
കുഞ്ഞി പാത്തു കരച്ചിലോട് കരച്ചില്‍. എങ്ങനെ കരയാതിരിക്കും. രാത്രി ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് ഓള് പ്രത്യേകം പറഞ്ഞേല്‍പ്പിച്ചതാ ഉമ്മാനെ...പാത്തൂനെ അത്തായത്തിന് വിളിക്കാന്‍ ഓള്‍ക്ക് നോമ്പ് നോല്‍ക്കണംന്ന്.
' ഓള് കുഞ്ഞല്ലെ ഓളെ വിളിക്കണ്ട.. നോമ്പ് നോല്‍ക്കാനുള്ള പ്രായമൊന്നുമായിട്ടില്ല... ഓളുറങ്ങിക്കോളട്ടെ'
അത്തായത്തിന് എഴുന്നേറ്റപ്പോള്‍ വാപ്പ ഉമ്മാനോട് പറഞ്ഞു.
പാത്രങ്ങള്‍ടെ തട്ടലും മുട്ടലുമൊക്കെ കേട്ടിട്ട് പാത്തു കണ്ണു തുറന്ന് നോക്കുമ്പോള്‍ വാപ്പാനേം ഉമ്മാനേം കാണുന്നില്ല. കണ്ണു തിരുമ്മി നടുമുറിയില്‍ ചെന്നപ്പോഴോ എല്ലാരും തീന്മേശക്ക് ചുറ്റും വട്ടമിട്ടിരുന്ന് അത്തായം കഴിക്കുന്നു. ദേഷ്യം വരാതിരിക്കോ.
ഉപ്പ വേഗം ഓളെ മടിയിലിരുത്തി
'ഉപ്പാന്റെ കുഞ്ഞി പാത്തു കരയണ്ടാട്ടോ... മോളും കഴിച്ചോ... എന്നിട്ട് നാളെ നോമ്പെടുത്തോ'
പാത്തൂന് സന്തോഷായി. ഓള് തീന്മേശയില്‍ മുഴുവന്‍ കണ്ണുകള്‍ കൊണ്ട് പരതി... എവിടെ പോയി അത്. അപ്പോഴേക്ക് ഉപ്പ ഒരുരുള ചോറ് ഓള്‍ടെ വായക്ക് നേരെ നീട്ടി.
കുഞ്ഞിപാത്തു പിന്നേം ഏങ്ങലടിച്ചു കരയാന്‍ തുടങ്ങി.
' ഇതിപ്പോള്‍ എന്താ കഥ? പാത്തു എന്തിനാ ഇപ്പോള്‍ കരയുന്നേ? നോമ്പെടുക്കാന്‍ ഉപ്പ സമ്മതിച്ചല്ലോ.. പിന്നെന്താ?'
പാത്തു കരച്ചിലടക്കി തേങ്ങി കോണ്ട് പറഞ്ഞു.
' അപ്പോള്‍ ഞാന്‍ എണീറ്റ് വരുന്നതിന് മുമ്പ് ഇങ്ങളെല്ലാരും കൂടെ അത് തിന്നൂലെ... '
ആര്‍ക്കും ഒന്നും മനസ്സിലായില്ല.
' എന്ത് തിന്നൂന്നാ ഈ കുഞ്ഞി പാത്തു പറയുന്നേ? വാപ്പച്ചി ചോദിച്ചു
' അത്തായം... ഇച്ചിരി പോലും ബാക്കി വെക്കാതെ ഇങ്ങളെല്ലാരും തിന്നില്ലേ... പാത്തൂന് അത്തായത്തിന്റെ ഒരു കഷ്ണം പോലും ബാക്കിവെച്ചില്ല'
അപ്പോള്‍ പാത്തു അത്തായം എന്നാല്‍ വല്ല മധുര പലഹാരവും ആണെന്നാണ് തെറ്റിദ്ധരിച്ചിരിക്കുന്നത്. എല്ലാവരും മനസ്സിലൂറി ചിരിച്ചു.
..............
..............
രാവിലെ ഉറക്കത്തീന്ന് എണീക്കാന്‍ പത്തു നല്ലോണം വൈകി. ഒന്നാം നോമ്പായോണ്ട് ഇന്ന് മദ്രസയില്ല. എണീറ്റപാട് പതിവ് പോലെ അടുക്കളയിലേക്ക് ഓടി. പാത്തൂനെ കണ്ടതും കദീശുമ്മ പറഞ്ഞു.
'പോയി പല്ലു തേച്ചിട്ട് വാ പാത്തു. ദോശ കഴിക്കാം'
' ഉമ്മച്ചി മറന്നു പോയോ.. എനിക്കിന്ന് നോമ്പാണ്'
കദീശുമ്മയുടെ ചുണ്ടില്‍ അത്തായമോര്‍മ്മ ഒരു ചിരിയായ് വിരിഞ്ഞു. പാത്തൂന്റെ കുഞ്ഞിക്കാക്ക അവിടിരുന്ന് ദോശേം ചട്‌നിയും വെട്ടിവിഴുങ്ങുവായിരുന്നു.
' ചെര്‍ക്കാ നാണമില്ലേ... എന്നെ പോലെ നോമ്പെടുത്തൂടെ അനക്ക്... അയ്യേ... മോശം'
ചെര്‍ക്കനാണേല്‍ ഓള്‍ടെ വര്‍ത്താനം കേട്ടതായി പോലും ഭാവിച്ചില്ല.
പതിവ് പോലെ കളിയും തല്ലു പിടിയുമൊക്കെയായി സമയം മുന്നോട്ട് പൊയ് കൊണ്ടിരിന്നു. ഉച്ചയായപ്പോള്‍ പാത്തൂന് സഹിക്കാന്‍ പറ്റാത്ത ദാഹവും വിശപ്പും.. ആകെപ്പാടെ ഓളങ്ങ് തളര്‍ന്നു. അപ്പോ ചെര്‍ക്കനാ ഓള്‍ക്ക് ഒരു വിദ്യ പറഞ്ഞ് കൊടുത്തത്.
' വുളു(നിസ്‌ക്കാരത്തിന് മുമ്പുള്ള അംഗശുദ്ധി) എടുക്കുമ്പോള്‍ വെള്ളം കുടിച്ചാല്‍ നോമ്പ് പോവൂല'
കേട്ട പാതി കേള്‍ക്കാത്ത പാതി ഓള് വുളു എടുക്കാന്‍ പൈപ്പിന്‍ ചോട്ടിലേക്ക് ഓടി. വെള്ളം കമകമാന്നങ്ങ് കുടിച്ചു. പൈപ്പിലെ വെള്ളമായതോണ്ടാണോ, രാവിലെ മുഴുവന്‍ ഒന്നും കഴിക്കാത്തോണ്ടാണോന്നറിയൂലാ.. പാത്തു ചര്‍ദ്ദിക്കാന്‍ തുടങ്ങി. ചര്‍ദ്ദിക്കുന്ന കണ്ട് കദീശുമ്മ ഓടി വന്ന് ഓള്‍ടെ നടുപ്പുറത്ത് തടവി കൊണ്ടിരുന്നു. അവശയായ പാത്തൂനേം എടുത്ത് അടുക്കളയിലേക്ക് നടന്നു.
' ഞാനപ്പോഴേ പറഞ്ഞല്ലേ കുട്ട്യേ നോമ്പെടുക്കണ്ടാന്ന് ഇപ്പോ എന്തായീ...'
നല്ല പുത്തരി ചോറും കറിയും ഓള്‍്ക്ക വേണ്ടി കദീശുമ്മ വിളമ്പി ഊട്ടി. ഇത് കണ്ട് കൊണ്ടാണ് ചെര്‍ക്കന്‍ അടുക്കളേലേക്ക് കേറിവന്നത്.
' അയ്യയ്യേ... പാത്തൂന്റെ നോമ്പ് പോയേ... പാവം പാത്തു..'
ചെര്‍ക്കന്‍ കളിയാക്കലോട് കളിയാക്കല്‍. പാത്തൂന് കരച്ചില്‍ വന്നു. പാത്തു അടുക്കളേന്ന് കരഞ്ഞോണ്ട് ഉപ്പാന്റെ അടുത്തേക്ക് ഓടി.
' ഉപ്പാ ദേ നോക്കിയേ ചെര്‍ക്കന്‍ എന്നെ കളിയാക്കുന്നു'
' അയ്യേ മോളെന്തിനാ കരയുന്നേ.. മോള്‍ടെ നോമ്പ് പോയിട്ടൊന്നുമില്ല. കുഞ്ഞുങ്ങള്‍ക്ക് രണ്ട് നോമ്പാണ് ദിവസോം... രാവിലെ തൊട്ട് ഉച്ചവരെ ഒരു നോമ്പ് ഉച്ച തൊട്ട വൈകുന്നേരം വരെ രണ്ടാമത്തെ നോമ്പ്'
ഉപ്പ ഇതു പറഞ്ഞപ്പോള്‍ പാത്തൂന് സന്തോഷമായി. നേരെ ചെര്‍ക്കന്റെ അടുത്തേക്ക് ഓടി.
' ദേ ചെര്‍ക്കാ ഉപ്പ പറഞ്ഞല്ലോ പാത്തൂന്റെ നോമ്പ് പോയിട്ടില്ലാന്ന്. കൂഞ്ഞു കുട്ടികള്‍ രണ്ട് നോമ്പുണ്ട്. അനക്കൊന്നും അറിഞ്ഞൂടാ ചെര്‍ക്കാ'
ചെര്‍ക്കന്‍ എന്തോ പറയാന്‍ വന്നതാ, പക്ഷെ ഉപ്പാന്റെ തലവെട്ടം കൊണ്ടപ്പോള്‍ വേഗം സ്ഥലം കാലിയാക്കി. പാത്തു നേരെ തൊടിയിലോട്ടിറങ്ങി. പ്ലാവില പെറുക്കണം. മാളൂട്ടിക്ക് വിശക്കുന്നുണ്ടാവും. മാളൂട്ടീന്ന് പറഞാല്‍ പാത്തൂന്റെ ആടാണ്.. പാത്തൂന് ഭയങ്കര ഇഷ്ടാണ് മാളൂട്ടീനെ.. പ്ലാവിലയൊക്കെ പെറുക്കി നേരെ മാളൂട്ടിന്റെ കൂട്ടിനടുത്ത പോയപ്പോള്‍ കൂട്ടില്‍ മാളൂട്ടിയില്ല. പിറകിലെ തൊടിയില്‍ നിന്ന് മാളൂട്ടിയുടെ കരച്ചില്‍ കേള്‍ക്കുന്നുണ്ട്. ഓള് വേഗം പിറകിലോട്ടോടി.
അവിടെ 2 പേര് ചേര്‍ന്ന് മാളൂട്ടിയെ കടന്നു പിടിച്ചിരിക്കുന്നു. പാത്തൂന്റെ മദ്രസയിലെ ഉസ്താദ് മാളുട്ടിയുടെ അടുത്തേക്ക നടന്നടുക്കുന്നു. അപ്പോഴാണ് അവളത് കണ്ടത്. ഉസ്താദിന്റെ കൈയ്യില്‍ ഒരു വല്ല്യ കത്തി.
' അള്ളോന്റെ മാളൂട്ടീനെ കൊല്ല്‌ല്ല്യോ...... '
പാത്തു അലറിവിളിച്ചോണ്ട് മാളൂട്ടിയുടെ അടുത്തേക്കോടി.
മാളൂന്റെ അടുത്തെത്തും മുമ്പ് തന്നെ ഉപ്പ അവളെ കൈകളില്‍ കോരിയെടുത്തിരുന്നു. അവളുടെ കരച്ചില്‍ വക വെക്കാതെ അവളെയുമെടുത്ത് വീടിനകത്തേക്ക്് നടന്നു.
' ഉപ്പാ മാളൂട്ടിനെ കൊല്ലല്ലാന്ന് പറ വാപ്പ'
' കുഞ്ഞി പാത്തു, മാളൂട്ടിനെ കൊല്ലാനല്ല, മന്ത്രിച്ചൂതാന്‍ വന്നതാ മൊല്ലാക്ക. പാത്തൂന് പനി വന്നപ്പോള്‍ മൊല്ലാക്ക മന്ത്രിച്ചൂതിയത് ഓര്‍മ്മയില്ലേ.. അതു പോലെ'
വാപ്പാന്റെ വാക്കുകള്‍ കേട്ടപ്പോള്‍ കുഞ്ഞു പാത്തൂന് ആശ്വാസമായി. പക്ഷെ കുറച്ചു കഴിഞ്ഞ് അവള്‍ തൊടിമുഴുവന്‍ അന്വേഷിച്ച് നടന്നിട്ടും. മാളൂട്ടീനെ കണ്ടീല..
' ഉമ്മാ, മാളൂട്ടീനെ കണ്ടീനോ? ഉസ്താത് വന്ന് മന്ത്രിച്ചൂതി പോയതിന് ശേഷം മാളൂട്ടീനെ കാണുന്നില്ല.'
'ആട്ടിറച്ചി' ചട്ടിയിലിട്ട് വറുക്കുന്നതിനിടെ ചിരിച്ചോണ്ട് തന്നെ ഉമ്മ പറഞ്ഞു.
'ഉസ്താതിനെ കണ്ട് പേടിച്ച് മാളൂട്ടി എങ്ങോട്ടേക്കോ ഓടി പോയി. ഇതു വരെ തിരിച്ചു വന്നില്ല'
പാത്തൂന് നല്ല സങ്കടം വന്നു. മൊല്ലാക്കന്റെ കൈയ്യിലെ വല്ല്യ കത്തി കണ്ട് പോടിച്ചോടിയതാവും പാവം മാളൂട്ടി. പലവട്ടം അവള്‍ തൊടിയിലിറങ്ങി നോക്കി മാളൂട്ടി എത്തിയോന്നറിയാന്‍.
നോമ്പ് തുറന്ന് വയറ് നിറഞ്ഞ് കിടക്കുമ്പോള്‍ പുറത്ത് മഴ തിമിര്‍ത്ത് പെയ്യുന്നുണ്ടായിരുന്നു.
' ഉമ്മച്ചീ.. മാളൂട്ടി ഇപ്പോള്‍ മഴ നനയുവാവുംലേ... ഒള്‍ക്കിന്നാരാ പ്ലാവില തിന്നാന്‍ കൊടുക്കാ.. ഉമ്മി ഒന്നു പോയി നോക്കോ.. മാളൂട്ടി വന്നോന്ന്'
അവളുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.
' പാത്തു കിടന്നുറങ്ങാന്‍ നോക്കു... മാളൂട്ടി നാളെ രാവിലെ തിരിച്ചു വരുംട്ടോ.... വിഷമിക്കണ്ടാട്ടോ'
പാത്തൂന് കണ്ണുകളിലേക്ക് ഉറക്കം ഇരച്ചു കയറുന്നുണ്ടായിരുന്നു.
' ഉമ്മ ഇന്നെന്നെ പറ്റിക്കരുത്. അത്തായത്തിന് വിളിക്കണേ.. നാളെ പാത്തൂന് നോമ്പുള്ളതാ'
............ ശുഭം.............
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക