
ടാ നീ ഇനി ഇവടെ താമസിച്ചാമതി. ഞാനും ഇവടെ ഇല്ലാണ്ടാവുമ്പോ പിന്നെ ആണുങ്ങൾ ആരെങ്കിലും വേണ്ടെ.. എന്തെങ്കിലും ആവശ്യം വന്നാൽ അവരെക്കൊണ്ട് തന്നെ പറ്റൂല'.
'ആ ശരി. ഞാൻ വരാം.'
ഏട്ടനാണ്. ആ വാക്കുകൾ കേട്ടപ്പോൾ മനസ്സിൽ അല്പം ആശ്വാസം തോന്നി. എല്ലാവർക്കും തന്നോട് വിരോധമായിരുന്നു ഇതുവരെ. അതെല്ലാം കുറഞ്ഞു എന്ന് തോന്നുന്നു. അതാവും ഏട്ടൻ അങ്ങനെ പറഞ്ഞത്.
'എന്നാ ഞാൻ പോയി നാളെ വരാം.'
തിരിച്ചു നടന്നു. നാലഞ്ച് കിലോമീറ്റർ അപ്പുറമുള്ള എന്റെ വാടകവീടിനെ ലക്ഷ്യമാക്കി.
ബസിന് പോകുകയാണെങ്കിൽ രണ്ടു ബസ് മാറിക്കയറണം. നേരിട്ട് ബസില്ല. മാത്രമല്ല ബസ്സിൽ പോകണമെങ്കിൽ പൈസയും വേണമല്ലോ.
തളർന്ന മനസ്സാണെങ്കിലും തളരാത്ത പാദങ്ങളോടെ ഓരോ അടിയും നീട്ടിവെച്ചു നടന്നു.
പല ദിവസങ്ങളായി ഈ നടത്തം തുടങ്ങിയിട്ട്. എന്റെ വീട് എനിക്കെന്നോ നഷ്ടപ്പെട്ടു. ഇപ്പോൾ ഞാൻ അവിടെ ഒരു അധികപ്പറ്റുപോലെയാണ്. ഒരു വലിയ കുടുംബം പല ശാഖകളായി പിരിഞ്ഞു. വിധി എന്ന് പറയാമോ എന്നറിയില്ല. എങ്കിലും ഞാൻ അങ്ങനെ ചിന്തിച്ചു.
വർഷങ്ങളായി വാടകവീട്ടിൽ പലയിടത്തായി താമസിക്കുന്നു. ഓരോ വർഷവും കെട്ടും മാറാപ്പുമെടുത്ത് മറ്റൊരു വീട്ടിലേക്ക്. ഓരോ വീടുകൾ മാറുംതോറും പലതും നഷ്ടമായി. വിലപ്പെട്ട പലതും.
നാലഞ്ചുമാസം മുമ്പ് അമ്മ പറഞ്ഞതാണ്;
'മോൻ ഒരു കാര്യം ചെയ്യ്. ഈ വീടിന്റെ പടിഞ്ഞാപ്പറത്ത് ഒരെണ്ണം വെച്ചുകെട്ടിക്കൊ. ഇവടെ സ്ഥലണ്ടല്ല രണ്ടാക്ക് വീട് വെക്കാൻ. ഇനി ഇങ്ങനെ അലഞ്ഞ് നടക്കണ്ട. '
'അതിന് ഏട്ടന് ഇഷ്ടാവോ ഞാൻ ഇവിടെ വീട് വെച്ചാൽ? '
'അതൊന്നും നീ നോക്കണ്ട. എന്റെ പേരിലല്ലേ സ്ഥലം. അപ്പോ നീ ഞാൻ പറയണതുപോലെ ചെയ്തോ. എന്റെ കാലംകൂടി കഴിഞ്ഞാ നിന്ക്ക് പിന്നെ ഒന്നും കിട്ടൂല.'
'അമ്മ പറഞ്ഞാ അങ്ങനെ ചെയ്യാം.'
അമ്മയ്ക്ക് എന്റെ ഓർമ്മ വയ്ക്കുന്നകാലം മുതൽക്കേ എന്നും തലവേദനയാണ്. വീടിന്റെ അടുത്ത് ഒരു വൈദ്യരുണ്ട്. ആ വൈദ്യര് കുറച്ചു ഹോമിയോ ഗുളികയും ഒരു കുപ്പിയിൽ ചുവന്ന വെള്ളംപോലെ ഒരു മരുന്നും തരും. അതാണ് എന്നും അമ്മയുടെ വേദനസംഹാരി. അതിനപ്പുറം ഒരു ഡോക്ടർ അക്കാര്യത്തിൽ അന്നുണ്ടായിരുന്നില്ല.
വർഷങ്ങൾ കഴിഞ്ഞ് ഇംഗ്ലീഷ് മരുന്നായി. എന്നിട്ടും തലവേദന അങ്ങനെ തന്നെ.
മൂന്നു വർഷം മുമ്പ് അച്ഛൻ മരിച്ചു. അച്ഛന് ക്യാൻസർ ആയിരുന്നു. അറിയാൻ വളരെ വൈകിപ്പോയി. തൃശ്ശൂർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ നിന്ന് അച്ഛന്റെ പേരുവെട്ടി വീട്ടിൽ കൊണ്ടുവന്ന കാര്യം ഇപ്പോഴും ഓർക്കുമ്പോൾ ചങ്ക് പിടക്കുന്നു.
പലപ്പോഴും വഴക്ക് കൂടുമെങ്കിലും അച്ഛന് അമ്മയെ ജീവനായിരുന്നു.
'ഞാൻ മരിച്ചാൽ നിനക്ക് ആരൂല്യാണ്ടാവും.'
അച്ഛൻ ഇടക്കിടക്ക് പറയുമായിരുന്നു.
'ഞാൻ മരിച്ചാൽ നിനക്ക് ആരൂല്യാണ്ടാവും.'
അച്ഛൻ ഇടക്കിടക്ക് പറയുമായിരുന്നു.
മരിക്കുവോളം അച്ഛനോടോ അമ്മയോടോ ഞാൻ പറഞ്ഞില്ല അച്ഛന് ക്യാൻസർ ആണെന്ന്. കഴിയുന്നതുപോലെ ശുശ്രൂഷിച്ചു. അതുപക്ഷേ ഒരിക്കലും ആഗ്രഹിച്ചതുപോലെ ആയിരുന്നില്ല. എങ്ങനെ എങ്കിലും ഒരു നല്ല ജോലി കിട്ടിയിട്ട് ഒരു രണ്ടു വർഷമെങ്കിലും അച്ഛനുമമ്മയും എന്നോടൊപ്പം എന്റെ വീട്ടിൽ സന്തോഷത്തോടെ കഴിയുന്നത് കാണണം. അവർക്ക് വേണ്ടതെല്ലാം ചെയ്തുകൊടുക്കണം. ആരും അവരെ ശകാരിക്കുവാൻ ഉണ്ടാകരുത്. അതായിരുന്നു എന്റെ ഏറ്റവും വലിയ ആഗ്രഹം.
പക്ഷേ വിധി എന്നൊന്നുണ്ടല്ലോ. അത് നിനച്ചിരിക്കാതെ ഒരു ദിവസം അച്ഛന്റെ ജീവൻ അപഹരിച്ചു.
വാടകവീട്ടിൽ ആയതിനാൽ സ്വന്തം വീട്ടിൽ ഞാൻ അന്യനായതുപോലെ ആയിരുന്നു. മരിക്കുന്ന സമയത്ത് അച്ഛൻ ഒന്നും പറഞ്ഞില്ല. ഞാൻ അന്നും പുറത്തായി.
ഇപ്പോൾ അമ്മയ്ക്ക് ഇടക്കിടക്ക് തലവേദനയാണ്. പിന്നെ കാലുവേദന നട്ടെല്ലുവേദന അങ്ങനെ പലതും. അമ്മയ്ക്ക് അല്പം തടി ഉണ്ടായിരുന്നു. അതും അസുഖം കൂടുവാൻ ഇടയാക്കി.
പക്ഷേ എന്നോട് അവിടെ വീടുവെച്ചോ എന്ന് പറയുന്ന സമയം ആയപ്പോഴേക്കും അമ്മ വല്ലാതെ മാറിയിരുന്നു. ക്ഷീണവും ഉണ്ടായിരുന്നു. ഒരു ജോലി ഉണ്ടായിരുന്നെങ്കിൽ ആരോടും ഒന്നും ചോദിക്കാതെ അമ്മയെ , വാടകവീടാണെങ്കിലും, എന്റെ വീട്ടിലേക്ക് കൊണ്ടു പോകാമായിരുന്നു എന്ന് പലപ്പോഴും ചിന്തിച്ചതാണ്. പക്ഷേ ഒരു നേരം പോലും ആഹാരത്തിന് ഞാൻ ബുദ്ധിമുട്ടി മുണ്ടു മുറുക്കിക്കുത്തി നടക്കുന്ന ഈ സമയത്ത് ഞാൻ എന്തുചെയ്യാൻ?
അമ്മയുടെ എറ്റവും വലിയ പ്രതീക്ഷയായിരുന്നു ഞാൻ, എല്ലാവരുടേയും. പഠിപ്പുള്ളതുകൊണ്ട് നല്ല ജോലി കിട്ടും നല്ലൊരു ജീവിതം ഉണ്ടാവും എന്ന് എല്ലാവരും കരുതി, ഞാനും. പക്ഷേ അവിടേയും ഞാൻ ഒരു പരാചയമായിരുന്നു. പോരാത്തതിന് നിർദ്ധനരായ കുടുംബത്തിൽ നിന്നുള്ള വിവാഹവും. അതോടെ എല്ലാവരുടേയും പ്രതീക്ഷ തെറ്റി. കൂട്ടത്തിൽ പിടിച്ചു നില്ക്കാനാവാതായപ്പോൾ ഭാര്യയേയും മകനേയും കൂട്ടി വീടുവിട്ടിറങ്ങി.
ഓർമ്മകൾ കൂടെയുള്ളപ്പോൾ ദൂരം വളരെ കുറവാണെന്നു തോന്നും. വയറുനിറയെ നീറുന്ന ഓർമ്മകൾ!
അമ്മ പറഞ്ഞ വിവരം ഭാര്യയോട് പറഞ്ഞു. അവൾക്ക് സന്തോഷമായി. അവൾ വേഗം അവളുടെ വീട്ടിലേക്ക് വിളിച്ചുപറഞ്ഞ് കുറെ മുളയും സാധനങ്ങളും ശരിയാക്കി. ഞങ്ങൾ വീട്ടിൽ വന്ന് ബാക്കി ഓലയും മറ്റു സാധനങ്ങളും തയ്യാറാക്കി. ഒരാളെ കുടിൽ തയ്യാറാക്കുവാൻ ഏർപ്പാടാക്കി.
പിറ്റേന്ന് മുതൽ വീടിന്റെ പണി തുടങ്ങി. ഏട്ടനും ഏടത്തിയും ഒന്നും മിണ്ടുന്നില്ല. എങ്കിലും അമ്മ ഞങ്ങളുടെ കൂടെ ഉള്ളതിനാൽ ആ ധൈര്യത്തിൽ ഞങ്ങൾ ഫ്രെയിം ശരിയാക്കി. മേൽഭാഗം ഓലകൊണ്ട് മേഞ്ഞു. വീടിന്റെ രണ്ടു വശങ്ങളും ഓലകൊണ്ട് കെട്ടി മറച്ചു. അമ്മ തൊട്ടപ്പുറത്തുതന്നെ ഇരുന്ന് ഓരോന്നും പറഞ്ഞു തന്നു. അമ്മയുടെ മുഖത്ത് ഒരു സന്തോഷം കാണാമായിരുന്നു.
മൂന്നാമത്തെ ഭാഗം മറയ്ക്കുന്ന സമയത്ത് ഏട്ടൻ എന്നെ വിളിച്ചിട്ടു പറഞ്ഞു;
'അതേ രണ്ടാക്ക് വീട് വെക്കാനൊള്ള സ്ഥലമില്ല ഇത്. ആകെ പന്ത്രണ്ട് സെന്റല്ലേയുള്ളൂ. അതിൽ രണ്ടുപെര നാണക്കേടാണ്. നീ ഒരു കാര്യം ചെയ്യ്. നീ വേറെ സ്ഥലം വാങ്ങി വീട് വെച്ചോ. അതിനൊള്ളത് എന്താന്ന് വെച്ചാ ചെയ്യാ.
ഇത് ആറാക്കൊള്ളതല്ലേ. എല്ലാരുക്കും അവകാശം കൊടുക്കാൻ നിനക്ക് പറ്റുമോ? അതുകൊണ്ട് ഞാൻ ഇതെടുക്കാം. വിറ്റുപോണ്ടാന്ന് കരുതിയിട്ടാ. അച്ഛനും ഒറങ്ങുന്ന സ്ഥലമല്ലേ. അത് വേറെ വെല്ലോർക്കും പോണ്ടല്ലാന്ന് കരുതിയാ. '
'ഷോക്കേറ്റതുപോലെ തോന്നി എനിക്ക്. ഇങ്ങനെ ഒരു തീരുമാനം അവർക്ക് ഉണ്ടെങ്കിൽ ഇത്രയും ഞങ്ങളെക്കൊണ്ട് കഷ്ടപ്പെടുത്തണമായിരുന്നോ? ഇതുവരെ ഒരു സഹായവും വാങ്ങാത്ത ഭാര്യവീട്ടിൽ നിന്ന് മുളയും സാധനങ്ങളും എല്ലാം വാങ്ങി. വീട് കെട്ടി കഴിയാറായ നേരത്താണ് അവരുടെ അഭിപ്രായം.
പക്ഷേ പരിഭവമൊന്നും പുറമേ കാണിക്കാതെ ഞാൻ സമ്മതിച്ചു. സാരമില്ല വേറെ എവിടെയെങ്കിലും സ്ഥലം വാങ്ങാനുള്ള പണം തരുമല്ലോ.
ഞാൻ അമ്മയോട് വിവരം പറഞ്ഞു. ഭാര്യയും അല്പം പരിഭവം പറഞ്ഞു എങ്കിലും സമ്മതിച്ചു.
സ്വപ്നങ്ങൾ വീണ്ടും ചിറകുവിരിച്ചു പറന്നു. പക്ഷേ എല്ലാം നഷ്ടസ്വപ്നങ്ങൾ ആയിരുന്നു. പുറത്ത് ഒരു സെന്റ് ഭൂമി വാങ്ങുവാനുള്ള പണം പോലും ഭാഗത്തിൽ എനിക്ക് കിട്ടിയില്ല. അമ്മ കുറെ പറഞ്ഞു;
'അവന് കൊറച്ച് കൂടുതൽ കൊടുക്ക്. അല്ലെങ്കിൽ പടിഞ്ഞാറേ അറ്റത്ത് റോഡ് സൈഡിലായി മൂന്നു സെന്റ് അവന് കൊടുക്ക്' എന്ന്.
പക്ഷേ അമ്മയുടെ വാക്കുകൾ ആരും ചെവിക്കൊണ്ടില്ല. ആരുമില്ല എനിക്കെന്ന് അന്ന് ഞാൻ ആദ്യമായി തിരിച്ചറിഞ്ഞു. 22 സെന്റ് സ്ഥലം ഇന്ന് 12 ആയെങ്കിൽ അതിൽ എനിക്ക് ഒരു പങ്കുമില്ല. എന്റെ ഒരാവശ്യത്തിനും ആരും പണം മുടക്കിയിട്ടില്ല. ഓർമ്മവെച്ച നാൾ മുതൽ ചേച്ചിമാരോടൊപ്പം കുളത്തിലെ വെള്ളം കോരിയൊഴിച്ച് വളർത്തിയതാണ് ഞാൻ എല്ലാം. അതൊക്കെ എല്ലാവരും മറന്നു.
കണക്കുകളൊന്നും ഞാൻ പറഞ്ഞില്ല. അതുകൂടി ഏട്ടന് കൊടുത്തുകൊള്ളാൻ പറഞ്ഞു.
പിന്നീട് എല്ലാവരും പറഞ്ഞു സമ്മതിപ്പിച്ചു. പാവം അമ്മ തികച്ചും നിസ്സഹായയായിരുന്നു.
ഓർമ്മകളുടെ ഭാണ്ഡം ഇറക്കിവെച്ച് ഞാൻ വാടകവീട്ടിൽ തിരിച്ചെത്തി. നാളെ തിരിച്ച് അങ്ങോട്ട് പോകണം. ഭാര്യയും മകനും ഇവിടെയില്ല.ഈ അടുത്തയിടെ ജോലിയും ഇല്ലാതായപ്പോൾ അവരും പട്ടിണി കിടക്കേണ്ടിവരുമെന്ന് കരുതി അവളുടെ വീട്ടിലേക്ക് പറഞ്ഞയച്ചതാണ്.
വാടക കൊടുത്തിട്ട് മൂന്നുമാസമായി. അതുകൊണ്ട് ഏട്ടന്റെ വാക്കുകൾ ആശ്വാസമായി കരുതി.
പിറ്റേന്ന് ഞാൻ വീട്ടിലെത്തി. മൂത്ത ഏട്ടത്തിയും മൂത്ത ചേച്ചിയും അവിടെ ഉണ്ടായിരുന്നു.
നടുവിലെ മുറിയിലായിരുന്നു എന്നും അമ്മ കിടന്നിരുന്നത്. ഞാൻ അവിടെ എത്തുന്ന സമയത്ത് അമ്മ കിടക്കുന്ന കട്ടിൽ എടുത്ത് മാറ്റുകയാണ് പണ്ടു ഞങ്ങൾ കിടന്നിരുന്ന ചെരുമുറിയിലേക്ക്. ഒരു ഫാൻ പോലുമില്ല അവിടെ. ഒരു കട്ടിൽ ഇടാനുള്ള വീതിയേ ഉള്ളൂ... ആ മുറിയിലേക്ക്.
''ഇതെന്താ കട്ടിൽ മാറ്റുന്നത്?'ഞാൻ മൂത്ത ഏട്ടത്തിയോട് ചോദിച്ചു.
'അതേ അമ്മയ്ക്ക് വയ്യാത്തതല്ലേ ആരെങ്കിലും വരുമ്പ ഇരിക്കുന്ന സ്ഥലമല്ലേ. അതാ മാറ്റാന്ന് വെച്ചത്.'
അമ്മ കുറച്ചു ദിവസമായി കിടപ്പിലാണ്. അത് ഇടക്കിടക്ക് ഉള്ളതാണ്. പക്ഷേ ഇപ്പോൾ ഈ മുറിമാറ്റം എന്നെ വല്ലാതെ വിഷമിപ്പിച്ചു. കാരണം ആ മുറിയിൽ ചൂടുകാലത്ത് കഴിച്ചുകൂട്ടിയ അവസ്ഥ എനിക്ക് മാത്രമേ അറിയൂ. എന്ത് ചെയ്യാൻ. ഇതിപ്പോ അവരുടെ വീടല്ലേ..
അമ്മയെ പതുക്കെ ചേച്ചിയും ചേട്ടത്തിയുംകൂടി പിടിച്ച് മെല്ലെ ആ മുറിയിലാക്കി. അമ്മ ആ കട്ടിലിൽ കിടന്ന് പതിവുപോലെ ഓരൊന്നും പറഞ്ഞു കിടന്നു. ഇടയ്ക്കിടെ അച്ഛനേയും ദൈവത്തേയും വിളിച്ചു ഒരോന്ന് പറയുമായിരുന്നു. ഈയിടെ ഞാൻ വരുമ്പോഴൊക്കെ അമ്മ അങ്ങനെയാണ്.
അവരോട് ചോദിച്ചാൽ മരുന്നൊക്കെ കഴിക്കുന്നുണ്ട് എന്ന് പറയുമായിരുന്നു. അന്ന് അമ്മ ചോദിച്ചു;
'നിന്റെ മോനെ എന്തേടാ കുണ്ടരാഞ്ഞത്? ഞാൻ കാണുണേനാണോ?'
എനിക്ക് വിഷമം തോന്നി കേട്ടപ്പോൾ. അവളും മോനും അവരുടെ വീട്ടിൽ ആയിരുന്നു. അതാണ് ഞാൻ തനിയെ വന്നതെന്ന് അമ്മയോട് പറഞ്ഞു.
അമ്മയ്ക്ക് വിഷമമാവേണ്ട എന്ന് കരുതി അവരെ ഫോണിൽ വിളിച്ച് വരാൻ പറഞ്ഞു.
ഞാൻ പതിവുപോലെ തന്നെ ആയിരുന്നു അന്നും അവിടെ. പക്ഷേ കുറെ സമയം കഴിഞ്ഞപ്പോൾ മറ്റു രണ്ടു ചേച്ചിമാരും വീട്ടിൽ എത്തി. ചെറിയ ചേച്ചി ചോദിച്ചു;
'നീ എപ്പോ വന്നു?'
'ഞാൻ കാലത്ത് വന്നു.'
'അവരോ? '
'അവര് വരും. അമ്മ മോനെ കാണാതെ ചോദിച്ചു. '
ചേച്ചിയും അമ്മായിയമ്മയും അമ്മയുടെ അടുത്തേക്ക് ചെന്നു. ചേച്ചി വിഷമത്തോടെ അമ്മയെ വിളിച്ചു. അമ്മ വിളി കേട്ടു.
ഞാൻ വെറുതെ ഒന്ന് അകത്തേക്ക് എത്തിനോക്കി. ആ സമയത്ത് കണ്ട കാഴ്ച എന്റെ ഹൃദയമിടിപ്പ് കൂട്ടി. ചേച്ചിയും അമ്മായിയമ്മയും അമ്മയ്ക്ക് ഒരു ചെറിയ പാത്രത്തിൽ നിന്നും ഒരു സ്പൂണിൽ വെള്ളം വായിലേക്ക് ഒഴിച്ചു കൊടുക്കുന്നു.
ഞാൻ ചിന്തിച്ചു... ഇതെന്താ ഇവര് ഇങ്ങനെ ചെയ്യുന്നത്? മരിക്കാൻ പോകുന്നവർക്ക് വെള്ളം കൊടുക്കും പോലെ..... അപ്പോൾ.... അമ്മയ്ക്ക് മരിക്കാനുള്ള അസുഖമാണോ? എന്നിട്ടെന്തേ ഇതുവരെ ആരും എന്നോട് പറയാതിരുന്നത്?
വിറയാർന്ന ശരീരത്തോടെ ഞാനും അമ്മയുടെ അടുത്തേക്ക് ചെന്നു.
'മോൻ വെള്ളം കൊടുത്താ? '
ചേച്ചിയുടെ അമ്മായിയമ്മ ചോദിച്ചു.
'ഇല്ല...' എന്ന് പറഞ്ഞ് രണ്ടു സ്പൂൺ ഗംഗാജലം ഞാനും അവസാനമായി അമ്മയ്ക്ക് കൊടുത്തു.
മനസ്സിൽ അപ്പോൾ അമ്മ പറയാറുള്ള വാക്കുകൾ ആയിരുന്നു;
'തെങ്ങ് ഇടിച്ചാ പന വീഴണപോലത്തെ മൂന്ന് മക്കളുണ്ട് എനിക്ക്. അവസാനകാലത്ത് ഒരിത്തിരി വെള്ളം തരാൻ ആരെങ്കിലും ഉണ്ടാവോ? '
അല്പംകൂടി കഴിഞ്ഞ് ഏട്ടത്തിമാരും അകത്തേക്ക് വന്നു. അമ്മയെ വിളിച്ചു. അമ്മ ഒന്നും മിണ്ടിയില്ല. തൊട്ടും കുലുക്കിയും വിളിച്ചു.... ഇല്ല. അമ്മ അനങ്ങിയില്ല.
അമ്മ മരിച്ചുവെന്ന് എനിക്ക് മനസ്സിലായി. ഞാൻ ഒന്നും മിണ്ടിയില്ല. ചേച്ചിമാർ കരഞ്ഞുതുടങ്ങി. ഞാൻ എന്ത് ചെയ്യണം. കരയണോ? എനിക്ക് അറിയില്ലായിരുന്നു. ഞാൻ കരയാത്ത കണ്ണുമായി അനങ്ങാതെ നിന്നു ആ തേക്കാത്ത കൽഭിത്തിയിൽ ചാരി.
പുറത്ത് ആളുകൾ കൂടിവന്നു. എന്തുകൊണ്ട് എന്നറിയാതെ എന്റെ ശിരസ്സ് ആ ചുമരിൽ ഇരുവശങ്ങളിലേക്കായി അടിച്ചുകൊണ്ടിരുന്നു. ആരൊക്കെയോ എന്നെ പിടിച്ചുകൊണ്ടുവന്ന് അപ്പോഴേക്കും നടുവിലെ മുറിയിലായി എരിയുന്ന നിലവിളക്കിന് മുന്നിൽ മൂടിപ്പുതച്ചുകിടന്ന അമ്മയുടെ അരികിലായി നിവർത്തിയിട്ട പായയിൽ എന്നേയും പിടിച്ചിരുത്തി.
ഞാൻ അമ്മയുടെ ശരീരത്തിൽ വീണ്ടും കരയവേ എല്ലാവരും എന്നെ വീണ്ടും പിടിച്ചുയർത്തി. അമ്മയുടെ വായിലൂടെ രക്തം വാർന്നിരുന്നു. വീണ്ടും ഏതോ ഒരദൃശ്യ ശക്തിക്ക് അടിമയായപോലെ ഞാൻ തലയിട്ടടിച്ചു ചുമരിലായി.. ഉള്ളിൽ എല്ലാം കാണുന്ന ഞാൻ എന്നാൽ എന്നെ നിയന്ത്രിക്കാൻ കഴിയാത്ത ഞാൻ.
ആരെല്ലാമോ അർദ്ധബോധാവസ്ഥയിലായ എന്നെ മറ്റൊരു മുറിയിൽ കിടത്തി. എല്ലാം അറിഞ്ഞിട്ടും പ്രതികരിക്കാൻ കഴിയാത്ത ഒരു അവസ്ഥയിലായിരുന്നു ഞാൻ. ആരൊക്കെയോ വന്നു വിളിച്ചു. പക്ഷേ ഒരു അപസ്മാര രോഗിയേപ്പോലെ ഞാൻ എന്തൊക്കെയോ കാണിച്ചു.
എണീറ്റ് അമ്മയുടെ അരികിലേക്ക് പോകണമെന്ന് ഒരായിരം വട്ടം മനസ്സ് കൊതിച്ചിട്ടും ശരീരം വഴങ്ങിയില്ല. വായിൽനിന്നും ഒരു വാക്കുപോലും വ്യക്തമായി പുറത്ത് വന്നില്ല.
മനസ്സിൽ അമ്മയുടെ ഓരോ ചിത്രങ്ങൾ മാറിമാറി വന്നു. വേവിച്ച കഞ്ഞി മുഴുവൻ മക്കൾക്കെല്ലാം വിളമ്പിക്കൊടുത്ത് വിശപ്പില്ല എന്ന് പറഞ്ഞ് പട്ടിണി കിടക്കുന്ന അമ്മ. എത്ര പട്ടിണിയായാലും വിശന്നു വരുന്ന ഭിക്ഷക്കാർക്കുപോലും എന്തെങ്കിലും കൊടുക്കുന്ന അമ്മ. കഞ്ഞിവെള്ളം ചോദിച്ചു വരുന്നവർക്ക് കഞ്ഞി കൊടുത്തിരുന്ന അമ്മ. ഒരിക്കൽ ദൂരെ ഒരു പറമ്പിൽ നിന്നും മുളയുടെ കടഭാഗം കൊത്തിയെടുക്കവേ കോടാലികൊണ്ട് സ്വന്തം കാലിൽ ആഞ്ഞുകൊത്തി ചോരയൊലിച്ചിട്ടും കരയാതെ എന്നെയും കൂട്ടി വൈദ്യരുടെ വീടുവരെ നടന്ന അമ്മ. അകലെ അഞ്ചു കിലോമീറ്റർ അപ്പുറമുള്ള ചന്തയിൽ നിന്നും വലിയ ഒരു വട്ടിനിറയെ സാധനങ്ങളും തലയിലേറ്റിവന്ന് ഇറയത്ത് കിടന്ന് ഇത്തിരി വെള്ളം തന്നേ എന്ന് ചോദിക്കുന്ന അമ്മ. ചെടികൾ വെട്ടുന്നതിനിടയിൽ ഓടിച്ചെന്ന് കുസൃതി കാണിച്ച എന്നെ കത്തിയുടെ മാടയാണെന്നുകരുതി മൂർച്ചയുള്ള ഭാഗം കൊണ്ടു എന്നെ അടിച്ച് തോള് മുറിഞ്ഞതും ആ അടയാളം കാണിച്ച് ഇടയ്ക്കിടെ അമ്മയെ ചൂടുപിടിപ്പിക്കുന്നതും എല്ലാം.
എന്നും ആധിയായിരുന്നു അമ്മയ്ക്ക്. കഷ്ടപ്പാടും ദുരിതവും നിറഞ്ഞ ജീവിതം. തഴപ്പായയായിരുന്നു അന്നത്തെ ഞങ്ങളുടെ വരുമാനമാർഗ്ഗം. അച്ഛന് തുച്ഛമായ ശമ്പളം. ആറു മക്കൾ. വെറുതെ ഇരിക്കുമ്പോൾ അമ്മ പറയും;
'ടാ അമ്മേടെ തലേലൊന്ന് നോക്കിയേ. കടിച്ചിട്ട് പാടില്ല'.
'അമ്മേടെ തലേല് ഒരു പേനുമില്ല. വെറുതെ പറയുന്നതാ അമ്മ.'
'അല്ല നീ നോക്ക്. വല്ല നഞ്ഞിപ്പേനും കാണും'.
ഞാൻ നോക്കുമ്പോൾ തലയിൽ പലയിടത്തായി കുത്തിത്തറച്ച കൈതോലമുള്ള് കാണും. ഓല ചെത്തുമ്പോൾ തലയിൽ വീഴുന്നതാ...
ഫോറിൻ തുണിയായിരുന്നു അമ്മയ്ക്ക് ഏറ്റവും ഇഷ്ടം. ഞങ്ങൾ മൂന്നു പേരിൽ ആരെങ്കിലും വിദേശത്ത് പോയി നല്ലൊരു ജീവിതം ഉണ്ടാവും എന്ന് അമ്മ ആശിച്ചു. പക്ഷേ വിധി എനിക്ക് ആ ഭാഗ്യം തന്നില്ല. വല്ല്യേട്ടൻ പോയിട്ടും അമ്മയുടെ ഒരാഗ്രഹവും സാധിച്ചുകൊടുത്തില്ല. എന്തൊക്കെ മോഹങ്ങളായിരുന്നു അമ്മയ്ക്ക്. എല്ലാം ഓർത്ത് എന്റെ മനസ്സും മിഴികളും നിറഞ്ഞൊഴുകി.
കുറെക്കഴിഞ്ഞ് ചിതയൊരുക്കി അവസാന നിമിഷത്തിലാണ് ആരോ എന്റെ ശരീരത്തിന്റെ നഷ്ടപ്പെട്ട ബലം തിരിച്ചുതന്നത്. ഞാൻ കണ്ണുതുറന്നു. വേഗം എഴുന്നേറ്റ് പുറത്തുപോയി ഒരു വലിയ വട്ടക വെള്ളം പൊക്കിയെടുത്തു തലയിലൊഴിച്ച് ചിതയിൽ വെച്ച എന്റെ എല്ലാമായ അമ്മയുടെ അടുത്ത് ചെന്ന് അന്ത്യചുംബനം നൽകി. അതുവരെ അടക്കിവെച്ച ശബ്ദം പുറത്തുവന്നു. ഞാൻ വാവിട്ടു കരഞ്ഞു.
ചലിക്കുന്ന ഒരു പാവപോലെ ഞാൻ എല്ലാം ചെയ്തു.
അമ്മ പലപ്പോഴും പറയുമായിരുന്നു;
'ഞാൻ ചാവുമ്പൊ എന്നെ കത്തിക്കണ്ട ഇനിക്ക് തീ വെക്കണത് പേടിയാണ് ' എന്ന്. പക്ഷേ എനിക്ക് ഒന്നും പറയുവാൻ കഴിഞ്ഞില്ല. അമ്മയുടെ ചിരിക്കുന്ന മുഖം എന്നെന്നേക്കുമായി ആരോ മൂടിക്കെട്ടി.
അവസാനം ആ ചിതയിൽ എന്റെ അമ്മ. .....
ഒരു വാക്ക് ആരെങ്കിലും എന്നോട് പറഞ്ഞിരുന്നുവെങ്കിൽ..... അമ്മയ്ക്ക് മരിക്കുവാനുള്ള അസുഖമായിരുന്നുവെന്ന്.... അമ്മയ്ക്ക് ക്യാൻസർ ആണെന്ന് ആരും എന്നെ അറിയിച്ചില്ല..... മനസ്സിന്റെ സമനില വീണ്ടെടുക്കാൻ എനിക്ക് പിന്നേയും കുറെ സമയം വേണ്ടിവന്നു.
ഇതിനിടയിൽ ആരോ ചോദിച്ചു;
'മോഹന് ഇതുപോലെ അസുഖം വരാറുണ്ടോ?' എന്ന്.
ഇല്ല. എനിക്കും അത് പുതിയ അനുഭവമായിരുന്നു.
രാത്രി തീരെ ഉറക്കം വന്നില്ല. കണ്ണടച്ചാൽ അമ്മയുടെ മുഖം. ഇടക്ക് അമ്മ പറയുമായിരുന്നു;
'ഞാനും വരാം നിന്റെ വീട്ടില്ക്ക്' എന്ന്. പക്ഷേ ഞാൻ പറയും വേണ്ട എന്ന്. ആകെ ഒരു ദിവസമാണ് അമ്മ അവിടെ താമസിച്ചത്. അടുത്ത് ആശുപത്രിയില്ല. ബസ്സ് കയറാൻ കുറെ നടക്കണം. ഇതൊക്കെ തടസ്സമായിരുന്നു. എല്ലാറ്റിലുമുപരി എന്റെ അവസ്ഥ അമ്മ അറിയാതിരിക്കട്ടെ എന്നതായിരുന്നു. എന്റെ എല്ലാ പ്രതീക്ഷകളും തകർന്നടിഞ്ഞു..... അടുത്ത ജന്മത്തിലും ആ അമ്മയുടെ മകനായി പിറക്കണേ എന്ന് ഞാൻ കരഞ്ഞു പ്രാർത്ഥിച്ചു.
രാത്രിയിൽ സ്വപ്നത്തിൽ അമ്മയുടെ ചിരിക്കുന്ന മുഖം! അമ്മ വന്ന് അരികിലിരുന്നു പറയുന്നു;
'എന്റെ മോൻ വെഷമിക്കണ്ടാ ട്ടാ... '
വർഷങ്ങൾ പതിനാറ് കഴിഞ്ഞു. ഇന്നും ഇടയ്ക്കിടെ സ്വപ്നത്തിൽ വരും അമ്മ... കൂടെ അച്ഛനും. ഒരു ദിവസം അച്ഛനുമമ്മയും വന്ന് സ്വപ്നത്തിൽ എന്റെ അരികിൽ വന്ന് എന്നെ പുതപ്പിച്ചു കിടത്തുന്നു. നല്ല തിളക്കമുള്ള വസ്ത്രമായിരുന്നു രണ്ടു പേർക്കും. എവിടെയോ യാത്ര പോവുകയാണ്. പക്ഷേ എന്നെവിട്ട് പോകാൻ കഴിയാതെ അവര് കരയുകയാണ്. എന്താന്ന് ഞാൻ ചോദിച്ചപ്പോൾ വിങ്ങിപ്പോട്ടി കരഞ്ഞ് അമ്മ പറയാണ്;
'എന്തിനാ ന്റെ മോനിങ്ങനെ ആരുല്ല്യാണ്ട് കെടന്ന് കഷ്ടപ്പെടണത്' എന്ന്.
തേങ്ങിക്കരഞ്ഞു ഞാൻ ഉണർന്നപ്പോൾ ആരേയും കണ്ടില്ല. എന്റെ കണ്ണുകൾക്ക് കാണാൻ കഴിയില്ലെങ്കിലും എന്റെ അരികിലെവിടെയോ അവരുണ്ടെന്ന് എനിക്കറിയാം. ആ വിളി ഞാൻ ഇപ്പോഴും കേൾക്കുന്നു....
'മോനേ.................!
***മണികണ്ഠൻ അണക്കത്തിൽ***
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക