Slider

മധുരനൊമ്പരക്കാറ്റ്.

0
Image may contain: 1 person

കാക്ക കറങ്ങി കറങ്ങി നടക്കുന്നു. കണ്ടിട്ടും കണ്ട ഭാവമില്ല കേട്ടിട്ടും കേട്ട ഭാവമില്ല.
ഉമ്മറിക്ക നിങ്ങൾ എന്താണ് വിറളി പിടിച്ച് നടക്കുന്നേ?
അതൊക്കെ പിന്നെ പറയാം ഈ കോഫീഷോപ്പുകാർ എപ്പോഴാണാവോ തുറക്കുന്നത്.
അവർ നാലു മണിക്ക് തുറക്കുമല്ലോ, പറഞ്ഞ പോലെ നാലായല്ലോ,
ദാ ആ ചെക്കൻ വരുന്നുണ്ടല്ലോ.
ചെക്കൻ വന്ന് കട തുറന്ന ഉടനെ കാക്ക കോഫീ ഷോപ്പിലേക്ക് ഇടിച്ചു കയറി മൂന്നാലു കേക്കും ഒരു പാക്കറ്റ് കുബ്ബൂസും എടുത്ത ഉടനെ ആദ്യമേ തന്നേ കേക്ക് കമ്മംകുമ്മം തിന്നാൻ തുടങ്ങി.
ഒന്ന് പയ്യെ തിന്ന് കാക്കേ വല്ല തൊണ്ടയിലും കുടുങ്ങി നിങ്ങൾ മയ്യത്താകും.
ഇത്തിരി വെള്ളം കുടിക്ക് കേക്ക് തൊണ്ടയിൽ കുടുങ്ങിയല്ലോ.
ഒരു ചുമയിൽ തൊണ്ടയിൽ കുടുങ്ങിയ കേക്കും വെള്ളവും കൂടി പുറത്തേക്ക് തെറിച്ച് അന്തരീക്ഷത്തിൽ പൂക്കളം വരച്ചു.
സാമാന്യം ശക്തമായി തലക്കിട്ട് രണ്ടുകൊട്ട് കൊടുത്തപ്പോൾ അല്പം വേദനയോടെയാണെങ്കിലും കാക്കയൊന്നു മുരണ്ടു, തൊണ്ട ശരിയാക്കി. കൈയിലിരുന്ന കുബ്ബൂസ് കവർ കീറി അതിൽ നിന്നൊരു കുബൂസെടുത്ത് അത്ര സാവാധനമല്ലെങ്കിലും കഴിച്ചു തുടങ്ങി.
അതെന്താ കാക്കേ നിങ്ങൾക്കിപ്പോൾ ഒരു വല്ലാത്ത വിശപ്പ്, ഉച്ചക്ക് നല്ല മീൻ കറിയും കുത്തരിച്ചോറും കഴിച്ചതല്ലേ?
മീൻ കറിയും ചോറും എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്.
അതെന്താ കാക്കാ നിങ്ങൾ അങ്ങിനെ പറയുന്നത്. ഞാൻ രാവിലെ മാർക്കറ്റിലേക്ക് മീൻ നോക്കാൻ പോയപ്പോൾ നിങ്ങൾക്കും കൂടെ മീൻ കിട്ടുമെങ്കിൽ വാങ്ങിയേക്കാൻ പറഞ്ഞതിനാൽ ഞാൻ നല്ല ഫ്രെഷ്അയല വാങ്ങി കൊണ്ടെത്തന്നില്ലേ പിന്നെന്താ ഉച്ചക്ക് മീൻ കറിയും ചോറും കഴിയ്ക്കാതിരുന്നത്.
ഒന്നും പറയണ്ട അനീ നല്ലമീൻ കറിയൊക്കെ വച്ചു. പക്ഷെ മറ്റൊരു കുഴപ്പം ഉണ്ടായി.
അതു പറയാൻ മറന്നു കാക്കയും കാക്കച്ചിയും ഒന്നിച്ചാണ് താമസം. കാക്കയുടെ ഭാര്യയെ ഞങ്ങൾ കാക്കച്ചി എന്നാണ് വിളിക്കുന്നത്. പിള്ളേർ എല്ലാം വളരുന്നത് വരെ കാക്കച്ചി നാട്ടിലും കാക്ക വിദേശത്തുമായി അങ്ങിനെ കഴിഞ്ഞു. ഇപ്പോൾ കുട്ടികൾ എല്ലാം വലുതായി വിവാഹമെല്ലാം കഴിഞ്ഞ് വേറെ താമസമായി, ഇവർ ബാധ്യതയെല്ലാം തീർന്ന് ഒന്നിച്ച് താമസിക്കുന്നു. പക്ഷെ ഒന്നിച്ചു താമസിക്കാനുള്ള സന്ദർഭം എല്ലാം സംജാതമായെങ്കിലും നല്ല കാലത്ത് വേറെ വേറെ താമസിച്ച നാളുകളിൽ അവരുടെ മനസ്സിൽ വളർന്നുവന്ന ഏകതാബോധം ഒരു മരവിപ്പായി അവരിൽ നിറഞ്ഞു നിൽക്കുന്നു. ഒന്നിച്ച് താമസിച്ചിട്ടും അവർ അകലെയായിരുന്നു. രണ്ട് പേർക്കും ചെറിയ വട്ടാണോ എന്ന് തോന്നും കാക്കയുടെ വട്ട് കാക്കച്ചിയിലേക്ക് പകർന്നതാണോ അതോ തിരിച്ചാണോ എന്നറിയില്ല. ഏതായാലും അവർക്കെന്നും വഴക്കിടാൻ ഓരോരോ കാരണങ്ങൾ കിട്ടും. അങ്ങിനെ മൂന്നാലു ദിവസമായി അവർ വഴക്കിട്ട് മിണ്ടാതിരിക്കുകയാണ്.
കാക്ക രാവിലെ അയലകൊണ്ടുചെന്നു കൊടുത്തിട്ട് ഒന്നും പറയാതെ പോന്നു. കാക്കച്ചി അയല വൃത്തിയാക്കി നല്ല മീൻ കറിവച്ചു. അതിനു ശേഷം അരി വയ്ക്കാനായി അരിപ്പാത്രം എടുത്തു നോക്കിയപ്പോൾ പാത്രം കാലി. ഇന്നലെ തീർന്നതാണ് അരി, കാക്കയും ആയി മിണ്ടാതിരുന്നത് കാരണം അരി തീർന്നകാര്യം അവർ പറയാനും പോയില്ല.
ഉച്ചക്ക് മീൻകറിയും കുത്തരിച്ചോറും കഴിയ്ക്കാനായി ചെന്നനേരം കാക്കച്ചി മീൻ കറി വിളമ്പിവച്ചതിന് ശേഷം അവരുടെ മുറിയിലക്ക് പോയി. വിശന്നുവലഞ്ഞ കാക്ക ചെന്നു നോക്കിയപ്പോൾ ചോറു പാത്രവും കാലി, സംശയത്തോടെ അരി ഇട്ടു വയ്ക്കുന്ന പാത്രം നോക്കിയപ്പോൾ അതിലൊരു മണി അരി പോലുമില്ല. അപ്പോൾ തുടങ്ങിയ വിശപ്പാണ് കേക്കും കുബ്ബൂസും കഴിച്ച് ശമിപ്പിക്കാൻ ശ്രമിക്കുന്നത്.
എന്റെ കാക്കേ നിങ്ങളീ പച്ച കുബ്ബൂസ് കഴിക്കാതെ റൂമിലേക്ക് ചെന്ന് മീൻ കറിയും കൂട്ടി രണ്ടു പേർക്കും കൂടി ഒന്നിച്ചിരുന്ന് കഴിക്കാൻ പാടില്ലെ. അവരും രാവിലെ മുതൽ വിശന്നിരിക്കുന്നത് ഓർക്കാത്തത് എന്താണ് കാക്കേ.
എന്റെ പൊന്നു കാക്കേ നിങ്ങൾ തന്നെ എപ്പോഴും പറയാറുണ്ടായിരുന്നല്ലോ നിങ്ങൾക്ക് കല്യണം കഴിഞ്ഞ സമയത്ത് ഇരുപത് വയസ്സ് ആയിരുന്നുവെന്നും ഇത്താക്ക് പതിനെട്ടു വയസ്സു തികഞ്ഞിരുന്നില്ലെന്നും ആദ്യ കാലങ്ങളിൽ ഇക്കയുടെ ഉമ്മയും ബാപ്പയും അവരെ ഒത്തിരി വിഷമിപ്പിച്ചിരുന്നതുമെല്ലാം. എന്നിട്ടും ഇത്ത സ്വന്തം മാതാപിതാക്കളെപ്പോലെ അവരെ സ്നേഹിച്ചിരുന്നതും പരിപാലിച്ചിരുന്നതുമെല്ലാം ഇക്ക പറഞ്ഞല്ലേ ഞാൻ അറിഞ്ഞിരുന്നത്. പിന്നീട് നിങ്ങൾക്ക് രണ്ടു കുട്ടികൾ ജനിച്ചതും അവരെ വളർത്തി വലുതാക്കാനും പഠിപ്പിക്കുവാ നെല്ലാമുള്ള കഷ്ടപ്പാടുകൾ ഒന്നും തന്നെ രണ്ടു വർഷത്തിലൊരിക്കൽ ഒരു മാസത്തേക്ക് നാട്ടിൽ ചെല്ലാറുള്ള കാക്ക അറിയാറില്ലല്ലോ.
ഇപ്പോൾ മക്കളുടെ വിവാഹമെല്ലാം കഴിഞ്ഞു. അവർക്കെല്ലാം സ്വന്തമായി വീടും ജീവിത സാഹചര്യമെല്ലാം ഒരുക്കി കൊടുത്തു. ഇനിയിപ്പോൾ നിങ്ങൾക്ക് നന്നായി സ്നേഹിച്ച് കഴിയാനുള്ള സമയം മൊത്തം പരസ്പരം വഴക്കിട്ട് കളയാൻ നിങ്ങൾക്ക് നാണമില്ലേ, നിങ്ങൾക്കത്ര പ്രായമൊന്നും ആയിട്ടില്ലല്ലോ . ഇനിയെങ്കിലും കുറെക്കാലം സ്നേഹത്തോടെ സന്തോഷതോടെ സമാധാനത്തോടെ കഴിയാൻ പാടില്ലെ എന്റെ പൊന്നു കാക്കേ. ഇങ്ങനെ പിള്ളേരെപ്പോലെ വഴക്കടിച്ച് കളയാനുള്ളതാണോ വിലപിടിച്ച ജീവിതം.
കാക്ക കുബ്ബൂസും ആയി കാക്കച്ചിയെ കാണാൻ റൂമിലേക്ക് പോയപ്പോൾ ഞാൻ ഓർക്കുകയായിരുന്നു കാണാത്തപ്പോൾ നല്ല പാതിയെ കാണാൻ പൂതി, കണ്ടു കൊണ്ടിരിക്കുമ്പോൾ വഴക്കിട്ടിരിക്കാൻ പൂതി. മനുഷ്യമനസ്സുകൾ എന്തേ ഇങ്ങിനെ രണ്ടു ദിവസം അടുപ്പിച്ച് മഴ പെയ്താൽ മഴയെ കുറ്റം പറയും മഴ പെയ്തില്ലെങ്കിൽ മഴയെ കൊതിയോടെ കാത്തിരിക്കും .

bY: ps anilkumar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo