Slider

കാഫ്ക റിട്ടേണ്‍സ്

0
Image may contain: 1 person, sunglasses and closeup

കാഫ്ക്ക പുനര്‍ജനിച്ചു.കേരളത്തിലായിരുന്നു കാഫ്ക്കയുടെ പുനര്‍ജനനം.ജീവിച്ചിരുന്ന കാലത്ത് ഒട്ടും അംഗീകാരം ലഭിക്കാതിരുന്നത് കൊണ്ട് ഇപ്രാവശ്യം പ്രശസ്തിക്കും അംഗീകാരത്തിനും വേണ്ടി ദാഹിച്ചായിരുനു രണ്ടാം ജന്മം.അത് പിന്നെ അങ്ങിനെയാണല്ലോ.ആഗ്രഹം തീരും വരെ ജനനചക്രം പണ്ടാരമടങ്ങാന്‍ കറങ്ങും.
ജനിച്ചയുടനെ കാഫ്ക വളരാന്‍ തുടങ്ങി.തൊട്ടില് കെട്ടാന്‍ തുടങ്ങിയ ഡാഡിയോട് കാഫ്ക പറഞ്ഞു.
“നോ നീഡ്‌.”
സ്നഗിയുമായി ഓടിവന്ന മമ്മിയോടു അനുനിമിഷം വളരുന്ന എഴുത്തുകാരന്‍ പറഞ്ഞു.
“ടൈം ഇല്ല.ചെയര്‍ എവിടെ ?വേര്‍ ഈസ് ടേബിള്‍ ?”കടലാസും പേനയും എടുക്കൂ.”
കുഞ്ഞിന്റെ അത്ഭുത വളര്‍ച്ച കണ്ടു ഞെട്ടിയ ഡാഡി പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററില്‍ മെഡിക്കല്‍ എന്ട്രന്സിനു സീറ്റ് ബുക്ക് ചെയ്തു.പിന്നെ എന്ട്രന്‍സ് കിട്ടിയില്ലെങ്കില്‍ പുഷ്പഗിരിയില്‍ ഒരു മാനേജ്മെന്റ് സീറ്റ് കിട്ടുന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഇറങ്ങിയോടി.
കഴിഞ്ഞ ജന്മത്തിലെ എഴുതാന്‍ വിട്ടുപോയ കഥകള്‍ ഇപ്പോഴും മനസ്സില്‍ ഉണ്ടായിരുന്നതിനാല്‍ പുതിയ കാഫ്കക്ക് വിഷയം ആലോചിച്ചു സമയം കളയേണ്ടി വന്നില്ല.ധൃതിയില്‍ ജന്മങ്ങള്‍ കാത്തിരിരുന്ന സര്‍ഗചേതനയുടെ വെള്ളച്ചാട്ടം അക്ഷരങ്ങളായി കടലാസില്‍ പതിച്ചു.കഥയെഴുതി തീര്‍ന്നപ്പോഴേക്കും കാഫ്കയുടെ ശരീരം 1924-ലെ നാല്‍പ്പതു വയസ്സുള്ള യുവ കോമള കാഫ്കയുടെ ശരീരമായി കഴിഞ്ഞിരുന്നു.
“മമ്മി ഈ നാട്ടിലെ ടോപ്പ് ലിറ്റററി മാഗസിന്‍ ഏതാണ്?”
തന്റെ കൂടെയിരുന്നു സെല്‍ഫി എടുത്തു”മൈ സണ്‍ ബിക്കെയിം ബിഗ്‌ “എന്ന കാപ്ഷനോട് കൂടി പോസ്റ്റ്‌ ചെയ്യുന്ന മമ്മിയോടു കഥയെഴുതി കവറില്‍ ഇട്ടുകൊണ്ട് കാഫ്ക ചോദിച്ചു.
“എന്ന് വച്ചാല്‍ ?”
“എന്ന് വച്ചാല്‍,എന്റെ കഴിഞ്ഞ ജന്മത്തിലെ നാട്ടിലെ ,അതായത് ജര്‍മനിയിലെ ,ലിപ്സീഗ്,ദൈ ന്യൂ റണ്ട്ഷ്യൂ പോലെ ഈ നാട്ടിലെ വലിയ സാഹിത്യമാസിക ഏതാന്ന്?”
“ഓ ,ഈ ബുജികള്‍ വായിക്കുന്ന മാസിക അല്ലിയോ .ചെക്കന്റെ ഒരു കാര്യം.അത് നമ്മുടെ സാഹിത്യഭൂമി..”
മമ്മി തന്റെ പോസ്റ്റിനു കിട്ടുന്ന ലൈക്കും കമന്റും കണ്ടു മതിമറക്കുന്നതിനിടയില്‍ പറഞ്ഞു.
ഇന്‍ഫര്‍മേഷന്‍ കിട്ടിയയുടനെ കാഫ്ക പോസ്റ്റ്‌ ഓഫിസിലേക്ക് കഥ പോസ്റ്റ്‌ ചെയ്യാന്‍ ഓടി.പോസ്റ്റ്‌ ഓഫീസില്‍ പതിവ് പോലെ പശയില്ലായിരുന്നു.തന്റെ കഥ സാഹിത്യഭൂമിയില്‍ വരുന്നതും ,അതിനെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടക്കുന്നതും ,പിന്നെ തന്റെ മുഖം സാഹിത്യഭൂമിയുടെ കവര്‍ചിത്രമായി വരുന്നതും ഒടുവില്‍ തനിക്ക് കേരളസാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടുന്നതുമൊക്കെ ആക്രാന്തിയോടെ ആലോചിച്ചപ്പോള്‍ കാഫ്കയുടെ വായില്‍ വെള്ളം വന്നു. അതുകൊണ്ട് സ്റ്റാമ്പ് ധൃതിയില്‍ ഒട്ടിക്കവേ ഒരു ശബ്ദം കേട്ടു.
“കാഫ്ക്കയല്ലേ ?”
നരച്ചു നീണ്ട താടിയും ജടപിടിച്ച മുടിയുമായി പത്തു നൂറു വയസ്സ് തോന്നിക്കുന്ന ഒരു വയസ്സനായിരുന്നു അരികില്‍.വെള്ള ജൂബ.വെള്ള മുണ്ട്.കാവി തോള്‍സഞ്ചി.ബീഡി നാറ്റം.മൊത്തത്തില്‍ ഒരു സാഹിത്യ അവലക്ഷണം.
“അതേ..മനസ്സിലായില്ല.”
“എങ്ങനെ മനസ്സിലാകാനാ..ജനിച്ചതല്ലേയുള്ളൂ.”
കാഫ്ക ഒന്ന് ചമ്മി.പിന്നെ അത് മറയ്ക്കാന്‍ ന്‍ ജര്‍മ്മന്‍ സ്റ്റൈലില്‍ വെളുക്കെ ചിരിച്ചു.
“കഥ എങ്ങോട്ടാ ,സാഹിത്യഭൂമിയിലേക്കാണോ അയക്കുന്നത്.” “വയസ്സന്‍ ചോദിച്ചു.
സില്ലി ഓള്‍ഡ്‌ മാന്‍.എന്തൊക്കെ അറിയണം.കാഫ്ക വിചാരിച്ചു.
“അതേ.സാഹിത്യഭൂമിയാണല്ലോ കേരളത്തിലെ സാഹിത്യത്തിന്റെ അളവുകോല്‍.സാഹിത്യഭൂമിയില്‍ കഥ വന്നാല്‍ എല്ലാമായി.” കാഫ്ക പറഞ്ഞു.
“അങ്ങിനെയാണെങ്കില്‍ ,നേരിട്ട് കൊണ്ട് കൊടുക്കുന്നതായിരിക്കും നല്ലത്.”
“അതെന്താ.”
“എനിക്ക് വയസ്സ് നൂറു കഴിഞ്ഞു.കഴിഞ്ഞ എണ്‍പത് വര്‍ഷമായി കഥ അയക്കുന്നു .ഇത് വരെ മറുപടി വന്നില്ല.” ദീര്‍ഘ നിശ്വാസത്തോടെ കിഴവന്‍ പറഞ്ഞു.
വെരി സില്ലി ഓള്‍ഡ്‌ മാന്‍.വേസ്റ്റ് കഥ എഴുതിയയച്ചു കാണും.
“എന്നാ പിന്നെ നിങ്ങള്‍ക്ക് നേരിട്ട് പോയി പത്രാധിപരെ കണ്ടുടായിരുന്നോ?”കാഫ്ക ചോദിച്ചു.
“അയാള്‍ എങ്ങാനും എന്റെ കഥ കൊള്ളത്തില്ല എന്ന് പറയുന്നത് കേള്‍ക്കാന്‍ എനിക്ക് വയ്യ ന്റെ പൊന്നു കാഫ്ക്കേ.മറുപടി വന്നോയെന്നറിയാന്‍ എല്ലാദിവസവും ഈ പോസ്റ്റോഫിസില്‍ വരും.കഴിഞ്ഞ പത്തു നൂറു വര്‍ഷമായി എന്റെ ആരോഗ്യത്തിന്റെ രഹസ്യം ഈ നടപ്പാണ്.”
“ഇങ്ങേരു ഇങ്ങോട്ട് വരുന്ന വഴിക്കല്ലേ പ്ലാശനാല്‍ ഷാപ്പ്.?”
പോസ്റ്റ് ബോക്സില്‍ നിന്ന് കത്തുകള്‍ എടുക്കാന്‍ വന്ന പോസ്റ്റ്മാന്‍ ഗോപി വയസനോട് ചോദിച്ചു.
“അത് ആരോഗ്യത്തിന്റെ വേറൊരു രഹസ്യം.” കിഴവന്‍ ഗോപിയോട് പറഞ്ഞു.
കാഫ്ക ആ സംഭാഷണം ശ്രദ്ധിച്ചില്ല.അനേകം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭൂമിയില്‍ വീണ്ടും അവതരിക്കാന്‍ ചാന്‍സ് ലഭിച്ചത്.ഇത് പോസ്റ്റ്‌ ഓഫീസില്‍ വന്നു നഷ്ടപെടുത്താന്‍ വയ്യ.
കാഫ്ക കോഴിക്കോട് സൂപ്പര്‍ ഫാസ്റ്റില്‍ കയറി.സാഹിത്യഭൂമിയുടെ ഓഫീസില്‍ ചെന്നു.ഏഴു രാത്രിയും ഏഴു പകലും കാത്തു നിന്നു.സിമന്റു തറയില്‍ വേര് പടരാന്‍ തുടങിയപ്പോള്‍ സെക്യൂരിറ്റി വന്നു വിളിച്ചു.എഡിറ്ററുടെ ക്യാബിനില്‍ കയറിച്ചെന്നു.കഥകളുടെയും കവിതകളുടെയും കൂമ്പാരത്തിനിടയില്‍ മുങ്ങിക്കിടന്നു വിശ്രമമില്ലാതെ പണിയെടുക്കുന്ന എഡിറ്ററെയാണ് പ്രതീക്ഷിച്ചത്.
നതിംഗ്.നീറ്റ് ആന്‍ഡ്‌ ക്ലീന്‍.മേശ ക്ലീന്‍.മുറി ക്ലീന്‍.മേശയില്‍ ആകെ ഒരു വെള്ളക്കടലാസ് മാത്രം.
“ഞാന്‍ വിചാരിച്ചു സാര്‍ വലിയ തിരക്കിലായിരിക്കുമെന്നു...” കാഫ്ക പറഞ്ഞു.
“കൊറച്ചു ജാഡ ഒക്കെ വേണ്ടെടോ...അല്ലേല്‍ തന്നെ പോലെയുള്ള പുതു തലമുറയൊക്കെ തലേല്‍ കേറി തൂറും.”
കാഫ്കയുടെ കഥ വായിക്കുന്നതിനിടയില്‍ എഡിറ്റര്‍ പറഞ്ഞു.
“സാര്‍ അപ്പൊ ഇവിടെ വരുന്ന ആയിരക്കണക്കിന് എഴുത്തുകാരുടെ സൃഷികളൊക്കെ ?” കാഫ്കയുടെ സംശയം തീരുന്നില്ല.
“അതിനാടോ അസിസ്റ്റന്റ്റ് എഡിറ്റര്‍.” ജനലിന്റെ ദിശയിലേക്ക് എഡിറ്റര്‍ വിരല്‍ ചൂണ്ടി.ചൂണ്ടുന്ന ടൈമിലും വായന തുടര്‍ന്നു.
തുറന്നിട്ട ജനലിലൂടെ ഒരു ജെ.സി.ബിയുടെ കൈ ഉയര്‍ന്നു പൊങ്ങുന്നത് കണ്ടു കാഫ്ക ഓടിച്ചെന്നു.കഥകളുടെയും കവിതകളുടെയും വെളുത്ത കടലാസ് കുന്നുകള്‍.അതിന്റെ നടുക്ക് ഒരു ജെ.സി.ബി കുഴി മാന്തുന്നു.അത് ഓപ്പറെറ്റ് ചെയ്യുന്നത് അസിസ്റ്റന്റ്റ് എഡിറ്ററാണ്.അയാള്‍ വിദഗ്ദ്ധമായി സാഹിത്യത്തെ കുഴിച്ചുമൂടുന്നു.
“തന്റെ കഥ വായിച്ചു.”എഡിറ്ററുടെ ശബ്ദം കേട്ടപ്പോ കാഫ്ക തിരികെ ഓടിവന്നു.
“താന്‍ സംഘിയാണോ ?”
“അല്ല സര്‍.”
“കമ്മി ?സുടാപ്പി? “
“അല്ല സര്‍.”
“ഹും എനിക്ക് തോന്നി.തന്റെ കഥയില്‍ സ്റ്റഫുണ്ട്.പക്ഷെ പോര.ഒരു രാഷ്ട്രീയമില്ല.”
കാഫ്ക ഞെട്ടി.
“ഞാന്‍ എന്ത് ചെയ്യണം സാര്‍.”
“പോയിട്ടൊരു.....”എഡിറ്റര്‍ ആലോചനയില്‍ തല ചൊറിഞ്ഞു.പിന്നെ പറഞ്ഞു.
“പോയിട്ടൊരു എട്ടു പത്ത് വര്‍ഷം കഴിഞ്ഞു വരൂ.ആ സമയം കൊണ്ട് നിങ്ങള്‍ക്ക് കോക്കസ് ഷീറ്റില്‍ കയറിപ്പറ്റാന്‍ പറ്റണം.”
“കോക്കസ് ഷിറ്റോ ?”
“ഷിറ്റല്ല.ഷീറ്റ്.”മേശയില്‍ ഇരുന്ന വെള്ളകടലാസിലെ പേരുകള്‍ കാണിച്ചു കൊണ്ട് എഡിറ്റര്‍ പറഞ്ഞു.
“യൂ നോ ഇതൊക്കെ എന്റെ ഫ്രണ്ട്സാണ്.സൃഷി വേണെങ്കില്‍ ഞാന്‍ അവരെ മിസ്കകാള്‍ ചെയ്യും.അവര്‍ സൃഷി വാട്സാപ്പ് ചെയ്യും.അതാ ഇവിടെ പതിവ് .”
കാഫ്ക കുനിഞ്ഞ മുഖത്തോടെ ക്യാബിനില്‍ നിന്ന് പുറത്തിറങ്ങി.പിന്നെ ഫെയ്സ് ബുക്ക് തുറന്നു “ഫീലിംഗ് സാഡ് ഈ ജന്മവും വേസ്റ്റ് “എന്ന സ്റ്റാറ്റസ് ഇട്ടു.

By Anish Francis
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo