Slider

പാപ്പനും ഞങ്ങളും

0

ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് എന്നാണെന്റെ ഓർമ്മ. ചേച്ചി നാലാം ക്ലാസ്സിലും. അക്കാലത്തു ഞങ്ങളുടെ വീട്ടിൽനിന്ന് പശുവിൻ പാൽ വാങ്ങാൻ സ്ഥിരമായി വരുന്നവർക്കുവേണ്ടി അമ്മച്ചി പാത്രങ്ങളിൽ പകർത്തി ഇറയത്തു നിരത്തിവയ്ക്കും. അയൽവക്കത്തെ ചില വീടുകളിൽ ഞാനും ചേച്ചിയും കൂടി കൊണ്ട് ചെന്ന് കൊടുക്കും. അന്നൊക്കെ അതിരാവിലെ റോഡരുകിൽ അലഞ്ഞുനടക്കുന്ന ധാരാളം തെരുവു പട്ടികൾ കാണും. എനിയ്ക്കാണെങ്കിൽ പട്ടികളെ അന്നും ഇന്നും ഭയമാണ്. പട്ടി മണം പിടിച്ച് അടുത്തുവന്നാൽ ഞാൻ ഓടും, അത് ഉറപ്പാണ്. ദൂരെ നിന്ന് പട്ടിയെ കാണുമ്പോഴേ ചേച്ചി പറയും നീ ഓടരുത്ട്ടോ എന്ന്. ഇന്ന് ഞാൻ ഓടില്ല എന്ന് പറഞ്ഞു ധൈര്യം സംഭരിച്ചു നടന്നു നീങ്ങുന്ന എന്റെ അടുക്കൽ പട്ടി എത്തിയാൽ പിന്നെ, ഒരു പറക്കലാണ്. സ്വാഭാവികമായും പട്ടി പിന്നാലെയും. പേടികൊണ്ടു തിരിഞ്ഞുനോക്കുമ്പോൾ പട്ടിയെ കണ്ടു വിറയ്ക്കുന്ന എന്റെ കയ്യിൽനിന്നും പാൽപ്പാത്രം തെറിക്കും. പാൽ റോഡിൽ ഒഴുകും. എന്നാലും തിരിഞ്ഞുനോക്കാതെ ഞാൻ ഓടി വീട്ടിലെത്തും. പിന്നെ ഒരു പുകിലാണ്. ചേച്ചിയുടെ പല്ലുകടിച്ചുള്ള ആക്രോശവും, അമ്മച്ചിയുടെ തരക്കേടില്ലാത്ത തല്ലും. എന്തായാലും പറയാൻ വന്ന കഥ ഇതല്ല കേട്ടോ.
ഞങ്ങളുടെ വീട്ടിൽ വന്നു സ്ഥിരമായി പാൽ വാങ്ങുന്ന ഒരു ചായക്കടക്കാരൻ പാപ്പൻ ഉണ്ടായിരുന്നു. പാപ്പൻ എന്നത് അയാളുടെ പേരാണോ അതോ അങ്ങനെ എല്ലാരും വിളിക്കുന്നതാണോ എന്നറിയില്ല. അന്ന് അറുപത് വയസ്സിനു മുകളിൽ പ്രായം ഉണ്ടാവും. സ്ഥിരമായി പാൽ വാങ്ങാൻ കാണിയ്ക്കുന്ന ഉത്സാഹം പാപ്പൻ കാശു തരാൻ ഒരിക്കലും കാണിച്ചിരുന്നില്ല. കാശു ചോദിക്കുമ്പോഴൊക്കെ ലോട്ടറി വിൽപ്പനക്കാരെ കടത്തി വെട്ടുന്ന രീതിയിൽ നാളെ നാളെ എന്ന് പറഞ്ഞു പാപ്പൻ സ്ഥിരമായി അമ്മച്ചിയെ പറ്റിച്ചുകൊണ്ടിരുന്നു. ഒരുദിവസം വൈകുന്നേരം പാപ്പനെക്കുറിച്ചുള്ള പരാതി അമ്മച്ചി അപ്പച്ചന്റെ മുൻപിൽ അവതരിപ്പിക്കുകയുണ്ടായി. എല്ലാറ്റിലും തമാശ കണ്ടെത്തുന്ന അപ്പച്ചൻ ഞങ്ങളോടായി നാളെ മക്കള് ചെന്ന് കാശു ചോദിച്ചിട്ടു തന്നില്ലെങ്കിൽ പാപ്പന്റെ ചായക്കടയിലെ പാത്രങ്ങൾ ഇങ്ങെടുത്തുകൊണ്ടു പോരേ എന്ന് പറഞ്ഞു. പിറ്റേന്ന് പതിവുപോലെ ഞങ്ങൾ ഏകദേശം ഞങ്ങളുടെ വീട്ടിൽനിന്ന് ഒരുകിലോമീറ്റർ ദൂരെയുള്ള പാപ്പന്റെ ചായക്കടയിൽ ചെന്ന് കാശു ചോദിക്കുകയും പാപ്പൻ ലവലേശം നാണമില്ലാതെ, പതിവുപല്ലവി ആവർത്തിക്കുകയും ചെയ്തു. ഞാനും ചേച്ചിയും മുഖത്തോടു മുഖം നോക്കി. പിന്നെ ഒട്ടും താമസിച്ചില്ല, ഞങ്ങളുടെ ഹീറോ (അപ്പച്ചൻ) പറഞ്ഞ പ്രകാരം, ഞങ്ങൾ പാപ്പന്റെ അടുക്കളയിലേയ്ക്ക് കുതിച്ചു. കയ്യിൽ കിട്ടിയ പുട്ടുകുടവും ഇഡ്ഡ്ലി പാത്രവും (വേറെയും എന്തൊക്കെയോ പാത്രങ്ങൾ... ഓർമ്മയില്ല) പെറുക്കിയെടുത്തു പുറത്തേക്കു പാഞ്ഞു. ഒരു നിമിഷം... സ്തബ്ധനായി നിന്നുപോയ പാപ്പൻ സ്ഥലകാലബോധം വീണ്ടെടുത്തപ്പോഴേക്കും ഞങ്ങൾ ഓടിയോടി പാപ്പന്റെ പാത്രങ്ങളുമായി കുറച്ചുദൂരം എത്തിക്കഴിഞ്ഞിരുന്നു. അത്ഭുതമെന്നു പറയട്ടെ, ഒരുകണക്കിനു പിന്നാലെ ഓടിയെത്തിയ പാപ്പൻ അന്ന് വരെയുള്ള മൊത്തം കുടിശ്ശിക തന്നു തീർത്തു അയാളുടെ പാത്രങ്ങൾ തിരിച്ചെടുത്തു. ഞങ്ങളുടെ അപ്പച്ചന്റെ ഉപായം ഫലിച്ച സന്തോഷത്തിൽ ഞങ്ങൾ കാശുമായി വീട്ടിലേക്കു മടങ്ങി. ഈ സംഭവത്തിന് ദൃക്‌സാക്ഷികളുണ്ടോ എന്ന് വ്യക്തമല്ല. പക്ഷെ അക്കാലങ്ങളിൽ ഈ സംഭവം ഒരു നാടോടികഥ പോലെ ഞങ്ങളുടെ നാട്ടിൽ പ്രചാരം നേടി. ഇതിന്റെ ബലത്തിൽ ഞങ്ങൾ കുറേക്കാലം ഞെളിഞ്ഞു നടന്നിരുന്നു. എന്റെ അറിവ് ശരിയാണെങ്കിൽ പാവം പാപ്പനും ഈ സംഭവം പ്രചരിപ്പിച്ചിരുന്നു. ഞങ്ങളുടെ ഗ്രാമത്തിലെ ജോസഫ് ചേട്ടന്റെ പലചരക്കുകടയിലും മറ്റും ഇരുന്നു ആളുകൾ ഈ വിഷയം ചർച്ച ചെയ്ത് അവരുടെ ഗ്രാമ വാസികളായ കൊച്ചു പെൺകുട്ടികളുടെ ധൈര്യത്തിൽ അഭിമാനം കൊണ്ടിരുന്നു.
ഈ സംഭവത്തിനു ഒരു മറുവശം ഉണ്ട്. പാപ്പനെ നേരെയാക്കാൻ മാർഗം പറഞ്ഞ ഞങ്ങളുടെ അപ്പച്ചൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല, ഞങ്ങൾ അപ്പച്ചന്റെ വാക്കുകൾ ശിരസ്സാവഹിച്ച് ആ പദ്ധതി നടപ്പിലാക്കുമെന്ന്. 
ഇന്ന് പ്രവാസിയും രണ്ടു പെണ്മക്കളുടെ അമ്മയുമായ ഞാൻ ഈ സംഭവം ചിരിയോടെ ഓർത്തെടുക്കുമ്പോൾ, മരിച്ചു മണ്ണായ പാപ്പന്റെ ആത്മാവ് ഞങ്ങൾക്ക് മാപ്പു നൽകട്ടെ എന്നും പ്രാർത്ഥിക്കുന്നു

By: Siji Sajan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo