഇപ്പോൾ ഈ നാൽപ്പത്തി നാലാമത്തെ വയസ്സിൽ പിന്തിരിഞ്ഞു നോക്കുമ്പോൾ......
ആദ്യത്തെ വർഷം തോറ്റതും തോല്പിച്ചതും കണക്കാണ്.......!
വിരോധാഭാസമെന്നു പറയട്ടെ.....!
ഇന്നും തോല്പിക്കുന്നത് കണക്കുകളാണ്.......!
പിഴച്ചുപോയതും കണക്കുകളിലാണ്......!
തോല്പിക്കുന്നതും കണക്കുകളാണ്......!
കൂട്ടിയാലും ഗുണിച്ചാലും ഹരിച്ചാലും കിഴിച്ചാലും ഞാനെന്ന ശിഷ്ടം ബാക്കിവരുന്ന കണക്കുകൾ

by: 
Chathoth Pradeep Vengara Kannur 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo