Slider

മലമുകളിലെ റാന്തൽ വെളിച്ചം

0
Image may contain: 2 people
ഓരോ അടിയും മുന്നോട്ടു വെക്കുമ്പോഴും , കാലിലൂടെ അരിച്ചു കയറുന്ന കൊടും തണുപ്പ് തന്റെ ഹൃദയമിടുപ്പു ഇപ്പോൾ തന്നെ നിർത്തി കളയും എന്ന് ശരത്തിനു തോന്നി . മല കയറാൻ നേരം കഴിച്ച നാല് പെഗ് മാജിക് മൊമെന്റ് എവിടെ പോയെന്നു അറിഞ്ഞു കൂടാത്ത അവസ്ഥ . ജീൻസിന്റെ ഷർട്ടും പാന്റുമാണ് , പോരാത്തതിന് ഓവർ കോട്ടും തൊപ്പിയും , കൈ രണ്ടും നീളൻ ഉറകൾക്കു ഉള്ളിലാണ് . കാലിൽ പഴയ ഏതോ ജെയിംസ് ബോണ്ട് സിനിമയെ ഓർമ്മപ്പിക്കുന്ന തരത്തിലുള്ള , ഷൂസുകളും . എന്നിട്ടും ഈ തണുപ്പ് ശരീരം ആകമാനം മരവിപ്പിച്ചു കളയുന്നു
ഒരു സിഗരറ്റ് വലിയ്ക്കണമെന്നു കലശലായ ആഗ്രഹം തോന്നി അയാൾക്ക്‌ .പക്ഷെ ആഞ്ഞു വീശുന്ന ഈ പിശറൻ കാറ്റിൽ എങ്ങനെ സിഗരറ്റ് കത്തിക്കും . നടക്കുക തന്നെ ..ചുറ്റും വളരെ ഉയരത്തിൽ , ആകാശ കുട വിരിച്ചു നിൽക്കുന്ന വന്മരങ്ങളുടെ ഇടയിലൂടെ അയാൾ കാലുകൾ ഉറച്ചു ചവിട്ടു മുകളിലേക്ക് നടന്നു .
കുറെ നാളുകൾ കൊണ്ടുള്ള ആഗ്രഹമാണ് , മരണാന്തര ജീവിതത്തെ പ്രതിപാദിക്കുന്ന ഒരു കഥ എഴുതണം എന്നുള്ളത് . ഒരുപാട് പുസ്തകങ്ങൾ വായിച്ചു . എവിടെയൊക്കെയോ മനസ്സിൽ കൊത്തി വലിക്കുന്ന ഒരു ത്രെഡ് കിടപ്പുണ്ട് .പക്ഷെ ,ഡിസംബർ മാസത്തിൽ മഞ്ഞു മൂടി കിടക്കുന്ന പാരീസിലെ നീളൻ വഴികൾ പോലെ അവ്യക്തം . മുന്നോട്ടു ഏതു വഴി , എങ്ങനെ ..എന്നൊന്നും അറിഞ്ഞു കൂടാ. വീട്ടിൽ ഇരുന്നാൽ എഴുത്തു നടക്കില്ല എന്ന് പൂർണ ബോധ്യം ഉള്ളത് കൊണ്ടാണ് , ഒറ്റപ്പെട്ട ഒരു സ്ഥലം അന്വോഷിച്ചു തുടങ്ങിയത് .
കൂടെ വർക്ക് ചെയുന്ന രമേശ് ആണ് ഈ സ്ഥലത്തെ കുറിച്ച് പറഞ്ഞത് . കേട്ടപ്പോൾ തന്നെ വല്ലാത്ത ത്രില്ലിംഗ് ആയി . മൂന്നാറിനും , പൂപ്പാറക്കും , ആനച്ചാൽ വെള്ളച്ചാട്ടത്തിനു ഒക്കെ ഇടക്കുള്ള ഒരു സ്ഥലം . പൂപ്പാറയിൽ നിന്നും ചതുരംഗ പറ എത്തണം ..അവിടെ നിന്നും ചെമ്മണ്ണാർ പോകുന്ന വഴി ഒരു മൂന്നു കിലോമീറ്റര്‍ , അവിടെ നിന്നും ഒരു തിരുവ്..കുറച്ചു മുന്നോട്ട് പോയാല്‍ പിന്നെ , കാട്ടു വഴിയാണ് .മഞ്ഞു മൂടി കിടക്കുന്ന മലഞ്ചെരുവിലൂടെ വളഞ്ഞും പുളഞ്ഞും കിടക്കുന്ന വഴി ..ഒരു അഞ്ചു കിലോമീറ്റര്‍ മുന്നോട്ടു വണ്ടി ചെല്ലും ..പിന്നെ മല മുകളിലേക്ക് നടന്നു തന്നെ കയറണം .വഴി ഉണ്ടോ ഇല്ലയോ എന്ന് തീര്‍ച്ചയില്ലാത്ത അവസ്ഥ ..അവിടെ ഒരാള്‍ കാണും എന്നാണു രമേശ്‌ പറഞ്ഞത് ..അയാളുടെ ഏതോ ബന്ധുവിന്റെ വക റിസോര്‍ട്ട് ആയിരുന്നു .കുറെ നാളായി അവിടെ ആരും താമസിക്കാറില്ല. ഏതോ ഒരു മുനിചാമി യോ ..പളനി ചാമിയോ മറ്റോ ആണ് , ഇപ്പോള്‍ അത് നോക്കുന്നത് .പിന്നെ ഒന്നും ആലോചിച്ചില്ല . വീട്ടില്‍ രജനിയോട്‌ ഒരു യാത്ര പോകുന്നു എപ്പോള്‍ വരുമെന്ന് അറിയില്ല എന്ന് മാത്രം പറഞ്ഞു. ഫോണിനു റേഞ്ച് ഇല്ലാന്നും , അവള്‍ കേട്ടോ അറിയില്ല .ഒന്ന് മൂളിയെന്ന് തോന്നുന്നു . മലയുടെ താഴെ വരെ പൂപ്പാറയില്‍ നിന്നും പിടിച്ച ഒരു ജീപ്പില്‍ എത്തപ്പെട്ടു .. ഏകദേശം ഒരു മണിക്കൂറായി കാണും നടന്നു തുടങ്ങിയിട്ട് , വഴി മഞ്ഞും ഇരുളും ചേര്‍ന്ന് മറയ്ക്കുന്നു . ഇനി ഏറെ ഇല്ലാ എന്ന് മനസ്സ് പറയുന്നു .തഴുകി പോകുന്ന മഞ്ഞു കാറ്റില്‍ സ്വയം മറന്നു ശരത് മുന്നോട്ടു നടന്നു ...
കൈയ്യിൽ കരുതിയിരുന്ന പെൻ ടോർച്ചിന്റെ ചെറിയ വെട്ടം മാത്രമാണ് തുണ . ഇരു വശങ്ങളിലും അരയൊപ്പമാണ് നീളൻ പുല്ലുകൾ വളർന്നു നിൽക്കുന്നത് . മുന്നോട്ടു നടക്കും തോറും , അത് വരെ ഇല്ലാത്ത ഒരു ഭയം അയാളെ പിടികൂടുന്ന പോലെ , പിന്നിലും , ഇരു വശങ്ങളിലും തന്റേതല്ലാത്ത , കാലടി ശബ്ദം ..ചെവിക്കു തൊട്ടു പുറകിൽ , കിതപ്പിന്റെ നേരിയ അലകൾ ...കുട്ടിക്കാലത്തെന്നോ വായിച്ച , അപസർപ്പക കഥയിലെ സംഭവങ്ങൾ അയാളുടെ ബോധ മണ്ഡലങ്ങളെ ഭീതിയുടെ ആഴങ്ങളിലേക്ക് എത്തിച്ചു . എത്താറായോ ....മഞ്ഞിന്റെ കറുത്ത കമ്പളത്തിനപ്പുറം , ഒരു റാന്തലിന്റെ വെളിച്ചം . ഉള്ളിൽ വല്ലാത്തൊരു ആശ്വാസം തോന്നി ശരത്തിനു ..ഇനി വളരെ കുറച്ചു ദൂരം മാത്രം . സൂചി പോലെ കുത്തിയിറങ്ങുന്ന മഞ്ഞിൽ നിന്നും രക്ഷ നേടാൻ അയാൾ കൈകൾ ചേർത്ത് തിരുമ്മി .
പെട്ടെന്ന് , പിന്നിൽ ആരോ മാറിയ പോലെ , തിരിഞ്ഞു നോക്കിയ ശരത്തിനു പിന്നിൽ , കട്ട പിടിച്ച ഇരുളും , മഞ്ഞിന്റെ മറയും മാത്രം . അയാൾക്ക് തന്നെ അത്ഭുതം തോന്നി ..ഈ ഇരുട്ടിലൂടെ , ഒരിയ്ക്കലും സഞ്ചരിച്ചിട്ടില്ലാത്ത വഴിയിലൂടെ ഞാൻ ഇവിടെ വരെ എങ്ങനെ എത്തി . വെട്ടി നിർത്തിയ പുൽമുറ്റവും കഴിഞ്ഞു , ഉരുളൻ കല്ല് നിരത്തിയ , ആ റിസോർട്ടിന്റെ മുന്നിലേക്ക് അയാൾ മെല്ലെ നടന്നു . ചുറ്റും ഉയർന്നു നിൽക്കുന്ന മല നിരകൾ , ഇടയിൽ അവിടവിടെയായി ഉയർന്നു നിൽക്കുന്ന വന്മരങ്ങൾ . താൻ എവിടെയാണ് ... നാടും വീടും വിട്ടു ...ഒറ്റയ്ക്ക് ...ഇവിടെ വെച്ച് താൻ മരണപ്പെട്ടാൽ പോലും ആരും അറിയില്ല . ബോഡി പോലും ആർക്കും കിട്ടില്ല .വിട്ടു മാറിയെന്നു കരുതിയ ഭയം .വീണ്ടും പിടി മുറുക്കുന്നു ...
ചുറ്റും പാറക്കല്ലുകൾ കൊണ്ട് കെട്ടിയ , ഒരു നീളൻ കെട്ടിടം . ..ആകപ്പാടെ പൊട്ടി പൊളിഞ്ഞ ഭിത്തികൾ , ചില്ലിട്ട , മങ്ങിയ വെള്ള പെയ്‌ന്റിൽ മുങ്ങി നിൽക്കുന്ന ജനാലകൾ . മുറ്റത്തേക്ക് ഇറങ്ങി നിൽക്കുന്ന പോർച്ച് . അവിടെയാണ് ആ റാന്തൽ വിളക്ക് തൂക്കിയിരിക്കുന്നതു . കാറ്റിൽ മെല്ലെ ആടുന്ന ആ വിളക്കിനു ചുറ്റും മഞ്ഞിനെ കീറി മുറിച്ചു ഒഴുകി ഇറങ്ങുന്ന മങ്ങിയ വെളിച്ചം .
മുനിച്ചാമി യെയാണ് ശരത് ആദ്യം തിരഞ്ഞത് ..കുറെ തവണ വിളിച്ചു നോക്കിയെങ്കിലും ആരുടേയും പ്രതികരണം കേൾക്കുന്നില്ല . രണ്ടും കൽപ്പിച്ചു അകത്തേയ്ക്കു കയറാൻ തന്നെ അയാൾ തീരുമാനിച്ചു . അടഞ്ഞു കിടന്ന വാതിൽ , ചെറുതായി ഒന്ന് തള്ളിയപ്പോഴേ , ആരെയോ പ്രതീക്ഷിച്ച പോലെ , രണ്ടു പാളികൾ ചേർന്ന ആ വാതിൽ മുഴുവനായി അയാൾക്ക് മുന്നിൽ തുറന്നു . പെൻ ടോർച്ചിന്റെ പ്രകാശത്തിൽ ഭിത്തിയിൽ പരതവേ , മാറാല പിടിച്ചൊരു സ്വിച്ച് അയാളുടെ ദൃഷ്ടിയിൽ പതിഞ്ഞു . കൈകൾ സ്വിച്ചിൽ അമർന്നു അയാൾക്ക് ഓർമ്മയുണ്ട് ....പിന്നെ ..മുന്നിൽ , ഒന്നിന് പുറകിൽ ഒന്നായി തെളിഞ്ഞു വരുന്ന ബൾബുകൾ .. രണ്ടു മിനിറ്റിനുള്ളിൽ ആ കെട്ടിടം മുഴുവൻ പ്രകാശ വലയത്തിനുള്ളിലായി ...
മുന്നിൽ ഒരു വലിയ ഹാൾ , ഭിത്തിയിൽ നിറം മങ്ങിയ ചില ചുവർ ചിത്രങ്ങൾ . ഹാളിന്റെ മധ്യത്തിലായി വെള്ള ശീല വിരിച്ച , ഒരു കൂറ്റൻ മേശ . മേശയിൽ ആരോ വിളമ്പി മൂടി വെച്ചത് പോലെ കുറെ പാത്രങ്ങൾ ...ആകെ സ്തബ്ധനായി നിന്ന് പോയ അയാളുടെ പിന്നിൽ , ശബ്ദമില്ലാതെ അടഞ്ഞ വാതിൽ അയാൾ കണ്ടില്ല .. മുറ്റത്തെ , പോർച്ചിൽ ബോഗൻ വില്ല പടർന്നു കയറിയ ഇരുമ്പു തൂണിൽ , തൂക്കിയിരുന്ന റാന്തലിന്റെ ആട്ടം നിന്നതും , ആരോ ഊതി കെടുത്തിയ പോലെ ആ പ്രകാശം അണഞ്ഞതും ശരത് അറിഞ്ഞില്ല ..ഏതോ മായ വലയത്തിൽ എന്ന പോലെ അയാളാ മേശയുടെ അടുത്തേക്ക് നടന്നു .......
മല മുകളിലെ റാന്തല്‍ വെളിച്ചം ( ഭാഗം : രണ്ട് )
*********************************************
ഉള്ളിൽ ഭയത്തിന്റെ ഒരു വലിയ കടൽ ആർത്തിരമ്പിയിട്ടും , ശരത് , മെല്ലെ മുന്നോട്ടു നടന്നു . വായിച്ച കൂട്ടിയ പുസ്തകങ്ങളിൽ , ആത്മാക്കളെയും പ്രേതങ്ങളെയും കുറിച്ച് ഒരുപാട് വായിച്ചിട്ടുണ്ട് .മരണത്തിനു ശേഷം ഒരു ആത്മാവിനും ജീവനുള്ള ഒരാളെയും ഉപദ്രവിക്കാൻ കഴിയില്ല എന്ന് തന്നെയാണ് വിശ്വാസം . ഒരേ വേവ് ലെങ്ങ്തിൽ ചിന്തിക്കുന്നവരുമായി ചില ആത്മാക്കൾ സംവേദിക്കാറുണ്ടത്രെ . ഉള്ളു മരയ്ക്കുന്ന തണുപ്പിലും ശരത്തിന്റെ നെറ്റിയിലൂടെ വിയർപ്പു പൊടിഞ്ഞു .
തോളിലൂടെ ഊർന്നിറങ്ങിയ ബാഗ് നിലത്തു വെച്ച് , അയാൾ മുന്നോട്ടു നടന്നു . എവിടെ ഒക്കെയോ കൂമൻ ഒച്ച ഇടുന്നതു അയാൾക്ക് വ്യക്തമായി കേൾക്കാമായിരുന്നു . മേശയുടെ തൊട്ടു അരികിൽ എത്തിയതും പിന്നിലെ വാതിൽ തുറന്നടഞ്ഞതും പെട്ടെന്നായിരുന്നു . ശരത് ഞെട്ടി തിരിഞ്ഞു . പ്രകാശത്തിനു പിൻ തിരിഞ്ഞു ഒരു കറുത്ത രൂപം . ഒരുപാട് ഉയരം തോന്നിക്കുന്ന ഒരു മനുഷ്യരൂപം .ആ രൂപം മെല്ലെ മുന്നോട്ടു നീങ്ങി . ശരത്തിന്റെ തൊണ്ട വരണ്ടു . അയാൾ നാക്കു നീട്ടി ചുണ്ടുകൾ നനച്ചു .
" സാർ വന്നിട്ട് ഒരുപാട് നേരമായോ ... "
വെളിച്ചത്തേയ്ക്കു നീങ്ങി നിന്ന് , നന്നേ ഉയരമുള്ള , ശരീരം മുഴുവൻ കരിമ്പടം കൊണ്ട് പുതച്ച , തലയിലും മുഖത്തും വെള്ളി നിറമുള്ള രോമങ്ങൾ ഉള്ള ഒരു വൃദ്ധൻ ചോദിച്ചു . ശരത് അയാളെ കാണുകയായിരുന്നു , നീണ്ട മുഖം , വെളുത്ത കൊലുന്നനെ ഉള്ള ശരീരം . കൈകളിലെ നീണ്ട വിരലുകൾ പ്രഗത്ഭനായ ഏതോ ചിത്രകാരനെ ഓർമ്മിപ്പിക്കുന്നു .ആഴമുള്ള കണ്ണുകൾ ചുവന്നു കിടക്കുന്നു , അസ്തമനം സമയത്തെ ചെഞ്ചായം പൂശിയ ആകാശം പോലെ . ആ കണ്ണുകൾക്ക് വല്ലാത്തൊരു ആജ്ഞാ ശക്തി ഉള്ളത് പോലെ ശരത്തിനു തോന്നി .
"സർ ..ഞാൻ സക്കറിയ , മുനിച്ചാമിയുടെ മോൾക്ക് എന്തോ ദീനം , അയാൾ എന്നെ താക്കോൽ ഏൽപ്പിച്ചു , രാവിലെ പോയി .
സർ എപ്പോൾ വന്നു ."
അയാൾ കുറച്ചു കൂടി , അടുത്തേയ്ക്കു വന്നു . അയാളുടെ ശബ്ദത്തിനു വല്ലാത്ത മുഴക്കം . അയാളുടെ ഗന്ധം , എന്നോ , കൂട്ടുകാരന്റെ ഡെഡ് ബോഡി തിരിച്ചറിയാൻ മോർച്ചറിയിൽ കയറിയപ്പോൾ അനുഭവപ്പെട്ട അതെ ഗന്ധം .
" ഞാൻ ..ഇപ്പോൾ വന്നതേ ഉള്ളൂ ..." ശരത്തിന്റെ ശബ്ദം വിറച്ചു .
അയാൾക്കിപ്പോൾ ശരത്തിനെ തൊടാം അത്ര മാത്രം അടുത്ത് .
" സർ എഴുത്തുകാരൻ ആണല്ലേ , കഥ എഴുതാൻ വന്നതാ ...."
ങ്ങും ...ശരത് മെല്ലെ മൂളി .
കമഴ്ത്തി വെച്ചിരുന്ന , വെളുത്ത കുപ്പി പ്ലേറ്റ് എടുത്തു തുടച്ചു കൊണ്ട് അയാൾ ചോദിച്ചു , " സർ ഇപ്പോൾ കഴിക്കുന്നു ...അതോ കുളിച്ചിട്ടോ..."
അയാളുടെ ചലനത്തിലും ചോദ്യത്തിലും ഒക്കെ ഒരു യാന്ത്രികത .
"കുളി ..കുളി നാളെ ആകാം ."
ശരത് , നിലത്തു വീണു പോയ ബാഗിന്റെ ഉള്ളിൽ നിന്നും പാതിയും തീർന്ന മാജിക് മൊമെന്റിന്റെ കുപ്പി എടുത്തു .അടപ്പു തുറന്നു , വെള്ളം പോലും ചേർക്കാതെ ,നേരെ വായിലേക്ക് കമഴ്ത്തി .തൊണ്ട പൊള്ളുന്നു . അയാൾ മെല്ലെ കസേരയിലേക്ക് വീണു .
" സക്കറിയ ഇരിക്കൂ ......" ശരത് മെല്ലെ പറഞ്ഞു ...
നിങ്ങൾക്ക് ഇപ്പോൾ എത്ര വയസ്സുണ്ട് ... ?
അയാൾ ചിരിച്ചു .. അറിയില്ല സർ ..എങ്കിലും ഒരു എൺപത്തി അഞ്ചു കൂട്ടിക്കോ ..
അയാൾ ഗ്ലാസ്സുകൾ വൃത്തിയാക്കാൻ തുടങ്ങി .
കുടുംബം ... ??
എന്താ സർ , എന്നെ പറ്റി കഥയെഴുതാൻ ആണോ ...?
അയാൾ നീക്കി വെച്ച ഗ്ലാസ്സിലേക്കു , ശരത് ബാക്കി ഇരുന്ന മദ്യം പകർന്നു .
" ഞാൻ നിങ്ങളെ തിരക്കിയാണ് , ഇവിടെ വരെ എത്തിയത് , എന്നൊരു തോന്നൽ .."
ശരത് മദ്യം , അയാൾക്ക് നേരെ നീക്കി വെച്ചു .ശരത്തിനു നേരെ നോക്കാതെ , ഒറ്റ വലിക്കു അയാളത് അകത്താക്കി ...
അല്പ നേരത്തേക്ക് , കട്ട പിടിച്ച മഞ്ഞും മൗനവും മാത്രം . കുപ്പിയിൽ ബാക്കി ഇരുന്ന മദ്യം കൂടി അയാൾ അകത്താക്കി .ശരത് വെറുതെ അയാളെ നോക്കി ഇരുന്നു . ചിറി തുടച്ചു , മീശയും താടിയും ഒന്ന് തടവി അയാൾ ശരത്തിനെ നോക്കി .
" എഴുത്തുകാരാ ...................എന്നെ തിരഞ്ഞു വരാൻ നിങ്ങൾ പോലീസ് കാരൻ ഒന്നും അല്ലല്ലോ ...."
ശരത്തിന്റെ നോട്ടത്തിൽ ചോദ്യം നിഴലിച്ചു ...
" ഹഹ ..നോക്കണ്ടാ ...നിങ്ങൾ ഇപ്പോൾ പോലീസ് ആയാലും എനിക്കെന്തു , ഇനി ഇപ്പോൾ എൺപത്തിയഞ്ചാം വയസ്സിൽ ജയിലിൽ പോയാലും എനിക്കെന്തു .. ഈ കൊലപാതകം ചെയ്‌താൽ ..തൂക്കി കൊല്ലുമോ ...."
ശരത് ഒന്ന് ഞെട്ടി ....
" നിങ്ങൾ ചോദിച്ചില്ലേ കുടുംബം .. ഭാര്യ ..കുട്ടികൾ , ഉണ്ടായിരുന്നു . പിന്നെ എന്റെ സ്വസ്ഥതക്കു ഭംഗം വരുന്നു എന്ന് തോന്നിയപ്പോൾ , ഞാൻ തന്നെ അങ്ങ് കൊന്നു ... "
അയാളുടെ കണ്ണുകൾ കുറുകി .
" മദ്യം തീർന്നോ ..." അയാൾ കാലിയായ കുപ്പിയിലേക്ക് കൈകൾ ചൂണ്ടി . ബാഗിൽ നിന്നും വീണ്ടും ഒരു കുപ്പി കൂടി ശരത് എടുത്തു പുറത്തേക്കു വെച്ചു .....
" മാന്ത്രിക നിമിഷങ്ങൾ ....." സക്കറിയ ചിരിച്ചു .
ഗ്ലാസ് , രണ്ടു പ്രവശ്യം നിറയുകയും കാലിയാവുകയും ചെയ്തു .
" എന്തിനും ഏതിനും ചോദ്യങ്ങൾ .. ജോലിക്കു പോയിട്ട് വന്നാൽ സമാധാനം തരില്ല ..സ്വസ്ഥമായി അൽപ സമയം ഇരുന്നു വായിക്കാനും , എഴുതാനും പറ്റില്ല ... കുറെ ക്ഷമിച്ചു , പിന്നെ ഒരുനാൾ എന്റെ ഒരു സീക്രെട് റിലേഷൻഷിപ് അവൾ കണ്ടു പിടിച്ചു .... അന്ന് ഞാൻ നന്നായി മദ്യപിച്ചിരുന്നു . ഇതേ ബ്രാൻഡ് .." മാന്ത്രിക നിമിഷങ്ങൾ "... ഞാൻ ആണോ അത് ചെയ്തതെന്ന് എനിക്കറിയില്ല . പക്ഷെ ബോധം വരുമ്പോൾ , എനിക്ക് മുൻപിൽ രണ്ടു ശവങ്ങൾ ....
ശരത്തിന്റെ ശിരസ്സിലൂടെ ഒരു കൊള്ളിമീൻ പാഞ്ഞു പോയി .അയാൾ ഒരു സിഗരറ്റിനു തീ പിടിപ്പിച്ചു . ഒരെണ്ണം സക്കറിയക്കു നീട്ടി .
" പിന്നെ പലായനം ...നാട്ടിൽ നിന്ന് ഈ കാട്ടുമുക്കിലേക്കു , ആരും തിരിച്ചറിയാതെ , ആർക്കു പിടികൊടുക്കാതെ , ഇവിടെ ...ഇങ്ങനെ .. "
ശരത് ഗ്ളാസ്സിലേക്കു മദ്യം പകർന്നു .
" നിങ്ങളെ കണ്ടപ്പോൾ , നാൽപതു വര്ഷം മുന്നത്തെ , എന്നെ തന്നെ എനിക്ക് ഓർമ്മ വന്നത് പോലെ ..."
അയാളുടെ കൂർത്ത നോട്ടം , ശരത്തിന്റെ മുഖത്തേയ്ക്കു .
ശരത്തിന്റെ കൈ വിറച്ചു . മദ്യം തുളുമ്പി .
" ഹഹ ....എന്താ ഏഴുത്തുകാരാ , കൈ വിറയ്ക്കുന്നല്ലോ ......."
പെട്ടെന്ന് , ശരത്തിന്റെ ഫോൺ ശബ്ദിച്ചു . ഇവിടെ റേഞ്ച് ഇല്ലാന്നാണല്ലോ രമേശ് പറഞ്ഞത് ....
" ചില സമയങ്ങളിൽ , കാറ്റിന്റെ ഒപ്പം ചിലർ നമ്മളെ ഇങ്ങനെ തേടി വരും ഏഴുത്തുകാരാ ... നമ്മൾ എത്രയൊക്കെ വേണ്ടെന്നു വെച്ചാലും ... ...."
സക്കറിയ ചിരിച്ചു . അയാളുടെ കൂർത്ത അണപ്പല്ലുകൾ തിളങ്ങി .
ശരത് ഫോൺ എടുത്തു . രജിനിയാണ് . അയാൾ കോൾ കട്ട് ചെയ്തു .
" എന്റെ ഭാര്യയാണ് ... അവർ ഇപ്പോഴും ജീവനോടെ ഉണ്ട് ..."
അമർഷത്തോടെ അയാൾ , സക്കറിയെ നോക്കി . അയാളുടെ ചുണ്ടത്തു , താൻ കൊടുത്ത സിഗരറ്റ് ചുവന്നു കത്തുന്നു . ഇപ്പോൾ അയാൾ വെളിച്ചത്തിനു തിരിഞ്ഞാണ് ഇരിക്കുന്നത് . കറുപ്പിൽ ഒരു ചുവന്ന വെട്ടം .
" എനിക്കും കുറെ നാൾ ഇങ്ങനെ തോന്നിയിരുന്നു . അവൾ മരിച്ചിട്ടില്ല എന്നും , അവൾ എന്റെ കൂടെ ഉണ്ട് എന്നും ..ചില ആത്മാക്കൾ അങ്ങനെയാണ് . മരിച്ചാലും ചിലരെ വിട്ടവർ പോകില്ല .വായിച്ചിട്ടില്ലേ , മനുഷ്യ ശരീരത്തില്‍ മൂന്നു ഘടകങ്ങള്‍ ഉണ്ടെന്നു ദേഹം , ദേഹി ..ആത്മാവ് ..ഇതിൽ, ദേഹത്തില്‍ നിന്നും ദേഹി വേര്‍പെടുമ്പോള്‍ ഒരുവന്‍ അല്ലെങ്കില്‍ ഒരുവള്‍ മരണപ്പെടുന്നു .ശേഷം ദേഹം മണ്ണിൽ ചേരുന്നു ..ദേഹി , നമുക്കറിയാത്ത ഒരു ലോകത്തേക്കും ,പക്ഷെ ആത്മാവ് കുറച്ചു നാൾ ഈ ലോകത്തു തന്നെ തുടരും .. അവർക്കു പ്രീയപ്പെട്ടവരുടെ കൂടെ , ചിലപ്പോൾ അവരുടെ ശത്രുക്കളുടെ കൂടെയും .."
" ചിലര്‍ സ്നേഹത്തിന്റെ ആഴം കൊണ്ട് ആ സാന്നിധ്യം തിരിച്ചറിയും ..ചിലര്‍ ഭയം കൊണ്ടും ... നിങ്ങൾക്ക് ഇതില്‍ ഏതാണ് എഴുത്തുകാരാ ....സ്നേഹമോ ...അതോ ഭയമോ ...."
സക്കറിയയുടെ കൂര്‍ത്ത നോട്ടത്തിന്റെ മൂര്‍ച്ചയെ താങ്ങാനാവാതെ ശരത് തല കുനിച്ചു ...
മലമുകളിലെ റാന്തൽ വെളിച്ചം
ഭാഗം : മൂന്ന് (അവസാനം )
****----*******-------******--------
മുന്നിൽ നടക്കുന്നത് സ്വപ്നമാണോ യാഥാർഥ്യമാണോ എന്നുള്ളത് ശരത്തിനു സംശയം . എന്നത്തേയും പോലെ താൻ ഓഫീസിൽ നിന്നും ഇറങ്ങി, സുബാഷ് പാർക്കിൽ ഇലകൾ തണൽ വിരിച്ച ആ വലിയ അത്തിമരത്തിനു കീഴെ കിടക്കുകയും, അർദ്ധ ബോധത്തിന്റെ അവസ്ഥയിൽ.. സുഖമായ ഒരു സുഷുപ്തിക്കു തൊട്ടു മുൻപുള്ള നിമിഷത്തിൽ കാണുന്ന സ്വപ്നത്തിൽ മാത്രമാണ് ഞാൻ... ബാക്കി എല്ലാം വെറും തോന്നലുകൾ മാത്രമാണ്... അയാൾ ഉറക്കത്തിൽ നിന്നും ഉണരാൻ എന്ന വണ്ണം തല ഒന്ന് രണ്ട് പ്രാവശ്യം വെട്ടിച്ചു നോക്കി...
" നിങ്ങൾ ഉറങ്ങുകയല്ല എഴുത്തുകാരാ... "
ചെവിയുടെ തൊട്ടു പിറകിൽ ആ സ്വരം.. അയാൾ ഞെട്ടി തിരിഞ്ഞു, തൊട്ടടുത്ത്‌ അയാൾ സക്കറിയ... കണ്ണുകൾ തുറന്നടച്ചിട്ടും താൻ ഇവിടെ തന്നെയാണ്.. ഈ മലമുകളിലെ ഒറ്റപ്പെട്ട റിസോർട്ടിൽ.. തൊട്ടടുത്ത്‌ അയാളും ഉണ്ട്.. ജീവിക്കുന്നതോ അല്ലെങ്കിൽ മുൻപെങ്ങോ ഈ കാടിനുള്ളിൽ ആരും അറിയാതെ മരണപ്പെട്ട പോയതോ ഒരു ആത്മാവ്.. സക്കറിയ.. എന്നെ തൊടാൻ അയാൾക്കാവില്ല.. ഒരിക്കലും ശരത് ആശ്വസിക്കാൻ ശ്രമിച്ചു.
" നിങ്ങൾ അരുന്ധതിയെ ഓർക്കുന്നോ എഴുത്തുകാരാ... "
ശരത്തിനു തലയ്ക്കു പിന്നിൽ ആരോ കൂടം കൊണ്ട് അടിച്ച പോലെ തോന്നി...
അരുന്ധതി... ഒറ്റയാക്കപ്പെട്ട സായന്തനങ്ങളിൽ തനിക്കൊപ്പം വന്മരത്തിന്റെ നിഴൽ പങ്കിട്ടവൾ.. എന്നാണു ആദ്യം കണ്ടതെന്നോ... എന്നാണു അവസാനം പിരിഞ്ഞതെന്നോ ഓർമ്മപ്പെടുത്താൻ കഴിയാത്തവൾ.. കാറ്റിൽ പറന്നു മുഖത്ത് തട്ടി അപ്രത്യക്ഷമാകുന്ന ഹിമകണം ഒന്നു കണക്കെ തണുത്ത കൈകൾ ഉള്ളവൾ.. വിടർന്ന ചുണ്ടുകളും കട്ടിയുള്ള പീലികൾ നിറഞ്ഞ കണ്ണുകളും ഉള്ളവൾ..... ഇയാൾ എങ്ങനെ......
അത്ഭുതം ഭീതിയും കലർന്ന ശരത്തിന്റെ നോട്ടത്തിനു മുന്നിൽ അയാൾ ഒന്നു ചിരിച്ചു. ശബ്ദമില്ലാതെ വായ പിളർന്ന്‌...
" എനിക്ക് അല്പ സ്വല്പം പാരസൈക്കോളജി യും മൈൻഡ് റീഡിങ്ങും ഒക്കെ വശമുണ്ട് എഴുത്തുകാരാ...ഈ കാട്ടിൽ ഒറ്റയ്ക്ക് ജീവിക്കുകയല്ലേ... ചിലപ്പോഴൊക്കെ കണ്ട്‌ മുട്ടുന്നവർ മനുഷ്യരാണോ... പ്രേതമാണോ എന്ന് തിരിച്ചറിയാൻ കൂടി അറിയാത്ത അവസ്ഥയാ....."
" ഞാൻ ഒരു കാര്യം ചോദിച്ചാൽ താങ്കൾ സത്യം പറയുമോ.... "
ശരത് അയാളുടെ മുഖത്തേയ്ക്കു നോക്കി..
" നിങ്ങൾ മറ്റൊരു ഞാൻ അല്ലേ.... "
"എന്ത്.... ? "
ശരത് തല കുടഞ്ഞു.....
"നിങ്ങളെ മനസ്സിലാക്കാനാവാത്ത, നിങ്ങളെ സ്നേഹിക്കാൻ അറിയാത്ത ഭാര്യയേയും കുട്ടിയേയും ജീവിതത്തിൽ നിന്നും എന്നന്നേക്കുമായി ഒഴുവാക്കിയ ... എന്നെ പോലെ മറ്റൊരുവൻ.... "
ശരത് തല കുടഞ്ഞു..
'ഹാ.... നിങ്ങൾ എന്ത് അസംബന്ധമാണ് ഈ പറയുന്നത്... "
'അസംബന്ധം അല്ല എഴുത്തുകാരാ...നിങ്ങൾ അരുന്ധതിക്ക്‌ വേണ്ടിയാണ്.. ഒരുകാലത്ത് നിങ്ങളെ ഏറെ സ്നേഹിച്ച നിങ്ങളുടെ ഭാര്യയെ കൊന്നത്.... നിങ്ങളുടെ സ്വന്തം രക്തമായ കുഞ്ഞിനെ കൊന്നത്... "
"നിങ്ങൾ ഒന്നു നിർത്തുമോ.... "
ശരത് അയാളിൽ നിന്നും അല്പം കൂടി നീങ്ങി ഇരുന്നു...
"നിങ്ങൾ എന്നും സ്വപ്നങ്ങളിൽ ജീവിച്ച വ്യക്തിയായിരുന്നു.. യാഥാർഥ്യത്തിന്റെ കറുത്ത അനുഭവങ്ങളെ നിങ്ങൾ ഭയപ്പെട്ടിരുന്നു... അങ്ങനെ നിങ്ങൾ കണ്ട സ്വപ്നങ്ങളിൽ ഒന്നായിരുന്നു.. അരുന്ധതി.... സത്യം എന്നത്.. രജനി മാത്രമായിരുന്നു... "
"ഒന്നു ചെവിയോർത്താൽ നിങ്ങൾക്ക് രജനിയുടെ കരച്ചിൽ കേൾക്കാം.. നിങ്ങളുടെ കുഞ്ഞു ഉറക്കത്തിൽ ആയിരുന്നു.. ആ പിഞ്ചു കഴുത്തിൽ ആണ് നിങ്ങളുടെ കരങ്ങൾ അമർന്നതു... ഉറക്കത്തിലേക്കെന്ന പോലെയാണ് അവൾ മരണത്തിലേക്ക് ആണ്ടു പോയത്..... "
"ആാാഹ് "
വല്ലാത്തൊരു നിലവിളിയോടെ ശരത് ചാടി എഴുന്നേറ്റു.. മേശയിൽ വെള്ള പുതപ്പിച്ച രണ്ട് ശരീരങ്ങൾ.... തലമുടികൾ സ്വയം പിഴത്തെറിഞ്ഞു കൊണ്ട് അയാൾ, ആ വിരി വലിച്ചു കീറി... മേശയിൽ നിരന്നിരുന്ന പാത്രങ്ങളിൽ ചിലത് നിലത്തു വീണു ചിതറി.. മേശയിൽ ആകെ രക്തം പടർന്നിറങ്ങുന്നു... പാതി അറ്റുപോയൊരു ശരീരം പിടയുന്ന വേദന അയാൾ കാണുകയാണ്... ദുസ്വപ്നം കണ്ടെന്നു വണ്ണം രണ്ട് കുഞ്ഞികണ്ണുകൾ പിടയ്ക്കുന്നുണ്ട്.....
ശരത് സക്കറിയായെ നോക്കി... അയാൾ ഇപ്പോൾ അകലെയാണ്....
" എഴുത്തുകാരാ...നിങ്ങൾ കഥ എഴുതാൻ വന്നതല്ല... നിങ്ങൾ ഒരു ഒളിത്താവളം തിരഞ്ഞ് ഇറങ്ങിയ കൊലപാതകിയാണ്... "
"അല്ലാ.... ഞാൻ ആരെയും കൊന്നിട്ടില്ല... ആരെയും കൊല്ലാൻ എനിക്കാവില്ല... "
ശരത് അലറുകയായിരുന്നു....
അതിലും ഉച്ചത്തിൽ, സക്കറിയ യുടെ ശബ്ദം ആ മലമുകളിൽ ഉയർന്നു....
" നിങ്ങൾ കൊന്നതാണ്.... എന്നിട്ട് പണ്ടെന്നോ ഏതോ സുഹൃത്ത്‌ പറഞ്ഞു ഓർമ്മയിൽ നിൽക്കുന്ന ഈ റിസോർട് തേടി നിങ്ങൾ ഇറങ്ങി.... "
ശരത്തിന്റെ കണ്ണുകൾ കുറുകി... അതുവരെ കണ്ടിരുന്ന, ഭീതി നിഴലിച്ച കണ്ണുകളിൽ വല്ലാത്തൊരു ക്രൗര്യം നിഴലിച്ചു... ഇരയിൽ നി നിന്നും വേട്ടക്കാരനിലേക്കു ഒരു വേഷപകർച്ച .
മാറി നിന്നു ചിരിക്കുന്ന സക്കറിയയുടെ അടുത്തേക്ക് അയാൾ പാഞ്ഞു ചെന്നു.. കാലിൽ ചുഴറ്റി എടുത്ത ബാഗിൽ നിന്നും വളരെ പെട്ടെന്ന് അയാളുടെ കൈയ്യിൽ ഒരു കഠാര പ്രത്യക്ഷമായി.. രണ്ട് വശത്തും മൂർച്ചയുള്ള വായ്ത്തലകൾ തിളങ്ങുന്ന ഒരു കഠാര. അവിടവിടെ പറ്റി പിടിച്ചിരുന്ന രക്ത തുള്ളികൾ ഒരു കൈവിരലാൽ തുടച്ചു കൊണ്ട് അയാൾ സക്കറിയയുടെ നേരെ പാഞ്ഞടുത്തു...
അടുത്ത നിമിഷം, ചുറ്റും തെളിഞ്ഞ് നിന്നിരുന്ന ബൾബുകൾ ഓരോന്നായി അണഞ്ഞു.. ഇരുട്ടിൽ പകച്ചു പോയ ശരത്തിനു മുന്നിൽ, അതുവരെ അടഞ്ഞു കിടന്ന വാതിൽ തുറന്നു.. പുറത്തു നിന്നും അടിച്ചു കയറിയ മഞ്ഞ് കാറ്റിൽ അയാൾ ഒന്നു വിറച്ചു... വളരെ കരുതലോടെ ശരത് പുറത്തേക്ക് നടന്നു..
പുറത്തെ റാന്തൽ വെളിച്ചം ഒന്നു മിന്നിയതിനു ശേഷം വീണ്ടും പ്രകാശിച്ചു , റാന്തലിന്റെ മങ്ങിയ വെട്ടത്തിൽ, അവിടെ അയാൾ.... സക്കറിയ... പുതച്ചിരുന്ന കരിമ്പടം രണ്ട് കൈകൾ കൊണ്ടും വിരിച്ചു പിടിച്ചു, ചിറകുകൾ പോലെ വിടർത്തി അയാൾ ആർത്തു അട്ടഹസിക്കുന്നു...
കനത്ത മഞ്ഞിലും, വീശി അടിക്കുന്ന കാറ്റിലും മലയോരത്തെ താഴ്വരകളിൽ അയാളുടെ ചിരി പ്രകമ്പനം കൊണ്ട്.....
"എഴുത്തുകാരാ....ഇതിലെ... ഇതിലെ..... വാ... ഞാൻ ഇവിടെ....... ഹഹഹ..... "
ഉറക്കെ ചിരിച്ചു കൊണ്ട്, ഒരു നൃത്ത ചുവടെന്ന പോലെ അയാൾ മുന്നോട്ടു നടന്നു... പിന്നാലെ ഓടിയടുത്തപ്പോൾ മാത്രമാണ് അയാൾ മഞ്ഞിനൊപ്പം ഒഴുകുകയാണെന്നു ശരത്തിനു മനസ്സിലായത്‌..
ശരത്തിനറിയാം അയാൾ എങ്ങോട്ടാണ് പോകുന്നതെന്ന്... അവിടെ.. ബോഗൻ വില്ലകൾ പടർന്നു നിൽക്കുന്ന മുറ്റത്തിനപ്പുറം... പുല്ലു പടർന്നിറങ്ങിയ പറമ്പാണ്.. അതിനും അപ്പുറം.. കവുങ്ങിൻ തടി കീറി കെട്ടിയ വേലി... ഇടയിൽ ചില്ലുകൾ തകർന്ന ചില വിളക്കുകൾ.... അതിനും അപ്പുറം.. നിലാവിന്റെ വെളിച്ചത്തിൽ മഞ്ഞ് മൂടി കിടക്കുന്ന രാവിന്റെ അപ്പുറം... കിഴക്കാം തൂക്കായ ഒരു പാറയുണ്ട്.. അതിന്റെ അപ്പുറം.. താഴ്ച അറിയാനാവാത്ത. വലിയ കൊക്കയാണ്.... ഒരുപാട് പേരുടെ നിലവിളികൾ പേരറിയാതെ ഇപ്പോളും അവിടെ മുഴുങ്ങാറുണ്ടെന്നാണ് രമേശ്‌ പറഞ്ഞത്....
അയാൾ അങ്ങോട്ടാണ് പോകുന്നത്... ശരത്തും സ്വയം അറിയാതെ അങ്ങോട്ട്‌ തന്നെയാണ് വലിച്ചെറിയപ്പെടുന്നത്....
"സക്കറിയ...... "
എഴുത്തുകാരാ.....ഇവിടെ... ഇവിടെ.. ഇങ്ങോട്ട് വരൂ...... നിങ്ങൾ തിരഞ്ഞു വന്നത് എന്നെയല്ലേ........
എവിടെന്നോ കിട്ടിയ ശക്തിയുടെ ആവേശത്തിൽ ശരത്, സക്കറിയയുടെ പുറകെ കുതിച്ചു.. പാറയിലൂടെ വേഗത്തിൽ നടന്നപ്പോൾ. മഞ്ഞ് വീണു വഴുക്കൽ വീണ പാറയിൽ ഒരു പ്രാവശ്യം അയാൾ വീണു.. വീണ്ടും പിടഞ്ഞെണീറ്റു.. പാറയുടെ അറ്റത്തേക്ക്..
ചുറ്റും കട്ട പിടിച്ച ഇരുട്ടും, മഞ്ഞിന്റെ കരിമ്പടവും മുന്നിൽ ആർത്തട്ടഹസിക്കുന്ന സക്കറിയയും മാത്രം....
ശരത് ഒന്ന് ചിരിച്ചു.... ഇവന്റെ മരണം ഈ ലോകം അറിയില്ല...
അലറി ചിരിക്കുന്ന സക്കറിയയുടെ നേരെ ശരത്, പാഞ്ഞടുത്തു....
"എഴുത്തുകാരാ.....ഒന്ന് കൂടി അറിഞ്ഞു കൊള്ളൂ....
നിന്റെ ഭാവനയിൽ വിരിഞ്ഞ കഥാ പാത്രങ്ങളിൽ അവസാനത്തേത് ഞാൻ ആണെന്ന്...... "
"ഞാൻ നിന്റെ കഥാപാത്രങ്ങളിൽ ഒന്ന് മാത്രമെന്ന്..... "
സക്കറിയയുടെ വാക്കുകളുടെ അലയൊലികൾ അവസാനിക്കും മുൻപേ...
മഞ്ഞുപാളികളിൽ ഒന്ന് അടർന്നു വീണ പോലെ..
ഒരു വലിയ നിലവിളിക്കൊപ്പം ഒരു മനുഷ്യരൂപം.. കിഴക്കാം തൂക്കായ ആ പാറയുടെ അറ്റത്ത് നിന്നും, മലയിടുക്കലേക്കു... മഞ്ഞിനൊപ്പം ഒഴുകി... അലിഞ്ഞു ഇല്ലാതെയായി.... അല്പം സമയം നീണ്ടു നിന്ന നിലവിളിക്കപ്പുറം.. എല്ലാം നിശബ്ദം.......
മലമുകളിലെ റിസോർട്ടിന് മുന്നിലെ റാന്തൽ വെളിച്ചം കെട്ടു... ബോഗൻ വില്ലകൾ ഉണങ്ങി കരിഞ്ഞു.. മണ്ണിലേക്ക് വീണു.....
അകത്തു... ഹാളിൽ ചിതറി കിടക്കുന്ന പാത്രങ്ങളുടെ ഇടയിൽ.... ഒരു മൊബൈൽ ശബ്ദിച്ചു......
ഡിസ്‌പ്ലേയിൽ "രജനി " എന്ന പേര് തെളിഞ്ഞ് നിന്നു......
മഞ്ഞ് മലയിറങ്ങി താഴ്വാരം തൊട്ടു... എഴുതി പൂർത്തിയാകാത്ത കടലാസുകൾ മുറ്റം നിറയെ പറന്നു നടന്നു......
(അവസാനിച്ചു )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo