അമ്മേ..."
"ആ എന്താടാ."
"അമ്മേ.....ഒന്ന് ഇങ്ങോട്ട് വന്നേ"
"ഞാനിവിടെ ഒരു പണീലാ.. നിനക്ക് വേണെങ്കി ഇങ്ങോട്ട് വാ"
"ഒന്ന് ഇങ്ങോട്ട് വാ അമ്മേ.. ഇപ്പോത്തന്നെ പോവാ.."
"ഒരു പണീം എടുക്കാൻ സമ്മതിയ്ക്കൂലാ.. അപ്പോളേക്കും വിളിച്ചോളും അമ്മേ കമ്മേ ന്നും പറഞ്ഞിട്ട്.. എന്താ ചെക്കാ വിളിച്ചു കൂവുന്നെ??എന്താ കാര്യം?"
"അമ്മേ ഈ ഫാനിന്റെ സ്വിച്ച് ഒന്ന് ഇടണേ.."
കിടക്കുന്ന സ്ഥലത്തിന്ന് ഒന്ന് കയ്യ് പൊക്കി ആ സ്വിച്ചൊന്നു ഓണാക്കാൻ പോലും വയ്യ.. അതിനും നൂറു പണീന്റെ ഇടയില് എന്നെ വിളിച്ചു വരുത്തും.."
"എന്താമ്മേ..രാവിലെത്തന്നെ നല്ല ചൂടിലാണല്ലോ?? എന്തുപറ്റി"
"ഓ വന്നോ അടുത്തത്. എന്തേ എഴുന്നേറ്റത്?? അവിടെത്തന്നെ കെടന്നൂടാർന്നോ??"
"ആ ഞാൻ മര്യാദയ്ക്ക് കെടന്നുറങ്ങുവായിരുന്നു.. അമ്മേന്റെ സൗണ്ട് കേട്ടിട്ടു ഉണർന്നതാ"
"സൂര്യൻ തലയ്ക്കു മീതെ എത്തുമ്പോ എഴുന്നേറ്റ് വന്നോളും.. നീയൊരു പെൺകുട്ടിയല്ലേ??ഈ ശീലൊക്കെ എവിടെയാ ശെരിയാവാ??"
"എന്റമ്മേ 8 മണി ആയിട്ടല്ലേ ഉള്ളു?? അതിനാണോ ഇങ്ങനൊക്കെ പറയണേ.. ക്ലാസ്സില്ലാത്തോണ്ടല്ലേ"
"ഇവിടെ എന്തൊക്കെ പണി ഉണ്ട്.. എന്തെങ്കിലും ഒന്ന് സഹായിക്കുക.. എവടെ?? ഇരുപത്തിനാലു മണിക്കൂറും ആ കുന്തവും പിടിച്ചു കാലും നീട്ടി ഇരുന്നോളും"
"കുന്തോ?? ഓ പിന്നെ.. ഫോൺ ന്ന് പറയാൻ അമ്മയ്ക്ക് അറിയാത്തതോണ്ടല്ലല്ലോ ലെ..."
"അവൾടെ ഒരു ഫോൺ... എല്ലാം കൂടെ ഒരു ദിവസം വലിച്ചൊരു ഏറു കൊടുക്കും.. പറഞ്ഞേക്കാം"
ഇതാണ് ഈ അമ്മേന്റെ കുഴപ്പം ഞാൻ എന്ത് ചെയ്താലും കുറ്റം എന്റെ ഫോണിനാ..ഇനി അധിക നേരം നിൽക്കുന്നത് പന്തിയല്ലെന്ന് തോന്നിയതുകൊണ്ടു ഞാൻ പതിയെ മുറിയിലേയ്ക്ക് വിട്ടു..
നോക്കുമ്പോ അനിയൻ ടിവി കണ്ടിരിയ്ക്കുന്നു.. നൈസ് ആയിട്ടു മുഖത്തിട്ടു ഒന്നു തോണ്ടി.. ഞാൻ ഒന്നും അറിയാത്ത പോലെ റൂമിലേക്ക് പോയി.. അവൻ ദഹിപ്പിയ്ക്കുന്ന പോലെ ഒരു നോട്ടം.. ഓ പിന്നെ.. അവൻ എന്നെ അങ്ങോട്ട് വിഴുങ്ങും..
മെല്ലെ ചെന്നു രണ്ടും കൽപ്പിച്ചു ഒന്നും കൂടെ പോയി മൂക്കിനിട്ടു തോണ്ടി..
പിന്നെ അവിടെ നടന്നത് ഒരു ചെറുകിട യുദ്ധം തന്നെ ആയിരുന്നു.. ഒച്ചയും ബഹളവും കേട്ടിട്ട് അമ്മ അലക്കുന്നിടത്തിന്നു വലിയൊരു വടിയുമായി ഓടി വന്നു..
ഞങ്ങൾക്ക് രണ്ടാൾക്കും കണക്കിന് കിട്ടി.. തൃപ്തിയായി..
"പത്തു പതിനെട്ട് വയസ്സ് കഴിഞ്ഞിട്ടും നിനക്ക് നാണം ഇല്ലേ ആ ചെക്കനും ആയിട്ട് അടി കൂടാൻ.."
"അത് പിന്നെ ഞാൻ അവിടെ ഇരിയ്ക്കുമ്പോ അവനാ ആദ്യം വന്നു അടിച്ചേ.. അതോണ്ടാ"
"അവൻ അവിടെ അടങ്ങി ഇരുന്നു ടിവി കാണുവായിരുന്നു... നി പോയിട്ട് തോണ്ടിക്കാണും.. അല്ലാതെ നിന്നെ വെറുതെ തല്ലാൻ അവനു വട്ടൊന്നും ഇല്ല.."
"ഓ എന്നാൽപ്പിന്നെ അങ്ങനായിക്കോട്ടെ"
"ഇനി ഇവിടുന്ന് വല്ല ശബ്ദം പുറത്തേക്ക് കേട്ടാൽ ഒന്നിനെ പിടിച്ചു ഞാൻ എവിടെയെങ്കിലും കൊണ്ടാക്കും പറഞ്ഞില്ലെന്നു വേണ്ട.."
പിന്നെ കുറെ നേരം എന്തൊരു നിശ്ശബ്ദത... സൂചി നിലത്തിട്ടാൽ കേൾക്കും... ആഹാ... പരീക്ഷാ ഹാൾ തോറ്റു പോവ്വും...
ഞാൻ പിന്നെ വഴക്ക് കേൾക്കണ്ടല്ലോ എന്നു കരുതി അല്ലറ ചില്ലറ പണികളൊക്കെ ചെയ്തു ടിവിയിലേയ്ക്ക് വലിഞ്ഞു..
ചായ എടുത്തു വച്ചു അമ്മ വിളിയോട് വിളി.. ഒരു സിനിമയുടെ ക്ലൈമാക്സ് കണ്ടുകൊണ്ടിരിയ്ക്കുകയായിരുന്നതുകൊണ്ടു ഇപ്പൊ വരാം ന്ന് പറഞ്ഞു ഞാൻ അവിടെത്തന്നെ ഇരുന്നു.. രണ്ടു വിളിയും കൂടെ വിളിച്ചു അമ്മ വിളി നിർത്തി..
ക്ലാസ് ഉണ്ടെന്നും പറഞ്ഞ് അനിയൻ പതിവ് പോലെ ഒരു ഗ്ളാസ് ചായയും കുടിച്ചു ഓടി...
നേരത്തെ എഴുന്നേറ്റു എല്ലാം ഉണ്ടാക്കി വച്ച അമ്മയുടെ ചിരി മറഞ്ഞതും മുഖം വാടിയതുമൊന്നും കാണാൻ അമ്മ ഉണ്ടാക്കി വച്ച ഭക്ഷണമല്ലാതെ അവിടെ വേറൊന്നും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം..
സിനിമയൊക്കെ കഴിഞ്ഞു ഞാൻ വരുമ്പോഴേയ്ക്കും അമ്മ അടുത്ത പണിയിൽ മുഴുകിയിരുന്നു..
പതിവ് പോലെ കഴിച്ചു എഴുന്നേറ്റതല്ലാതെ ഒരു നല്ല വാക്കു പോലും പറയാതെ ഞാൻ ഫോണുമെടുത്തു ഫേസ്ബുക്ക് തുറന്നു..
മാതൃ ദിനത്തിന്റെ പോസ്റ്റുകൾ നിറഞ്ഞു നിൽക്കുന്നത് കണ്ടപ്പോഴാണ് എനിയ്ക്ക് ഓർമ വന്നത്..
അപ്പോൾത്തന്നെ അമ്മയെ വാനോളം പാടിപ്പുകഴ്ത്തി ഒരു പോസ്റ്റും ഇട്ടു. പക്ഷെ ഇന്ന് മാതൃദിനമാണെന്നു അമ്മ മാത്രം ഇതുവരെ അറിഞ്ഞിട്ടുണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം...
അപ്പോൾത്തന്നെ ഓടിപ്പോയി ഒരു ഹാപ്പി മതേർസ് ഡേ വിഷ് ചെയ്തു...
"ആഹാ ഇന്ന് മതേർസ് ഡേ ആണോ"
അമ്മ ചിരിച്ചുകൊണ്ട് ചോദിച്ചു
"പിന്നല്ലാതെ... ഇന്ന് അമ്മയ്ക്കെന്താ വേണ്ടേ??"
"രണ്ടാളും ഒന്ന് തല്ലു കൂടാതെ ഇരുന്നാ മതി"
"ആഹാ അടിപൊളി.. നല്ല ബെസ്റ്റ് അമ്മ"
പാവം.. എല്ലാ അമ്മമാരും ഇങ്ങനൊക്കെത്തന്നെ ആയിരിയ്ക്കും അല്ലേ?? നിങ്ങളെപ്പോഴെങ്കിലും അമ്മയെ സ്നേഹത്തോടെ കെട്ടിപ്പിടിച്ചിട്ടുണ്ടോ?? ഉമ്മകൊടുത്തിട്ടുണ്ടോ?? ഐ ലവ് യു അമ്മേ എന്നു പറഞ്ഞിട്ടുണ്ടോ??
അപ്പോൾ അമ്മയുടെ മുഖത്തു വിരിയുന്ന പുഞ്ചിരി കണ്ടിട്ടു, ഈ അമ്മ ചിരിയ്ക്കുമ്പോൾ കാണാൻ എന്ത് ഭംഗിയാണെന്നു പറഞ്ഞിട്ടുണ്ടോ?
ഇല്ലെങ്കിൽ നിങ്ങളാണ് ഈ ലോകത്തിൽ ഏറ്റവും ഹതഭാഗ്യനായ മകൻ അല്ലെങ്കിൽ മകൾ..
നമ്മൾ കൊടുക്കുന്ന കൊച്ചു കൊച്ചു സന്തോഷങ്ങളാണ് അമ്മമാർക്ക് വലുത്... ഉണ്ടാക്കിത്തരുന്ന ആഹാരം അമ്മയോടൊപ്പം കഴിയ്ക്കുന്നതും അതിനു നല്ല അഭിപ്രായം പറയുന്നതും, അമ്മയുടെ പിറന്നാളിന് ഒരു ചെറിയ കെയ്ക് മുറിയ്ക്കുന്നതും അമ്മയോടൊപ്പം ഇടക്ക് സെൽഫി എടുത്തു പോസ്റ്റ് ചെയ്യുന്നതും അതിനു കിട്ടിയ ലൈക് കാണിച്ചു കൊടുക്കുന്നതുമെല്ലാമാണ് അമ്മയ്ക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും നല്ല അംഗീകാരം.
കാലത്തേ എഴുന്നേറ്റ് നമുക്ക് കഴിയ്ക്കാൻ ആഹാരവും ഉണ്ടാക്കി വച്ചു അത് നമ്മൾ കഴിയ്ക്കാതെ പോവുമ്പോൾ അമ്മയ്ക്കുണ്ടാവുന്ന വിഷമം ഓർത്തു നോക്കിയിട്ടുണ്ടോ??
രാത്രി വൈകി കിടന്നിട്ടും രാവിലെ നേരത്തെ എഴുന്നേൽക്കുന്നത് ഉറങ്ങാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടാണോ?? ഇങ്ങനെ കഷ്ടപ്പെട്ട് പണിയെടുക്കാൻ അമ്മയ്ക്ക് ആരെങ്കിലും ശമ്പളം കൊടുക്കുന്നുണ്ടോ??
എത്ര ചീത്ത പറഞ്ഞാലും,നമ്മൾ ഒരു നേരം ഭക്ഷണം കഴിച്ചില്ലെങ്കിൽ, എവിടെയെങ്കിലും പോയിട്ട് തിരിച്ചെത്താൻ അല്പം വൈകിയാൽ, ആ നെഞ്ചു പിടയുന്നത് ആരെങ്കിലും കേൾക്കാൻ ശ്രമിച്ചിട്ടുണ്ടോ??
നമ്മൾ എത്ര ദേഷ്യപ്പെട്ടാലും എങ്ങോട്ടും പോവില്ലെന്ന് ഉറപ്പുള്ളതിനാൽ അമ്മയോട് ദേഷ്യപ്പെടുന്നവർ എപ്പോഴെങ്കിലും അമ്മയെ സന്തോഷിപ്പിക്കാൻ സ്നേഹത്തോടെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ?? ഇല്ലെങ്കിൽ നിങ്ങൾ അമ്മയെ സ്നേഹിക്കുന്നുണ്ടെന്ന് എങ്ങനെ നിങ്ങൾക്ക് പറയാനാവും? പ്രകടിപ്പിയ്ക്കാത്ത സ്നേഹം ആർക്കും ആവശ്യമില്ലെന്ന് ഓർക്കുക.. അത് പിശുക്കന്റെ ക്ലാവ് പിടിച്ച നാണയ ശേഖരം പോലെ അർത്ഥ ശൂന്യമാണ്...
അമ്മയില്ലാത്ത വീടിനെക്കുറിച്ച് എപ്പോഴെങ്കിലും ഓർത്തു നോക്കിയിട്ടുണ്ടോ?? രണ്ടു സെക്കന്റ് പോലും അങ്ങനെ സങ്കല്പിയ്ക്കാൻ നിങ്ങൾക്ക് ഒരിയ്ക്കലും കഴിയില്ല..
സീരിയൽ കാണുന്ന അമ്മയിൽ നിന്ന് റിമോട്ട് പിടിച്ചു വാങ്ങി സീരിയലിനെ കുറ്റം പറയുന്നതിന് പകരം എപ്പോഴെങ്കിലും അമ്മയ്ക്ക് ചാനൽ വെച്ചു കൊടുത്തിട്ടുണ്ടോ??
അമ്മയുടെ സ്നേഹത്തിനും കരുതലിനും പകരം എന്തു കൊടുത്താലാണ് മതിയാവുക??
അമ്മയെന്ന സത്യം വർണാനാതീതമാണ്.. അമ്മയുടെ സ്നേഹം നിസ്വാർത്ഥമാണ്.. കളിയാക്കുന്നതിനു പകരം കൂടെ നിന്ന് നോക്കു... എല്ലാ അമ്മമാരും അത് ആഗ്രഹിയ്ക്കുന്നുണ്ടാവും..
പത്തു മാസത്തിന്റെ ശ്രദ്ധയേറിയ പരിചരണത്തിന് ശേഷം ജീവൻ പകുത്തു നൽകി നമ്മൾ ഭൂമിയിൽ പിറന്നു വീഴുമ്പോൾ മരണതുല്യമായ വേദന സമ്മാനിച്ച നമ്മുടെ മുഖത്തേയ്ക്ക് നോക്കി സ്നേഹത്തോടെ ചിരിക്കാൻ മറ്റാർക്ക് കഴിയും??
ആദ്യമായി നമ്മൾ അമ്മേ എന്നു വിളിച്ചപ്പോൾ അവരെന്തു മാത്രം സന്തോഷിച്ചിട്ടുണ്ടാവും...
ഒരു ദിവസം ദൈവം എന്റെ മുന്നിൽ വന്ന് കഴിഞ്ഞു പോയ നാളുകളിലെ ഏത് ദിവസമാണ് ഒരിയ്ക്കൽ കൂടി നിനക്ക് കാണേണ്ടതെന്ന് ചോദിച്ചാൽ സംശയം കൂടാതെ ഞാൻ പറയും എന്റെ ജന്മ ദിവസമാണെന്ന്..
ഞാൻ ജനിച്ച വാർത്തയറിഞ്ഞ എന്റെ മാതാപിതാക്കളുടെ സന്തോഷം... ലോകത്തിലെ മറ്റൊരു കാഴ്ചയ്ക്കും ഇതിനെക്കാളേറെ മനോഹാരിതയുണ്ടാവില്ല..
സ്നേഹമെന്തെന്നു നമ്മൾ പഠിച്ചത് അവരിൽ നിന്നാണ്... അവരെന്നും പകരം വെക്കപ്പെടാത്ത വരദാനമാണ്..
അതുകൊണ്ട് തിരക്കുകൾക്ക് അല്പനേരം വിട നല്കിയിട്ടാണെങ്കിലും അവർക്ക് വേണ്ടി അല്പം സമയം കണ്ടെത്തൂ... ഈ ലോകം മുഴുവൻ കാൽകീഴിൽ വച്ചു തന്നാലും കിട്ടാത്ത സന്തോഷം നിങ്ങൾക്ക് കിട്ടും.. അതിനു ഞാൻ ഗ്യാരന്റി..
അതുകൊണ്ട് തിരക്കുകൾക്ക് അല്പനേരം വിട നല്കിയിട്ടാണെങ്കിലും അവർക്ക് വേണ്ടി അല്പം സമയം കണ്ടെത്തൂ... ഈ ലോകം മുഴുവൻ കാൽകീഴിൽ വച്ചു തന്നാലും കിട്ടാത്ത സന്തോഷം നിങ്ങൾക്ക് കിട്ടും.. അതിനു ഞാൻ ഗ്യാരന്റി..
വാൽ കഷ്ണം: ഈ മാതൃ ദിനത്തിൽ ഈ കഥ സ്നേഹിയ്ക്കാൻ മാത്രം അറിയാവുന്ന എല്ലാ അമ്മമാർക്കും വേണ്ടി സമർപ്പിയ്ക്കുന്നു... മാതൃദിനാശംസോൾ..
ശുഭം
രചന:സ്വാതി. കെ.എസ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക